അൽക്കാ പാണ്ഡെ | ഫോട്ടോ:മധുരാജ്
കാമസൂത്ര രചനകൾ നടത്തിയ തന്നോട് സമൂഹം മുൻവിധിയോടെ പെരുമാറിയിട്ടുണ്ടെന്ന് എഴുത്തുകാരി അൽക്കാ പാണ്ഡെ. രതിയെന്നാൽ പോണോഗ്രഫിയും കാമസൂത്രയെന്നാൽ പൊസിഷനുമല്ല. പകരം ജീവിതശൈലിയാണെന്നും അവർകൂട്ടിച്ചേർത്തു. ഇന്ത്യൻ കലകളുടെ ചരിത്രത്തെകുറിച്ചും കാമസൂത്രപ്രതിപാദ്യമായും നിരവധി പുസ്തകങ്ങളെഴുതിയ വ്യക്തിയാണ്. അൽക്ക. നിലീന അത്തോളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവരിക്കാര്യം തുറന്നു പറഞ്ഞത്.
പഴയതലമുറ സ്ത്രീകളെ സംബന്ധിച്ച് കലാമേഖല തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പിന്തുണ നൽകുന്ന ഒരു ഭർത്താവോ കുടുംബമോ ഉണ്ടെങ്കിൽ മാത്രം സാധ്യമായ കാര്യമായിരുന്നു അത്. ആ ഒരവസ്ഥയിൽ നിന്ന് സമൂഹത്തിന് ഉണ്ടായ മാറ്റത്തെ താങ്കളെങ്ങനെയാണ് നോക്കി കാണുന്നത്...?
=കലയ്ക്ക് മാർക്കറ്റ് കിട്ടാൻ തുടങ്ങിയതിനു ശേഷമാണ് ആ മാറ്റം കൂടുതലും ഉണ്ടായത്. മുമ്പ് കലയിൽ മികച്ച തൊഴിൽമേഖല തുറക്കാത്തുകൊണ്ട് വിവാഹിതരായ ശേഷം വീട്ടിൽ ഗ്ലാസ് പെയിന്റും ക്രാഫ്റ്റ് വർക്കുമായി ഒതുങ്ങേണ്ട സാഹചര്യമായിരുന്നു കൂടുതലും. എന്നാലിന്ന് ചിത്രരചന ചെയ്യുന്നവർക്ക് ബഹുമാനം കിട്ടാൻ തുടങ്ങി. നമ്മളിരിക്കുന്ന കൊട്ടാരത്തിലെ ഈ മ്യൂറൽ പെയിന്റ്ങ് വെറുമൊരു ചിത്രം മാത്രമല്ല. അന്നുപയോഗിച്ചിരിക്കുന്ന വസ്തുക്കൾ, ഇവിട അക്കാലത്തുണ്ടായചെടികൾ എന്നിവയെ കുറിച്ചുള്ള വിവരം പകർന്നു ചരിത്രം കൂടി പറഞ്ഞു തരുന്നു. ആ തിരിച്ചറിവ് ഇന്ന് ആളുകൾക്കുണ്ടായിത്തുടങ്ങി. നമ്മുടെ സംസ്‌കാരമെന്തായിരുന്നുവെന്ന് ആയിരം വാക്കുകളേക്കാൾ എളുപ്പത്തിൽ കല സംവദിക്കുന്നു.
