ത്തര്‍പ്രദേശിന്റെ ഹൃദയഭാഗത്തുള്ള ഹത്രാസില്‍ ദളിത് വിഭാഗത്തില്‍നിന്നുള്ള പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് സെപ്റ്റംബര്‍ 14-നാണ്. ലൈംഗികാതിക്രമത്തിനപ്പുറമുള്ള നിഷ്ഠൂര ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആ വാര്‍ത്തയുടെ കെട്ടടങ്ങും മുമ്പെയാണ് മറ്റൊരു ദളിത് വിദ്യാര്‍ഥിനി യു.പിയിലെ തന്നെ ബല്‍റാംപുരില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടത്. ദളിത് ബലാത്സംഗങ്ങളും ദളിതര്‍ക്കുനേരെയുള്ള അക്രമണ വാര്‍ത്തകളും അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി ശശിധരനുമായി നടത്തിയ പ്രത്യേക സംഭാഷണം.

ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തു കൊന്നു എന്ന സംഭവത്തെ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു എന്നടയാളപ്പെടുത്തുന്നതിനെ വിമര്‍ശിക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. അവരോട് എന്ത് രാഷ്ട്രീയമാണ് മൃദുലയ്ക്ക് സംസാരിക്കാനുള്ളത്.

നാക്കുകളറുക്കപ്പെട്ട് ഹത്രാസിൽ മരിച്ചത് ദളിത് പെണ്‍കുട്ടിയാണ്. കാലുകളും ഇടുപ്പും തകര്‍ക്കപ്പെട്ട് ബല്‍റാംപുരില്‍ കൊല്ലപ്പെട്ടതും ദളിതാണ്. പ്രാന്തവത്കരിക്കപ്പെട്ട സമൂഹത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് കൂടുതലായും ഇത്തരത്തിലുള്ള മനോവൈകൃതങ്ങളടങ്ങിയ അക്രമങ്ങള്‍ക്ക് ഇരയാകുന്നത്. അവിടെ റേപ്പ് മാത്രമല്ല സംഭവിക്കുന്നത്. പകരം അതിക്രൂരമായ അക്രമമാണ് നടക്കുന്നത്. അത് കാണിക്കുന്നത് ഈ കുട്ടിയുള്‍പ്പെടുന്ന സമൂഹത്തോട് അക്രമികൾ വെച്ചു പുലര്‍ത്തുന്ന വിദ്വേഷമാണ്. പല തരത്തിലാണ് റേപ്പ് സംഭവിക്കുന്നത്. സ്ത്രീകളോടുള്ള അമര്‍ഷം റേപ്പിന്റെ രൂപത്തില്‍ വരാറുണ്ട്, അമിതമായി കാമാസക്തി കാരണം അത്തരമൊരു ആക്രമണം ഉണ്ടാവാറുണ്ട്. അതുപോലെ വെറുപ്പില്‍നിന്നും അധികാരഭാവത്തില്‍നിന്നും അതുണ്ടാവാറുണ്ട്. 

ദളിത് ആക്രമണങ്ങള്‍ ഇന്ത്യയില്‍ എത്രത്തോളമുണ്ടെന്ന് എന്‍സിആര്‍ബിയുടെ കണക്കുകള്‍ തന്നെ പറയുന്നുണ്ട്. കോവിഡിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവെച്ച സുശക്തമായ സംവിധാനമുള്ള കേരളത്തിലാണ് ആംബുലന്‍സ് ഡ്രൈവറാല്‍ കോവിഡ് രോഗി റേപ് ചെയ്യപ്പെടുന്നത്. അവൾ ദളിത് ആയിരുന്നു. അരികുവത്കരിക്കപ്പെട്ട, പ്രാന്തവത്കരിക്കപ്പെട്ട സമൂഹത്തില്‍ ചോദ്യം ചെയ്യാന്‍ ആളുണ്ടാവില്ല, സംഘടനാ സംവിധാനങ്ങളുണ്ടാവില്ല എന്നതാണ് ഇത്തരം ദളിതര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. കേസായാല്‍ പോലീസും പ്രോസിക്യൂഷനും അഡ്‌ജെസ്റ്റ്‌മെന്റില്‍ പോകുമെന്ന തോന്നല്‍ പലര്‍ക്കുമുണ്ടാവാം.  അങ്ങനെ വിചാരണയില്‍ നിന്ന് ഊരാമെന്ന തോന്നലുണ്ടാവാം. വാളയാറിലും ആതിരാകൊലപാതകത്തിലും നമ്മളത് കണ്ടതാണ്. 

അങ്ങനെയുള്ള സമൂഹം ഇത്തരത്തിൽ അക്രമിക്കപ്പെടുന്നു എന്നത് അതങ്ങനെ തന്നെ അഡ്രസ്സ് ചെയ്യേണ്ടതുണ്ട്. അങ്ങനെ അതിന് കൂടുതല്‍ പ്രാധാന്യവും നല്‍കേണ്ടതുണ്ട്. ഈ വിഭാഗങ്ങള്‍ പെട്ടെന്ന് അക്രമിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് തന്നെ കൂടുതലായി പൊതുസമൂഹത്തിന്റെ സര്‍ക്കാരിന്റെ സുരക്ഷാ പട്ടികയില്‍ വരേണ്ടവരാണ്.

റേപ്പിന് ശേഷമുള്ള ഓരോ ഘട്ടങ്ങളിലും ദളിതുകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്.  മാതാപിതാക്കളെ കാണിക്കാതെ അവരുടെ സമ്മതമില്ലാതെ ഹത്രാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം തന്നിഷ്ടപ്രകാരം ദഹിപ്പിക്കാന്‍ പോലീസിന് ധൈര്യം നല്‍കിയത് ഇത്തരത്തില്‍ ഇരയുടെ കുടുംബം ദളിതരാണന്നതുതന്നെയല്ലേ.

ദളിത് സമൂഹം താമസിക്കുന്ന ആവാസ വ്യവസ്ഥ തന്നെ ബലാത്സംഗവും കവര്‍ച്ചയും ഉള്ള പ്രതിയാക്കപ്പെടലിന് സാഹചര്യമുള്ള സ്ഥലങ്ങളിലായിരിക്കും മിക്കവാറും. നഗരത്തില്‍ താമസിക്കുന്നവരാണെങ്കില്‍ നഗരത്തിന്റെ ഏറ്റവും പുറമ്പോക്കിലായിരിക്കും അവര്‍. ഗ്രാമങ്ങളിലാണെങ്കില്‍ ഗ്രാമത്തിന്റെ തന്നെ പ്രാന്തവത്കരിക്കപ്പെട്ട ഭാഗത്തായിരിക്കും. നാലംഘ സംഘം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി അത്തരം മേഖലയിലുള്ളവരായിരുന്നു. പുറം സമൂഹത്തിന്റെ സഹായം അവര്‍ക്കെളുപ്പം പ്രാപ്യമാവില്ല. അതുകൊണ്ട് തന്നെ അതീവ പിന്നാക്കവിഭാഗത്തിൽപെട്ട പ്രാന്തവത്കരിക്കപ്പെട്ട മേഖലകളിലായിരിക്കും അവര്‍ ജീവിക്കുന്നത്. 

കേരളത്തിൽ ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കാര്യം തന്നെ നോക്കാം. അഞ്ച് മിനുട്ട് കൊണ്ട് ആംബുലന്‍സ് എത്തേണ്ടതായിരുന്നു. പക്ഷെ എന്ത് കൊണ്ട് ആംബുലന്‍സ് വന്നില്ല എന്ന് അന്വേഷണമുണ്ടായില്ല. എന്തുകൊണ്ട് ആംബുലന്‍സെത്തിയില്ല എന്ന ചോദ്യം ഉന്നയിക്കപ്പെടാതെ പോയ തരത്തിലുള്ള കുഞ്ഞുപിഴവ് പോലും ദളിത് പീഡനത്തിന് കാരണമാകുന്നുണ്ട്. ആ കുട്ടിയുടെ വീടിന്റെ പശ്ചാത്തലവും ചോദിക്കാനും പറയാനും ആളില്ലാ എന്നതും ഇത്തരമൊരു ആക്രമണത്തിന് അക്രമിയെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. 

ഹത്രാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് കത്തിച്ചത്. പൊതുവെ ഇത്തരം കേസുകളില്‍  തെളിവ് നിലനിർത്താൻ മൃതദേഹം മറവുചെയ്യുക എന്നതാണ് രീതി. പക്ഷെ പോലീസ് ചേര്‍ന്നുള്ള ഗൂഡാലോചനയുടെ ഭാഗമായി മൃതദേഹം കത്തിച്ചു. ഇപ്പോള്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായില്ലെന്നാണ് യുപി പോലീസ് പറയുന്നത്. പൂവാലന്‍മാരെ പിടിക്കാന്‍ പ്രത്യേക സേനയുള്ള യുപി പോലീസില്‍ ദളിത് ബലാത്സംഗങ്ങള്‍ ബലാത്സംഗങ്ങളല്ലാതാവുന്നതില്‍ യോഗി ആദിത്യനാഥിനും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിനും പങ്കുണ്ടെന്ന് കരുതുന്നുണ്ടോ

നിർഭയ കേസിനു ശേഷം ശക്തമായ നിയമ നിർമ്മാണം ഉണ്ടായിട്ടുണ്ട്. അതിന്റെ യാതൊരു പ്രയോജനവും ഹത്രാസിലെ പെൺകുട്ടിക്ക് ലഭിച്ചിട്ടില്ല. അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കാവുന്ന സംഭവമാണ്. അതിൽ വരെ വീഴ്ചയുണ്ടായി. യോഗി ആദിത്യനാഥിന്റെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിന്റെയും ഇടപെടലിന്റെ ഫലമായാണ് ഇങ്ങനെ സംഭവിച്ചത്. ദളിത് പെൺകുട്ടിയായതു കൊണ്ട് മാത്രമാണ് പ്രതികളെ രക്ഷിക്കുന്ന തരത്തിലുള്ള അധികാര ഇടപെടലുകൾ ഈ സംഭവങ്ങളിൽ ഉണ്ടായത്. പോലീസ് എന്നത് അതാത് ഭരണകൂടത്തിന്റെ സഹായികളായാണ് പലപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്. അതു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടില്ല എന്ന പോലീസ് വെളിപ്പെടുത്തലിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

ദളിത് പീഡനങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ തരത്തില്‍ ദളിതുകളെ വേട്ടയാടുന്നവര്‍ക്കൊപ്പം ഭരണ കൂടവും രാഷ്ട്രീയ പാര്‍ട്ടികളും ഒപ്പം നില്‍ക്കുന്ന രീതി കേരളത്തില്‍ താരതമ്യേന കുറവല്ലേ


എനിക്കങ്ങനെ തോന്നുന്നില്ല. പല ഘടകങ്ങള്‍ മൂലമാണങ്ങനെ തോന്നുന്നത്. ഭൂമിശാസ്ത്രപരമായ പല തരം പ്രത്യേകതകളുള്ള സ്ഥലമാണ് കേരളം. ഇവിടെ മരുഭൂമി ശല്യമില്ല, ഭേദപ്പെട്ട അവസ്ഥയിലുള്ള ഭൂപ്രകൃതിയാണിവിടെ. ഗള്‍ഫ് മണിയുണ്ട്.  പൊതുവിദ്യാലയ സമ്പ്രദായം ശക്തമാണ്. പിന്നാക്ക വിഭാഗക്കാര്‍ കെട്ടിടനിര്‍മ്മാണത്തിനും മറ്റ് കൂലിപ്പണിക്കും പോയി മറ്റിടങ്ങളിലേതിനേക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ടു. മഹാത്മ അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍ എന്നിവരുടെ സ്വാധീനഫലമായി ഉത്കര്‍ഷേച്ച ദളിതര്‍ക്കിടയിലുണ്ട്. അതിനാല്‍ തന്നെ അപ്പോള്‍ പിടിച്ച് ബലാത്സംഗം ചെയ്യുകയും അപ്പോള്‍ പിടിച്ച് കൊല്ലുകയും ചെയ്യുന്ന സംഭവമിവിടെയില്ല. പീഡനം മറ്റൊരു തലത്തിലാണ് ഇവിടെയുള്ളത്. 

ഇവിടെ ഒരുവിധം ദളിത് സമൂഹങ്ങള്‍ക്ക് പൗരസമൂഹത്തിനൊപ്പം നടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശാരീരികമായി മുറിവേല്‍ക്കലുകളാണ് ഉത്തരേന്ത്യയിലെങ്കില്‍ self esteem ഹനിക്കുന്ന ദളിത് വിരുദ്ധ മനോഭാവമാണിവിടെ ഉള്ളത്. അത് മറ്റൊരു തലത്തിലുള്ള പീഡനമാണ്. 

കേരളത്തിലേതിനേക്കാള്‍ ദളിത് ഫെമിനിസ്റ്റ് മൂവ്‌മെന്റുകള്‍ കൂടുതലും ഉത്തരേന്ത്യയിലാണുള്ളത്. ഇവിടെ അക്കാദമിക് തലത്തിലാണ് ദളിത് ഫെമിനിസമുള്ളത്. ഗ്രാസ്സ് റൂട്ട് ലെവലില്‍ അതില്ല. ദളിത് പാട്രായാര്‍ക്കി കേരളത്തില്‍ ദളിത് ഫെമിനിസത്തെ യാതൊരു തരത്തിലും സംരക്ഷിക്കുന്നില്ല. അവിടുത്തെ പുരുഷന്‍മാര്‍ ദളിത്‌ഫെമിനിസ്റ്റുകള്‍ക്ക് ഇവിടെയുള്ളതിനേക്കാള്‍ പിന്തുണ നല്‍കുന്നുണ്ട്. എഴുത്തില്‍ ഇവിടെ ദളിത് ഫെമിനിസമുണ്ട്. പക്ഷെ പ്രവര്‍ത്തനത്തില്‍ സ്വാതന്ത്ര്യമില്ല. ഇവിടെ  ഞാനടക്കമുള്ള എല്ലാ ദളിതുകളും ഗ്രാസ്സ് റൂട്ടില്‍ പ്രവര്‍ത്തിക്കുന്നില്ല. അക്കാദമിക് തലത്തില്‍ മാത്രമായി അതൊതുങ്ങുകയാണ്.

(തുടരും)

content highlights: Interview with activist Mridula devi sashidharan on UP Dalit rapes