ഉണ്ടാവുമോ വീണ്ടുവിചാരങ്ങൾ? നവംബര്‍ 16 -പലായനകാലത്തെ സഹിഷ്ണുതാദിനം


കെ.പി. സേതുനാഥ്നവംബര്‍ 16 അന്താരാഷ്ട്ര സഹിഷ്ണുതാദിനം

കുർദിഷ് അഭയാർത്ഥികളുടെ മരണത്തിൽ പൊട്ടികരയുന്ന ബന്ധുക്കൾ/AFP

പലായനംചെയ്യാൻ നിർബന്ധിതരാവുന്ന മനുഷ്യരുടെ എണ്ണം ഓരോ വർഷവും കൂടുന്നതല്ലാതെ കുറയുന്നില്ല. 1995-ന്റെ തുടക്കത്തിൽ ലോകത്തെ മൊത്തം അഭയാർഥികളുടെ എണ്ണം 1.63 കോടിയായിരുന്നു. 2022 പകുതിവരെയുള്ള കണക്കുപ്രകാരം ലോകത്താകെ സ്വന്തം വീടും നാടും ഉപേക്ഷിക്കാൻ നിർബന്ധിതരാക്കപ്പെട്ടവരുടെ എണ്ണം 10.4 കോടിയായി. 27 വർഷത്തിനുള്ളിൽ എത്രമടങ്ങാണ് വർധനയെന്ന് തിരിച്ചറിയുമ്പോഴാണ് ദിനാചരണങ്ങളുടെ അന്തസ്സാരശൂന്യത നമ്മെ അലട്ടുക. ഐക്യരാഷ്ട്ര പൊതുസഭ അന്താരാഷ്ട്ര സഹിഷ്ണുതാദിനം ആചരിക്കാൻ തീരുമാനമെടുക്കുന്നത് 1995-ലാണ്. നവംബർ 16 അതിനായി തിരഞ്ഞെടുത്തു. അതിന്റെ പശ്ചാത്തലത്തിലാണ് പലായനത്തിന്‌ നിർബന്ധിതരാവുന്നവരുടെ കണക്കുകളുടെ പ്രസക്തി.

അസഹിഷ്ണുത നടമാടുന്ന കാലം
മനുഷ്യസംസ്കാരത്തിന്റെ സമ്പന്നവും ശ്രേഷ്ഠവുമായ വൈവിധ്യങ്ങളുടെ ഈടുവെപ്പുകളെ ഉൾക്കൊള്ളാനും ബഹുമാനിക്കാനും ആദരിക്കാനും ആസ്വദിക്കാനും ലോകത്തെ പ്രാപ്തമാക്കുകയായിരുന്നു സഹിഷ്ണുതദിനാചരണത്തിന്റെ ഉദ്ദേശ്യം. വംശീയവും ലിംഗപരവും ഭൂമിശാസ്ത്രപരവുമായ എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കലും അതിന്റെ ഭാഗമായിരുന്നു. 1995 മുതലുള്ള കഴിഞ്ഞ 27 വർഷത്തെ ചരിത്രമെടുത്താൽ ഒരുപക്ഷേ, ഇത്രയധികം അസഹിഷ്ണുത നടമാടിയ കാലം ഉണ്ടാവില്ല.വൈവിധ്യങ്ങളെ ബഹുമാനിക്കുന്നതിനും അംഗീകരിക്കുന്നതിനും ആസ്വദിക്കുന്നതിനുംപകരം അവ പകയും വെറുപ്പും ആളിക്കത്തിക്കുന്നതിനുള്ള ഉപാധികളായി മാറുകയായിരുന്നു. സഹിഷ്ണുതയുടെ നേർവിപരീതത്തെയാണ് കഴിഞ്ഞ 27 വർഷത്തെ അനുഭവം നമ്മുടെ മനസ്സിൽ എത്തിക്കുന്നത്. അതിർത്തികളിലെ മതിലുകൾ ഓരോ രാജ്യവും കൂടുതൽ ഉയരത്തിലും ബലത്തിലും കെട്ടിപ്പൊക്കുന്നതിനൊപ്പം അന്യജനവിദ്വേഷം ഔദ്യോഗികനയത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന്റെ സൂചനകളും നൽകി. അമേരിക്കയിലും യൂറോപ്പിലും കുടിയേറ്റത്തിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന ദേശീയവാദികൾ രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായി.

പലായനത്തിന്റെ പശ്ചാത്തലങ്ങൾ
സായുധകലാപങ്ങൾ, പൊതുവിലുള്ള ഹിംസ, മനുഷ്യാവകാശധ്വംസനങ്ങൾ, ദാരിദ്ര്യം, കാലാവസ്ഥാമാറ്റം സൃഷ്ടിക്കുന്ന പ്രകൃതിദുരന്തങ്ങൾ എന്നിവയാണ് വീടും നാടും ഉപേക്ഷിച്ചുള്ള പലായനത്തിനായി ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. യൂഗോസ്ലാവ്യ, പശ്ചിമേഷ്യ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിവിധരാജ്യങ്ങൾ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ, യുക്രൈൻ തുടങ്ങിയവ കഴിഞ്ഞ 27 വർഷത്തെ കൂട്ടപ്പലായനത്തിന്റെ ചരിത്രത്തിലെ സുപ്രധാന പ്രദേശങ്ങളാണ്. ഐക്യരാഷ്ട്ര പൊതുസഭ അന്താരാഷ്ട്ര സഹിഷ്ണുതാദിനം ആചരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്ന 1995-ൽ അഭയാർഥികളുടെയും പലായനത്തിന്റെയും നല്ലൊരു പങ്കും ലോകത്തിന്റെ ചുരുക്കംചില പ്രദേശങ്ങളിൽമാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ, 27 വർഷത്തിനുള്ളിൽ പലായനത്തിന്റെയും അഭയാർഥിപ്രവാഹത്തിന്റെയും ആഴവും പരപ്പും മിക്കവാറും ലോകത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന ഒന്നായി മാറി. സ്വന്തം രാജ്യംവിട്ട് ഓടിപ്പോകുന്നവർ മാത്രമല്ല ഇപ്പോൾ അഭയാർഥികൾ. സ്വന്തം രാജ്യത്തിനുള്ളിൽ അഭയാർഥികളാവാൻ നിർബന്ധിതരാകുന്നവർ, രാജ്യം വിട്ടുപോകുന്നവരെക്കാൾ കൂടുതലാവുന്ന സ്ഥിതിവിശേഷം ലോകത്തിന്റെ പലഭാഗത്തും നിലനിൽക്കുന്നു. 2021-ന്റെ അവസാനം 53.2 ദശലക്ഷം ആഭ്യന്തര അഭയാർഥികൾ (ഇന്റേണലി ഡിസ്‌പ്ലേസ്ഡ്) ഉള്ളതായി ഐക്യരാഷ്ട്ര സഭയുടെ അഭയാർഥികൾക്കുള്ള ഹൈക്കമ്മിഷൻ വിലയിരുത്തുന്നു. രാജ്യാന്തര അഭയാർഥികളുടെ എണ്ണം 2022 പകുതിയോടെ 32.5 ദശലക്ഷമായി കണക്കാക്കുന്നു. ‘വസുധൈവ കുടുംബക’ത്തെക്കുറിച്ചുള്ള വാചാടോപങ്ങളുടെ പൊള്ളത്തരം ഈ കണക്കുകൾ വെളിപ്പെടുത്തുന്നു.

ഉണ്ടാവുമോ വീണ്ടുവിചാരങ്ങൾ?
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദിനാചരണങ്ങൾ പൊതുവേ സമയംകൊല്ലി പരിപാടിയാണെന്ന കാര്യത്തിൽ വലിയ തർക്കമുണ്ടാവില്ല. ഉദ്യോഗസ്ഥപ്രഭൃതികളുടെ പൊങ്ങച്ചഭാഷണങ്ങൾ നിറഞ്ഞ ചടങ്ങുകൾ പൊതുവിൽ ബോറടിപ്പിക്കുമെങ്കിലും അന്താരാഷ്ട്ര-ആഭ്യന്തര തലങ്ങളിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായി അഭയാർഥികളും പലായനങ്ങളും മാറിയ സാഹചര്യത്തെ സമൂഹമധ്യത്തിൽ കൊണ്ടുവരാൻ സഹിഷ്ണുതാദിനാചരണംപോലുള്ള പരിപാടികൾ ഉപകരിച്ചേക്കും. സഹിഷ്ണുതാദിനാചരണം വിഭാവനംചെയ്യുന്ന ആശയത്തിന്റെ വിപരീതമായി ദശലക്ഷക്കണക്കിന് മനുഷ്യർ ആട്ടിപ്പായിക്കപ്പെടുന്ന യാഥാർഥ്യം കുറച്ചെങ്കിലും ജനശ്രദ്ധയിൽവരുന്നതിന് അത് ഇടവരുത്തുമെന്നുകരുതാം. ലോകം കാലാവസ്ഥാ നരകത്തിന്റെ പടിവാതിൽക്കലാണെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സഹിഷ്ണുതയെക്കുറിച്ചുള്ള വിചാരങ്ങളുടെ പ്രസക്തി തീരേ കുറച്ചുകാണാനാവില്ല.

(മലബാർ ജേണലിന്റെ എഡിറ്ററാണ്‌ ലേഖകൻ)

Content Highlights: International Day for Tolerance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented