അബോര്‍ഷന് വേണ്ടി സമീപിച്ചപ്പോള്‍ ഡോക്ടര്‍ ആട്ടിയിറക്കി, വിവാഹിതര്‍ക്ക് പോലും എളുപ്പമല്ല ഗര്‍ഭഛിദ്രം


അഞ്ജന രാമത്ത്‌Series

.

''ഗുളിക കഴിച്ച് ഗർഭം അലസിപ്പിച്ചിട്ട് ഇപ്പോൾ ആറു മാസമായി. വൈദ്യനിര്‍ദേശമില്ലാതെയാണ് അബോര്‍ഷന്‍ ഗുളിക കഴിച്ചത്. അത് കൊണ്ടു തന്നെ ഇനി ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഡോക്ടറെ കാണാന്‍ തന്നെ പേടിയാണ്'' ഭീതിയോടെ കോഴിക്കോട് സ്വദേശിനി സുജ(യഥാർഥ പേരല്ല) പറയുന്നു. രണ്ടാമത്തെ മകള്‍ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് സുജ ഗര്‍ഭം ധരിച്ചത്. സുരക്ഷാ മാര്‍ഗങ്ങളുപയോഗിച്ചെങ്കിലും ഗര്‍ഭിണിയായി. ഭര്‍ത്താവിന്റെ വീട്ടുകാരോ സുജയുടെ വീട്ടുകാരോ യാതൊരു പിന്തുണയുമില്ലാതെ നിന്നപ്പോള്‍ നിവൃത്തിയില്ലാതെയാണ് അവർ ഗര്‍ഭചിദ്രത്തിന് ഡോക്ടറെ സമീപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടർ ഒരു നികൃഷ്ട ജന്മത്തെ പോലെ സുജയെയും ഭര്‍ത്താവിനെയും ആട്ടിയിറിക്കി. കുഞ്ഞുണ്ടായാല്‍ നോക്കാന്‍ ഒരു നിവൃത്തിയില്ലെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. ഇതേ അനുഭവം മൂന്ന് ഡോക്ടര്‍മാരില്‍ നിന്നും വീണ്ടുമുണ്ടായപ്പോള്‍ വേറെ നിവൃത്തിയില്ലാതെ കോഴിക്കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. അമ്പതിനായിരം രൂപ കൊടുത്താണ് അന്ന് ഗര്‍ഭചിദ്രം നടത്തിയത്. ഇതിനു പുറമേ മറ്റു ചിലവുകളും. വീണ്ടും ഗര്‍ഭിണിയായതോടെ ഭര്‍ത്താവിന്റെ സുഹൃത്തായ മെഡിക്കല്‍ റെപ്രസെന്റേറ്റിവിന്റെ സഹായത്തോടെ ഗുളിക കഴിച്ച് അതൊഴിവാക്കി. ഒരാഴ്ച്ചയോളം കഠിനമായ വേദനയും ബ്ലീഡിങ്ങുമുണ്ടായി. എങ്ങനെ ഇനി ഡോക്ടടറെ കാണുമെന്ന് അറിയില്ലെന്ന് പറഞ്ഞ് പരിതപിക്കുന്നു സുജ. വിവാഹിതരായവര്‍ക്ക് തന്നെ അബോര്‍ഷന്‍ നടപടി ക്രമങ്ങള്‍ക്കായി നിരവധി ചവിട്ടുപടികള്‍ കഷ്ടപ്പെട്ട് കടക്കേണ്ടി വരുമ്പോള്‍ അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭചിദ്രത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാവുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. ഇത്തരം നൂറു കണക്കിന് പ്രശ്നങ്ങളനുഭവിക്കുന്ന സ്ത്രീകൾക്ക് ആശ്വാസകരമാണ് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി.

