കുന്തവും കുടച്ചക്രവുമായി' പരിഹസിക്കുന്നത്, ഭരണഘടന സംരക്ഷിക്കാന്‍ ചുമതല ഏറ്റെടുത്ത മന്ത്രിയാണ്


സുധാമേനോന്‍

എല്ലാ പരിമിതികള്‍ക്കും അപ്പുറം ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രത്തെ ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുന്നത് ഭരണഘടനയാണ് എന്ന തിരിച്ചറിവ് നമ്മുടെ ജനപ്രതിനിധികള്‍ക്കില്ലാതെ പോകുന്നത് ദുഃഖകരമാണ്

സജി ചെറിയാൻ | ഫോട്ടോ: മാതൃഭൂമി

ഇന്ത്യയെന്ന ആശയത്തെയും രാഷ്ട്രഭാവനയെയും ഏറ്റവും തെളിമയോടെ ഓരോ ഇന്ത്യക്കാരനും മുന്നില്‍ പ്രതിഫലിപ്പിക്കുന്ന മികവാര്‍ന്ന കണ്ണാടിയാണ് ഇന്ത്യന്‍ ഭരണഘടന. ഭരണകൂടത്തിനുള്ള നിര്‍ദേശങ്ങളും തത്ത്വങ്ങളും പൗരന്മാര്‍ക്കുള്ള അവകാശങ്ങളും അടങ്ങുന്ന കേവലമായ ഒരു നിയമരേഖയായിട്ടല്ല ഇന്ത്യന്‍ ഭരണഘടനയെ നമ്മള്‍ കാണേണ്ടത്. പകരം, വിഭജനവും വര്‍ഗീയകലാപങ്ങളും സൃഷ്ടിച്ച അശാന്തി നിറഞ്ഞ സാമൂഹികരാഷ്ട്രീയ സാഹചര്യത്തില്‍, ഇന്ത്യയെന്ന ബഹുസ്വരദേശത്തെ ഒരു ആധുനികദേശരാഷ്ട്രമാക്കി മാറ്റിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു 'സാമൂഹികരാഷ്ട്രീയ' മാര്‍ഗരേഖയായിട്ടാണ്.

ദുഃഖകരമായ അജ്ഞത

ഇത്തരത്തില്‍, അനന്യമായ നിയമബോധവും ഉദാത്തമായ സാമൂഹിക ധാര്‍മികവീക്ഷണവും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ഇച്ഛാശക്തിയും നിറഞ്ഞുനില്‍ക്കുന്ന സചേതനമായ ഒരു സാമൂഹികരേഖയെയാണ് 'ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടന' എന്ന് സജി ചെറിയാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അവസരസമത്വവും സാമൂഹികസാമ്പത്തികനീതിയും സ്വാതന്ത്ര്യവും ആമുഖത്തില്‍ത്തന്നെ വ്യക്തമായി എഴുതിവെച്ച ഭരണഘടനയാണ് നമ്മുടേത് എന്ന് അദ്ദേഹം മറന്നുപോയി. ഭരണഘടനയുടെ ലക്ഷ്യപ്രമേയം അവതരിപ്പിച്ചപ്പോള്‍ ജവാഹര്‍ലാല്‍ നെഹ്രു വളരെ വ്യക്തമായിത്തന്നെ ഇക്കാര്യത്തിലെ മാതൃകകള്‍ എടുത്തുപറയുന്നുണ്ട്. ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞയും അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനവും സോവിയറ്റ് യൂണിയന്റെ ഉദയവും ആണ് നീതിസമത്വസങ്കല്പത്തിലെ മാതൃകകള്‍ എന്ന് ചൂണ്ടിക്കാണിക്കുമ്പോഴും അവരുടെ വിജയങ്ങളില്‍നിന്നും പരാജയങ്ങളില്‍നിന്നും പാഠം പഠിച്ചുകൊണ്ട് ഇന്ത്യന്‍ സാമൂഹികഘടനയ്ക്ക് ഏറ്റവും യോജിച്ച വിധത്തിലുള്ള ജനക്ഷേമ ഭരണകൂടമാണ് ഇന്ത്യക്ക് ആവശ്യം എന്ന് അദ്ദേഹം പറയുന്നുണ്ട്. 'സാധാരണക്കാരനെ ചൂഷണം' ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ട് എഴുതിയ ഒരു വരിപോലും ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ല.

മതേതരത്വവും ജനാധിപത്യവും കേവലം വാക്കുകളായിട്ടല്ല ഭരണഘടനാ നിര്‍മാണസഭ കണ്ടത്. മറിച്ച്, ഇന്ത്യയുടെ വിശാലമായ സാമൂഹികരാഷ്ട്രീയ വിപ്ലവചരിത്രത്തിന് ഊര്‍ജം പകര്‍ന്ന മൂല്യങ്ങളായിട്ടാണ്. 1920കള്‍ മുതല്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന മതനിരപേക്ഷവും വിശാലവുമായ ദേശീയതയുടെ മൂല്യങ്ങളോടൊപ്പം, നിയമവാഴ്ച, ലിംഗനീതി, മൗലികാവകാശങ്ങള്‍, ശാസ്ത്രബോധം തുടങ്ങിയ ആധുനികറിപ്പബ്ലിക്കന്‍മൂല്യങ്ങളും ചേര്‍ത്തുവെക്കുകയും അത് സ്വതന്ത്രഇന്ത്യയുടെ സവിശേഷമായ സാമൂഹിക, സാമ്പത്തികഘടനയ്ക്ക് യോജിക്കുന്ന വിധത്തില്‍ ഭരണഘടനയില്‍ എഴുതിവെക്കുകയും ചെയ്തത് നിസ്സാരകാര്യമല്ല. 'രാഷ്ട്രഭാവന'യുടെ ഊടും പാവുമായ ഈ വാക്കുകള്‍ ഭരണഘടനയുടെ അന്തസ്സത്തയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് ഏതൊരു ഇന്ത്യന്‍ പൗരനും അറിഞ്ഞിരിക്കേണ്ടതാണ്. ആ വാക്കുകളെ 'കുന്തവും കുടച്ചക്രവുമായി' പരിഹസിക്കുന്നത്, ഭരണഘടന സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്ത മന്ത്രിയാണ് എന്നുള്ളത് ലജ്ജാകരമാണ്.

പഠിക്കണം ആ ചരിത്രം

ഭരണഘടനാനിര്‍മാണസഭയിലെ 299 അംഗങ്ങള്‍, 165 ദിവസത്തോളം നിരന്തരമായി സംവദിച്ചും വിയോജിച്ചും സമവായത്തില്‍ എത്തിയുമാണ് ലോകത്തിലെ ഏറ്റവും നീളമേറിയ ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത്. 'ബ്രിട്ടീഷുകാര്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്തത്' എന്ന പരിഹാസം ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്. 1935ലെ ഇന്ത്യാ ആക്ടിന്റെ പല ഭാഗങ്ങളും ഭരണഘടനയില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അതുമാത്രമല്ല, കൊളോണിയല്‍ ഭരണകാലത്തെ പല ഭരണനിര്‍വഹണരീതികളും നിയമങ്ങളും ഇന്ത്യന്‍ ഭരണഘടന സ്വാംശീകരിച്ചിട്ടുണ്ട്. അതുപോലെ ലോകത്തിലെ പല ഭരണഘടനകളുടെയും നല്ല അംശങ്ങള്‍ ഏറ്റെടുക്കാന്‍ ഭരണഘടനാ നിര്‍മാണസഭയ്ക്ക് മടിയില്ലായിരുന്നു. ബ്രിട്ടനില്‍നിന്ന് പാര്‍ലമെന്ററി സമ്പ്രദായവും അമേരിക്കയില്‍നിന്ന് മൗലികാവകാശങ്ങളും ഐറിഷ് ഭരണഘടനയില്‍നിന്ന് നിര്‍ദേശകതത്ത്വങ്ങളും സോവിയറ്റ് യൂണിയനില്‍ നിന്ന് മൗലികകടമകളും കാനഡയില്‍നിന്ന് ഫെഡറലിസവും ഒക്കെ ഇന്ത്യന്‍ ഭരണഘടന സ്വാംശീകരിച്ചുവെങ്കിലും സുദീര്‍ഘമായ ചര്‍ച്ചകളിലൂടെ ആവശ്യമായ മാറ്റംവരുത്തിയാണ് ഇവയോരോന്നും ഭരണഘടനയുടെ ഭാഗമാക്കിയത്.

മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണചരിത്രം തുടങ്ങുന്നതുതന്നെ ബ്രിട്ടീഷ് വിരുദ്ധമായിട്ടാണ്. അതിന് തുടക്കമിട്ടത് മോത്തിലാല്‍ നെഹ്രു ചെയര്‍മാനായ നെഹ്രു കമ്മിറ്റിയും. 1927ല്‍ അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ബിര്‍ക്കന്‍ഹെഡ് പ്രഭു, ഇന്ത്യയിലെ ഭരണഘടനാപരിഷ്‌കാരത്തിനുവേണ്ടി ഒരൊറ്റ ഇന്ത്യക്കാരനുപോലും പ്രാതിനിധ്യം നല്‍കാതെ ഏകപക്ഷീയമായി സൈമണ്‍ കമ്മിഷനെ നിശ്ചയിച്ചു. അന്ന്, ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ അദ്ദേഹം പുച്ഛത്തോടെ വെല്ലുവിളിച്ചത് 'എല്ലാ ഇന്ത്യക്കാരനും ഒരുപോലെ സ്വീകാര്യമായ ഒരു ഭരണഘടന ഉണ്ടാക്കാന്‍ ഇന്ത്യന്‍ നേതാക്കള്‍ക്ക് ഒരിക്കലും കഴിയില്ല.' എന്നായിരുന്നു. ഈ അപമാനകരമായ വംശീയപരാമര്‍ശത്തിന് എതിരായിട്ടാണ് 1927 ഡിസംബറില്‍ മദ്രാസില്‍ വെച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍വെച്ച് ഇന്ത്യയുടെ ഭരണഘടനയുടെ തത്ത്വങ്ങള്‍ എഴുതിയുണ്ടാക്കാന്‍ ഒരു സബ് കമ്മിറ്റി ഉണ്ടാക്കിയത്. മോത്തിലാല്‍ നെഹ്രു അധ്യക്ഷനായ കമ്മിറ്റിയുടെ അംഗങ്ങളായി എല്ലാ വിഭാഗങ്ങളില്‍നിന്നും പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1928 ഓഗസ്റ്റ് പത്താം തീയതിയാണ് മോത്തിലാല്‍, തന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാകമ്മിറ്റിയുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്‍സാരിക്ക് സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 500 അംഗങ്ങള്‍ ഉള്ള ഹൗസ് ഓഫ് പാര്‍ലമെന്റും ഇരുനൂറ് അംഗങ്ങള്‍ ഉള്ള സെനറ്റും മൗലികാവകാശങ്ങളും സാമൂഹികസാമ്പത്തിക സമത്വവും ഒക്കെ നെഹ്രു റിപ്പോര്‍ട്ട് വിഭാവനം ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ മാഗ്‌നാകാര്‍ട്ടാ എന്നാണ് നെഹ്രു റിപ്പോര്‍ട്ട് വിശേഷിപ്പിക്കപ്പെട്ടത്.

ജനാധിപത്യത്തിന്റെ ജൈവരേഖ

ചുരുക്കത്തില്‍, ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയുടെ പിന്നില്‍ ഒട്ടേറെ മനുഷ്യരുടെ കഠിനാധ്വാനമുണ്ട്. അംബേദ്കറും ബി.എന്‍. റാവുവും നെഹ്രുവും പട്ടേലും ആസാദും അല്ലാടി കൃഷ്ണസ്വാമി അയ്യരും ഡോ. രാധാകൃഷ്ണനും കെ.എം. മുന്‍ഷിയും മീനു മസാനിയും കാമത്തും ഹസ്രത്ത് മോഹാനിയും സോമനാഥ് ലാഹിരിയും ദാക്ഷായണി വേലായുധനും പട്ടം താണുപിള്ളയും പുരുഷോത്തം ദാസ് ടണ്ഡനും ശ്യാമപ്രസാദ് മുഖര്‍ജിയും അടങ്ങിയ ആ മനുഷ്യര്‍ പ്രതിനിധീകരിച്ചത് ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യവും തന്നെയാണ്.

ഇന്ത്യന്‍ ഭരണഘടന വിമര്‍ശനത്തിനതീതമല്ല. ധാരാളം പിഴവുകളും അപഭ്രംശങ്ങളും പരിമിതികളും ഭരണഘടനയ്ക്കുണ്ട്. പക്ഷേ, അതൊരു ജൈവരേഖയാണ്. കാലോചിതമായി പരിഷ്‌കരിക്കാന്‍ സാധ്യതകളുള്ള സാമൂഹികരേഖ. അതിനുള്ള ജനാധിപത്യാവകാശം ഉപയോഗിക്കുന്നതിനുപകരം ഭരണഘടനയെ സംരക്ഷിക്കേണ്ട പൊളിറ്റിക്കല്‍ എക്‌സിക്യുട്ടിവിന്റെ അവിഭാജ്യഭാഗമായ മന്ത്രിതന്നെ ഭരണഘടനയെ തള്ളിപ്പറയുന്നത് ശരിയല്ല. എല്ലാ പരിമിതികള്‍ക്കും അപ്പുറം ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രത്തെ ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുന്നത് ഭരണഘടനയാണ് എന്ന തിരിച്ചറിവ് നമ്മുടെ ജനപ്രതിനിധികള്‍ക്കില്ലാതെ പോകുന്നത് ദുഃഖകരമാണ്.

സാമൂഹിക നിരീക്ഷകയാണ് ലേഖിക

Content Highlights: Importance of indian constitution Saji cheriyan issue

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented