ഹുഭൂരിപക്ഷം ആളുകളും ഓണ്‍ലൈന്‍ സര്‍വീസുകളും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നവരാണെങ്കിലും പലര്‍ക്കും അറിഞ്ഞുകൂടാത്ത വസ്തുതകളാണ് നമ്മള്‍ക്ക് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നാലോ മറ്റോ എന്താണ് ചെയ്യേണ്ടതെന്ന്. 

കോവിഡ് 19 പടരുന്നത് തടയാനായി പല സ്ഥലങ്ങളിലും ലോക്ഡൗണും വീട്ടിലിരിപ്പും തുടങ്ങിയതിനു ശേഷമുള്ള കാലത്താണ് കൂടുതലായി മനുഷ്യർ ഓണ്‍ലൈനിലേക്കും സാമൂഹിക മാധ്യമങ്ങളിലേക്കും തിരിഞ്ഞത്. സ്‌കൂള്‍ - കോളേജ് വിദ്യാഭ്യാസം ഓണ്‍ ലൈനിലേക്ക് മാറിയപ്പോള്‍ മാതാപിതാക്കളിൽ ഉടലെടുത്തത് ചില പുതിയ തലവേദനകളാണ് . സ്മാര്‍ട്ട് ഫോണുകളും മറ്റും കുട്ടികള്‍ പഠനത്തിന് മാത്രമാണോ  ഉപയോഗിക്കുന്നത് , അതോ  പഠനേതരമായ മറ്റു പലകാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടോ , സാമൂഹ്യ മാധ്യമങ്ങള്‍ വഴി സൈബര്‍ ആക്രമണങ്ങള്‍ക്കിരയാകുന്നുണ്ടോ , അതോ വേറെയാര്‍ക്കെതിരെയെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടോ  എന്നിങ്ങനെ പോകുന്നു അവ.
 
ഇന്നത്തെ ഈ മാറിയ ചുറ്റുപ്പാടുകളില്‍ പലരുടെയും മനസ്സിലുള്ള ഒരു ചോദ്യമാണ് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ കൊടുക്കാനോ അതോ  സോഷ്യല്‍ മീഡിയയില്‍  രജിസ്റ്റര്‍ ചെയ്യാനോ എന്താണ് ശരിയായ പ്രായപരിധി ? ശരിക്കും പറഞ്ഞാല്‍ അങ്ങനെയൊരു പ്രായപരിധിയൊന്നുമില്ല. മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ശാഠ്യം പിടിക്കാനും പറ്റില്ല. കുട്ടികളുടെ മാനസികാവസ്ഥയില്‍ നിന്നു ചിന്തിച്ചാല്‍ ഏതു തരത്തിലുമുള്ള മേല്‍നോട്ടവും അവര്‍ ഇഷ്ടപ്പെടാന്‍ പോകുന്നില്ല . അഥവാ എന്തെങ്കിലും മേല്‍നോട്ടം ഉണ്ടെങ്കിലും, തരംകിട്ടിയാല്‍ അവര്‍ക്കിഷ്ടമുള്ളതു ചെയ്യുാന്‍ ഉത്സാഹം കൂടുതലായിരിക്കും . അപ്പോള്‍പിന്നെ നമ്മള്‍ മുതിര്‍ന്നവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് സൈബര്‍ലോകത്തെയും സാമൂഹ്യ മാധ്യമങ്ങളിലെയും തെറ്റും ശെരിയും പതിയിരിക്കുന്ന അപകടങ്ങളും നല്ലവണ്ണം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക  എന്നതുമാത്രമാണ് . പലതരത്തിലുമുള്ള ചതിക്കുഴികളില്‍ വീഴാതെ രക്ഷപ്പെടാന്‍ അതൊരു പരിധിവരെ സഹായകരമായിരിക്കും. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്നല്ല , പക്ഷെ അവ ഓരോന്നിലുമുള്ള സെക്യൂരിറ്റി അല്ലെങ്കില്‍ പ്രൈവസി സെറ്റിങ്ങുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കണം എന്നതാണ് നമ്മളെല്ലാം ആദ്യമേ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് . 
 
സാമൂഹിക മാധ്യമങ്ങളില്‍ കുഞ്ഞുങ്ങള്‍ പ്രൈവറ്റ് പ്രൊഫൈല്‍ ആണോ അതോ പബ്ലിക് പ്രൊഫൈല്‍ ആണോ ഉപയോഗിക്കേണ്ടത് ?
 
സമൂഹമാധ്യമങ്ങളില്‍ കുഞ്ഞുങ്ങള്‍ പ്രൈവറ്റ് പ്രൊഫൈല്‍ ഉണ്ടാക്കുകയാണ് നല്ലത് . അവരുടെ പേരും  ചെയ്യുന്ന എല്ലാ കാര്യങ്ങളും നാലുപേരറിയണം എന്നായിരിക്കും അവരുടെ മാനസികാവസ്ഥ. അവരെ കുറ്റം പറയാനും പറ്റില്ല. ലോകം മുഴുവനും ഓണ്‍ലൈന്‍ ഉലകത്തിനു ചുറ്റുമല്ലേ കറങ്ങിക്കൊണ്ടിരിക്കുന്നത് . പോരാത്തതിന്  സാമൂഹിക മാധ്യമങ്ങളില്‍ കുറച്ചു സുഹൃത്തുക്കള്‍ നമ്മളെ അംഗീകരിക്കുകയും വേണം എന്ന ഒരു മാനസികാവസ്ഥ നമുക്കെല്ലാവര്‍ക്കുമുണ്ടായിരിക്കും . അപ്പോപ്പിന്നെ കുഞ്ഞുങ്ങളുടെ കാര്യം പറയാനുണ്ടോ ? സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നമ്മള്‍ എന്ത് ഫോട്ടോസും വിവരങ്ങളും പോസ്റ്റ് ചെയ്യുന്നു എന്നുള്ളതാണ്. അതുപോലെതന്നെ അതൊക്കെ നമ്മള്‍ ആരുമായും ഷെയര്‍ ചെയ്യുന്നു എന്നുള്ളതും മുഖ്യമാണ് . ഉദാഹരണത്തിന് , നമ്മളുടെ ആദ്യത്തെ പോസ്റ്റ് പബ്ലിക് ആണെങ്കില്‍ , നമ്മള്‍ audience ഓപ്ഷന്‍ ശ്രദ്ധചെലുത്തി മാറ്റിയില്ലെങ്കില്‍, അടുത്ത പോസ്റ്റും സ്വതവേ പബ്ലിക് ആയിരിക്കും . പലരും അശ്രദ്ധ മൂലം വിട്ടുപോകുന്ന ഒരു കാര്യമാണിത് . ഫേസ്ബുക്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ ലോക്ക് ചെയ്തും വെയ്ക്കാം . അതുപോലെതന്നെ നിങ്ങളുടെ ഫേസ്ബുക് കവര്‍ ഫോട്ടോ എപ്പോഴും പബ്ലിക് ആയിരിക്കും. അതുകൊണ്ടു നിങ്ങളുടെ കുടുംബഫോട്ടോയോ കുഞ്ഞുങ്ങളുടെ ഫോട്ടോയോ കവര്‍ ഫോട്ടോ ആയി അപ്ലോഡ് ചെയ്താല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ അല്ലാത്തവര്‍ക്ക് കൂടി അതുകാണാനും സേവ് ചെയ്യാനും സാധിക്കും. അതുകൊണ്ടു എന്ത് ഫോട്ടോസ് കവര്‍ ഫോട്ടോ ആയി ഇടാമെന്നത് നിങ്ങള്‍ നല്ലവണ്ണം ആലോചിച്ചു തീരുമാനിക്കുക . കുഞ്ഞുങ്ങള്‍ക്കും മനസ്സിലാക്കിക്കൊടുക്കുക . കുഞ്ഞുങ്ങള്‍ ഏതെങ്കിലും ഗ്രൂപ്പില്‍ ചേരുന്നതിനു മുന്‍പ് ആരൊക്കെയാണ് ആ ഗ്രൂപ്പിലുള്ളത് എന്ന് മനസ്സിലാക്കണം . അവരുടെ സുഹൃത്തുക്കള്‍ ആ ഗ്രൂപ്പിലുണ്ട് എന്നുള്ള ഒരൊറ്റ കാരണം കൊണ്ടുമാത്രം ആ ഗ്രൂപ്പില്‍ ചേരരുത് . പല സുഹൃത്തുക്കളും ചിലപ്പോള്‍ ഇതൊന്നും അറിയാതെയോ അഥവാ മനസ്സിലാക്കാതെയോ ആയിരിക്കും ചേര്‍ന്നിട്ടുണ്ടാവുക . അതുകൊണ്ടു മെംബേര്‍സ് ആയിട്ടുള്ള മറ്റു സുഹൃത്തുക്കളുമായി സംസാരിച്ചുറപ്പുവരുത്തുക അവര്‍ ചെക്ക് ചെയ്തിട്ടാണ് ചേര്‍ന്നിട്ടുള്ളതെന്ന് . ഇത് കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ബാധകമായ ഒന്നാണ്.
  
