ന്യൂഡല്‍ഹി : കോവിഡ് മൂലം ദീര്‍ഘകാലമായി സ്‌കൂളുകള്‍ അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണ് വരുത്തിവെക്കുന്നതെന്ന് പാര്‍ലമെന്ററി സമിതി. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് കുടുംബഘടനയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല ചെയ്തത്. പകരം വീട്ടുജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.

'ഒരു വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടച്ചുപൂട്ടിയത് വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. സ്‌കൂളുകള്‍ തുറക്കാത്തതിലുള്ള അപകടങ്ങള്‍ അവഗണിക്കാനാവാത്തവിധം ഗൗരവമുള്ളതാണ്. നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചു.

സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ശൈശവ വിവാഹത്തിന് ആക്കം കൂട്ടി. കൂടാതെ വീട്ടുജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു. കോവിഡ് സാഹചര്യം അരികുവത്കരിക്കപ്പെട്ടിരുന്ന കുട്ടികള്‍ പകര്‍ച്ചവ്യാധിക്ക് മുമ്പു അനുഭവിച്ച പഠന പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കി. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ സ്‌കൂളുകള്‍ തുറക്കുന്നത് അനിവാര്യമാണ്', സമിതി നിരീക്ഷിച്ചു.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനുബന്ധ സ്റ്റാഫുകള്‍ക്കുമായി വാക്‌സിന്‍ പ്രോഗ്രാമുകള്‍ വേഗത്തിലാക്കേണ്ടതുണ്ട്. എന്നാലേ സ്‌കൂളുകള്‍ നേരത്തെ തുറക്കാനാകൂ. കുട്ടികളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ ക്ലസ്റ്ററിനും ക്ലാസ് നല്‍കാം. മാസ്‌ക് , കൈകള്‍ ഇടക്കിടെ വൃത്തിയാക്കൽ എന്നിവ ചിട്ടയോടെ പാലിക്കേണ്ടതുണ്ട്.  തെര്‍മല്‍ സ്‌ക്രീനിങ്ങ് നിര്‍ബന്ധമാക്കുന്നതിലൂടെ രോഗബാധിതരായ വിദ്യാര്‍ത്ഥികളെയോ അധ്യാപകരെയോ ജീവനക്കാരെയോ ഉടനടി തിരിച്ചറിയാനും ക്വാറന്റീന്‍ ചെയ്യാനും സഹായിക്കും. ശുചിത്വവും കോവിഡ് പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടക്കം സ്‌കൂളുകളില്‍ ഇടയ്ക്കിടെ പരിശോധന നടത്തുകയും വേണമെന്നും പാനല്‍ നിര്‍ദേശിക്കുന്നുണ്ട്. 

പഠന നഷ്ടം വിദ്യാര്‍ത്ഥികളുടെ ഗണിതശാസ്ത്രം, ശാസ്ത്രം, ഭാഷാപഠനം എന്നിവയിലുള്ള അവരുടെ അടിസ്ഥാനപരമായ അറിവിനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടാവാമെന്നും പാനല്‍ നിരീക്ഷിച്ചിട്ടുണ്ട്.

" പഠനനഷ്ടം വലിയ വിടവാണ് ഉണ്ടാക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക ശേഷിയെ ബാധിക്കും. ഇത് പാവപ്പെട്ടവര്‍, ഗ്രാമീണ വിദ്യാര്‍ത്ഥികള്‍, സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ , ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെടാന്‍ കഴിയാത്ത സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്", പാനല്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ അടച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചില സംസ്ഥാനങ്ങള്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയപ്പോള്‍, ഏപ്രില്‍-മെയ് മാസങ്ങളില്‍ കോവിഡ്  രണ്ടാം തരംഗം കണക്കിലെടുത്ത് വീണ്ടും സ്‌കൂള്‍ അടച്ചുപൂട്ടുകയായിരുന്നു.

content highlights: Hazards of closing schools too serious to be ignored, says parliamentary panel