ചില വിഗ്രഹങ്ങള്‍ അങ്ങനെയാണ് നിമിഷ നേരം കൊണ്ട് നിന്ന നില്‍പില്‍ ഉടഞ്ഞു വീഴും. നിങ്ങള്‍ നിന്ന നില്‍പില്‍ പൊടുന്നനെ സൃഷ്ടിക്കുന്നതൊന്നും കാലാതിവര്‍ത്തിയല്ല എന്നതാണ് വാസ്തവം. രാഷ്ട്രീയ തിട്ടൂരങ്ങള്‍ വകവെക്കാതെ, അഴിമതിക്കും സ്വജന പക്ഷപാതത്തിനും കൂട്ടുനില്‍ക്കാതെ നിയമം മുറുകെ പിടിച്ച് മുന്നോട്ടു പോയ വ്യക്തിയെ കേരളീയ യുവത്വം ആരാധിച്ചു. അളവില്‍ കവിഞ്ഞ വാര്‍ത്തകളും ഘോഷണങ്ങളുമായിരുന്നു അന്നുണ്ടായിരുന്നത്. പലപ്പോഴും അത് അതിരിൽ കവിഞ്ഞ വ്യക്തീകേന്ദ്രീകൃത ഘോഷണങ്ങളുമായി. പക്ഷെ സാമൂഹിക പുരോഗതിക്കും നിയമത്തിനും വേണ്ടിയുള്ള അയാളുടെ ഒറ്റയാള്‍പോരാട്ടങ്ങളായിരുന്നു ആ ഘോഷണങ്ങളുടെയെല്ലാം അടിസ്ഥാനം. അത്തരമൊരു ബിംബത്തെ വളര്‍ത്തിയെടുക്കുമ്പോള്‍ മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ചില പിഴവുകള്‍ സംഭവിച്ചിരുന്നു എന്നത് നാം ഇനിയും വിസ്മരിച്ചു കൂട.  

ശ്രീറാം ചെയ്ത നല്ല കാര്യങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ചില തെറ്റായ സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ ഒളിച്ചു കടത്തി എന്നത് സ്വയം വിമര്‍ശനമായി കാണേണ്ടതുണ്ട്. 

ഹെല്‍മറ്റില്ലാതെയും അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചതിനും പോലീസ് പല തവണ  ശ്രീറാമിനെ പിടിച്ചിട്ടുണ്ട് എന്നത് തെറ്റല്ലാത്ത കാര്യമായി തന്നെയാണ് 2017ല്‍ ഒരു മാധ്യമം നല്‍കിയത്. സബ്കളക്ടറായതിനു ശേഷവും അത്തരത്തിൽ നിയമലംഘനം നടത്തിയോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറയാതെ അതിര്‍ത്തിയില്‍ കൊണ്ട് ശ്രീറാം ബൈക്ക് നിര്‍ത്തുന്നു എന്നാണ് 2017ല്‍ പ്രസിദ്ധീകരിച്ച അതേ വാര്‍ത്തയില്‍ എഴുതി നിര്‍ത്തുന്നത്. അതായത് അമിത വേഗതയിൽ ബൈക്കോടിക്കുന്നതും മദ്യപിച്ച് വണ്ടിയോടിക്കുന്നതും കുസൃതിയിൽ കവിഞ്ഞ കുറ്റകൃത്യമല്ലെന്നു തന്നെയാണ് ആ വാർത്ത വ്യംഗ്യമായി പറഞ്ഞ വെക്കുന്നത്.

Sriram Venkitaraman

അതേ വാര്‍ത്തയില്‍ തന്നെ ശ്രീറാമേട്ടന്‍ റാഗ് ചെയ്യുന്നത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇഷ്ടമായിരുന്നു എന്നും എഴുതിപിടിപ്പിച്ചിട്ടുണ്ട്. റേപ് ചെയ്യുന്നത് ചില പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടും എന്ന് പറയുന്ന പോലെ അശ്ലീലമായി അനുഭവപ്പെടുന്നു അത്. റാഗിങ് എത്രത്തോളം സാമൂഹിക വിരുദ്ധമാണെന്നും അതെത്ര ലഘുവായ റാഗിങ്ങാണെങ്കിൽ പോലും നിയവിരുദ്ധമാമെന്നും ബോധ്യമുണ്ടായിരുന്നിട്ടു പോലും കോളേജ് കുട്ടികൾ ന്യായീകരിക്കുന്ന പോലെയാണ് ശ്രീറാമിനെ പുകഴ്ത്താനായി റാഗിങ്ങിനെ ന്യായീകരിച്ചു കൊണ്ട് മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചത്.  ഇവിടെ ശ്രീറാം എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എടുത്ത കണിശമായ നിലപാടുകളല്ല മാധ്യമങ്ങള്‍ ഘോഷിച്ചത്. പകരം യുവത ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിയമ വിരുദ്ധമായ കാര്യങ്ങള്‍ ശ്രീറാമിനെ പോലൊരു എൈഎസ് ഉദ്യോഗസ്ഥന്‍ ചെയ്തു എന്നും അതിനാല്‍ ഇതൊരു വലിയ കുറ്റമല്ലെന്നും നേരിട്ടല്ലാതെ മാധ്യമങ്ങള്‍ പറഞ്ഞുവെക്കുകയായിരുന്നു. 

വാഹനാപകടത്തില്‍ അതേ ബിംബം തങ്ങളുടെ സഹപ്രവര്‍ത്തകന്റെ ജീവനെടുത്തപ്പോള്‍ അയാളുടെ മദ്യപാനത്തെയും അമിതവേഗതയെയും കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാതെ അയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടത്, മുമ്പ് ചെയ്ത സാമൂഹിക വിരുദ്ധയുടെ തനിയാവര്‍ത്തനം തന്നെയാണ്. ഒരു ബിംബത്തെ വളര്‍ത്താന്‍ സാമൂഹിക വിരുദ്ധത ഒളിച്ചു കടത്തിയപോലെ അതേ ബംബത്തെ തകര്‍ക്കാന്‍ മറ്റു ചില സാമൂഹിക വിരുദ്ധത വീണ്ടും വാര്‍ത്തകളിലൂടെ ഒളിച്ചു കടത്തുന്ന അപരാധം.

ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്ന, മദ്യപിച്ചു ബൈക്കോടിക്കുന്ന, റാഗ് ചെയ്യുന്ന ശ്രീറാമിനെ പുകഴ്ത്തിയ മാധ്യമങ്ങള്‍ അയാളെ താറടിച്ചു കാണിക്കാന്‍ അയാള്‍ക്കൊപ്പം സഞ്ചരിച്ച സ്ത്രീയെ വാര്‍ത്തയിലേക്ക് വലിച്ചിഴച്ച് അനാവശ്യ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു.

'കാര്‍ അപകടത്തില്‍ പെട്ടത് ഗള്‍ഫുകാരന്റെ ഭാര്യയുമൊത്ത് ഉലസിച്ചു മടങ്ങുമ്പോള്‍' എന്ന വാര്‍ത്ത ഇത്തരത്തിലൊന്നാണ്. അപകടത്തിലേക്കോ മരണത്തിലേക്കോ നയിച്ചത് ഒരു സ്ത്രീയുമൊത്ത് ഉല്ലാസയാത്ര നടത്തിയതു കൊണ്ടല്ല എന്നത് അവിതര്‍ക്കമാണ്. പക്ഷെ ഒപ്പമുണ്ടായിരുന്നവന്റെ ജീവന്‍ നടുറോഡില്‍ പൊലിഞ്ഞപ്പോഴും ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളിലായിരുന്നു നാം ശ്രദ്ധ ചെലുത്തിയതെന്നത് സ്വയം വിമര്‍ശനമായി മാധ്യമപ്രവര്‍ത്തകര്‍ കാണേണ്ടതുണ്ട്.

വഫ ഫിറോസ് എന്ന വ്യക്തി ശ്രീറാമിന്റെ ആരുമായി കൊള്ളട്ടെ. അവർ തമ്മിലുള്ള ബന്ധത്തെ അവരല്ലേ നിർവ്വചിക്കേണ്ടത്. നമ്മളല്ലല്ലോ. മാത്രവുമല്ല മാധ്യമപ്രവർത്തകന്റെ മരണവുമായി ആ സ്ത്രീയും ശ്രീരാമും തമ്മിലുള്ള ബന്ധത്തെ ഇഴചേർക്കാനാവില്ല. പക്ഷെ മദ്യപിച്ചു വണ്ടിയോടിച്ചതാണ് ആ മരണത്തിനുള്ള കാരണം.  ഇവിടെ വഫ ഫിറോസ് വല്ല മാഫിയ കണ്ണിയുമാണെങ്കില്‍ ആ രീതിയിലുള്ള വ്യക്തിയെ തുറന്നു കാണിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍ ഒപ്പമുണ്ടായിരുന്നത് സ്ത്രീയയായിരുന്നതു കൊണ്ടും, അര്‍ധരാത്രിയാണ് ഒപ്പമുണ്ടായിരുന്നത് എന്നത് കൊണ്ടും ഇവയെല്ലാം വാര്‍ത്തയാവുന്നതിലാണ് സാമൂഹിക വിരുദ്ധതയും മാധ്യമങ്ങളുടെ ആങ്ങള ചമയലും ഒളിഞ്ഞിരിക്കുന്നത്. ഭാവിയില്‍ അര്‍ധ രാത്രിയില്‍ സുഹൃത്തുമൊത്ത് സഞ്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകയെ ആള്‍ക്കൂട്ടം പിടിച്ചു വെച്ച് ചോദ്യം ചെയ്യുമ്പോള്‍ അത്തരമൊരു ആള്‍ക്കൂട്ടത്തെ നമ്മുടെ വാര്‍ത്തകള്‍ തന്നെയാണ് സൃഷ്ടിച്ചത് എന്ന് കുറ്റബോധത്തോടെ തിരിച്ചറിയേണ്ടി വരും.

പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള വെപ്രാളത്തില്‍ ശ്രീറാമിന്റെ വാഹനക്കമ്പവും നിയമങ്ങള്‍ ലംഘിച്ച് വണ്ടി ഓടിച്ച് പോലീസ് പിടിച്ചതുമെല്ലാം പല മാധ്യമങ്ങളും ഗ്ലോറിഫൈ ചെയ്തു നല്‍കുമ്പോൾ തങ്ങളിലൊരുത്തനെ തന്നെയാണ് തങ്ങള്‍ സൃഷ്ടിച്ച ഹിറോ ഇല്ലാതാക്കുന്നതെന്ന് സ്വപ്‌നത്തില്‍ പോലും ആരും ഓര്‍ത്തിട്ടുണ്ടാവില്ല.

ആശയത്തിനും തത്വങ്ങള്‍ക്കുമപ്പുറം യുവതയെ ആകര്‍ഷിക്കാന്‍ ഒരു ബിംബത്തെ സൃഷ്ടിക്കുമ്പോള്‍ മാധ്യമങ്ങള്‍ ഇനിയുമേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത് അയാളുടെ പതനത്തിന്റെ മറവില്‍ ആഘോഷിക്കുന്ന സാമൂഹിക വിരുദ്ധതയെയാണ്.

"വായന അതിരു കടന്ന ശീലമായാണ് ഞാന്‍ കാണുന്നത്, ഒരു പുസ്തകത്തിനു വേണ്ടി മണിക്കൂറായ മണിക്കൂറൊക്കെ കളഞ്ഞു കുളിക്കുന്നതിനേക്കാള്‍ നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെയ്യാനാവും",എന്നത് ശ്രീറാം വെങ്കിട്ടരാമന്റെ വാക്കുകളാണ്. പക്ഷെ മാധ്യമങ്ങൾ തന്നെയാണ് ആ വായനാ വിരുദ്ധ വാക്കുകൾക്ക് പ്രാധാന്യം നൽകി കൊണ്ട് വാർത്തകൾ നൽകിയതും.

നിങ്ങള്‍ ബിംബങ്ങളെ അന്ധമായി ആരാധിക്കാതെ വായിച്ചും അറിഞ്ഞും ആശയത്തിലൂന്നി മുന്നോട്ടു പോവൂ എന്ന് പറയേണ്ട അതേ മാധ്യമങ്ങള്‍ ശ്രീറാം വായനയെ പരിഹസിച്ച് പറഞ്ഞ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിച്ച ഭൂതകാലം കൂടിയുണ്ട് എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

content highlights: How media reports Sriram Venkitaraman accident case, K M basheer death