കലയെന്നത് ആൺനോട്ടങ്ങളെ തൃപ്തിപ്പെടുത്തുന്നന്നതാണല്ലോ എല്ലായ്‌പ്പോഴും. പക്ഷെ താങ്കളുടെ വർക്കുകൾ ആ രീതിയിൽ തികച്ചും വ്യത്യസ്തമായിരുന്നല്ലോ. ഫാ(ബു)ലസ്, ന്യൂ ഏജ് കാമസൂത്ര ഫോർ വുമൺ തുടങ്ങിയ പെൺനോട്ടങ്ങൾ ഉൾക്കൊള്ളുന്ന അപൂർവ്വ പുസ്തകങ്ങൾ താങ്കളുടെ സംഭാവനയായിരുന്നല്ലോ. ലൈംഗികതയും കാമസൂത്രയുമെല്ലാം പ്രതിപാദിക്കുന്ന പുസ്തകങ്ങൾ രചിച്ചതിന് മുൻവിധിയോടെയുള്ള നോട്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
=തീർച്ചയായും. 2001ൽ ഇന്ത്യൻ രതി എന്ന പുസ്തകം രചിച്ചപ്പോൾ ഞാൻ ആശങ്കാകുലയായിരുന്നു. കാരണം രതിയുടെ സൗന്ദര്യം ഇന്ത്യൻ സമൂഹത്തിന് പലപ്പോഴും മനസ്സിലാവാറില്ല. അവർ രതിയെ പോണോഗ്രഫിയായാണ് പലപ്പോഴും കാണുന്നത്. പുസ്തക രചനയുടെ തുടക്കത്തിൽ നിരന്തരം ഇത്തരം ചിത്രങ്ങളിലൂടെ കടന്നു പോകുന്ന കാരണം ആ പുസ്തകത്തിന്റെ എഡിറ്റർക്കും ചെറിയ ചമ്മലായിരുന്നു. എനിക്കും നാണക്കേട് തോന്നിയിരുന്നു. ക്രമേണ പുസ്തകരചനയിലേക്ക് മുഴുകിയതോടെ ഞങ്ങൾക്കിരുവർക്കും അത് പ്രശ്‌നമല്ലാതായി. ആ പുസ്തകം വിജയമായതോടെ പലവിധ കാമസൂത്രകൾ ഞാൻ രചിച്ചു. ചിലർ കളിയാക്കുന്ന മട്ടിൽ പൊസിഷൻ പറഞ്ഞു തരൂ എന്ന് വന്ന് പറഞ്ഞ് തമാശിക്കും. അത് കേട്ട് ആദ്യകാലത്തൊക്കെ ഞാൻ അസ്വസ്ഥയായിരുന്നു. എന്നാൽ രതി പൊസിഷനുകളെ കുറിച്ചുള്ള പുസ്തകമല്ല പകരം ജീവിത രീതി പ്രതിപാദിക്കുന്നതാണ് കാമസൂത്രയെന്ന് ഞാനിന്ന് ആത്മവിശ്വാസത്തോടെ അവർക്ക് മറുപടി നൽകും.
രതിയെ വർണ്ണിക്കുന്ന കഥകളെഴുതുന്ന സ്ത്രീകളെ അയഞ്ഞ സ്വഭാവക്കാരായി നോക്കികാണാനുള്ള വ്യഗ്രത നമ്മുടെ സമൂഹത്തിനുണ്ട്. കാമസൂത്രാ രചനകൾ നടത്തിയതിന്റെ പേരിൽ അത്തരം മോശം പെരുമാറ്റങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
=അത്തരം പെരുമാറ്റം ഉണ്ടായെന്ന് മാത്രമല്ല നിങ്ങളതിന് നിന്നു കൊടുത്തില്ലെങ്കിൽ അവർ നിങ്ങളെ ഇകഴ്ത്തുകയും ചെയ്യും. പക്ഷെ ഇന്ന് സമൂഹമാധ്യമങ്ങളുടെയും മിടൂവിന്റെയും വരവോടെ സ്ത്രീകൾക്ക് ശക്തമായ ഇടം കിട്ടി തുടങ്ങി എന്നാണ് ഞാൻ കരുതുന്നത്.
പൊതുവെ നഗ്ന ചിത്രങ്ങളുടെ രചനകളിൽ എപ്പോഴും സ്ത്രീ ശരീരങ്ങളാണ് കാണിക്കുന്നത്. ആൺ ശരീരങ്ങൾ കാണിക്കുന്ന ക്ഷേത്രകലകളിൽ തന്നെയും അത് ആണും പെണ്ണും ചേർന്ന രതികളാണ് കൂടുതലും. ആൺ നോട്ടങ്ങൾക്ക് വേണ്ടി മാത്രം കല സൃഷ്ടിക്കപ്പെട്ടതു കൊണ്ടാണോ ആൺ നഗ്നത ചിത്രകലയിൽ നിന്ന് മറഞ്ഞത്?
=ഇല്ല പാശ്ചാത്യചിത്രകലകളിൽ, മൈക്കലാഞ്ചലോ ചിത്രങ്ങളിൽ നിങ്ങൾക്കത് കാണാം. എന്നാലും അങ്ങനെ സംഭവിക്കുന്നത് ഒരു പക്ഷെ ആൺ ശരീരത്തേക്കാൾ കൂടുതൽ സൗന്ദര്യം പെൺശരീരത്തിനുള്ളത് കൊണ്ടാവാം. പക്ഷെ ഇന്ന് ഗേആർട്ടിസ്റ്റുകളും മറ്റും ആൺ നഗ്നതകളും നല്ല രീതിയിൽ ചിത്രകലയിൽ പ്രതിഫലിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായി തുടങ്ങിയതോടെ അവരെയും വിപണി ലക്ഷ്യം വെക്കുന്നുണ്ട്. സ്ത്രീകളുടെ ഇഷ്ടങ്ങളെയും നോട്ടങ്ങളെയും മാറ്റിനിർത്തി ഒരു ലോകം ഇനി അത്ര എളുപ്പമാവില്ല.
നഗ്നത കൊണ്ടു വരുന്ന കാലസൃഷ്ടികൾ വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. മാത്രമല്ല മതവുമായും ദൈവവുമായും ബന്ധപ്പെട്ടുള്ള കലാസൃഷ്ടികളും വലിയ രീതിയിലുള്ള നിരൂപണത്തിന് വിധേയമാവുന്നുണ്ട്....?
=സദാചാര പോലീസിങ്ങ് വലിയ രീതിയിലുണ്ട്. ബോധവത്കരണത്തിലൂടെയും ശരിയായ വിദ്യാഭ്യാസത്തിലൂടെയും മാത്രമേ നമുക്കീ അവസ്ഥയെ മറികടക്കാനാവൂ. ക്ഷേത്രകലകളിലേക്ക് നോക്കൂ. അതൊന്നും നഗ്നത കാണിച്ച് കച്ചവടവത്കരിച്ചതല്ല. ആത്മീയതയാണ് അതിൽ കാണിക്കുന്നത്. അവസരോചിതമായാണ് ഈ വിഷയങ്ങളെ കാണേണ്ടത്. തീവ്ര വലതുപക്ഷങ്ങൾ അതുപോയഗിക്കുന്നത് അവർക്ക് കൃത്യമായ അജണ്ടയുള്ളതുകൊണ്ടാണ്. നമ്മുടെ സംസ്‌കാരത്തിൽ നഗ്ന കലകൾ ഒരു മോശം കാര്യമേ ആയിരുന്നില്ല. ആത്മീയതയുമായി ബന്ധപ്പെട്ടതാണ് നമ്മെ സംബന്ധിച്ച് രതി ശിൽപങ്ങൾ. അല്ലാതെ പോണോഗ്രഫി അല്ലത്. പശ്ചാത്യരാണ് കുറച്ചു കൂടി സങ്കുചിതമായി ചിന്തിക്കുന്നവർ. അവർ വന്ന് നമ്മളെയും അനാവശ്യമായി മൂടിപുതക്കുകയായിരുന്നു.
ആർത്തവത്തെ സാധാരണവത്കരിക്കുന്നതിന്റെ ഭാഗമായുള്ള കാമ്പയിനിൽ സ്ത്രീയുടെ യോനി വലിയ കവാടമായി വരച്ചു ചിത്രീകരിച്ചത് കേരളത്തിൽ വലിയ വിവാദമായിരുന്നു അതിനെ എങ്ങനെയാണ് നോക്കി കാണുന്നത്...?
=പ്രകടനാത്മകമായി എല്ലായ്‌പ്പോഴും നമുക്കെല്ലാം കാണിക്കാനാവില്ല. വകതിരിവോടു കൂടിയാവണം ചെയ്യേണ്ടത്. കലയിൽ സൗന്ദര്യബോധം പ്രധാനമാണ്.
(ഫ്രഞ്ച് സർക്കാരിന്റെ Chevalier dans l'Ordre des Arts et des Lettres - Knight of the Order of Arts and Lettser അവാർഡും , ലോറിയൽ പാരിസ് ഫെമിനാ അവാർഡും ലഭിച്ചിട്ടുണ്ട് അൽക്കാ പാണ്ഡെക്ക്.)
Content Highlights: interview with alka pandey, mbifl2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..