അതീവശ്രദ്ധ ചെലുത്തേണ്ട മറ്റൊരു കാര്യമാണ് ഓണ്‍ലൈനില്‍ അപരിചിതര്‍ സമീപിച്ചാല്‍ കുഞ്ഞുങ്ങള്‍ എന്ത് ചെയ്യണമെന്നത് . പല രാജ്യങ്ങളിലും സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഒരു കാര്യമാണ് ' stranger  danger ' എന്ന തത്വം . അതായത്, ഓഫ്ലൈന്‍ ജീവിതത്തില്‍ അപരിചിതര്‍ നിങ്ങളെ സമീപിച്ചാല്‍ അപകടം എന്ന രീതിയിലാണ് ആ അവസരത്തില്‍ പെരുമാറേണ്ടത് എന്ന് . അപരിചിതരുടെ കൂടെ സംസാരിക്കാനോ അഥവാ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞുകൊണ്ട്  അടുത്തേയ്ക്കു പോകാനോ പാടില്ല എന്നതുതന്നെ . ഓണ്‍ലൈന്‍ ലോകത്തിലും അതേ തത്വം തന്നെയാണ് കുഞ്ഞുങ്ങള്‍ പാലിക്കേണ്ടത് . അപരിചിതരോട് സംസാരിക്കാനോ എന്തെങ്കിലും വിവരങ്ങളോ ഫോട്ടോകളോ കൈമാറാനും പാടില്ല . ഓണ്‍ലൈന്‍ ലോകം ഒരു പേരില്ലാ രാജ്യമായതുകാരണം അവിടെ പേരില്ലാ രാജകുമാരന്മാരും രാജകുമാരിമാരും ഒക്കെ കണ്ടേക്കാം . സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ നമ്മുടെ ആധാര്‍ കാര്‍ഡോ , പാസ്സ്‌പോര്‍ട്ടോ , റേഷന്‍ കാര്‍ഡോ ഒന്നും കൊടുക്കേണ്ടതില്ലാത്തതുകൊണ്ടു ആര്‍ക്കും കൂടുവിട്ട് കൂടുമാറാം . 70 വയസ്സുള്ള അപ്പൂപ്പന്‍ 15 വയസുള്ള ചുള്ളന്‍ ചെക്കന്‍ ആവുന്നതും  12 വയസ്സുള്ള പെണ്‍കുട്ടി 40 വയസ്സുള്ള സ്ത്രീ ആകുന്നതും തികച്ചും സ്വാഭാവികം തന്നെ . അതുപോലെ കുഞ്ഞുങ്ങളുടെ  പല സുഹൃത്തുക്കളും ഈ അപരിചിതരുടെ കോമണ്‍ സുഹൃത്തുക്കളായിരിക്കാം.. അതുകൊണ്ടു മാത്രം കാര്യങ്ങള്‍ ശരിക്കും മനസ്സിലാകാതെ അവരുടെ സുഹൃത് ബന്ധം സ്വീകരിച്ച സുഹൃത്തുക്കളുടെ  അബദ്ധത്തിന് കുഞ്ഞുങ്ങള്‍  വിലകൊടുക്കേണ്ടി വരരുത് .
 
 എന്താണ് സൈബര്‍ ബുള്ളിയിങ് അഥവാ സൈബര്‍ ആക്രമണം ( ഭീഷണിപ്പെടുത്തല്‍ / തേജോവധം  ) ?
 
ഓണ്‍ലൈനിലൂടെയുള്ള ബുള്ളിയിങ് അഥവാ ഭീഷണിപ്പെടുത്തലുകളും തേജോവധവുമാണ്  സൈബര്‍ ബുള്ളിയിങ് . ഏതു ഇലക്ട്രോണിക് മാധ്യമങ്ങളും ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലുകളും ആക്രമണങ്ങളും തേജോവധങ്ങളും ഇതിന്റെ പരിധിയില്‍ വരാം . ഇത് അപരിചിതരില്‍ നിന്നോ അറിയാവുന്ന  ആള്‍ക്കാരില്‍ നിന്നോ ആവാം . സൈബര്‍ ബുള്ളിയിങിന്റെ പരിണതഫലങ്ങള്‍ ഈ ബുള്ളിയിങ് അവസാനിച്ചതിനുശേഷവും കുറേയേറെക്കാലത്തേക്കു നീണ്ടുനില്‍ക്കും . 
 
നമ്മുടെ കുഞ്ഞുങ്ങള്‍ സൈബര്‍ ബുള്ളിയിങ്ങിനു ഇരയാകുന്നുണ്ടോ എന്നെങ്ങിനെ തിരിച്ചറിയാന്‍ സാധിക്കും ?
 
കുഞ്ഞുങ്ങളില്‍ കാണുന്ന പല  സ്വഭാവ മാറ്റങ്ങളും ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ മാതാപിതാക്കള്‍ക്കും സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് അധികൃതര്‍ക്കും കണ്ടെത്താവുന്നതാണ് . അവയില്‍ ചിലതിനെ കുറിച്ചിവിടെ പറയാം .

  • എന്തെങ്കിലും മെസ്സേജോ അല്ലങ്കില്‍ മെയിലോ അവരുടെ ഫോണിലോ മറ്റോ വന്നാല്‍ ടെന്‍ഷന്‍ കൂടുക അല്ലെങ്കില്‍ വിഭ്രാന്തിയുണ്ടാവുക
  • അവരുടെ ഫോണുമായോ കംപ്യൂട്ടറുമായോ അവർ പുലർത്തുന്ന സ്ഥിരം ശീലങ്ങളില്‍ ഉള്ള പ്രകടമായ വ്യത്യാസം . ഒന്നുകില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പാടെ ഒഴിവാക്കും  ,അല്ലെങ്കില്‍ അവയുടെ ഉപയോഗത്തില്‍  ക്രമാതീതമായ വര്‍ദ്ധനവ് പ്രകടമാക്കുക  .
  • സ്‌കൂളിലോ കോളേജിലോ പോകുന്നത് എങ്ങനെയെങ്കിലും എന്തെങ്കിലും നിസ്സാരകാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കുക  .
  • ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഒരു രഹസ്യ സ്വഭാവം പ്രകടമാവുക   .
  • കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പതിയെ അകലുക  .
  • പഠനവിഷയങ്ങളില്‍ അവരുടെ ശ്രദ്ധ കുറഞ്ഞു വരുക, പരീക്ഷകളിലും മറ്റും സ്വതവേ കിട്ടിയിരുന്ന മാര്‍ക്കുകള്‍ കുറയുക .
  • അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അല്ലെങ്കില്‍ ഇമെയില്‍ അക്കൗണ്ടുകള്‍ തുടങ്ങിവ ഡിലീറ്റ് ചെയ്യുക .


ഇവയൊക്കെ സൈബര്‍ ബുള്ളിയിങ്ങിനു ഇരയാകുന്ന കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്ന ചില സ്വഭാവവ്യതിയാനങ്ങളാണ് .
 
സാമൂഹിക മാധ്യമങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള സൈബര്‍ബുള്ളിയിങ്  അനുഭവിക്കേണ്ടിവന്നാല്‍ കുഞ്ഞുങ്ങള്‍ എന്താണ് ചെയ്യേണ്ടത് ?
 
സൈബര്‍ബുള്ളിയിങ് നേരിടേണ്ടി വന്നാല്‍ ഒരിക്കലും അതിനെതിരെ നേരിട്ട് മറുപടി പറഞ്ഞു പ്രതികരിക്കാന്‍ പോകരുത് . ആദ്യമായി കുഞ്ഞുങ്ങള്‍ സംസാരിക്കേണ്ടത് തീര്‍ച്ചയായും മാതാപിതാക്കളോടും സ്‌കൂള്‍ അധികൃതരോടും തന്നെയാണ് . അവരാണ് സംഗതിയുടെ ഗൗരവം മനസ്സിലാക്കി അടുത്തപടിയായുള്ള പരാതി പോലീസിൽ നൽകേണ്ടത് . പിന്നീട് ചെയ്യേണ്ടത് സൈബര്‍ബുള്ളിയിങ് നടന്നതിന്റെ  പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് . സ്‌ക്രീന്‌ഷോട് എടുക്കുന്നത് നല്ല ഒരു മാര്‍ഗ്ഗമാണ് . പോലീസ് കംപ്ലൈന്റ്‌റ് കൊടുക്കുമ്പോള്‍ അവ തെളിവുകളായി ഉള്‍ക്കൊള്ളിക്കാം . നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലാണ് പരാതി രേഖപ്പെടുത്തേണ്ടത്. അവര്‍ സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി ബാക്കിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കും .
 
അതുപോലെതന്നെ പ്രധാനമായി ചെയ്യേണ്ട മറ്റു രണ്ടു കാര്യങ്ങള്‍ കൂടിയുണ്ട് . ആദ്യത്തേത് , ഏതു സാമൂഹ്യ മാധ്യമത്തിലാണോ സൈബര്‍ബുള്ളിയിങ് നേരിടേണ്ടി വന്നത് , അവര്‍ക്കു ഒരു കംപ്ലൈന്റ്‌റ് റിപ്പോര്‍ട്ട് ചെയുക എന്നതാണ് . രണ്ടാമത്തേത് , ഓണ്‍ലൈനില്‍ cybercrime ആയി റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് . ആഭ്യന്തര മന്ത്രാലയം  https://cybercrime.gov.in  എന്ന സൈറ്റിൽ സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള website ഒരുക്കിയിട്ടുണ്ട് . അവിടെച്ചെന്നാല്‍ നിങ്ങള്ക്ക് നിങ്ങളുടെ പേരും ഫോണ്‍ നമ്പറും കൊടുത്തും കൊടുക്കാതെയും സൈബര്‍പരാതി രേഖപ്പെടുത്താം . സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേകം സെക്ഷന്‍ തന്നെയുണ്ട് . ട്രാക്ക് ചെയ്യാനുള്ള ഓപ്ഷനില്‍ ആണ് പരാതി ബോധിപ്പിച്ചതെങ്കില്‍, നിങ്ങള്‍ക്കൊരു ട്രാക്കിംഗ് നമ്പര്‍ കിട്ടുന്നതായിരിക്കും . മാത്രമല്ല ഓരോ സംസ്ഥാനത്തിനും ഐജി അല്ലെങ്കില്‍ എസ്പി റാങ്കിലുള്ള ഓരോ സൈബര്‍സെക്യൂരിറ്റി നോഡല്‍ ഉദ്യോഗസ്ഥര്‍ ഉണ്ട് . ഇങ്ങനെ ബോധിപ്പിക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചുള്ള പരാതികള്‍ അന്വേഷിച്ചു കണ്ടുപിടിക്കേണ്ടത് ഇവരുടെ ഡിപ്പാര്‍ട്‌മെന്റിന്റെ ചുമതലയാണ്. അവരുടെ പേരുവിവരങ്ങളും മറ്റും അവിടെയുണ്ട് . കേരളത്തില്‍ ഇത് ഐജി  ശ്രീജിത്ത് ആണ് .
  
എന്താണ് ഇന്ത്യയിലെ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ? അവ എന്ത് നിയമപരിരക്ഷയാണ് നമുക്ക് നല്‍കുന്നത് ?
 
ഇന്ത്യന്‍ സൈബര്‍സുരക്ഷാ നിയമങ്ങള്‍ എല്ലാം തന്നെ IT Act of 2000 ല്‍  അധിഷ്ഠിതമാണ് . ഈ ആക്ട് 2000 ജൂണ്‍ ഒമ്പതിനാണ്  പ്രാബല്യത്തില്‍ വന്നത് . ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശങ്ങള്‍ ഡാറ്റാ സുരക്ഷ , ഡാറ്റാ സെക്യൂരിറ്റി , ഇ കോമേഴ്സ് സുരക്ഷ, രാജ്യങ്ങള്‍  തമ്മിലുള്ള സൈബര്‍ തര്‍ക്കങ്ങള്‍ , രാജ്യസുരക്ഷാ എന്നിവയായിരുന്നു . 2008 ലും 2011 ലും കുറച്ചു ഭേദഗതികൾ കൊണ്ടുവന്നെങ്കിലും  അതൊന്നും തന്നെ ഇന്നത്തെക്കാലത്തെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമങ്ങള്‍ക്ക് ശിക്ഷ കൊടുക്കാന്‍ പര്യാപ്തമല്ല . IT Act of 2000 ലെ സെക്ഷനുകളായ 65 , 66 , 67  / 67A ഒക്കെ പ്രതിപാദിക്കുന്നത് കമ്പ്യൂട്ടര്‍ മുഖേനെയുള്ള ഹാക്കിങ്ങും അതിനുള്ള ശിക്ഷകളുമാണ് . ഇവയിലൊക്കെ മൂന്നുകൊല്ലമോ, അഞ്ചുകൊല്ലമോ തടവുശിക്ഷയോ രണ്ടു മുതല്‍ പത്തു ലക്ഷം വരെയുള്ള പിഴയോ ഒറ്റക്കോ ഒരുമിച്ചോ വിധിക്കാവുന്നതാണ് . നിലവിലുള്ള സൈബര്‍ നിയമത്തിലെ ഒരു പ്രധാന പോരായ്മ എന്തെന്നുവെച്ചാല്‍ , സെക്ഷന്‍ 66-A  സുപ്രീം കോടതിവിധി മുഖേന 2015 ല്‍ റദ്ദ് ചെയ്തിരുന്നു . ശ്രേയ സിംഗാള്‍ കൊടുത്ത ഒരു കേസിന്മേല്‍ ആണ് ഈ വിധിപ്രസ്താവിച്ചത് .  ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ മുഖാന്തിരം ആര്‍ക്കെങ്കിലും മോശമായ കാര്യങ്ങള്‍ അയച്ചാല്‍ മൂന്നുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഒരു വകുപ്പായിരുന്നു സെക്ഷന്‍ 66-A  . ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 19(1 )(എ) ക്ക് എതിരാണീ വകുപ്പ് എന്ന് ചൂണ്ടിക്കാണിച്ചാണ് സെക്ഷന്‍ 66-A  സുപ്രീം കോടതി റദ്ദ് ചെയ്തത് .
 
നമ്മളെല്ലാം തന്നെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, IT Act of 2000 നിലവില്‍ വരുമ്പോള്‍ ഇന്ത്യയിലൊന്നും ഇന്നത്തെ പോലെ ഓണ്‍ലൈന്‍ സമൂഹ മാധ്യമങ്ങളും  അവയിലൂടെയുളള സൈബര്‍ ആക്രമണങ്ങളും ഉണ്ടായിരുന്നില്ല . എന്നിരുന്നാലും , കലാകാലങ്ങളായുള്ള മാറ്റങ്ങള്‍ക്കനുസരിച്ചുള്ള  സൈബര്‍ ആക്രമണങ്ങളും ബുള്ളിയിങും അനുസരിച്ചു നമ്മുടെ സൈബര്‍ നിയമങ്ങളും മാറേണ്ടിയിരുന്നു . ഇന്നത്തെ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കു തക്കതായ ശിക്ഷയും മറ്റും വിധിക്കാവുന്ന ഒരു നിയമവും ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ സമൂഹത്തിനെ ബാധിച്ചിരിക്കുന്ന ഈ തലവേദനയില്‍ നിന്നും അല്‍പ്പമെങ്കിലും ശമനം ലഭിക്കൂ . ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യാ സർക്കാർ സൈബര്‍നിയമങ്ങളില്‍ ചിലമാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രശ്‌നങ്ങള്‍ മൂലം ഒന്നും നടന്നില്ല . ഇനിയിപ്പോള്‍ അടുത്ത പോംവഴി മറ്റൊരു ഭേദഗതിക്കു വേണ്ടി കാത്തുനില്‍ക്കാതെ, ഓരോ സംസ്ഥാനവും അവരുടെ പോലീസ് ആക്ട് നിയമാനുസൃതമായി കുറച്ചു ഭേദഗതി വരുത്തി , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ വളരെ വസ്തുനിഷ്ടമായി പ്രതിപാദിച്ചു , അവയ്ക്കു എന്തെല്ലാം ശിക്ഷ കൊടുക്കാം എന്ന് തീരുമാനിചു അവ കാലതാമസമില്ലാതെ നടപ്പിലാക്കുന്നത് തന്നെയാണ് . അതുവരെയ്ക്കും എല്ലാവരും സൈബര്‍ ലോകത്തു സുരക്ഷിതത്വത്തോടുകൂടി ഭദ്രമായി ഇടപെടലുകള്‍ നടത്തുക.
  
(അന്താരാഷ്ട്ര സൈബര്‍സെക്യൂരിറ്റി വിദഗ്ധനാണ് ലേഖകന്‍) 

How to handle Cyber attack, Cyber bullying