• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Social
More
  • News
  • Social Issues
  • Social Media
  • Socio Politics
  • Athijeevanam
  • Socio Legal

ഇരുട്ടി വെളുത്തപ്പോള്‍ കല്ലേറിനു പകരം പുഷ്പവൃഷ്ടി, പോലീസിന് ചിലവായത് വെറും 20 ബുള്ളറ്റുകള്‍

Dec 10, 2019, 05:42 PM IST
A A A

കുട്ടി ആരുടെയെങ്കിലും കൂടെ പോയിക്കാണും എന്ന പ്രതികരണമാണ് ആദ്യം ഈ സ്റ്റേഷനില്‍നിന്ന് വീട്ടുകാര്‍ക്ക് കിട്ടിയത്. അപ്പോഴേക്കും പ്രതികള്‍ ദിശയെ ലോറിയില്‍ കയറ്റി കൊണ്ടുപോയി കൊന്നു കത്തിച്ചു

# അനൂപ് ദാസ്
hyderabad encounter
X

ഒരു സഹോദരി കൂടി തെരുവില്‍ ആണധികാരത്തിന്റെ കൈപ്പടിയില്‍ അമര്‍ന്നതിന്റേയും അവരവളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ചതിന്റേയും വാര്‍ത്ത വന്നത് ഹൈദരാബാദില്‍ നിന്നാണ്. ആ ക്രൂരത, ഓര്‍ക്കുമ്പോഴൊക്കെ മരവിപ്പാണ് നല്‍കിയത്. പിന്നീട് കേട്ടത് തെലങ്കാനയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ വാര്‍ത്തയാണ്. ആ പ്രതിഷേധം പതിയെ മറ്റിടങ്ങളിലേയ്ക്കും പടര്‍ന്നു. അതിനിടെ കണ്ടു മറ്റൊരു ക്രൂരത. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ, ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പെട്രോളൊഴിച്ച് തീക്കൊളുത്തി. വാര്‍ത്ത ആദ്യം കണ്ടപ്പോള്‍ ധരിച്ചത് ബിജെപി എംഎല്‍എ പ്രതിയായ കേസിലെ ഇരയാണ് വീണ്ടും അക്രമിക്കപ്പെട്ടത് എന്നാണ്. പക്ഷേ അതല്ല, ഇത് വേറെക്കേസാണ്. ഉന്നാവിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് ആദ്യത്തെ ചിന്തയ്ക്ക് കാരണം. അവിടെ സ്ത്രീകള്‍ക്ക് തീരെ സുരക്ഷിതമല്ലാത്ത സ്ഥലമാണ് എന്ന് പിന്നീട് പുറത്തു വന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലായി. 11 മാസത്തിനിടെ 86 സഹോദരിമാര്‍ ആ നാട്ടില്‍ ക്രൂര ബലാത്സംഗത്തിനിരയായി എന്ന് സര്‍ക്കാര്‍ രേഖ. എല്ലാ പ്രതിസന്ധികളേയും വകഞ്ഞുമാറ്റി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി കൊടുത്തവരുടെ മാത്രം കണക്കാണിത്. ജാതിയും അധികാരവും സമ്പത്തുമെല്ലാം കൂട്ടിലിട്ട അനേകം ഇരകള്‍ ആനാട്ടിലെ കുടിലുകളിലുണ്ട്. വിവരങ്ങളോരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഹൈദരാബാദില്‍ നിന്ന് ഏറെ പ്രധാനപ്പെട്ട വാര്‍ത്ത വന്നത്.

'ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്ന കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു'

ആ നിമിഷം മുതല്‍ ഈ വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയ്ക്കും ആറ് മണിയ്ക്കും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് സൈബറാബാദ് പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് കണ്ടത് ആഹ്ലാദത്തിന്റെ ദൃശ്യങ്ങളാണ്. പെണ്‍കുട്ടികള്‍ ഹൈദരാബാദില്‍ ആഹ്ലാദ നൃത്തമാടുന്നതിന്റേയും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ആളുകള്‍ പോലീസുകാരെ എടുത്തുയര്‍ത്തി ആഹ്ലാദ നൃത്തം ചവിട്ടുന്നതിന്റേയും പടക്കം പൊട്ടിക്കുന്നതിന്റേയും വീഡിയോകളും ചിത്രങ്ങളും വാര്‍ത്താ ഏജന്‍സികള്‍ വഴി ഇന്ത്യയിലാകെയെത്തി. കൊല്ലപ്പെട്ട ഡോക്ടര്‍ ദിശയുടെ മാതാപിതാക്കള്‍ മകള്‍ക്ക് നീതികിട്ടിയെന്നു പറഞ്ഞതിന്റേയും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രതികളുടെ മാതാപിതാക്കള്‍ അലമുറയിട്ടു കരയുന്നതിന്റേയും ദൃശ്യങ്ങള്‍ കണ്ടു.

ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഹൈദരാബാദിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് 36 കിലോ മീറ്റര്‍ ദൂരത്താണ് വെടിവെപ്പ് നടന്നത്. ഷാദ് നഗര്‍. ബെംഗളൂരുവിലേ്ക്ക് പോകുന്ന ബൈപ്പാസിന് സമീപത്താണ് സ്ഥലം. പൊട്ടിച്ചു തീര്‍ത്ത കോവപ്പടക്കത്തിന്റെ ചിതറിയ കടലാസ്സുതുണ്ടുകളാണ് വഴിലാകെ. വെടിവെപ്പ് വാര്‍ത്ത പുലര്‍ച്ചെ പുറത്തു വന്നതാണ്. പക്ഷേ ഇപ്പോഴും ജനക്കൂട്ടം ഒഴിഞ്ഞു പോയിട്ടില്ല. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന് ആദ്യമെത്തിയത് പത്ത് ദിവസം മുന്‍പ് ദിശയെ നാലുപേര്‍ ചേര്‍ന്ന് ചുട്ടുകൊന്ന സ്ഥലം. ബൈപ്പാസിലുള്ള ഒരു പാലത്തിന്റെ അടിവശത്തുവച്ചാണ് പ്രതികള്‍ ഈ ക്രൂരത ചെയ്തത്. വിജനമായ സ്ഥലമാണ്. ഇവിടെ നിന്ന് ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ദിശയെ കൂട്ടബലാത്സംഗത്തിനിരയാക്കിക്കൊന്ന ശേഷം പാലത്തിനടിയില്‍ കൊണ്ടുവന്നിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അന്ന് ആ നാലുപേര്‍ ചേര്‍ന്ന് ദിശയെകത്തിച്ചു കൂട്ടിയ സ്ഥലത്ത് ഒരാള്‍ വലുപ്പത്തില്‍ പൂക്കളാണ്. ചുകപ്പും മഞ്ഞയും വെള്ളയും പൂക്കള്‍കൊണ്ട് ജനക്കൂട്ടം ദിശയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചതാണ്. പൂക്കളെല്ലാം ഇവിടെ കൊണ്ടുവന്നിട്ടത് ഈ രാവിലെയാണ്. ദിശ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് 'ഏറ്റുമുട്ടലി'ലൂടെ കൊന്നു എന്ന വാര്‍ത്ത പുറത്തുവന്ന ശേഷം.

ഇപ്പോള്‍ നോക്കിയാല്‍ കാണാവുന്നത്ര ദൂരത്തിലാണ് നാലു പ്രതികള്‍ വെടിയേറ്റു കൊല്ലപ്പെട്ട് കിടന്നത്. ഇരുന്നൂറ് മീറ്ററോളം നടക്കണം. മുന്നില്‍ നീളത്തില്‍ രണ്ട് കണ്ടത്തില്‍ നെല്ല് പാകിയിട്ടുണ്ട്. അതിനടുത്ത് ചെറിയ ഒറ്റയടിപ്പാത. ഇരുവശത്തും മുള്ളും കാട്ടുചെടികളും. മുന്നോട്ടു നീങ്ങുന്തോറും തരിശ് ഭൂമിയാണ്. വര്‍ഷങ്ങളായി വിത്ത് വീഴാത്ത തരിശ്. തരിശിനതിരില്‍ കുറ്റിക്കാട്. അവിടെ കുറ്റിക്കാടിനടുത്ത് പോലീസ് സീല്‍്ചെയ്ത സ്ഥലമാണ്. രണ്ട് മണിക്കൂര്‍ മുന്‍പ് മൃതദേഹങ്ങള്‍ മാറ്റിയെന്നു അവിടെക്കണ്ട ഒരു മലയാളി പറഞ്ഞു. നാല് പേര്‍ വെടിയേറ്റ് കിടന്ന സ്ഥലത്ത് അടയാളമായി കുറച്ച് വെള്ളപ്പൊടി വിതറിയിട്ടുണ്ട്. ബോംബ്സ്‌ക്വാഡും പോലീസിലെ മറ്റ് ചില വിഭാഗങ്ങളും ഇപ്പോഴും അവിടെയെല്ലാം പരിശോധന നടത്തുകയാണ്.

