Representative Image| Photo: GettyImages
കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തിലെ 2 ജി വകുപ്പില്‍ പ്രായപരിധി കൊണ്ടുവന്നതിന്റെ ലക്ഷ്യമായി പറയുന്നത് പ്രായാധിക്യത്തില്‍ ഐ.വി.എഫ്. പോലുള്ള ചികില്‍സ ചെയ്യുന്നതിലൂടെ സ്ത്രികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുക എന്നതാണ്. എന്നാല്‍ അതുമാത്രമല്ല, കുടുംബ ജീവിതം ആഗ്രഹിക്കുന്നവര്‍ ഇത്ര വയസില്‍ വിവാഹം ചെയ്യണം എന്നത് പരോക്ഷമായി അടിച്ചേല്‍പിക്കുക കൂടിയാണ് ഭരണകൂടം ചെയ്തിരിക്കുന്നത്. കുറഞ്ഞത് 40-നും 50-നും ഇടയിലെങ്കിലും വിവാഹവും വന്ധ്യത ചികില്‍സയും പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ മാതാപിതാക്കളാവുക എന്ന സ്വപ്‌നം ഉപേക്ഷിക്കണം എന്നതാണ് പ്രായപരിധി നിയന്ത്രണ വകുപ്പിന്റെ പ്രായോഗിക തലം. കൂടിയ പ്രായത്തിലാണ് നമ്മുടെ സമൂഹത്തില്‍ പുനര്‍വിവാഹം എന്നത് കൊണ്ട് തന്നെ അത്തരക്കാരെയാവും ഇത് ഗൗരവമായി ബാധിക്കുക. സ്ത്രീ -പുരുഷന്‍മാര്‍ തമ്മിലുള്ള പ്രായപരിധിയും ഇതോടെ വിവാഹ ബന്ധത്തില്‍ വലിയ ഘടകമായി മാറും.
കുഞ്ഞിനെ ആഗ്രഹിക്കുന്ന 50 വയസ് കഴിഞ്ഞ പുരുഷന്‍മാര്‍ അതേ വയസിലുളള സ്ത്രീയെ വിവാഹം ചെയ്യുന്നതിന് വിമുഖത കാണിക്കും. കാരണം സ്ത്രീ അപ്പോഴേക്കും ഐ.വി.എഫ്. പ്രായപരിധി പുറത്തായിട്ടുണ്ടാവും. മാനസികമായി പൊരുത്തമുള്ളതിനാല്‍ 10-20 വയസിന്റെ വ്യത്യാസത്തില്‍ വിവാഹം ചെയ്യുന്ന ദമ്പതികളുമുണ്ട്. 35 വയസുള്ള സ്ത്രീയും 50 കഴിഞ്ഞ പുരുഷനുമാണെങ്കില്‍ വെറും അഞ്ചു വര്‍ഷമാണ് ചികില്‍സയ്ക്കായി അവര്‍ക്ക് കിട്ടുന്ന സമയപരിധി. അതുപോലെ കരിയര്‍, ആരോഗ്യം, താല്‍പര്യ കുറവ് അത്തരത്തില്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് താമസിച്ച് വിവാഹം ചെയ്യുന്നവര്‍ക്കും ഈ വകുപ്പ് വലിയൊരു വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
പ്രസക്തമാകുന്ന മറ്റ് ചോദ്യങ്ങള്‍ ഇവയാണ്
1. ഗര്‍ഭാവസ്ഥയെ തുടര്‍ന്നുണ്ടാവുന്ന സങ്കീര്‍ണതകളും അത് സ്ത്രീയ്ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളും ശരിയാണ്. എന്നാല്‍, നിയമത്തില്‍ പറയുന്ന പ്രായപരിധി കഴിഞ്ഞ ദമ്പതികള്‍ക്ക് സ്വാഭാവികമായ രീതിയില്‍ കുഞ്ഞുങ്ങളാവാം, അതിന് നിയമതടസമില്ല എന്ന വൈരുധ്യം തെളിഞ്ഞ് നില്‍ക്കുന്നില്ലേ?. ഐ.വി.എഫിന്റെ അത്രയില്ലെങ്കിലും സാധാരണ ഗര്‍ഭാവസ്ഥയിലും സങ്കീര്‍ണതകള്‍ ഉണ്ടെന്നത് തെളിയിക്കപ്പെട്ട സംഗതിയാണ്. 25-കാരിയ്ക്കും 52-കാരിയ്ക്കും ആ സങ്കീര്‍ണത ഉടലെടുക്കാം. പിന്നെ ഐ.വി.എഫിന് മാത്രമായി എന്തിനാണ് ഈ പരിധി?
2. പ്രായം നിയന്ത്രിക്കുന്ന വകുപ്പിന്റെ പ്രധാന വസ്തുതകളിലൊന്നാണ് കുട്ടികള്‍ക്ക് 18 വയസാകും വരെയെങ്കിലും മാതാപിതാക്കള്‍ ജീവനോടെ ഇരിക്കുക എന്നത്. അതായത് 18 വയസുവരെ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ പരിഗണന ഉറപ്പ് വരുത്തണം. പ്രസവത്തോടെ, അപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ജീവിക്കുന്ന നാടാണിത്. അവരുടെയെല്ലാം സുരക്ഷ സര്‍ക്കാരിനും സമൂഹത്തിനുമാണ്. അപ്പോള്‍ പിന്നെ പ്രായമായ ദമ്പതികളുടെ ഐവിഎഫ് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാത്രം ഈ നിയന്ത്രണം വരുത്തുന്നത് കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാവുക?
3. 50 വയസ് കഴിഞ്ഞ് ഐ.വി.എഫ്. ചികില്‍സ തേടി മരണപ്പെടുകയോ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകയോ ചെയ്യുന്നവരുടെ കണക്ക് എവിടെയാണ്? അത്തരത്തില്‍ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍ എത്രയാണ്? നിയമം കൊണ്ടുവന്ന കാലത്ത് ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെട്ടോ? വന്ധ്യത ചികില്‍സയുമായി ബന്ധപ്പെട്ട് കേരളം ഈ അടുത്തകാലത്താണ് സര്‍വേ പോലും ആരംഭിച്ചത്. അതിന്റെ ഫലം ഇതുവരെ പുറത്ത് വന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ വൈദ്യശാസ്ത്ര അഭിപ്രായം മാത്രം അടിസ്ഥാനമാക്കിയാണ് വ്യക്തി ജീവിതത്തില്‍ ഭരണകൂടം കൈകടത്തിയിരിക്കുന്നത് എന്ന് പറയേണ്ടി വരും.
3. ഹൈക്കോടതിയില്‍ കേസ് നടത്തിയ ദമ്പതികളില്‍ ഒരാളുടെ പ്രായം 34-ഉം 60-ഉം ആണ്. 34-കാരിയായ ഭാര്യ കുഞ്ഞിന് 18 ആകും വരെ ആരോഗ്യത്തോടെ ഇരിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ്. പക്ഷെ ഭര്‍ത്താവിന്റെ പ്രായം കണക്കിലെടുത്ത് അവര്‍ക്കും ഐ.വി.എഫ്. ചികില്‍സയ്ക്ക് അനുമതിയില്ല. അതെന്ത് കൊണ്ടാണ്?
4 കേസിന് പിന്നിലുണ്ടായിരുന്ന മുഴുവന്‍ ദമ്പതികളും ചികില്‍സ തുടരവെയാണ് ആഘാതമായി നിയമം വരുന്നത്. വന്ധ്യത ചികില്‍സ വര്‍ഷങ്ങള്‍ നീളുന്നതാണെന്ന ധാരണയുള്ള നിയമനിര്‍മാതാക്കള്‍ നിലവില്‍ ചികില്‍സയിലുള്ളവരുടെ കാര്യം ബില്ലില്‍ പറയുന്നേയില്ല. വൈകാരികതയുമായി ബന്ധപ്പെട്ട വിഷയം എന്ന നിലയിലെങ്കിലും അവര്‍ക്ക് നല്‍കേണ്ട ഇളവുകള്‍ പരിഗണിക്കാതിരുന്നത് നിയമം അടിച്ചേല്‍പിക്കുന്നതിന് തുല്യമല്ലേ?
