മനുഷ്യ-വന്യജീവി സംഘർഷം, സർക്കാർ ശ്രമിച്ചാൽ പരിഹാരമാർഗമുണ്ട്


3 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

കേരള സമൂഹത്തിന്റെ പൊതുബോധത്തെ ആഴത്തിൽ ബാധിച്ചിട്ടുള്ള വിഷയമാണ് മനുഷ്യ-വന്യജീവി സംഘർഷം. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വന്യജീവികൾ മനുഷ്യജീവിതത്തിൽ പ്രതിലോമകരമായി ഇടപെടുന്നു എന്നും മുമ്പത്തെക്കാളേറെ മനുഷ്യജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയുയർത്തുകവഴി ജനജീവിതം ദുസ്സഹമാക്കുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേവലമായ ഒരു ജീവൽപ്രശ്നം എന്നതിലുപരി അതിവൈകാരികവും സമൂഹത്തിന്റെ പൊതുസ്വഭാവത്തെത്തന്നെ ബാധിക്കാൻ കെല്പുള്ളനിലയിലേക്ക്‌ ഈ വിഷയം വളരുകയും ചെയ്തിട്ടുണ്ട്. അരിക്കൊമ്പൻ ഇതിനൊരുദാഹരണമാണ്.

കാരണങ്ങൾ പലത്

വിവിധ കാരണങ്ങളാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന്‌ ഹേതുവായി പറയുന്നത്. വന്യജീവികളുടെ എണ്ണത്തിലുണ്ടായ വർധന, സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള പ്രയാണം തുടങ്ങിയവ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. കാടും നാടും തമ്മിൽ വേർതിരിക്കുക, ശല്യക്കാരാകുന്ന വന്യജീവികളെ പിടിച്ചുമാറ്റുകയോ കൊന്നൊടുക്കുകയോ ചെയ്യുക, അവയുടെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ ഈ വാദക്കാർ മുന്നോട്ടുവെക്കുന്നു. മറിച്ച്, മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഇടപെടലുകൾ എല്ലാകാലത്തും നിലനിന്നിരുന്നുവെന്നും വന്യജീവികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല എന്നും മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ മൂലകാരണം നാംതന്നെയാണെന്നും അശാസ്ത്രീയവും അനിയന്ത്രിതവുമായ വികസനപ്രവർത്തനങ്ങളും കൈയേറ്റവുംമൂലം ആവാസവ്യവസ്ഥകളുടെ വിസ്തീർണവും ആരോഗ്യവും നഷ്ടപ്പെട്ടതിനാലാണ്‌ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയതെന്നും മറുഭാഗം വാദിക്കുന്നു.

പരിഹാരമാർഗം എങ്ങനെ

പരിഹാരമാർഗങ്ങൾ സമഗ്രവും പ്രാദേശിക ആസൂത്രണത്തിൽ ഊന്നിയുള്ളതും സാങ്കേതികഭദ്രതയാർന്നതും പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുള്ളതുമാകണം. ആവാസവ്യവസ്ഥയുടെ ആരോഗ്യവും വിസ്തീർണവും തുടർച്ചയും വീണ്ടെടുക്കുക, അധിനിവേശസസ്യങ്ങളെ ഒഴിവാക്കുക, അതിസംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ മനുഷ്യന്റെ ഇടപെടലുകൾ പരമാവധി ഒഴിവാക്കുക, കാടിനുള്ളിലെയും പ്രാന്തപ്രദേശങ്ങളിലെയും അശാസ്ത്രീയമായ വികസനങ്ങൾ നിരുത്സാഹപ്പെടുത്തുക, വന്യജീവികളെ ആകർഷിക്കാത്ത ഭൂവിനിയോഗരീതികൾ പ്രോത്സാഹിപ്പിക്കുക, അത്യപൂർവങ്ങളായ സാഹചര്യങ്ങളിൽ പ്രശ്നക്കാരായ വന്യജീവികളെ പിടിച്ചുമാറ്റുക, സമയബന്ധിതമായും ആവശ്യമായ അളവിലും ഇൻഷുറൻസ് പരിരക്ഷ, നഷ്ടപരിഹാരം തുടങ്ങിയവ ലഭ്യമാക്കുക, ദ്രുതകർമസേനയുടെ സേവനം നവീകരിക്കുക, സൗരോർജവേലികൾ പോലുള്ള ഹ്രസ്വകാലപരിഹാരമാർഗങ്ങൾ നടപ്പാക്കുക തുടങ്ങിയ പരിഹാരമാർഗങ്ങളെ പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി പ്രാവർത്തികമാക്കണം.

ഫലപ്രാപ്തിക്ക് എന്തുചെയ്യാം

കൂടിയ ജനസാന്ദ്രതയ്ക്കുള്ളിലും ഭൂവിസ്തൃതിയുടെ നല്ലൊരു പങ്ക് വനമായി നിലനിൽക്കുകയും, ഏതാണ്ട് ആറായിരം കിലോമീറ്ററോളം കാടും നാടും അതിർത്തിപങ്കിടുകയും ചെയ്യുന്ന കേരളത്തിന്റെ സുസ്ഥിരവികസനം (മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം അടക്കമുള്ള വിഷയങ്ങൾ) കൈകാര്യംചെയ്യാൻ സർക്കാർ വകുപ്പുകൾക്കുമാത്രം സാധിക്കില്ല. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പദ്ധതികൾ, പ്രകൃതിസമ്പത്തിന്റെ സംരക്ഷണം, പുഴകളും നീർമറിപ്രദേശങ്ങളും നിലനിർത്തൽ, വീണ്ടെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൊതുസമൂഹവും പ്രത്യേകിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഊർജിതമായി ഏറ്റെടുത്താൽ മാത്രമേ ഫലപ്രാപ്തിയുണ്ടാവുകയുള്ളൂ.

അധികവിഭവ സമാഹരണം

വന്യജീവിസംഘർഷ ലഘൂകരണപ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരവിതരണത്തിനും ഒരു വർഷം കുറഞ്ഞത് 1000-2000 കോടി രൂപയെങ്കിലും കേരളത്തിന് വേണ്ടിവരും. ഇത് സംസ്ഥാനത്തെ പഞ്ചായത്തുകൾക്ക് ലഭിക്കുന്ന മൊത്തം വാർഷിക പദ്ധതിവിഹിതത്തിന്റെ ഏതാണ്ട് നാലിലൊന്നാണ്‌. വനംവന്യജീവി സംരക്ഷണത്തിന് വനംവകുപ്പിന് 2022-2023ൽ പദ്ധതിവിഹിതമായി ലഭിച്ച 200 കോടി രൂപയിൽ ഏതാണ്ട് 15 ശതമാനമാണ് വന്യജീവിസംഘർഷ ലഘൂകരണത്തിനും നഷ്ടപരിഹാരത്തിനുമായി നീക്കിവെക്കാനായത്. ഇതിൽനിന്നുതന്നെ നിലവിൽ വനംവകുപ്പിന് വകയിരുത്താനാവുന്ന 30 കോടിയോളം രൂപ മേൽപ്രവർത്തനങ്ങൾക്ക് എത്രമാത്രം അപര്യാപ്തമാണെന്നും ശരാശരി 34 കോടി രൂപമാത്രം പദ്ധതിവിഹിതമുള്ള കേരളത്തിലെ ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിനും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണപ്രവൃത്തികൾ പൂർണമായി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടും മനസ്സിലാക്കാവുന്നതാണ്.

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണമടക്കമുള്ള സുസ്ഥിരവികസന പ്രവർത്തനങ്ങൾക്കായി വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയുള്ള അധികവിഭവസമാഹരണ സാധ്യതകൾ നിർണായകമാവുന്നത് ഈ സാഹചര്യത്തിലാണ്.

വികേന്ദ്രീകൃത വിഭവസമാഹരണ സാധ്യത

ഇന്ത്യ 2002-ൽ പാസാക്കിയ ജൈവവൈവിധ്യ നിയമം ഇതുമായി ബന്ധപ്പെട്ട് സവിശേഷമായ ചില സാധ്യതകൾ മുന്നോട്ടുവെക്കുന്നുണ്ട്. മേൽനിയമത്തിന്റെ 44(1)(3) വകുപ്പുപ്രകാരം, പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപവത്‌കരിച്ചിട്ടുള്ള ജൈവവൈവിധ്യ കമ്മിറ്റികൾക്ക് അവയുടെ പ്രാദേശിക പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽനിന്നും വാണിജ്യപരമായ ഉദ്ദേശ്യത്തിന് ജൈവവിഭവങ്ങൾ, തത്സംബന്ധമായ അറിവുകൾ എന്നിവ പ്രാപ്യമാക്കുന്നതിനോ ശേഖരിക്കുന്നതിനോ ശേഖരണചാർജ്‌ ചുമത്താം. ഉദാഹരണമായി കേരളത്തിൽ ചന്ദനവിൽപ്പന കേന്ദ്രീകരിച്ചിരിക്കുന്നത് മറയൂരിലാണ്. ഏതാണ്ട് 80 കോടിയോളം രൂപയാണ് ഇതുമായി ബന്ധപ്പെട്ട് ഒരു വർഷം സർക്കാരിലേക്ക്‌ ലഭിക്കുന്നത്.

മേൽവിൽപ്പനയിൽ 35 ശതമാനംവരെ വൻകിട കച്ചവടക്കാരിൽനിന്നും ശേഖരണചാർജ് ഏർപ്പെടുത്തിയാൽ (മേൽ നിയമപ്രകാരം) ഒരു വർഷം 3.5 കോടി രൂപയുടെ തനതു വിഭവസമാഹരണം നടത്താൻ മറയൂർ പഞ്ചായത്തിന് സാധിക്കും. മേൽത്തുക പ്രകൃതിസംരക്ഷണം, വന്യജീവിസംഘർഷ ലഘൂകരണപ്രവർത്തനങ്ങൾ, നഷ്ടപരിഹാര വിതരണം അടക്കമുള്ള സുസ്ഥിരവികസന പദ്ധതികളൊരുക്കി പ്രാവർത്തികമാക്കാൻ പഞ്ചായത്തിനെ പ്രാപ്തമാക്കും. ശേഖരണചാർജ് താരതമ്യേന ചെറിയ അളവിൽ വൻകിട കച്ചവടക്കാരിൽ മാത്രം നിജപ്പെടുത്തുന്നതിനാൽ സാധാരണക്കാരുടെമേൽ അധികനികുതിഭാരം ചുമത്താതെ, സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ കുറവുവരാതെത്തന്നെ അതത് പഞ്ചായത്തുകൾക്ക് വികേന്ദ്രീകൃതമായ വികസനത്തിനാവശ്യമായ മൂലധനസമാഹരണം നടത്താനും സാധിക്കും. പ്രകൃതിരമണീയമായ പ്രദേശങ്ങളിൽ നടത്തുന്ന വിനോദസഞ്ചാരം, സർക്കാരിന്റെതന്നെ തേക്ക് അടക്കമുള്ള വാണിജ്യവിളത്തോട്ടങ്ങൾ, വൻകിട മത്സ്യബന്ധനം, വാണിജ്യാടിസ്ഥാനത്തിലുള്ള ഔഷധസസ്യങ്ങളുടെയും മറ്റു വനവിഭവങ്ങളുടെ വിപണനം എന്നിങ്ങനെ ഒട്ടേറെയായ മേഖലകളിൽ മേൽപ്പറഞ്ഞ രീതിയിലുള്ള വികേന്ദ്രീകൃത വിഭവസമാഹരണ സാധ്യതയുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം വിഭവശേഖരണ സാധ്യത കുറഞ്ഞ പ്രദേശങ്ങളുടെ സുസ്ഥിരവികസനത്തിനായി മാറ്റിവെക്കുന്നതു വഴി വികസനത്തിന്റെ സാമൂഹികനീതി ഉറപ്പാക്കുന്നതിന്‌ സാധ്യമാവും.

പ്രായോഗികമായ പോംവഴി

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഒരുവർഷം പദ്ധതിവിഹിതമായി ഇപ്പോൾ ലഭ്യമാകുന്ന ഏതാണ്ട് 8000 കോടി രൂപയ്ക്കുപുറമേ ഒരു വികേന്ദ്രീകൃത വിഭവസമാഹരണ മാതൃക ഒരുക്കിയെടുക്കുന്നതുവഴി ഒരു വർഷം 10,000 കോടി രൂപയെങ്കിലും സമാഹരിക്കാൻ കഴിയും. അതായത് ഇന്നത്തെ പദ്ധതിവിഹിതത്തെക്കാളധികം! ഈ തുക വികേന്ദ്രീകൃത സംവിധാനത്തിലൂടെത്തന്നെ ചെലവഴിക്കുകയും വേണം. ഇത്തരത്തിലുള്ള ഒരു വിഭവസമാഹരണ മാതൃക, പ്രകൃതിവിഭവ പരിപാലനത്തിലൂന്നിയുള്ള കേരള മോഡൽ വികസനത്തെ അടുത്തഘട്ടത്തിലേക്ക് നയിക്കാൻ പര്യാപ്തമാണ്. അതുവഴി, പലപ്പോഴും, നിവൃത്തികേടുകൊണ്ടുമാത്രം വനത്തെയും വന്യജീവികളെയും പ്രതിസ്ഥാനത്ത്‌ നിർത്തേണ്ടിവരുന്ന സാമൂഹികസാഹചര്യവും അതുവഴി ഉയർന്നുവരുന്ന ഹിംസാവാദത്തെയും വിഭാഗീയ ചിന്താഗതികളെയും ഒഴിവാക്കാനും സാധിക്കും.
(വനംവകുപ്പിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്‌ കൺസർവേറ്ററാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

Content Highlights: Human-Wildlife Conflict

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
child labour

4 min

തൊഴിലിൽ തളച്ചിടപ്പെടുന്ന ബാല്യങ്ങൾ; ഈ തെറ്റിന്‌ മാപ്പില്ല | ജൂൺ 12, ലോക ബാലവേല വിരുദ്ധ ദിനം

Jun 13, 2023


,
Premium

3 min

കൗമാരക്കാലത്തെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം; ഏതു വഴിക്ക് തിരിയും കോടതിയും സർക്കാരും?

Aug 21, 2023


journalist

4 min

വനിതാ പ്രാതിനിധ്യത്തില്‍ ഇന്ത്യന്‍ നൂസ് റൂമുകള്‍ പിന്നിൽ;  ക്വീര്‍ സാന്നിധ്യത്തില്‍ പരിതാപകരം

Apr 20, 2023


Most Commented