Representative image
കോഴഞ്ചേരി: തുച്ഛമായ വേതനംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം മുടങ്ങിയിട്ട് രണ്ടു മാസം. മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ഓണറേറിയവും ഏപ്രില്‍ മാസത്തെ ഇന്‍സെന്റീവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. പ്രത്യേകമായി നിയോഗിക്കുന്ന ജോലികള്‍ക്കുള്ള തുച്ഛമായ ഇന്‍സെന്റീവ് ഒഴികെ മറ്റൊരു ആനുകൂല്യങ്ങളും ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഈ തുക നല്‍കുന്നത്. കൊവിഡ്കാല സേവനത്തിന് 1000 രൂപയായിരുന്നു അലവന്‍സ്. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ അലവന്‍സും നിര്‍ത്തലാക്കിയെന്ന് ആശാ വര്‍ക്കര്‍മാര്‍ പറയുന്നു.
വീടുകള്‍ കയറിയിറങ്ങി സര്‍ക്കാരിന്റെ പൊതുജനാരോഗ്യ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം, വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് മരുന്ന് എത്തിക്കുക, വിവരശേഖരണം, ആശുപത്രികളിലെ പ്രത്യേക ഡ്യൂട്ടി തുടങ്ങി പൊതുജനാരോഗ്യ സുരക്ഷയ്ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ദുരവസ്ഥ. നിലവില്‍ ഒരു വാര്‍ഡിന് ഒരു ആശാവര്‍ക്കര്‍ എന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. ഓണറേറിയവും ഇന്‍സെന്റീവും ചേര്‍ത്ത് 9000 രൂപയാണ് പ്രതിമാസം ഇവര്‍ക്ക് ലഭിക്കുന്നത്.
സേവനത്തിന്റെ സ്വഭാവം കണക്കിലെടുത്ത് വേതനം ഉയര്‍ത്തണമെന്നാണ് ആശാ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം. മാനദണ്ഡങ്ങളുടെ പേരില്‍ പലപ്പോഴും ഓണറേറിയം വെട്ടിക്കുറയ്ക്കാറുണ്ടെന്നും പരാതിയുണ്ട്.
ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിനുകീഴില്‍ 2005ലാണ് ആശാ (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) പ്രവര്‍ത്തനം ആരംഭിച്ചത്. ആരോഗ്യസംബന്ധമായ വിവരശേഖരണമാണ് പ്രധാന ചുമതല. 2012 മുതലാണ് ആശാ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം നഗരങ്ങളിലേക്കും വ്യാപിപ്പിച്ചത്.
പ്രതിവിധി വേണം
കടംവാങ്ങിയുംമറ്റുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കുടിശ്ശികയുള്ള വേതനം ഒരുമിച്ച് നല്‍കാറുമില്ല. കോവിഡ് മഹാമാരിയുടെ സമയത്ത് അവധിപോലുമില്ലാതെയാണ് മാസങ്ങളോളം ജോലിചെയ്തത്. - അജിത, ആശാ പ്രവര്‍ത്തക
പ്രതിസന്ധിയില്‍
ജോലിഭാരം വര്‍ധിച്ചിട്ടും ആനുപാതികമായ പ്രതിഫലം ലഭിക്കുന്നില്ല. സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയാത്ത മാനദണ്ഡങ്ങളുടെ പേരിലാണ് പലപ്പോഴും ഓണറേറിയം വെട്ടിക്കുറയ്ക്കുന്നത്. ചെറിയ വേതനംപോലും സമയത്ത് ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. - ദീപാ സജി, ആശാ പ്രവര്‍ത്തക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..