ഇന്ത്യയിൽ രണ്ട് മണിക്കൂറില്‍ ഒരു സത്രീ സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം വഴി മരണപ്പെടുന്നുവെന്നാണ് ഐപിഎഎസ്( Ipas) 2013ലെ മാതൃ മരണ കണക്കിൽ പറയുന്നത് .2022 ലേക്ക് കഥയെത്തുമ്പോഴും കണക്കില്‍ ഏറ്റകുറിച്ചിലുണ്ടെന്നല്ലാതെ വലിയ മാറ്റങ്ങളൊന്നുമില്ല. ഗര്‍ഭചിദ്രം പാപമാണെന്ന ചിന്തയുള്ള സാമൂഹികാന്തരീക്ഷത്തില്‍ നിരവധി പേരാണ് ഇഷ്ടമില്ലാഞ്ഞിട്ടും പ്രസവിക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ക്ക് പോലും ഏറെ കടമ്പകള്‍ കടന്ന് മാത്രമേ ഗര്‍ഭചിദ്രം സാധ്യമാവുകയുള്ളു. വിവാഹിതരാവാത്ത സ്ത്രീകളുടെ അവസ്ഥ അതിലും ഭീകരമാണ്. ആശുപത്രികളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും ഗർഭഛിദ്രത്തിനുള്ള അവസരം കുറയുമ്പോൾ അനധികൃതമായ സ്ഥാപനങ്ങളിലേക്കും വ്യാജ ഡോക്ടര്‍മാരിലേക്കും ഇവര്‍ എത്തപ്പെടുന്നു. ആരോഗ്യത്തിനും ജീവനും തന്നെ ഭീഷണിയാവുന്ന ഇത്തരം ചുറ്റുപാടിലേക്ക് എത്താൻ നിർബന്ധിതരാവുകയാണ് പല സ്ത്രീകളും. ഈ സാഹചര്യത്തിലാണ് അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന വിധി പ്രസക്തമാവുന്നത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, ജെ.ബി പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ണ്ണായക വിധി പറഞ്ഞത്

ചരിത്ര വിധി

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹിതയല്ലെന്ന കാരണത്താല്‍ ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു. അത്തരത്തില്‍ അനുമതി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ബെഞ്ച് ചൂണ്ടികാട്ടി. ഗര്‍ഭഛിദ്ര കേസുകളില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസ് ചന്ദ്രചൂഢ് /Image:PTI

2021ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗര്‍ഭഛിദ്ര ചട്ടങ്ങളില്‍ വിവാഹിതര്‍, അവിവാഹിതര്‍ എന്ന വേര്‍തിരിവ് നടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചട്ടങ്ങളില്‍ വിവാഹിതയായ സ്ത്രീക്ക് മാത്രമേ ഗര്‍ഭഛിദ്രത്തിന് അവകാശമുള്ളൂ എന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഗര്‍ഭഛിദ്രം നടത്തണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണ്.

അവിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നിഷേധിക്കുന്നത് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന യാഥാസ്ഥിതിക പൊതുബോധം ഊട്ടിയുറപ്പിക്കുന്നതാണ്. ഇത് ഭരണഘടനാപരമല്ല.

പ്രത്യുത്പാദനത്തിനുള്ള സ്വയം നിര്‍ണയാധികാരം വിവാഹിതയല്ലാത്ത സ്ത്രീക്കും ഭരണഘടന നല്‍കുന്നുണ്ടെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭഛിദ്ര ചട്ടങ്ങള്‍ പ്രകാരം ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാം. ഭര്‍ത്താവ് നടത്തിയ ലൈംഗിക പീഡനവും ഈ നിയമപ്രകാരം ബലാത്സംഗമയി കണക്കാക്കി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്ന് വിധി വ്യക്തമാക്കുന്നു. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് വിധിയിലെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍. 1960കള്‍ വരെ ഇന്ത്യയില്‍ അബോര്‍ഷന്‍ കുറ്റകൃത്യമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. അബോര്‍ഷന് വിധേയയായ സ്ത്രീ മൂന്ന് വര്‍ഷം വരെ തടവും പിഴയും അടയ്‌ക്കേണ്ടിയിരുന്നു. സെക്ഷന്‍ 312 ഐപിസി പ്രകാരം ഗര്‍ഭം അലസിക്കാന്‍ കരുതി കൂട്ടി പ്രവര്‍ത്തിക്കുന്നതും ശിക്ഷാര്‍ഹമാണ്.

1960 മധ്യത്തോടെ അന്നത്തെ സര്‍ക്കാര്‍ നിര്‍ദേശത്തോടെയാണ് ശാന്തിലാല്‍ ഷാ കമ്മിറ്റി രൂപീകരിക്കുന്നത്. വൈദ്യരംഗത്തെ വിദഗ്ദനായ ശാന്തിലാല്‍ ഷായുടെ നേതൃത്വത്തില്‍ ഗര്‍ഭചിദ്രവുമായി ബന്ധപ്പെട്ട് രാജ്യത്തിന് ആവശ്യമായി നിയമങ്ങളെയും നയങ്ങളെയും കുറിച്ച് വിശദമായ റിപ്പാര്‍ട്ട് 1964ല്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പ്രകാരം ഗര്‍ഭചിദ്രനിയമങ്ങളുടെ ഉദാരവത്കരണം അനധികൃതമായ ഗര്‍ഭചിദ്രങ്ങളെ തടയാനും ഇത് വഴി അമ്മമാരുടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും പറയുന്നു. ഈ റിപ്പോര്‍ട്ട് മുൻനിർത്തിയാണ് 1971ല്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ബില്‍ ലോകസഭയിലും രാജ്യസഭയിലും പാസാക്കുന്നതും.

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ആക്റ്റ്

1971 ഏപ്രില്‍ 1നാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ആക്റ്റ് നിലവില്‍ വരുന്നത്. നിര്‍ദേശപ്രകാരമുള്ള പ്രത്യേക സാഹചര്യങ്ങളില്‍ അംഗീകൃത ഡോക്ടറുടെ കീഴില്‍ ഗർഭഛിദ്രം നടത്താമെന്നാണ് നിയമം. 20 ആഴ്ച്ച വരെ പ്രായമായ ഭ്രൂണത്തെയാണ് ഈ നിയമപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാൻ കഴിയുന്നത്. 2021 ലെ ഭേദഗതി പ്രകാരം ഈ ഗര്‍ഭഛിദ്രം നടത്താനുള്ള കാലാവധി 24 ആഴ്ച വരെയാക്കി നീട്ടി

നിലവിലെ നിയമപ്രകാരം താഴെ പറയുന്ന സാഹചര്യങ്ങളിൽ ഗര്‍ഭഛിദ്രം നടത്താം

  1. ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട് ഗര്‍ഭം ധരിച്ചവര്‍
  2. മൈനര്‍ കാലഘട്ടത്തില്‍ ഗര്‍ഭം ധരിച്ചവര്‍( പ്രത്യേക നിയമ നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ടുമാത്രം)
  3. ഗര്‍ഭാവസ്ഥയില്‍ വൈവാഹിക നിലയിലെ മാറ്റം
  4. ശാരീരിക വൈകല്യമുള്ളവര്‍( റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്റ്റ് 2016 ല്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
  5. മാനസിക വൈകല്യമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോള്‍.
  6. ഗര്‍ഭസ്ഥ ശിശുവിന് പൂർണ്ണ വളർച്ചയെത്തിയില്ലെങ്കിലോ കുട്ടി ജനിക്കുമ്പോള്‍ ഗുരുതരമായ ശാരീരിക മാനസിക പരിമിതകളുണ്ടാവുകയോ ചെയ്താൽ ഗർഭഛിദ്രം അനുവദനീയമാണ്.
  7. ദുരന്തമേഖലകളിലും അടിയന്തര സാഹചര്യങ്ങളിലും പെട്ടുപോയ സ്ത്രീകള്‍ക്കും വേണ്ടിവന്നാല്‍ അബോര്‍ഷന് അവകാശമുണ്ടെന്നും നിയമം അനുശാസിക്കുന്നു
അഡ്വ. ആശ ഉണ്ണിത്താൻ

അനധികൃത കേന്ദ്രങ്ങൾക്കെതിരേ നടപടിയുണ്ടാവണം

ഗര്‍ഭത്തിന്റെ ഏതവസ്ഥയിലും തുച്ഛമായ പൈസയ്ക്ക് ഗര്‍ഭഛിദ്രം നടത്തുന്ന കേന്ദ്രങ്ങളുണ്ട്. ഇവയെ നിലയ്ക്ക് നിര്‍ത്താനുള്ള നിയമങ്ങളാണ് ഉടനടി കൊണ്ടുവരേണ്ടതെന്ന് പറയുന്നു ആക്ടിവിസ്റ്റും അഭിഭാഷകയുമായ ആശ ഉണ്ണിത്താൻ.'' വിവാഹിതയായ സ്ത്രീക്ക് മാത്രമാണ് ഗർഭഛിദ്രം പറ്റുകയുള്ളുവെന്ന് നിയമത്തില്‍ എവിടെയും പറഞ്ഞിട്ടില്ല. ഈ വിധി പ്രസ്താവന അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഇതോടൊപ്പം തന്നെ ശ്രദ്ധ ചെല്ലേണ്ട ഇടങ്ങളാണ് അനധികൃത കേന്ദ്രങ്ങളുടെ സാന്നിധ്യം. എന്നാല്‍ മാത്രമേ പുരോഗമനപരമായ ഈ നടപടി അതിന്റെ വിജയത്തിലേക്ക് പൂര്‍ണ്ണമായും എത്തുകയുള്ളു''.- അഡ്വ. ആശ വ്യക്തമാക്കി

ഗര്‍ഭിണിയാവണോ വേണ്ടയോ എന്ന് പോലും നിര്‍ണ്ണയിക്കാനാവാത്ത ചിലര്‍

ല്യാണം കഴിഞ്ഞ് ആദ്യ മാസമാണ് ഫാത്തിമ (യഥാർഥ പേരല്ല) ഗര്‍ഭിണിയായത്. പഠിക്കാന്‍ ഇഷ്ടമുണ്ടായിരുന്ന അവളെ നിര്‍ബന്ധിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്. വിവാഹം കഴിഞ്ഞ നാൽ മുതല്‍ ഗര്‍ഭിണിയാവുന്നതിനെ കുറിച്ചായിരുന്നു ക്ലാസ്. ഭർതൃബലാത്സംഗത്തിനിരയായാണ് അവൾ ഗര്‍ഭിണിയാവുന്നത്. ഗതി കെട്ടപ്പോഴാണ് വീട്ടിലേക്ക് തിരിച്ചു പേരുന്നത്. വീട്ടുകാരും വലിയ പിന്തുണയില്ലായിരുന്നു. അതിനാൽ ഭർത്താവിനൊപ്പം മനസ്സില്ലാ മനസ്സോടെ തുടരേണ്ടി വരുന്നു അവൾക്ക്. പാതി വഴിയില്‍ ബാക്കിയാക്കിയ നിയമപഠനം പൂര്‍ത്തിയാക്കുനുള്ള ഒരുക്കത്തിലാണ് അവൾ.