ഈസമയമത്രയും ആളുകള്‍ വന്നും പോയും കൊണ്ടിരുന്നു.

ഇവര് കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോള്‍ എന്ത് തോന്നി?
അവിടെക്കണ്ട പലരോടായിച്ചോദിച്ച ചോദ്യമാണ്.

'' സന്തോഷം, അല്ലാതെന്ത്? അമ്മപെങ്ങന്‍മാര്‍ക്ക് സമാധാനത്തോടെ ജീവിക്കണം. അതിന് ഇടയ്ക്ക് ഇതൊക്കെ നല്ലത്. ഇവന്‍മാരെ ഞങ്ങള്‍ക്ക് വിട്ടു തന്നിരുന്നെങ്കില്‍ പറിച്ചു ചീന്തിയേനെ. ''

'' സജ്ജനാര്‍ക്ക് സല്യൂട്ട്. ഓരോ മതക്കാര്‍ക്കും ഓരോ ആഘോഷമുണ്ട്. ക്രിസ്തുമസും ദീപാവലിയും പെരുന്നാളുമെല്ലാം പോലെ. ഇന്ന് ഞങ്ങളുടെ ആഘോഷത്തിന്റെ ദിവസമാണ്. പോലീസിന് സല്യൂട്ട്.''

സമാന അഭിപ്രായം തന്നെ ഒരുപാടുപേര്‍ പറഞ്ഞു. ഹൈദരാബാദിലെ ജനങ്ങള്‍ ആഗ്രഹിച്ചതാണ് നടന്നത് എന്ന് അവിടെ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അതായത് ജനവികാരം നടപ്പിലായി. നടപ്പിലായത് നീതിയാണോ അതോ കാട്ടു നീതിയാണോ എന്ന പ്രശ്നം അപ്പോഴേക്കും ഉയര്‍ന്നു തുടങ്ങിയിരുന്നു. ദിശയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നുകത്തിച്ചവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. എന്നാല്‍ നിയമത്തിന് ബദലല്ല പോലീസ് എന്ന ന്യായവാദമാണ് ഉയരുന്നത്.

നടന്നത് ഏറ്റുമുട്ടലല്ല ഏകപക്ഷീയമായ വെടിവെപ്പാണ് എന്ന ആരോപണം ശക്തമായി ഉയര്‍ന്ന സാഹചര്യത്തില്‍ ആ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് പരിശോധിക്കുക കൂടി ചെയ്തു.

ആദ്യം പോലീസ് വാദം നോക്കാം.

''പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് തെളിവെടുപ്പിന് കൊണ്ടു വന്ന പ്രതികള്‍ പോലീസിനെ അക്രമിച്ചു. തോക്ക് പിടിച്ചെടുത്ത് വെടിവെക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പ്രതികളും കൊല്ലപ്പെട്ടു.'' കേരളത്തില്‍ അടുത്തിടെ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ഉള്‍പ്പെടെ പോലീസ് നിരത്തിയ വാദം. അതല്ലെങ്കില്‍ ഇന്ന് വരെ നടന്ന എല്ലാ ഏറ്റുമുട്ടലിലും വ്യാജ ഏറ്റമുട്ടലുകളിലും പോലീസ് നിരത്തിയ വാദം തന്നെ ഹൈദരാബാദിലും ആവര്‍ത്തിച്ചു.

തെളിവെടുപ്പിന് കൊണ്ടു വന്ന സ്ഥലത്തിന് 200 മീറ്റര്‍ അപ്പുറത്താണ് നാല് പ്രതികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. അത്രയും ദൂരത്തേക്ക് പ്രതികള്‍ ഓടിയെത്തിയെന്നതും നാലു പേരെയും ഒരേ സ്ഥലത്ത് തന്നെ വെടിവെച്ചിട്ടതും ഇവിടെ നിന്ന് കാണുമ്പോള്‍ പ്രഥമദൃഷ്ട്യാ വിശ്വാസയോഗ്യമല്ല. ഈ സ്ഥലത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ചാണിത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയുടെ ലംഘനവും നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള പോലീസ് ശ്രമത്തേയും മനുഷ്യാവകാശ സംഘടനകള്‍ വിഷയമാക്കുന്നത് ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ്.

എന്തായാലും തെലങ്കാന സര്‍ക്കാരിനും പോലീസിനും (പ്രത്യേകിച്ച് സജ്ജനാര്‍ക്കും) കൈയ്യടികളുടെയും പൂമാലകളുടേയും ദിവസമാണ് ഡിസംബര്‍ ആറ്. തെലങ്കാനയിലെ തെരുവുകളെല്ലാം കഴിഞ്ഞ ഒരുമാസത്തിലധികമായി സമരഭരിതമാണ്. ശമ്പളവും ശമ്പള വര്‍ദ്ധനവുമെല്ലാം ആവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍  നടത്തിയ സമരം രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂടി ഏറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. അതിന് പിന്നാലെയാണ് ദിശയുടെ കൊലപാതകം. സര്‍ക്കാരിന്റെ അനാസ്ഥ ഉയര്‍ത്തിക്കാട്ടി വിദ്യാര്‍ത്ഥികളും യുവാക്കളുമെല്ലാം തെരുവിലിറങ്ങി. പ്രതിഷേധത്തില്‍ പിടിച്ചു നില്‍ക്കാന്‍ നന്നേ ബുദ്ധിമുട്ടി സര്‍ക്കാര്‍. പണ്ട് നിര്‍ഭയാക്കേസ് ഡല്‍ഹി സര്‍ക്കാരിന് സമ്മാനിച്ച കറുത്ത ദിനങ്ങള്‍ ചന്ദ്രശേഖരറാവു ഓര്‍ത്തു കാണും. വിവേകത്തിന് പകരം വികാരത്തിന് പ്രധാന്യം നല്‍കാന്‍ റാവുവിന് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നിരിക്കില്ല. അതുകൊണ്ടാണ് ഏറ്റുമുട്ടല്‍ക്കൊലയുടെ എല്ലാ അഭിനന്ദനങ്ങളും തെലങ്കാന സര്‍ക്കാരിലെ മന്ത്രി ശ്രീനിവാസ യാദവ് റാവുവിന് നല്‍കിയത്. പോലീസിനും സര്‍ക്കാരിനുമെതിരെ പത്തു ദിവസം കല്ലേറ് നടത്തിയ ജനം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ പുഷ്പ വൃഷ്ടി നടത്തി. ഇരുപത് ബുള്ളറ്റുകളാണ് ചെലവായത്.

ഇനി പോലീസുകാരെക്കുറിച്ച് അല്‍പം പറയാം. നാല് പ്രതികളെ വെടിവെച്ച് കൊന്നതിന് മഹാഭൂരിപക്ഷം വരുന്ന ജനം കയ്യിടിച്ച അതേ പോലീസിനെക്കുറിച്ച് തന്നെയാണ് പറയാനുള്ളത്. കൂട്ടബലാത്സംഗവും കൊലയും നടന്ന ദിവസത്തെ കാര്യമാണ്. സഹോദരിയെ കാണാനില്ല, അവള്‍ പ്രശ്നത്തിലാണ് എന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി ദിശയുടെ അനുജത്തി രാത്രി പത്ത് മണിയോടെ എയര്‍പോര്‍ട്ടിന് സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി. സംഭവം ഞങ്ങളുടെ സ്റ്റേഷന്‍ പരിധിയല്ല എന്ന പറഞ്ഞ് അവിടത്തെ പോലീസ് കൈയൊഴിഞ്ഞു. അടുത്ത സ്റ്റേഷനിലേയ്ക്ക് പോയി അവരെയും കാര്യം പറഞ്ഞ് മനസ്സിലാക്കി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പിന്നെയും നാല് മണിക്കൂറെടുത്തു. കുട്ടി ആരുടെയെങ്കിലും കൂടെ പോയിക്കാണും എന്ന പ്രതികരണമാണ് ആദ്യം ഈ സ്റ്റേഷനില്‍നിന്ന് വീട്ടുകാര്‍ക്ക് കിട്ടിയത്. അപ്പോഴേക്കും പ്രതികള്‍ ദിശയെ ലോറിയില്‍ കയറ്റി കൊണ്ടുപോയി കൊന്നു കത്തിച്ചു. രാത്രി 10 മണിയ്ക്ക് പോലീസിനെ സമീപിച്ചിട്ടും പോലീസ് പരിശോധനയ്ക്ക് തയ്യാറായത് പുലര്‍ച്ചെ മൂന്നിന്. ആ സമയമത്രയും പ്രതികള്‍ ബൈപ്പാസിലുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. ആദ്യത്തെ സ്റ്റേഷനിലെ പോലീസുകാര്‍ കൃത്യ സമയത്ത് ഇടപെട്ട് പരിശോധന നടത്താന്‍ തയ്യാറായിരുന്നെങ്കില്‍ ദിശ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു. ഒരു പക്ഷേ പ്രതിചേര്‍ക്കപ്പെട്ട നാലുപേരും. പോലീസ് ഭാഷയില്‍ പറഞ്ഞാല്‍ 'ലോക്കല്‍ പോലീസിന് സംഭവിച്ച വീഴ്ച' ഈ രാജ്യത്തെയാണ് കണ്ണീരിലാഴ്ത്തിയത്. ഈ നാടിന്റെ നിയമ വ്യവസ്ഥയാണ് വെല്ലുവിളിക്കപ്പെട്ടത്.

ദിശ ആദ്യം അക്രമിക്കപ്പെട്ട ടോള്‍ ബൂത്തിന് സമീപത്തും പോയിരുന്നു. ബൈപ്പാസിനോട് ചേര്‍ന്ന സ്ഥലത്തുവെച്ചാണ് അവളക്രമിക്കപ്പെട്ടത്. ഇരു ചക്രവാഹനം ടോള്‍ബൂത്തിനടുത്തവെച്ച് ആശുപത്രിയില്‍ പോയി വന്ന ദിശ കണ്ടത് വണ്ടി പഞ്ചറായിക്കിടന്നതാണ്. പ്രതികള്‍ പഞ്ചറാക്കിവെച്ചു എന്നാണ് പോലീസ് റിപ്പോര്‍ട്ട്. പിന്നീട് സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടിയ പ്രതികള്‍ ദിശയെ തൊട്ടടുത്തുള്ള വിജനമായ പറമ്പിലേക്ക് ബലമായികൊണ്ടുപോയാണ് ക്രൂരത കാട്ടിയത്. ഇത്രയും ആള്‍ത്തിരക്കുള്ള, ഒരുപാട് സ്ത്രീകള്‍ നടന്നു പോകുന്ന വഴിയില്‍ എന്തിനാണ് ഈ പ്രതികള്‍ ദിശ വരുന്നതും കാത്ത് നിന്നത് എന്ന സംശയമാണ് ടോള്‍ബൂത്തിനടുത്ത് നിന്ന സമയമത്രയും സ്വയം ചോദിച്ചത്. ദൗര്‍ഭാഗ്യവശാല്‍ ആ ചോദ്യത്തിന് ഇനി ശരിയായ ഉത്തരം കിട്ടില്ല. കാരണം ആ ഉത്തരം നല്‍കാന്‍ കഴിയുന്ന പ്രതികളെ പോലീസ് 'ഏറ്റുമുട്ടലിലൂടെ' വെടിവെച്ച് കൊന്നു.

ദിശയുടെ ഫ്ലാറ്റ് ഒരു ഹൗസിങ്ങ് കോളനിയിലാണ്. ആ കോളനിക്കാരെല്ലാം മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നു എന്നറിഞ്ഞാണ് അവിടേയ്ക്ക് പോയത്. എത്തുമ്പോഴേക്കും പ്രാര്‍ത്ഥന കഴിഞ്ഞിരുന്നു. അച്ഛന്‍ അവിടെയുണ്ട്. ഹാളിലിരുന്ന് അദ്ദേഹം സംസാരിച്ചു.

'' എന്റെ മോളുടെ ഗതി ഇനിയാര്‍ക്കും വരരുത്.
പോലീസ് നടപടി ശരിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.''

അവിടെ കുറച്ച് സമയം നിന്നു. പിന്നെ തിരിച്ചു.

കൊല്ലപ്പെട്ട നാല് പ്രതികളേക്കുറിച്ചും ചെറിയൊരന്വേഷണം നടത്തി. എല്ലാവരും സാമ്പത്തികമായും സാമൂഹ്യമായും ഏറെ പിന്നാക്കം നില്‍ക്കുന്നവരാണ്. രണ്ട് പേര്‍ ലോറി ഡ്രൈവര്‍മാര്‍. രണ്ട് പേര്‍ ക്ലീനര്‍മാര്‍. ആരിഫ് മാത്രമാണ് കല്യാണം കഴിച്ചത്. അവന് 26 വയസ്സ്. മറ്റ് മൂന്നുപേര്‍ക്കും ഇരുപതു വയസ്സില്‍ താഴെയാണ് പ്രായം. കൊല്ലരുതായിരുന്നു എന്ന് മാത്രമാണ് അവരുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത്.

ഏറ്റുമുട്ടലല്ല, ഏകപക്ഷീയ വെടിവെപ്പാണ് നടന്നത് എന്ന വാദവുമായി ചില മനുഷ്യാവകാശ സംഘടനകള്‍ തെലങ്കാന ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം വെള്ളിയാഴ്ചവരെ സംസ്‌കരിക്കരുത് എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മൃതദേഹങ്ങള്‍ ഇപ്പോള്‍ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ ഉണ്ട്. കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കും.

ക്രൂരതകള്‍ അരങ്ങേറിയ ഷാദ്‌നഗറില്‍ നിന്ന് മടങ്ങുകയാണ്.
കൂട്ടബലാത്സംഗത്തിനും കൊലയ്ക്കുമെതിരെ ഇവിടെ ജനവികാരം ആളിക്കത്തിയിരുന്നു എന്ന് മനസ്സിലാക്കി. ആളിക്കത്തിയ ജനവികാരത്തെ സര്‍ക്കാര്‍ ചവിട്ടുപടിയാക്കുകയും ചെയ്തു.

അപ്പോഴേക്കും ഡല്‍ഹിയില്‍ നിന്ന് അടുത്ത ദുരന്തവാര്‍ത്ത വന്ന് മണിക്കൂറുകള്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു. ബലാത്സംഗക്കേസ് പ്രതികള്‍ ചുട്ടെരിച്ച ആ സഹോദരി മരിച്ചു.

കണ്ണുനീര്‍ മാത്രമാണ്.
രോഷത്തിന്റേയും സങ്കടത്തിന്റേയും.

content highlights: Hyderabad Veterinary doctor Disha murder and police encounter

PRINT
EMAIL
COMMENT

 

Related Articles

നഴ്‌സുമാർക്ക് അസാപ്പിന്റെ ക്രാഷ് ഫിനിഷിങ് കോഴ്‌സ്
Education |
Education |
നൂറു സ്റ്റാർട്ടപ്പുകൾ വിരിയട്ടെ
Education |
ബി.ബി.എ., എം.ബി.എ.
Education |
മാത്തമാറ്റിക്സ് സ്കോളർഷിപ്പ്
 
  • Tags :
    • Telangana veterinary doctor murder
    • DISHA
    • Gang Rape
    • police encounter
More from this section
Dr A SanthoshKumar
'എത്രപേര്‍ക്ക് കോവിഡ് വന്നുവെന്ന് കണക്കാക്കലല്ല നമ്മുടെ ജോലി, ശ്രദ്ധിച്ചത് മരണം കുറയ്ക്കാന്‍'
farmers protest
നീറിപ്പുകഞ്ഞ് ഗാസിപുര്‍ | രണ്ട് രാത്രിയും ഒരു പകലും സംഭവിച്ചതെന്ത്‌
perumal
'ഈ ആത്മഹത്യ എന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയല്ല, പൊരുതുന്ന കര്‍ഷകര്‍ക്ക് വേണ്ടി'
social issue
കുട്ടികൾക്ക് തുറന്നുസംസാരിക്കാൻ ഇടങ്ങൾ വേണം, ആൺകുട്ടികൾക്കും വേണം കരുതൽ| പ്രതികരണങ്ങൾ
haritha, dishonour killing
അനീഷേട്ടന് നീതികിട്ടുംവരെ ഞാനിവിടെ ഉണ്ടാകും- ഹരിത
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.