വെള്ളം ഇറങ്ങി വീടുകളിൽ തിരിച്ചെത്തുമ്പോൾ വൃത്തിയാക്കുന്നതിന് ആളുകൾ കൂടുതലും അന്വേഷിക്കുന്നത് ഡെറ്റോളാണ്. ഇത് മണം കൊണ്ട് നല്ലതാണെങ്കിലും ശക്തമായ അണുനശീകരണ ഉപാധിയല്ല. അല്പം ദുർഗന്ധമുണ്ടെങ്കിലും വെള്ളപ്പൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും വീടുകൾ അണുവിമുക്തമാക്കുന്നതിനും നല്ലത് ക്ലോറിനേഷനാണ്.

* ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് വീടുകളിൽ എങ്ങനെ അണുനശീകരണം നടത്താമെന്ന് ചുവടെ:

കിണറിലെ വെള്ളം ശുദ്ധീകരിക്കാൻ

* സാധാരണ ലഭിക്കുന്ന ബ്ലീച്ചിങ് പൗഡറിൽ 30 മുതൽ 40 ശതമാനം വരെ ആണ് ക്ലോറിൻ. 33 ശതമാനം ക്ലോറിൻ ഉണ്ടെന്ന നിഗമനത്തിലാണ് ഇനി പറയുന്ന അളവുകൾ നിർദേശിക്കുന്നത്.

* സാധാരണ ക്ലോറിനേഷൻ നടത്താൻ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡർ ആണ് ആവശ്യം. വെള്ളപ്പൊക്കത്തിനുശേഷം വെള്ളം അതി മലിനമായിരിക്കുമെന്നതിനാൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം. ഇതിനായി 1000 ലിറ്ററിന് അഞ്ചു ഗ്രാം (ഏകദേശം ഒരു ടീസ്പൂൺ കൂമ്പാരം ആയി) ബ്ലീച്ചിങ് പൗഡർ ആവശ്യമാണ്.

* വെള്ളത്തിൻറെ അളവനുസരിച്ച് ബ്ലീച്ചിങ് പൗഡർ ഒരു പ്ലാസ്റ്റിക്‌ ബക്കറ്റിലെടുത്ത് വെള്ളംചേർത്ത് കുഴമ്പുപരുവത്തിലാക്കുക. അതിനുശേഷം മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കണം. തുടർന്ന് മുകളിലുള്ള തെളിവെള്ളം വെള്ളം കോരുന്ന ബക്കറ്റിലേക്കൊഴിച്ച് കിണറ്റിൻറെ ഏറ്റവും അടിയിലേക്കിറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്യുക. കിണറിലെ വെള്ളത്തിൽ ക്ലോറിൻ ലായനി നന്നായി കലർത്തുക.

* ഒരു മണിക്കൂറിനുശേഷം വെള്ളം അനക്കാതെ വെച്ചശേഷം കിണറിലെ വെള്ളം ഉപയോഗിച്ചുതുടങ്ങാം.

വീടും പരിസരവും വൃത്തിയാക്കാൻ

* ബ്ലീച്ചിങ് പൗഡർ കൊണ്ടുമാത്രം പരിസരം പൂർണമായി അണുവിമുക്തമാകില്ല. ഒരു ശതമാനം വീര്യമുള്ള ക്ലോറിൻ ലായനിയും ഉപയോഗിക്കണം.

* ഒരുശതമാനം ക്ലോറിൻ ലായനി തയ്യാറാകുന്ന വിധം: ആറു ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ എടുത്ത് കുഴമ്പ് പരുവത്തിലാക്കുക. ശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളം ചേർക്കുക. മുകളിൽപ്പറഞ്ഞ പോലെ കലക്കി പത്തു മിനിറ്റ് വെച്ച് തെളിയൂറ്റിയെടുക്കണം. കൂടുതൽ ലായനി ആവശ്യമെങ്കിൽ ലിറ്ററിന് ആറു ടീസ്പൂൺ എന്ന കണക്കിൽ ലായനി തയ്യാറാക്കാം.

* തറ തുടയ്ക്കാനും പരിസരം വൃത്തിയാക്കാനും ഇതുപയോഗിക്കാം.

* നിലം തുടച്ചശേഷം/വീട്ടുപരിസരത്ത് ക്ലോറിൻ ലായനി ഒഴിച്ചശേഷം ചുരുങ്ങിയത് 20- 30 മിനിറ്റ് കൊണ്ടേ അണുനശീകരണം കൃത്യമായി നടക്കൂ. അത്രയും സമയംവരെ തറ തുടയ്ക്കാനോ വെള്ളം ഒഴിക്കാനോ പാടില്ല.

* അരമണിക്കൂറിനുശേഷം മണമുള്ള മറ്റു ലായനികൾ ഉപയോഗിച്ച് തറ വൃത്തിയാക്കി ക്ലോറിൻ മണം മാറ്റാം.

കടപ്പാട്: ഡോ. വി. ജിതേഷ്, സൂപ്രണ്ട്, ജില്ലാ ആശുപത്രി, മാനന്തവാടി