5 ഐ.വി.എഫ്. ചികില്‍സ നിഷേധിക്കപ്പെടുമ്പോള്‍ ദത്തെടുക്കല്‍, സറോഗസി പോലുള്ളവയ്ക്ക് പ്രായമുള്ള ദമ്പതികള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല. നിയമം പ്രാബല്യത്തില്‍ വന്നതിനാല്‍ നിലവില്‍ പ്രായപരിധിയിലേക്ക് അടുക്കുന്നവര്‍ക്കെങ്കിലും ദത്തെടുക്കല്‍, സറോഗസി പോലുള്ളവയ്ക്ക് മുന്‍ഗണന നല്‍കേണ്ടതല്ലേ?
ഇവിടെയാണ് കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തിലെ കേരള ഹൈക്കോടതിയുടെ ഇടപെടല്‍ ചെറിയ തോതിലെങ്കിലും ആശ്വാസമാവുന്നത്. പുതുതായി ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന പ്രായപരിധി പിന്നിട്ടവര്‍ക്ക് വേണ്ടി, ഉയര്‍ന്ന പ്രായപരിധി സംബന്ധിച്ച് പുനഃപരിശോധന നടത്തുന്നതിനായി നാഷണല്‍ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്‌നോളജി ആന്റ് സറോഗസി ബോര്‍ഡ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിലെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കണമെന്നും വിധിന്യായത്തില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
രാഷ്ട്രം ഒരു നിയമം നിര്‍മ്മിക്കുകയും ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ അവകാശങ്ങളെ നിയന്ത്രിക്കുന്നതിന് ആ നിയമത്തില്‍ തന്നെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍, ആ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടാണോ നിയമം പ്രയോഗിച്ചത് എന്ന് പരിശോധിക്കുന്നതാണ് അതിന്റെ നിര്‍വ്വഹണ തലം. അതേസമയം, ആ നിയമം തന്നെ ശരിയാണോ നിയമം നീതിയുക്തവും ന്യായീകരിക്കത്തക്കതും അനിയന്ത്രിതാധികാരങ്ങള്‍ ഇല്ലാത്തതുമാണോ എന്നെല്ലാം പരിശോധിക്കുന്നതാണ് നിര്‍മ്മാണതലം. ഇത് സ്വാഭാവിക നീതിയുടെ കൂടി ഭാഗമാണ്. നിയമനിര്‍മ്മാണ തലത്തിലും നിര്‍വ്വഹണ തലത്തിലും വ്യക്തിക്ക് നീതി ഉറപ്പ് വരുത്തുക എന്നതാണ് പ്രധാനം. നിയമ നിര്‍വ്വഹണം നിയമത്തിന് അനുസൃതമാകണം.
ഒരു നിയമം നിര്‍മ്മിക്കാന്‍ നിയമനിര്‍മ്മാണ സഭക്ക് അധികാരം ഉണ്ടായിരിക്കും; ആ അധികാരപരിധിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെയായിരിക്കും നിയമം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, അങ്ങനെ നിര്‍മ്മിച്ച നിയമം ശരിയായ നിയമമാണോ നീതിയുക്തമാണോ നീതിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമുണ്ടോ എന്നെല്ലാം പരിശോധിക്കുന്നതാണ് നിര്‍മ്മാണതലം. പല നിയമങ്ങളും നിയമ നിര്‍മ്മാണാധികാരത്തില്‍ പെട്ടതും നിയമനിര്‍മ്മാണ സഭയുടെ വീക്ഷണത്തില്‍ ശരിയായതുമായിരിക്കും. എന്നാല്‍ നിര്‍മ്മാണതലത്തില്‍ പരിശോധിക്കുമ്പോള്‍ അവ പലതും ഭരണഘടനാ വിരുദ്ധവും റദ്ദ് ചെയ്യപ്പെടേണ്ടതുമാകും. ഇത്തരത്തില്‍ റദ്ദ് ചെയ്യേണ്ടതോ മാറ്റങ്ങള്‍ വരുത്തേണ്ടതോ ആയ തലത്തിലുള്ളതാണ് കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമം എന്ന് ഹൈക്കോടതിയുടെ ഇടപെടലില്‍ നിന്ന് തന്നെ വ്യക്തമാണ്.
Content Highlights: impact of Artificial Pregnancy Technology Control Act
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..