കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സമരം നടത്തുന്ന സരസമ്മ (ഇടത് നിന്ന് മൂന്നാമത്) ഉൾപ്പെടെയുള്ളവർ | ഫോട്ടോ: ജി.ആർ.രാഹുൽ
"അവരൊക്കെ വലിയ കൊട്ടാരത്തില്‍ കിടക്കുമ്പോള്‍ ഒരു കുടിലല്ലേ ഞങ്ങള്‍ ചോദിക്കുന്നുള്ളൂ, ഞങ്ങള്‍ക്ക് തരുവാന്‍ അനുവാദമില്ലേ സര്‍ക്കാരേ..," നെഞ്ചില്‍ ആഞ്ഞടിച്ച് സരസമ്മ ഉറച്ചു ചോദിച്ചപ്പോള്‍ കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ കൂടിയിരുന്നവരെല്ലാം ഒരു നിമിഷം സ്തബ്ധരായി. ഒരു ജീവിതകാലം മുഴുവന്‍ അനുഭവിച്ച ദുരിതത്തിന്റെയും എല്ലാ അര്‍ഹതയുമുണ്ടായിട്ടും തലചായ്ക്കാനൊരിടം ലഭിക്കാത്തതിന്റെ അമര്‍ഷവുമെല്ലാം അവരുടെ വാക്കുകളില്‍ പുകഞ്ഞിരുന്നു.
ഇടുക്കി കട്ടപ്പനയ്ക്കടുത്ത് കാഞ്ചിയാര്‍ പഞ്ചായത്തിലെ മുരിക്കാട്ടുകുടിയിലാണ് സരസമ്മയുടെ താമസം. ഭര്‍ത്താവും മകനും നേരത്തേ മരിച്ചു. രോഗിയായ മകനെ സ്വന്തം വൃക്ക വരെ കൊടുത്ത് 17 വര്‍ഷം ചികിത്സിച്ചിട്ടും അവന്റെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ സരസമ്മയ്ക്കായില്ല. ശ്വാസകോശ ശസ്ത്രക്രിയ ഉള്‍പ്പെടെ കഴിഞ്ഞ് കൂലിപ്പണി ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവരിപ്പോള്‍. മകളും അവളുടെ മൂന്നു മക്കളും കെട്ടുറപ്പില്ലാത്ത, മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ സരസമ്മയ്‌ക്കൊപ്പമുണ്ട്.
ആദ്യ ഗഡുവില്‍ പണിത തറകള്‍ രണ്ട് വര്‍ഷമായി മാനം നോക്കി കിടക്കുന്ന അവസ്ഥയിലാണ്
സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ വഴി സരസമ്മയ്ക്ക് 2019-ല്‍ വീട് അനുവദിച്ചതാണ്. ആദ്യ ഗഡുവായ 40,000 രൂപ ലഭിച്ച ശേഷം തറ കെട്ടുകയും ചെയ്തു. എന്നാല്‍, പ്രദേശത്ത് നിര്‍മാണം പാടില്ലെന്ന് കാണിച്ച് വനംവകുപ്പിന്റെ നോട്ടീസ് വന്നതോടെ സരസമ്മയുടേത് ഉള്‍പ്പെടെ മുരിക്കാട്ടുകുടി-കോഴിമല മേഖലയില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെട്ട 19 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം ത്രിശങ്കുവിലായി. ഉണ്ടായിരുന്ന കൂര പൊളിച്ചാണ് മിക്കവരും തറ കെട്ടിയത്. രണ്ടു വര്‍ഷത്തോളമായി ഈ തറകള്‍ മാനം നോക്കി കിടക്കുന്നു.

"എന്റെ മകളും രോഗിയാണ്. സ്‌കൂളിലെ അധ്യാപകരുടെ കനിവുകൊണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്. പലപ്പോഴും കട്ടപ്പനയിലെ സംഘടനകളും പോലീസുമൊക്കെയാണ് ഞങ്ങള്‍ക്ക് ഭക്ഷണം തരുന്നത്. മഴ പെയ്യുമ്പോഴുള്ള വീടിന്റെ അവസ്ഥ കണ്ട് സംഘടനക്കാരാണ് ഒരു പടുത കൊണ്ടുവന്ന് കെട്ടിത്തന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കൊപ്പം ഇവിടെ ഞങ്ങള്‍ എങ്ങനെ താമസിക്കും," കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ മുന്നിലുള്ള സമരപ്പന്തലിലിരുന്ന് സരസമ്മ ചോദിക്കുന്നു.
രണ്ടാം ഗഡു മുടങ്ങി കാഞ്ചിയാര്‍ മേഖലയിലെ പദ്ധതി അനിശ്ചിതത്വത്തിലായതോടെ, ഒരു കുടുംബം ഉണ്ടായിരുന്ന സ്ഥലം വിറ്റ് ആദ്യ ഗഡു തിരിച്ചടച്ച് നാട് വിടുന്ന സാഹചര്യം വരെ ഉണ്ടായി. ഏതാനും കുടുംബങ്ങള്‍ വാടകയ്ക്ക് വീടെടുത്തു. മറ്റുള്ളവര്‍ തറയോട് ചേര്‍ത്ത് കെട്ടിയ താല്‍ക്കാലിക ഷെഡ്ഡിലാണ് താമസം. വയോധികരും രോഗികളും കുട്ടികളുമെല്ലാം താല്‍ക്കാലിക ഷെഡ്ഡുകളില്‍ കഴിയുന്നവരിലുണ്ട്.
പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ പഴയ കൂരയെങ്കിലും ബാക്കിയുണ്ടാകുമായിരുന്നെന്ന നിസ്സഹായത
കോഴിമലയില്‍ ഇങ്ങനെ കെട്ടിയ ഷെഡ്ഡിലാണ് വയോധികരായ ദിവാകരനും വിജയമ്മയും കഴിയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് ഇവരുടെ വരുമാനം. രോഗിയായ വിജയമ്മയ്ക്ക് കാഴ്ചയും കേള്‍വിയും കഷ്ടിയാണ്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പരസഹായം വേണം. പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ പഴയ കൂരയിലെങ്കിലും കിടക്കാമായിരുന്നെന്ന് ഇവര്‍ നിസ്സഹായപ്പെടുന്നു.

ലൈഫ് മിഷനില്‍ വീട് ലഭിച്ചതോടെ ഉണ്ടായിരുന്ന വലിയ ഷെഡ്ഡ് പൊളിച്ചാണ് ഇത് പണിതതെന്ന് താല്‍ക്കാലികമായി പണിത ഷെഡ്ഡിലിരുന്ന് ദിവാകരന്‍ പറയുന്നു. "ആദ്യ ഗഡു കിട്ടിയപ്പോള്‍ തന്നെ തറയുടെ പണി ആരംഭിച്ചു. അടുത്ത ഗഡു ഉടനെ കിട്ടുമല്ലോ എന്ന് വിചാരിച്ച് കടം വാങ്ങി കട്ടിളയും ജനലുമൊക്കെ പണിതുവെച്ചു. അതെല്ലാം മഴയും വെയിലുമേറ്റ് തറയുടെ മുകളിലിരിക്കുന്നു, കടം ഇപ്പോഴും ബാക്കി. രണ്ട് വര്‍ഷത്തോളമായി ഞങ്ങള്‍ ഈ ചെറിയ ഷെഡ്ഡിലാണ് കഴിയുന്നത്. തൂണും കഴുക്കളുമെല്ലാം ചെതലെടുത്ത് തുടങ്ങി. മഴയത്തും കാറ്റത്തും അകത്ത് കിടക്കാന്‍ പേടിയാവും. വനംവകുപ്പില്‍ നിന്ന് അഞ്ചാറ് പേപ്പര്‍ വന്നിട്ടുണ്ട്. അതെന്താണെന്ന് പോലും എനിക്കറിയില്ല!"
കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം ശൗചാലയം അനുവദിക്കുകയും നിര്‍മിക്കുകയും ചെയ്ത സ്ഥലത്താണ് ദിവാകരന്‍ തറ കെട്ടിയിരിക്കുന്നത്. ഇവിടെയാണ് വനംവകുപ്പ് സ്റ്റേ ഉത്തരവ് നല്‍കിയിരിക്കുന്നത് എന്നതാണ് വൈരുധ്യം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം പ്രദേശത്ത് മുമ്പ് വീടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും സ്വകാര്യ വ്യക്തികള്‍ ഇപ്പോഴും വീടുകള്‍ നിര്‍മിക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അവിടെയാണ് ഈ കുടുംബങ്ങള്‍ നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി സര്‍ക്കാര്‍ പദ്ധതിയിലൂടെ ലഭിച്ച വീട് പോലും നിര്‍മിക്കാനാവാതെ പെരുവഴിയിലായിരിക്കുന്നത്.
വനംവകുപ്പിന്റെ എന്‍.ഒ.സി. ലഭിച്ചാല്‍ രണ്ടാം ഗഡു നല്‍കാന്‍ തടസ്സമില്ലെന്ന കാഞ്ചിയാര്‍ പഞ്ചായത്ത് അധികൃതര്‍...
"അര്‍ഹതയുണ്ടെന്ന് കണ്ടവര്‍ക്കാണ് പഞ്ചായത്ത് ലൈഫ് പദ്ധതിപ്രകരം വീടനുവദിച്ചത്. ഗോത്രവര്‍ഗക്കാര്‍ കൂടി കഴിയുന്ന മേഖലയാണിത്. വീടനുവദിച്ചതിനെതിരേ ആദിവാസി രാജാവ് നല്‍കിയ പരാതിയിന്‍മേലാണ് വനംവകുപ്പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തത്. സ്റ്റേ വന്ന ശേഷം ജില്ലാ കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിയെയും ഡി.എഫ്.ഒയെയും യോഗത്തിന് വിളിച്ചിരുന്നു. പക്ഷേ, ഡി.എഫ്.ഒ. ഈ യോഗത്തിന് എത്തിയില്ല. വിഷയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എഫ്.ഒയോട് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ കോപ്പി പഞ്ചായത്തിന് നല്‍കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. വിഷയത്തില്‍ വനംവകുപ്പ് തുടരുന്ന നിഷേധാത്മക നിലപാടാണ് പരിഹാരത്തിന് തടസ്സമാകുന്നത്" -കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി വ്യക്തമാക്കി.
അതേസമയം, ആദിവാസി മേഖലയായതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് എന്‍.ഒ.സി. നല്‍കാനുള്ള അധികാരം തനിയ്ക്കില്ലെന്നാണ് ഡി.എഫ്.ഒയുടെ നിലപാട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഉള്‍പ്പെടെ സമര്‍പ്പിച്ചിട്ടുണ്ട്. അവിടെ നടക്കുന്ന മറ്റു നിര്‍മാണങ്ങള്‍ അനധികൃതമാണ്. മേഖലയില്‍ മറ്റു സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയതിനെ കുറിച്ച് പരിശോധിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കൂവെന്നും ഡി.എഫ്.ഒ. പറയുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ യോഗം വിളിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
കോഴിമലയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാനായി ഇടപെടുമെന്ന് മന്ത്രിയും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലും സര്‍ക്കാര്‍ തലത്തിലും വിഷയമെന്താണെന്നും എങ്ങനെ പരിഹരിക്കാമെന്നും അന്വേഷിക്കും. പ്രശ്‌നപരിഹാരത്തിനായി പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയ്ക്ക് മുമ്പാകെ തിരുവനന്തപുരത്ത് യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..