legs suicideആണ്‍കുഞ്ഞു വേണമെന്ന ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ വീണ്ടും വീണ്ടും ഗർഭം ധരിച്ചു. ആണ്‍ കുഞ്ഞിനെ പ്രസവിക്കാന്‍ കഴിവില്ലാത്തവള്‍ എന്ന കുത്ത് വാക്കിനും പീഡനങ്ങൾക്കുമൊടുവിൽ അവൾ ആത്മഹത്യ ചെയ്തു. അവൾ മരിക്കണമെന്നാഗ്രഹിച്ചവളല്ല. ഒരു തരത്തിലും മനസ്സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്ത അവരുടെ വാക്കുകളും സമൂഹത്തിന്റെ പെൺവിരോധവുമാണ് അവളുടെയും മക്കളുടെയും ജീവനെടുത്തത്.

തിനാല് വര്‍ഷം മുന്‍പായിരുന്നു ഹനുമന്തയുടെ കൈ പിടിച്ച് ക്ഷ്മി ആലങ്ക താലൂക്കിലെ മടിയാളയിലെത്തിയത്. 12 വര്‍ഷം മുന്‍പ് ആദ്യത്തെ കുഞ്ഞു പിറന്നതോടെയായിരുന്നു ലക്ഷ്മിക്ക് ഭര്‍തൃവീട്ടില്‍ സ്വസ്ഥത നഷ്ടപെട്ടത്. ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ല എന്നതായിരുന്നു കുറ്റം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ ലേഖനങ്ങള്‍ വായിക്കാന്‍ JOIN Mathrubhumi Social and environmental  Whatsapp group

പ്രസവാനന്തരമുണ്ടായ വിഷാദ രോഗത്തിലൂടെ കടന്നു പോകുമ്പോഴും ലക്ഷ്മിയോട് നല്ലവാക്ക് പറയാന്‍ ആരുമുണ്ടായില്ല. ഗൗരമ്മയെന്ന് വിളിപ്പേരുള്ള കീര്‍ത്തി എന്ന പെണ്‍കുഞ്ഞിനെ സങ്കടകടലിനിടയിലും അവള്‍ ചേര്‍ത്തു പിടിച്ചു. കീര്‍ത്തിക്കു രണ്ട് വയസു തികയും മുന്‍പ് രണ്ടാമത്തെ കുഞ്ഞും ജനിച്ചു. പ്രസവമുറിയില്‍ പക്ഷെ കുഞ്ഞിന്റെ ഓമന മുഖത്തേക്ക് നോക്കിയ ലക്ഷ്മിക്ക് മനസ്സറിഞ്ഞു സന്തോഷിക്കാനായില്ല. തന്റെ കയ്യിലേക്ക് നഴ്സ് തന്നത് വീണ്ടും പെണ്‍കുഞ്ഞിനെയാണെന്നറിഞ്ഞ അവള്‍ കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് പൊട്ടി കരഞ്ഞു.

ഭര്‍ത്തൃ ഗ്രഹത്തില്‍ ലക്ഷ്മിയെ കാത്തിരുന്നത് കടുത്ത മാനസിക പീഡനങ്ങളായിരുന്നു. പലപ്പോഴും ആഹാരം പോലും നിഷേധിക്കപ്പെട്ടു. രണ്ട് പെണ്‍കുഞ്ഞുങ്ങളോടും ഭര്‍തൃ മാതാവ് ബസമ്മ വിവേചനം കാട്ടി. ആണ്‍കുഞ്ഞിന് ജന്മം നല്‍കാനാവാത്ത ലക്ഷ്മി ദൈവാനുഗ്രഹം ഇല്ലാത്തവളാണെന്ന് വിധി എഴുതി. മകന്‍ ഹനുമന്തയ്യേ കൊണ്ട് ലക്ഷ്മിയെ മര്‍ദ്ദിക്കുക പതിവായി. അവളുടെ വീട്ടുകാര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിച്ചു. മകള്‍ക്കു നേരേ നടന്ന അതിക്രമങ്ങള്‍ അവരറിയാതെ പോയി. ലക്ഷ്മി വീട്ടുകാരെ ഒന്നും അറിയിച്ചു വിഷമിപ്പിക്കാനും നിന്നില്ല.

ഇനിയുമൊരു കുഞ്ഞിനെ പ്രസവിച്ചു ഭാഗ്യ പരീക്ഷണത്തിന് അവള്‍ക്കു ഭയമായിരുന്നു. ആണ്‍കുഞ്ഞു വേണമെന്ന ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ വീണ്ടും ഗര്‍ഭം ധരിച്ചു.

പെൺകുട്ടിയായതിന്റെ പേരിൽ മൂത്ത കുട്ടിയായ കീര്‍ത്തിക്കു വിദ്യാഭ്യാസം നല്‍കാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല.

'അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് ലക്ഷ്മി പ്രാര്‍ത്ഥിച്ചു ഇതെങ്കിലും ആണ്‍ കുഞ്ഞാവണമെന്ന്. ആണ്‍കുഞ്ഞല്ലെങ്കില്‍ തങ്ങള്‍ തിരിഞ്ഞു നോക്കില്ലെന്ന തീരുമാനത്തിലായിരുന്നു അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍. ഞങ്ങളും പ്രാര്‍ത്ഥിച്ചു അവളുടെ കഷ്ടകാലം തീരാന്‍ ഒരു ആണ്‍ കുഞ്ഞിനെ കൊടുക്കണേയെന്ന്. പക്ഷെ ദൈവം ഞങ്ങളോട് കനിഞ്ഞില്ല. കഴിഞ്ഞ വര്‍ഷമാണ് അവള്‍ വീണ്ടും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്,' ലക്ഷ്മിയുടെ അമ്മ ശോഭ കണ്ണീരോടെ വിവരിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷം അവള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോയി. മൂന്നാമത്തെ പെണ്‍കുഞ്ഞിന് സരസ്വതി എന്ന് പേരിട്ടു. സ്വാതി എന്നായിരുന്നു വിളിപ്പേര് . എല്ലാവരുടെയും ഓമനയായിരുന്നു അവള്‍. അച്ഛന്‍ വീട്ടുകാര്‍ക്ക് മാത്രം അവളെ ഇഷ്ടമില്ലായിരുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവ് ഹനുമന്തയും ഭര്‍തൃ മാതാവ് ബസമ്മയും നിരന്തരം ലക്ഷ്മിയേയും മൂന്നു പെണ്‍കുഞ്ഞുങ്ങളേയും ഉപദ്രവിച്ചു. മൂത്ത കുട്ടിയായ കീര്‍ത്തിക്കു വിദ്യാഭ്യാസം നല്‍കാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. ആണ്‍ കുഞ്ഞിനെ പ്രസവിക്കാന്‍ കഴിവില്ലാത്തവള്‍ എന്ന കുത്ത് വാക്കും തുടര്‍ന്നുള്ള തര്‍ക്കങ്ങളും ഭര്‍തൃ വീട് ലക്ഷ്മിക്കും കുഞ്ഞുങ്ങള്‍ക്കും നരകമായി തുടങ്ങിയിരുന്നു.

well
ലക്ഷ്മിയും കുട്ടികളും മുങ്ങിമരിച്ച കിണർ | കർണാടകയിലെ ചില മേഖലകളിലെ കിണറുകൾ ഇങ്ങനെയാണ്.
കുളം പോലെ തോന്നിക്കുമെങ്കിലും നല്ല ആഴമുള്ളവയാണ് ഇവ

കുഞ്ഞുങ്ങള്‍ക്ക് പനിയാണെന്നും ഡോക്ടറെ കാണാന്‍ പോകുന്നെന്നും പറഞ്ഞാണ് ലക്ഷ്മി ഞായറാഴ്ച രാവിലെ മൂന്നു കുഞ്ഞുങ്ങളുമായി വീട്ടില്‍ നിന്നിറങ്ങിയത്.
ഏറെ നേരം കഴിഞ്ഞും തിരികെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്ത് കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ കിണറ്റില്‍ ലക്ഷ്മിയേയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നാട്ടുകാര്‍ നാലുപേരെയും കരയില്‍ എത്തിച്ചെങ്കിലും ലക്ഷമിയും മൂത്ത കുട്ടിയും ഏറ്റവും ഇളയ കുട്ടിയും മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടി ഈശ്വരിക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. പ്രാഥമിക ശുശ്രൂഷ നല്‍കിയതോടെ ഈശ്വരിയെന്ന നാല് വയസുകാരി ജീവിതത്തിലേക്ക് മടങ്ങി വന്നു.

ലക്ഷ്മിയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മരണത്തില്‍ ഭര്‍തൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നിംബര്‍ഗ പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ഹനുമന്തയേയും ഭര്‍തൃമാതാവ് ബസമ്മയേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

content highlights: Husband and family want boy child, Under severe pressure Mother Commit suicide with her three kids