പറയുന്നത് പോലെ എളുപ്പമല്ല ഗര്‍ഭകാലവും പ്രസവവും കുട്ടികളെ പരിപാലിക്കലും. പ്രസവിക്കേണ്ടതും പാലൂട്ടേണ്ടതും സ്ത്രീകളാണ്. എന്നാല്‍ താന്‍ എപ്പോള്‍ ഗര്‍ഭിണിയാവാണമെന്നത് ഭര്‍ത്താവും വീട്ടുകാരും നിശ്ചയിക്കും. അവിടെ സ്ത്രീയുടെ കരിയറോ ആരോഗ്യമോ ഒന്നും പ്രശ്‌നമാക്കത്തവരും ധാരാളമാണ് നമ്മുടെ സമൂഹത്തിൽ. വിവാഹത്തിന് ശേഷം എത്രയും പെട്ടെന്ന് ഗര്‍ഭിണിയാവുന്ന സ്ത്രീ മികച്ചതാണെന്ന മനോഭാവവും സമൂഹത്തിന്റെ ചില അടരുകളിലുണ്ട്. വിവാഹം കഴിഞ്ഞ ആദ്യ ഗര്‍ഭധാരണത്തിന് പലപ്പോഴും സ്ത്രീകളുടെ അനുവാദം തന്നെയുണ്ടാവാറില്ല. കുഞ്ഞായതിന് ശേഷം ഒത്തുപോകാനാവാത്ത ബന്ധങ്ങളില്‍ തളച്ചിടേണ്ടി വരുന്ന സ്ത്രീകളും ധാരാളമുണ്ട്. അതുപോലെ തന്നെ ഗർഭാനന്തരം മാനസികവും ശാരീരകവുമായി പിന്തുണ സ്ത്രീക്ക് ആവശ്യമാണ്. ഒരോ പ്രസവത്തിന് ശേഷവും അടുത്ത പ്രസവത്തിലേക്ക് കടക്കാൻ നിര്‍ദിഷ്ട അകലവും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. അത് പോലും മനസ്സിലാകാതെ സ്ത്രീകള്‍ ഗര്‍ഭിണിയാവാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇത്തരത്തില്‍ തുടരെ തുടരെയുള്ള പ്രസവങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ കുറവ് വരുത്തിയേക്കാം. ചിലവേളകളില്‍ ഇത് അമ്മമാരെ പോസ്റ്റ് പാർട്ടം ഡിപ്രഷൻ പോലുള്ള മാനസികാവസ്ഥകളിലേക്കും എത്തിക്കുന്നു.

ഈ സാഹചര്യത്തിൽ ഗര്‍ഭിണിയാവണോ വേണ്ടയേ എന്നത് സ്ത്രീയുടെ മാത്രം തീരുമാനമാണെന്ന വിധിയിലെ ചില ഭാഗങ്ങള്‍ നാമെല്ലാവരും ഇനി ഓർമ്മിക്കേണ്ടതാണ്.ഇതു വഴി നിയമവിധേയമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തന്നെ ഗര്‍ഭചിദ്രം സുതാര്യമായി നടത്താന്‍ പറ്റണം.

എളുപ്പമല്ല ഗര്‍ഭചിദ്രം

ഒരു ജീവന്‍ കളയാന്‍ കൂട്ടുനില്‍ക്കരുെതന്ന ചിന്തയോ അല്ലെങ്കില്‍ ഇതിന്റെ നിയമവശങ്ങളെ കുറിച്ചുള്ള അവ്യക്തത കൊണ്ടോ മിക്ക ഡോക്ടര്‍മാരും സുരക്ഷിത കാലയളവിലുള്ള ഗര്‍ഭഛിദ്രം പോലും നടത്തി കൊടുക്കാറില്ല. ചില ഡോക്ടര്‍മാര്‍ക്ക്‌ ഇത് പിന്തുടര്‍ന്ന് വന്ന വിശ്വാസമോ കാരണമാവുന്നു

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇവയെല്ലാം പൂര്‍ണ്ണമായും വിജയകരമാവണമെന്നില്ല. ആക്‌സിഡന്റല്‍ പ്രഗ്നന്‍സി സൃഷ്ടിക്കുന്ന സാമൂഹികമായ ആകുലതകള്‍ ചിലറയല്ല. ഒരു കുഞ്ഞെന്നത് വളരെ വലിയ ഉത്തരവാദിത്ത്വമാണ്. വളരെ കരുതലോടെ ആ ഉത്തരവാദിത്വം നിറവേറ്റാൻ മാതാപിതാക്കൾ സജ്ജരായാല്‍ മാത്രമേ ആ തീരുമാനവുമായി മുന്നോട്ട് പോവാന്‍ പറ്റുകയുള്ളു.

അവിവാഹിതരായ സത്രീകള്‍ ഗര്‍ഭിണിയാവുമ്പോള്‍ നേരിടേണ്ടി വരുന്ന ക്രൂരമായ അനുഭവങ്ങളെ കുറിച്ച് അടുത്ത ലക്കത്തില്‍

തുടരും...

Content Highlights: Abortion Rights For Unmarried women in india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented