പാചകം കല്ലിൽ കയറി, മനുഷ്യവിസർജ്ജ്യം പുറത്തേക്കൊഴുകുന്ന കക്കൂസുകൾ; വേനലിലും മുങ്ങുകയാണ് വൈപ്പിന്‍


എം. സുചിത്ര, ഡോ. കെ.ജി. ശ്രീജ

വൈപ്പിനിൽ വെള്ളത്താൽ ചുറ്റപ്പെട്ട വീട്

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിൽ വലയുകയാണ് വൈപ്പിൻ ദ്വീപ്. വെയിൽ ദിനങ്ങളിലും വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തുന്നു. ജലജന്യ രോഗങ്ങൾ പടരുന്നു. ജനനവും മരണവും ദുരിതത്തിലേക്കാണ്. കൂട്ടായ ഇടപെടലും സത്വര ശ്രദ്ധയുമില്ലെങ്കിൽ വിലാപങ്ങൾ അവസാനിക്കില്ല.

ഴിഞ്ഞ ഡിസംബര്‍ പതിന്നാലിനാണ് വനജയുടെ അമ്മ മരിച്ചത്. കായലോരത്തെ വീടിനോടുചേര്‍ന്നുള്ള ഇത്തിരിമണ്ണില്‍ത്തന്നെയായിരുന്നു ശവദാഹം. അന്ന് മൂന്നുതവണ വലിയ വേലിയേറ്റമുണ്ടായി. നല്ല വെയിലുള്ള ദിവസമായിരുന്നു. എന്നിട്ടും കായലില്‍നിന്ന് പതിവിലേറെ വെള്ളം പുറംവാതില്‍പ്പടിയോളം കേറി. മുറ്റത്തു തളംകെട്ടിയ ഉപ്പുവെള്ളത്തില്‍ ചിതാഭസ്മം ഒഴുകിപ്പരന്നു. ''അത് തുണികൊണ്ട് ഒരുവിധം കോരിക്കൂട്ടി പ്ലാസ്റ്റിക് ഷീറ്റിലിട്ട് വെയിലത്തുവെച്ച് ഉണക്കിയെടുത്താണ് ക്രിയകള്‍ ചെയ്തത്,'' വനജയുടെ വാക്കുകള്‍.എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ബ്ലോക്കിലെ കുഴുപ്പിള്ളി ഗ്രാമപ്പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് അവര്‍ താമസിക്കുന്നത്. കായലിനോടുചേര്‍ന്ന് അഞ്ചോ ആറോ സെന്റ് സ്ഥലം. അതില്‍ ചെറിയ രണ്ടു വീടുകള്‍. പഴയ വീട്ടിലാണ് അമ്മയ്‌ക്കൊപ്പം വനജ താമസിച്ചിരുന്നത്. പുതിയ വീട്ടില്‍ മകന്‍ വിപിന്‍രാജും കുടുംബവും. പഴയ വീടിന്റെ പലഭാഗങ്ങളും ദ്രവിച്ചിട്ടുണ്ട്. പുതിയതിന്റെ പുറംഭിത്തിയില്‍ ഭംഗിയുള്ള ടൈലുകള്‍.

വെള്ളത്തിൽ കുതിർന്ന് പൊളിഞ്ഞു വീഴാതിരിക്കാൻ ചുമർ മുഴുവൻ ടൈൽ പാകിയിരിക്കുന്നു

''അതു ഭംഗിക്കുവേണ്ടി വെച്ചതല്ല,''- വനജയുടെ മരുമകള്‍ അഞ്ജു. ''ഉപ്പുവെള്ളക്കേറ്റത്തില്‍ ഭിത്തി കൂടുതല്‍ കേടാവാതിരിക്കാനും കേടായത് വെളിയില്‍ കാണാതിരിക്കാനും ചെയ്തതാണ്. പക്ഷേ, ഇപ്പോള്‍ ഈര്‍പ്പം ചുമരിലൂടെ പടര്‍ന്നുകേറുന്നതിനാല്‍ കോണ്‍ക്രീറ്റുതട്ടിന്റെ പ്ലാസ്റ്ററും പൊളിഞ്ഞുവീഴുന്നുണ്ട്.'' ചെമ്മീന്‍ കിള്ളിയും തൊഴിലുറപ്പുപണികള്‍ ചെയ്തും ജീവിക്കുന്ന ഇവര്‍ക്ക് വീടിനുവേണ്ടി അടിക്കടി പണം ചെലവാക്കേണ്ടിവരുന്നത് താങ്ങാനാവാത്ത ഭാരമാണ്. ഒന്‍പതാം വാര്‍ഡിലെ മിക്ക കുടുംബങ്ങളുടെയും സ്ഥിതി സമാനമാണ്. ഒരുറക്കം കഴിഞ്ഞ് കട്ടിലില്‍നിന്ന് കാലെടുത്തുവെയ്ക്കുന്നത് പലപ്പോഴും വെള്ളത്തിലേക്കായിരിക്കും. രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെ വാര്‍ഡ് മെമ്പര്‍ ടി.വി. നിസരിക്ക് മൊബൈലില്‍ വിളിവരും, വെള്ളം കയറി, എന്തുചെയ്യണമെന്നു ചോദിച്ച്.

''പ്രായമായവര്‍ വെള്ളത്തില്‍ തെന്നിവീണ് എല്ലൊടിയുന്ന സംഭവങ്ങള്‍വരെ ഉണ്ടാകാറുണ്ട്,'' തന്റെ വാര്‍ഡിലെ ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങള്‍ എങ്ങനെ കൈകാര്യംചെയ്യണമെന്നറിയാത്ത വിഷമത്തിലാണ് പഞ്ചായത്ത് മെമ്പര്‍.

കടലിനും കായലിനുമിടയില്‍

അറബിക്കടലിനും കൊച്ചിക്കായലിനും ഇടയില്‍ 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഇടുങ്ങിയ ദ്വീപാണ് വൈപ്പിന്‍. കരയുടെ വീതി ശരാശരി രണ്ടുകിലോമീറ്റര്‍ മാത്രം. പെരിയാറില്‍ 1341-ലുണ്ടായ മഹാപ്രളയത്തില്‍ എക്കലും ചെളിയുംമറ്റും വന്നടിഞ്ഞ് രൂപംകൊണ്ടതാണ് ഈ കര എന്നുകരുതപ്പെടുന്നു. കൊച്ചി തുറമുഖത്തുനിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. കടലിനെയും കായലിനെയും ബന്ധിപ്പിക്കുന്ന നിരവധി ഇടത്തോടുകളുള്ള പ്രദേശമാണിത്.

വെള്ളം കയറി നശിച്ചു തുടങ്ങിയ വീടുകൾ

ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രമായ ദ്വീപായിരിക്കും വൈപ്പിന്‍. കരയുടെ വിസ്തീര്‍ണം 89 ചതുരശ്രകിലോമീറ്ററുണ്ടെങ്കിലും ഇതിന്റെ മൂന്നിലൊരുഭാഗം തണ്ണീര്‍ത്തടങ്ങളാണ്. ബാക്കിഭാഗത്താണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. വൈപ്പിന്‍ ബ്ലോക്കിനുകീഴില്‍ വരുന്ന എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി , പള്ളിപ്പുറം പഞ്ചായത്തുകളിലായി രണ്ടുലക്ഷത്തിലേറെയാളുകള്‍ ജീവിക്കുന്നുണ്ട്. അതായത്, ഒരു ചതുരശ്രകിലോമീറ്ററില്‍ നാലായിരത്തോളം പേര്‍, സംസ്ഥാനത്തിന്റെ ജനസാന്ദ്രത(859/ച.കി.)യെക്കാള്‍ നാലിരട്ടിയിലധികമാണ് ഇവിടത്തെ ജനസാന്ദ്രത!

കടലും കായലും ചീനവലകളും ചെമ്മീന്‍കെട്ടുകളും പൊക്കാളിപ്പാടങ്ങളും ഇളംചുവപ്പ് സൂര്യോദയങ്ങളും മാസ്മരികമായ അസ്തമയങ്ങളും രുചികരമായ സീഫുഡുമൊക്കെയായി വിനോദസഞ്ചാരികള്‍ക്കുമുന്നില്‍ വിസ്മയലോകം തീര്‍ക്കുന്നുണ്ട് വൈപ്പിന്‍. എന്നാല്‍, ഇവിടത്തെ ഉള്‍ജീവിതങ്ങള്‍ക്ക് ആ മനോഹാരിതയില്ല. മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും തൊഴിലുറപ്പുപണികള്‍ക്ക് പോകുന്നവരുമാണ് ജനങ്ങളില്‍ ഭൂരിഭാഗവും. വലിയ സ്വപ്നങ്ങളില്ലാതെ ചെറിയതോതില്‍ ജീവിച്ചുപോകുന്നവര്‍. പുറംലോകത്തിന് അത്രയൊന്നും പരിചിതമല്ലാത്ത വെയില്‍ദിനവെള്ളപ്പൊക്കത്തിന്റെ അഥവാ വേലിയേറ്റവെള്ളപ്പൊക്കത്തിന്റെ നിരന്തരദുരിതങ്ങളിലാണ് അവരിലേറെപ്പേരും.

കൊടുങ്കാറ്റുകളും മരണത്തിരകളും വൈപ്പിന്‍നിവാസികള്‍ക്ക് പുതുമയുള്ളതൊന്നുമല്ല. 2004-ലുണ്ടായ സുനാമിയില്‍ ഇവിടെ അഞ്ചുപേര്‍ മരിച്ചിരുന്നു. 2017 നവംബറില്‍ ആഞ്ഞടിച്ച ഓഖി ഇവിടെയും ചെറിയ പ്രശ്‌നങ്ങളുണ്ടാക്കി. 2018-ലെ പ്രളയത്തില്‍ വൈപ്പിന്‍കരയിലെ പലഭാഗങ്ങളും ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. പ്രളയത്തെക്കാള്‍ ആഘാതമുണ്ടാക്കിയത് 2021-ലെ ടൗട്ടെ ചുഴലിക്കൊടുങ്കാറ്റാണ്. ആ ആഘാതങ്ങളില്‍നിന്ന് കടലിനോടുചേര്‍ന്ന് ജീവിക്കുന്നവര്‍ ഇപ്പോഴും മുക്തരായിട്ടില്ല.

''എന്നാല്‍, പെട്ടെന്ന് വലിയ ആഘാതമുണ്ടാക്കുന്ന ഇത്തരം ദുരന്തങ്ങളെക്കാള്‍ ഇവിടത്തെ ജനങ്ങളുടെ ദൈനംദിനജീവിതത്തെ നിരന്തരം ബാധിക്കുന്നത് വേലിയേറ്റവെള്ളപ്പൊക്കമാണ്,'' പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍ പറയുന്നു. ''നവംബര്‍-ഡിസംബര്‍ മാസങ്ങളിലുണ്ടാകുന്ന വൃശ്ചികവേലിയില്‍ മാത്രമാണ് മുന്‍പ് വെള്ളം പൊങ്ങിയിരുന്നത്. കൊല്ലത്തിലൊരിക്കല്‍മാത്രമുണ്ടാകുന്ന ഈ ഓരുവെള്ളക്കേറ്റം പറയത്തക്ക പ്രശ്‌നങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല. പക്ഷേ, 2018-ലെ പ്രളയത്തിനുശേഷം വൃശ്ചികപ്പൊക്കം നാലഞ്ചുമാസം നീളുന്നുണ്ട്. മുന്‍പ് വെള്ളക്കെട്ട് വളരെ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ മറ്റുസ്ഥലങ്ങളിലേക്കുകൂടി വ്യാപിക്കുന്നുണ്ട്.''

വേലിയേറ്റവെള്ളപ്പൊക്കം ഒന്നൊതുങ്ങിവരുമ്പോഴേക്കും കാലവര്‍ഷം തുടങ്ങും. പടിഞ്ഞാറുനിന്ന് കടല്‍ ക്ഷോഭിച്ച് നേരേ കയറിവരും, മറുഭാഗങ്ങളില്‍നിന്ന് പുഴവെള്ളവും. കായലിലൂടെയും ഇടത്തോടുകളിലൂടെയും വെള്ളം പറമ്പുകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും കയറും. ''ചുരുക്കിപ്പറഞ്ഞാല്‍ വര്‍ഷത്തില്‍ ഏഴെട്ടുമാസം ഉപ്പുവെള്ളക്കെട്ടില്‍ ജീവിക്കേണ്ട ഗതികേടിലാണ് ഞങ്ങള്‍,'' എടവനക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാല്‍ പറയുന്നു.

എന്താണ് വേലിയേറ്റ വെള്ളപ്പൊക്കം?

പെട്ടെന്നുണ്ടാകുന്ന കടല്‍ക്ഷോഭം പോലെയോ കൊടുംമഴയ്ക്കുശേഷം പുഴകള്‍ കരകവിഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കം പോലെയോ അണക്കെട്ടുകള്‍ ഒന്നിച്ചുതുറക്കുമ്പോള്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങുന്നതുപോലെയോ അല്ല വേലിയേറ്റവെള്ളപ്പൊക്കം. അതിന് കാറും കോളും പേമാരിയും വേണമെന്നില്ല.

ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നില്‍ രണ്ടുഭാഗത്തോളം വരുന്ന സമുദ്രങ്ങളില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നത് പ്രധാനമായും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണശക്തിയാലാണ്. കരയിലും കടലിലും സൂര്യന്റെ സ്വാധീനവും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, ഭൂമിയില്‍നിന്ന് 14 കോടി കിലോമീറ്റര്‍ അകലെക്കിടക്കുന്ന സൂര്യന്റെ വേലിയേറ്റശക്തി താരതമ്യേന അടുത്തുകിടക്കുന്ന (ഏകദേശം മൂന്നുലക്ഷം കിലോമീറ്റര്‍) ചന്ദ്രന്റെ സ്വാധീനത്തിന്റെ പകുതിയോളം മാത്രമാണ്.

ഭൂമിയുടെയും ചന്ദ്രന്റെയും പരിക്രമണങ്ങള്‍ക്കിടയില്‍ ചന്ദ്രനഭിമുഖമായിവരുന്ന സമുദ്രഭാഗം ചന്ദ്രന്റെ ആകര്‍ഷണശക്തിയില്‍ ഉയരും. ജഡത്വബലത്താല്‍ നേരേ എതിര്‍ഭാഗവും ഉയരും. സാധാരണഗതിയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ദിവസത്തില്‍ രണ്ടുതവണയാണ് വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുക. ചിലപ്പോള്‍ നാലുതവണവരെ വെള്ളം പൊങ്ങാം. പൗര്‍ണമി, അമാവാസി ദിവസങ്ങളില്‍ സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോള്‍ വേലിയേറ്റത്തിന്റെ ശക്തി വളരെ കൂടും. ഒരാഴ്ചയ്ക്കുശേഷം സൂര്യനും ചന്ദ്രനും ഭൂമധ്യരേഖയുമായി മട്ടകോണിലാകുമ്പോള്‍ പരസ്പരസ്വാധീനത്തില്‍ വേലിയേറ്റത്തിന് ശക്തികുറയും. ഇങ്ങനെ സ്വാഭാവികമായ രീതിയില്‍ ഉണ്ടാകുന്ന വേലിയേറ്റവെള്ളപ്പൊക്കം വെയില്‍ദിനവെള്ളപ്പൊക്കമെന്നും ശല്യവെള്ളക്കെട്ടെന്നുമൊക്കെ (Nuisance high tide) വിശേഷിപ്പിക്കപ്പെടാറുണ്ട്. ഇതുകൊണ്ട് സാരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതല്ല സ്ഥിതി. വെള്ളപ്പൊക്കത്തിന് ശക്തി കൂടിവരികയാണ്. ആഗോളതാപനത്താല്‍ സമുദ്രനിരപ്പുയരുന്നതാണ് ഒരു പ്രധാന കാരണം. സമുദ്രത്തിന്റെ ചൂട് കൂടുന്നതനുസരിച്ച് ചുഴലിക്കൊടുങ്കാറ്റുകളുടെയും ഉഷ്ണതരംഗങ്ങളുടെയും എണ്ണവും തീവ്രതയും വ്യാപ്തിയും വര്‍ധിക്കുന്നതും അതിതീവ്രമഴയുണ്ടാകുന്നതും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇതിനുപുറമേ, കരയിലെ ഭൂവിനിയോഗത്തിലും തീരദേശ ആവാസവ്യവസ്ഥകളിലും ജൈവവൈവിധ്യത്തിലും വരുന്ന മാറ്റങ്ങളും വേലിയേറ്റവെള്ളപ്പൊക്കത്തിന്റെ ശക്തിയും വ്യാപ്തിയും കൂട്ടുന്നുണ്ട്.

കുമ്പളങ്ങിയിലെ വെള്ളക്കെട്ടിന് നടുവിലെ വീടുകളിലൊന്ന്

തിളയ്ക്കുന്ന അറബിക്കടല്‍

കേരളത്തിന്റെ പടിഞ്ഞാറുഭാഗത്തിന് അതിരിടുന്ന അറബിക്കടലിന്റെ സ്വഭാവം അതിവേഗം മാറുകയാണ്. താരതമ്യേന തണുത്ത ജലമായിരുന്നു അറബിക്കടലിന്റെത്. പക്ഷേ, ഇപ്പോള്‍ അത് പെട്ടെന്ന് ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതാപനം കാരണം ഭൂമിയുടെ അന്തരീക്ഷത്തില്‍ അധികമായുണ്ടാവുന്ന ചൂടിന്റെ 93 ശതമാനം ആഗിരണംചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതിന്റെ കാല്‍ഭാഗത്തോളം ഉള്ളിലേക്കെടുക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രമാണ്. ഇതിന്റെ വടക്കുഭാഗമാണ് അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും. സമുദ്രങ്ങളുടെ ശരാശരി താപനം 0.85 °C ആണെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ദീര്‍ഘകാലതാപവര്‍ധന 1.2 °C ആണെന്ന് ഐക്യരാഷ്ടസഭയ്ക്കു കീഴില്‍ ആഗോളതാപനത്തെപ്പറ്റിയും കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയും പഠിച്ചുവരുന്ന ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

ചൂടുകൂടുമ്പോള്‍ ഉയരം കൂടിയ പര്‍വതങ്ങളെ ആവരണംചെയ്തിരിക്കുന്ന മഞ്ഞുപാളികളും ധ്രുവപ്രദേശങ്ങളില്‍ ഉറഞ്ഞുകിടക്കുന്ന വന്‍ ഹിമപാളികളും ഉരുകുകയും ആ വെള്ളം സമുദ്രങ്ങളില്‍ വന്നുചേരുകയും ചെയ്യുന്നുണ്ട്. അതിനുപുറമേ, താപവികാസം കാരണം ജലത്തിന്റെ വ്യാപ്തി കൂടുന്നതുമൂലവും സമുദ്രജലവിതാനം ഉയരുന്നുണ്ട്. 1971-നും 2006-നുമിടയ്ക്ക് പ്രതിവര്‍ഷം 1.9 മില്ലിമീറ്റര്‍ (35 വര്‍ഷംകൊണ്ട് 66 മില്ലിമീറ്റര്‍) എന്നതോതിലും 2006 മുതല്‍ 2018 വരെ വര്‍ഷത്തില്‍ 3.7 മില്ലിമീറ്റര്‍ (12 വര്‍ഷം കൊണ്ട് 44 മില്ലിമീറ്റര്‍) എന്നതോതിലുമാണ് സമുദ്രനിരപ്പ് ഉയര്‍ന്നിട്ടുള്ളതെന്ന് ഐ.പി.സി.സി. ഈവര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ ആറാമത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അറബിക്കടല്‍ ഓരോവര്‍ഷവും മൂന്ന് മില്ലിമീറ്ററും ബംഗാള്‍ ഉള്‍ക്കടല്‍ അഞ്ച് മില്ലിമീറ്ററും ഉയര്‍ന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. സമുദ്രവിതാനത്തിന്റെ ഉയര്‍ച്ച സമീപഭാവിയില്‍ പ്രതിവര്‍ഷം 5-7 മില്ലിമീറ്ററായി കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍.
''കഴിഞ്ഞ 50 വര്‍ഷത്തില്‍ കടല്‍നിരപ്പ് ആഗോളതലത്തില്‍ ശരാശരി 100 മില്ലിമീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതേ കാലയളവില്‍ കൊച്ചിത്തീരത്ത് കടല്‍നിരപ്പുയര്‍ന്നത് 130 മില്ലിമീറ്ററാണ്. ഇതില്‍ 83 മില്ലിമീറ്റര്‍ വര്‍ധനയുണ്ടായത് കഴിഞ്ഞ 15 വര്‍ഷത്തിനിടയ്ക്കാണെന്നത് വളരെ ഗൗരവമായെടുക്കേണ്ട കാര്യമാണ്,'' കാലാവസ്ഥാവ്യതിയാനം ജലസ്രോതസ്സുകളിലും നീരൊഴുക്കിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ഡോ. സി.ജി. മധുസൂദനന്‍ പറയുന്നു.

ഉയരുന്ന കടല്‍നിരപ്പിനൊപ്പംതന്നെ കൊച്ചിയിലെ കായലിനും അഴിമുഖങ്ങള്‍ക്കും നദിയിലെ നീരൊഴുക്കിനും വലിയതോതിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുപോലെതന്നെ ഇടത്തോടുകള്‍ക്കും ജലസംഭരണസംവിധാനങ്ങള്‍ക്കും. ''മുനമ്പം, കൊച്ചി ഹാര്‍ബറുകള്‍ക്കുവേണ്ടി പെരിയാര്‍ അഴിമുഖത്തെ മണല്‍ത്തിട്ടകള്‍ മാറ്റിയതും, തുടര്‍ച്ചയായ ഡ്രെഡ്ജിങ് മൂലം അഴിമുഖത്തിന്റെ ആഴം വര്‍ധിച്ചതും മഴയ്ക്കുശേഷം നദിയിലെ നീരൊഴുക്ക് പെട്ടെന്ന് കുറയുന്നതും മണല്‍വാരല്‍ മൂലം നദിയുടെ അടിത്തട്ട് കടല്‍നിരപ്പിനെക്കാള്‍ 10-15 മീറ്റര്‍ വരെ താഴ്ന്നതും കടലില്‍നിന്ന് വേലിയേറ്റസമയത്ത് കൂടുതല്‍ വെള്ളം കായലില്‍ കയറാന്‍ കാരണമാകുന്നുണ്ട്. ഇതിനുപുറമേ, താരതമേന്യ ഒഴുക്കുകുറഞ്ഞ കായലില്‍ ചെളിനിറഞ്ഞ് ആഴം കുറഞ്ഞതും തോടുകളും കുളങ്ങളും തൂര്‍ത്തതും പുഴയിലേക്ക് ഓരുവെള്ളം കയറാതിരിക്കാന്‍ അഴിമുഖത്തുനിന്ന് 10 മുതല്‍ 50 വരെ കിലോമീറ്റര്‍ ഉള്ളിലേക്ക് കെട്ടിയ റെഗുലേറ്ററുകളായ കണക്കന്‍കടവ്, പുറപ്പിള്ളിക്കാവ്, പാതാളം, തണ്ണീര്‍മുക്കം ബണ്ട് എന്നിവയും അതിനു താഴെയുള്ള കരയിലേക്ക് കൂടുതല്‍ ഓരുവെള്ളം കയറുന്നതിനു കാരണമാകുന്നുണ്ട്. ഇനിവരുന്ന ഓരോ വര്‍ഷവും കടല്‍നിരപ്പ് ഉയരുന്നതിനനുസരിച്ച് വേലിയേറ്റവെള്ളപ്പൊക്കവും കൂടിക്കൊണ്ടിരിക്കും. അടിയന്തരപ്രാധാന്യത്തോടെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ തീരദേശജനത അധികം വൈകാതെ അഭയാര്‍ഥികളായിമാറിയേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കുന്നു.

വലുതാകുന്നു വിപത്ത്

വൈപ്പിനിലെ ഏതെങ്കിലും ഒരു വാര്‍ഡോ പഞ്ചായത്തോ മാത്രം നേരിടുന്ന പ്രശ്‌നമല്ല ഇത്. ഒരേസമയം പ്രാദേശികവും അന്തര്‍ദേശീയവുമാണ് ഈ പ്രശ്‌നം. ലോകത്തിന്റെ പലഭാഗങ്ങളിലും വേലിയേറ്റവെള്ളപ്പൊക്കം ജനജീവിതത്തെയും ഉപജീവനമാര്‍ഗങ്ങളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.
ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളും കടലിനുണ്ടാകുന്ന മാറ്റങ്ങളും അതുവഴി കരയിലുണ്ടാകുന്ന ദുരന്തങ്ങളും ഗുരുതരമായി ബാധിക്കാന്‍ പോകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. 7500 കിലോമീറ്റര്‍ നീണ്ട തീരമാണ് രാജ്യത്തിന്റെത്. ഇന്ത്യന്‍ തീരത്തിന്റെ മുക്കാല്‍ഭാഗവും ചുഴലിക്കാറ്റുകള്‍ക്കും സുനാമിക്കും സാധ്യതയുള്ള സ്ഥലങ്ങളാണ്. രാജ്യത്തെ 140 കോടി ജനങ്ങളില്‍ മൂന്നിലൊന്നു ജീവിക്കുന്നത് തീരപ്രദേശത്താണ്.
കേരളത്തിന്റെ കാര്യത്തില്‍ പ്രശ്‌നം ഗുരുതരമാണ്. പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയില്‍ കിടക്കുന്ന വീതി വളരെക്കുറഞ്ഞ ചെറിയ ഭൂപ്രദേശമാണ് സംസ്ഥാനം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 590 കിലോമീറ്റര്‍ നീണ്ട കടല്‍ത്തീരം. പതിന്നാലുജില്ലകളില്‍ ഒമ്പതും കടലുമായി മുഖാമുഖം നില്‍ക്കുന്നവയാണ്. തീരപ്രദേശത്ത് 220 പഞ്ചായത്തുകളിലായി മത്സ്യമേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ച് പത്തുലക്ഷത്തോളം ആളുകള്‍ ജീവിക്കുന്നുണ്ട്.

പശ്ചിമഘട്ടത്തില്‍നിന്നുദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന, കേരളത്തിന്റെ 41 നദികളില്‍ പലതും നേരിട്ട് കടലിലല്ല, കായലുകളിലാണ് ചേരുന്നത്. കടലും കായലുകളും തോടുകളുമൊക്കെ ഉള്‍ച്ചേര്‍ന്ന പ്രത്യേക ആവാസവ്യവസ്ഥയിലാണ് തീരദേശജനത ജീവിക്കുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷമായി ഉപ്പുവെള്ളക്കേറ്റം കൂടിവരുന്നതായാണ് പലയിടങ്ങളില്‍നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലയിടത്തും ഉപ്പുവെള്ളം നദീമുഖങ്ങളിലൂടെ 10-15 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് കയറുന്നു. എറണാകുളം ജില്ലയില്‍ വടക്ക് പുത്തന്‍വേലിക്കര മുതല്‍ തെക്ക് കുമ്പളങ്ങിവരെ പറവൂര്‍, വൈപ്പിന്‍, ഇടപ്പള്ളി, പാറക്കടവ്, ആലങ്ങാട്, പള്ളുരുത്തി ബ്ലോക്കുകളിലുള്‍പ്പെടുന്ന ഇരുപത് കായലോര-കടലോര പഞ്ചായത്തുകളിലും കൊച്ചി കോര്‍പ്പറേഷന്റെയും മരട്, പറവൂര്‍ മുനിസിപ്പാലിറ്റികളുടെയും പരിധിയില്‍പ്പെടുന്ന ചില പ്രദേശങ്ങളിലും വേലിയേറ്റവെള്ളപ്പൊക്കം വലിയ ദുരന്തമായി വളര്‍ന്നുകഴിഞ്ഞു.
''ഇത് ജനങ്ങളുടെ ആരോഗ്യത്തെയും പാര്‍പ്പിടങ്ങളെയും പശ്ചാത്തലസൗകര്യവികസനത്തെയും കൃഷിയെയും ശുദ്ധജലലഭ്യതയെയുമൊക്കെ വല്ലാതെ ബാധിക്കുന്നുണ്ട്,'' പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും പുത്തന്‍വേലിക്കരയിലെ ഓരുവെള്ളം കയറുന്ന വെള്ളോട്ടുപുറം നിവാസിയുമായ ഷെറൂബി സെലെസ്റ്റിന പറയുന്നു. ''പലരും സ്ഥലംവിട്ട് മറ്റിടങ്ങളിലേക്ക് കുടിയേറുന്നുണ്ട്.''

എടവനക്കാട് പഞ്ചായത്തിലെ കടലിനോട് ചേര്‍ന്നുകിടക്കുന്ന പതിമ്മൂന്നാം വാര്‍ഡില്‍ അഞ്ഞൂറോളം കുടുംബങ്ങളുണ്ട്. ഏറെയും മത്സ്യത്തൊഴിലാളികള്‍. തീരം തീരെയില്ലാതായ വാര്‍ഡാണ്. കടല്‍, പൊട്ടിക്കിടക്കുന്ന കരിങ്കല്‍ഭിത്തി, അതിനിപ്പുറം മണല്‍ച്ചാക്കുകളുടെ ഒരു വേലി, അതുകഴിഞ്ഞാല്‍ കടല്‍ കയറി സഞ്ചാരയോഗ്യമല്ലാത്തവിധം മണല്‍ മൂടിക്കിടക്കുന്ന തീരദേശപാത. ഉള്ളിലേക്കു പോയാല്‍ വിശാലമായ ചെമ്മീന്‍കെട്ടുകള്‍. പഞ്ചായത്തിനുകുറുകെ കായലില്‍നിന്ന് കടലില്‍ ചേരുന്ന മൂന്നു പ്രധാന തോടുകളും നിരവധി കൈത്തോടുകളുമുണ്ട്. മുന്‍പ് വൃശ്ചികപ്പൊക്കസമയത്ത് പ്രധാന തോടുകളുടെ കടലിലേക്കുള്ള ഭാഗം പഞ്ചായത്ത് മണല്‍ച്ചാക്കുകളിട്ട് അടയ്ക്കുകയും പിന്നീട് തുറക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ഇപ്പോള്‍ ഈ മൂന്നുപൊഴികളും മണലടിഞ്ഞ് സ്ഥിരമായി അടഞ്ഞുകിടക്കുകയാണ്. കൈത്തോടുകളുടെ മുക്കാല്‍ഭാഗവും വീടുവെയ്ക്കാനും കെട്ടിടനിര്‍മാണത്തിനുമൊക്കെയായി നികത്തപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ തോടുകള്‍ കാലാന്തരത്തില്‍ കാനകളായിമാറിയിട്ടുണ്ട്.

ഇവിടത്തെ പറമ്പുകളില്‍ ഭൂരിഭാഗവും മുന്‍പ് നല്ല തെങ്ങിന്‍തോപ്പുകളായിരുന്നു. ചിങ്ങമാസമാകുമ്പോള്‍ തെങ്ങിന് തടമെടുക്കുകയും കണ്ണിവെയ്ക്കുകയും പറമ്പുകള്‍ക്കുള്ളിലൂടെ പോകുന്ന കൈത്തോടുകള്‍ വശംചെത്തിയും ആഴംകൂട്ടിയും വൃത്തിയാക്കിവെയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇടത്തോടുകളില്‍നിന്നു കോരുന്ന മണ്ണ് തോട്ടുവക്കില്‍ ഒരു തിട്ടുപോലെ ഇടുകയും ചെയ്തിരുന്നു. പണിക്ക് കാര്‍ഷികത്തൊഴിലാളികളെ കിട്ടാതായതോടെ പറമ്പുകള്‍ അവഗണിക്കപ്പെട്ടു. തെങ്ങില്‍നിന്നുള്ള ആദായം കുറഞ്ഞു. ഇപ്പോള്‍, മൂടിപ്പോകുന്ന കൈത്തോടുകള്‍ വൃത്തിയാക്കുന്നത് തൊഴിലുറപ്പുപദ്ധതിക്കുകീഴില്‍ പണിചെയ്യുന്ന സ്ത്രീകളാണ്. വൈദഗ്ധ്യം വേണ്ട ഈ പണി തൊഴിലുറപ്പുകാര്‍ക്ക് അത്ര നന്നായി ചെയ്യാനാവുന്നില്ലെന്നാണ് പൊതു അഭിപ്രായം.

കടലില്‍നിന്നും കായലില്‍നിന്നും ചെമ്മീന്‍കെട്ടുകളില്‍നിന്നും തോടുകളില്‍നിന്നും പറമ്പുകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും വെള്ളം കയറുന്നുണ്ട്. ഏറക്കുറെ എല്ലാവീടുകളുടെയും ഭിത്തികളില്‍ വിള്ളല്‍വരികയോ പ്ലാസ്റ്റര്‍ അടരുകയോ ചെയ്തിട്ടുണ്ട്. ചില വീടുകളുടെ തറ മുറ്റത്തെക്കാള്‍ താഴെയാകുംവിധം 'ഇരുന്നു'പോയിട്ടുണ്ട് . തൊഴിലെന്തായാലും കിട്ടുന്നതുമുഴുവന്‍ വീടിനുമേല്‍ ചെലവാക്കണം, കടം കൂടുകയാണ് എന്നാണ് ജനകീയസംഘടനയായ നാട്ടുകൂട്ടക്ഷേമസമിതിയുടെ അംഗങ്ങള്‍ പറയുന്നത്.

പള്ളിപ്പുറം പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാര്‍ഡില്‍ രോഗിയായ എണ്‍പതുവയസ്സുള്ള വാവുക്കുട്ടിച്ചേട്ടത്തിയും അവരുടെ പക്ഷാഘാതം വന്ന മകന്‍ ടോമിയും താമസിക്കുന്ന വീട്ടിലേക്കു കയറുന്നത്, വെള്ളത്തിലിട്ടിരിക്കുന്ന വലിയ കല്ലുകളില്‍ച്ചവിട്ടി വേണം. വീടിനുചുറ്റും ഒരിക്കലുമിറങ്ങാതെ, പാടപോലെ എപ്പോഴും ഉപ്പുവെള്ളം. പായലില്‍ ഈര്‍ക്കില്‍വരകള്‍. വീട് വൃത്തിയാക്കിവെയ്ക്കണമെന്ന് ശാഠ്യമുള്ള വാവുക്കുട്ടിച്ചേട്ടത്തി എന്നും നാലുപുറവും അടിച്ചിടാന്‍ നോക്കുന്നു. ഇവിടത്തെ മിക്കവീടുകളിലും പൂച്ചട്ടികള്‍ ഒരടി പൊക്കത്തില്‍ കയറ്റിവെച്ചിരിക്കുകയാണ്. വൃശ്ചികത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കയറിയിറങ്ങുന്ന ഉപ്പുവെള്ളത്തിന്റെ നിരന്തരസമ്പര്‍ക്കത്തില്‍ മരങ്ങള്‍വരെ ഉണങ്ങിപ്പോകുന്നു. പഞ്ചായത്ത് പച്ചക്കറിവിത്തുകളും ചെടികളുമൊക്കെ കൊടുക്കുന്നുണ്ട്. പക്ഷേ, ഉപ്പുവെള്ളത്തില്‍ അവ എങ്ങനെ വളരും?

കെട്ടിനില്‍ക്കുന്നത് ഉപ്പുവെള്ളമായതുകൊണ്ടുതന്നെ ഇരുമ്പുപകരണങ്ങളെല്ലാം തുരുമ്പെടുക്കുന്നു, ഫാനുകളും മോഹിച്ചുവാങ്ങിയ ഇരുമ്പലമാരിയും എല്ലാം. ചില വീടുകളില്‍ ഫ്രിഡ്ജും മറ്റും വെച്ചിരിക്കുന്നത് കട്ടിലിനുമേലാണ്. ചിലര്‍ അടുക്കളയിലിട്ട കല്ലുകളില്‍ കയറിനിന്നാണ് പാചകംചെയ്യുന്നത്. ചില വീടുകള്‍ ജീര്‍ണിച്ച് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. വെള്ളക്കേറ്റം തടയാന്‍ ചിലര്‍ പറമ്പിനുചുറ്റും ഭിത്തികെട്ടുകയും മണ്ണും മണലുമിട്ട് മുറ്റത്തിന് ഉയരം കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വീടിന്റെ അടിത്തറ മുഴുവനായി ജാക്കിവെച്ചു പൊക്കുന്ന കാര്യവും പലരും ആലോചിക്കുന്നുണ്ട്. വില്‍ക്കാനിട്ടിരിക്കുന്ന ചില വീടുകള്‍ വാങ്ങാന്‍ ആളുകളില്ലാതെ അനാഥമായിക്കിടക്കുന്നു. വാങ്ങാന്‍ ആരെങ്കിലും വന്നാല്‍ത്തന്നെ വളരെ കുറഞ്ഞ വിലയാണ് പറയുന്നത്.

വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കരയിലെ അങ്കണവാടിയുടെ ചുമരില്‍ കുട്ടികള്‍ക്കുവേണ്ടി വരച്ചിട്ടുള്ള ബഹുവര്‍ണചിത്രങ്ങള്‍ക്കിടയില്‍ ഉപ്പുജലചിത്രങ്ങളുമുണ്ട്. അങ്കണവാടിയിലായാലും വീടുകളിലായാലും കുട്ടികളെ പുറത്ത് കളിക്കാന്‍ വിടാന്‍ പറ്റില്ല, വെള്ളക്കെട്ടിന്റെ സമയത്ത്. കായലില്‍നിന്നും കടലില്‍നിന്നും കയറിവരുന്നത് മലിനജലമാണ്. അതുപോരാഞ്ഞ്, റിങ്ങുകള്‍വെച്ചു നിര്‍മിച്ച ടോയ്ലറ്റുകളില്‍നിന്ന് മനുഷ്യവിസര്‍ജ്യം പുറത്തേക്കൊഴുകും. വേലിയേറ്റസമയത്ത് ക്ലോസറ്റില്‍ ഇരിക്കാന്‍ പറ്റില്ല- ഓരുവെള്ളം ക്ലോസറ്റിലുടെ പുറത്തേക്കൊഴുകിവരും. അഴുക്കുവെള്ളത്തില്‍ നിരന്തരം ചവിട്ടേണ്ടിവരുന്നതിനാല്‍ അലര്‍ജിയും ത്വഗ്രോഗങ്ങളും ചേറ്റുപുണ്ണും പാദങ്ങള്‍ വിണ്ടുകീറുന്നതും തൊലി പൊളിഞ്ഞുപോകുന്നതുമൊക്കെ സാധാരണമായിട്ടുണ്ട്.

ഞാറയ്ക്കല്‍ പഞ്ചായത്തില്‍ സീഷോര്‍ കോളനിയില്‍ 96 കുടുംബങ്ങളില്‍ ഏറെയും ദളിത് കുടുംബങ്ങളാണ്. പകുതി കുടുംബങ്ങള്‍ നേരിട്ടുള്ള കടല്‍ക്ഷോഭത്തിന്റെയും ബാക്കിയുള്ളവ വേലിയേറ്റവെള്ളപ്പൊക്കത്തിന്റെയും ദുരിതങ്ങളിലാണ്. ഒരു റോഡുണ്ടാക്കിയിട്ടുണ്ടിവിടെ, പുതുതായി. അത് ഉയരത്തിലും വീടുകള്‍ താഴെയും. വെള്ളം കയറുമ്പോള്‍ എല്ലാവരും കട്ടിലും കിടക്കയുമൊക്കെയായി റോഡിലേക്ക് മാറും. കുറച്ചുദിവസം പിന്നെ ജീവിതം അവിടെയാണ്.

ഇപ്പോള്‍ റോഡെങ്കിലുമുണ്ടല്ലോ ആശ്രയമായി എന്നാണ് കുടുംബശ്രീയുടെ എ.ഡി.എസ്. ചെയര്‍പേഴ്സണ്‍ ലളിതാ ചന്ദ്രന്റെ ആശ്വാസം. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവര്‍ പുരയിടം മണലിട്ട് പൊക്കാന്‍ ശ്രമിക്കുകയാണ്. ഭര്‍ത്താവ് മത്സ്യത്തൊഴിലാളിയായിരുന്നു. ഇപ്പോള്‍ കിടപ്പിലാണ്. പണിചെയ്തിരുന്ന കാലമത്രയും അന്തിയാകുമ്പോള്‍ വള്ളത്തില്‍ കോരുമണ്ണ് കൊണ്ടുവന്ന് പറമ്പിലിടും. പുരയിടം ഒന്നുപൊന്തുമ്പോഴേക്കും വെള്ളം അതിനെക്കാള്‍ കൂടുതല്‍ പൊങ്ങും.

''മണലിടാന്‍ ചെലവാക്കിയ പണം കൂട്ടിവെച്ചിരുന്നെങ്കില്‍ എറണാകുളത്ത് മൂന്നോ നാലോ സെന്റ് ഭൂമി വാങ്ങാന്‍ കഴിയുമായിരുന്നു,'പക്ഷേ, ഇവിടംവിട്ട് എങ്ങനെ പോകും? ഞങ്ങള്‍ ജീവിക്കുന്നത് കടലിനെയും കായലിനെയും ആശ്രയിച്ചല്ലേ...'' ലളിത പറയുന്നു.

ഗര്‍ഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ മുന്‍നിര്‍ത്തി വാടകവീട്ടിലേക്ക് മാറിത്താമസിക്കുന്നതും തിരിച്ചുവരുന്നതും ഒരു പതിവായിട്ടുണ്ടിവിടെ. നായരമ്പലത്ത് വാര്‍ഡ് 12-ല്‍ ചെറുകിട അച്ചാര്‍നിര്‍മാണസംരംഭം നടത്തുന്ന ബിന്ദുവിന്റെ ഭര്‍ത്താവ് കഴിഞ്ഞകൊല്ലം കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരിച്ചു. ആശുപത്രിയില്‍നിന്ന് മൃതദേഹം കൊണ്ടുവന്നപ്പോള്‍ വീട്ടിനുള്ളില്‍ മുഴുവന്‍ വെള്ളമായിരുന്നു. മുന്നിലെ മുറിയില്‍ മണലിട്ടുപൊന്തിച്ചാണ് മൃതദേഹം കിടത്തിയത്.

(നവംബർ 13 ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

തുടരും

Content Highlights: Impact of climate change and challenges faced by Vypeen people, Mathrubhumi weekly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented