ഹർഷിന
'പ്രാണന് പോകുന്ന വേദനയായിരുന്നു അടിവയറ്റില്‍, ഞാന്‍ അനുഭവിച്ച വേദന നിങ്ങള്‍ക്ക് സങ്കല്പിക്കാന് പോലുമാവില്ല, അതുകൊണ്ടാണ് എനിക്ക് ഇപ്പോഴും നീതിക്ക് വേണ്ടി കെഞ്ചിപ്പറയേണ്ടി വരുന്നത്'
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷം നരകതുല്യമായ ജീവിതം നയിച്ച ഹര്‍ഷിനയ്ക്ക് കത്രിക എടുത്തുമാറ്റിയിട്ടും ദുരിതമൊഴിഞ്ഞിട്ടില്ല. വേദനതിന്ന് തീര്‍ത്ത അഞ്ചുകൊല്ലത്തെ ചികിത്സാപ്പിഴവിന് ഉത്തരം പറയാന്‍ അധികൃതരാരും തയ്യാറായിട്ടുമില്ല. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി തന്നെ ഉറപ്പുനല്‍കിയിട്ടും അതില്‍ ഇതുവരെ നപടിയുണ്ടായിട്ടില്ല. സംഭവം നടന്ന് മൂന്നുമാസം പിന്നിടുമ്പോഴും മന്ത്രി ഉറപ്പ് നല്കിയ അന്വേഷണ റിപ്പോര്‍ട്ട് പോലും പുറത്തുവരാത്ത പശ്ചാത്തലത്തില്‍ നിരാഹാര സമരത്തിനൊരുങ്ങുകയാണ് ഹര്‍ഷിനയും കുടുംബവും. സംഭവത്തെ കുറിച്ച് ഹര്‍ഷിന മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
''ചികിത്സാ പിഴവില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും എവിടേയും എത്തിയിട്ടില്ല. വീണ്ടും അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞിട്ട് ഒന്നരമാസം കഴിയുകയാണ്. ഒരു തീരുമാനവും ആയിട്ടില്ല. ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ട് വന്നത് ഞാനറിഞ്ഞിട്ടുപോലുമില്ല. ഒരിക്കല്‍ മന്ത്രിയുമായി സംസാരിച്ചതിന്റെ ഇടയിലാണ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാല്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടതായി അറിഞ്ഞതുപോലും. ഈ അന്വേഷണത്തിന്റെ വിവരം അന്വേഷിച്ച് മന്ത്രിയുടെ പി.എ.യെ വില്ക്കുമ്പോള് നടപടി ക്രമങ്ങള്‍ നടക്കുന്നതേയുള്ളൂ എന്നാണ് പറയുന്നത്. അതല്ലാതെ മന്ത്രിയോട് നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ ഒരു നടപടിയും ആവാത്തതിനാലാണ് സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. പന്തീരാങ്കാവ് സ്റ്റേഷനിലും കണ്‍സ്യൂമര്‍ കോടതിയിലും പരാതി നല്‍കാനും മെഡിക്കല്‍ കോളേജിന് മുന്നില്‍ നിരാഹാര സമരമിരിക്കാനുമാണ് തീരുമാനം.
മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയില്‍ അല്ല വയറ്റില്‍ കത്രിക കുടുങ്ങിയത് എന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അബദ്ധം പറ്റിയതെന്ന് എനിക്കുറപ്പുണ്ട്. അതിന് മുന്‍പുവരെ എനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൂന്നാമത്തെ പ്രസവത്തിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ആദ്യമൊക്കെ മക്കള്‍ ദേഹത്ത് കയറിക്കിടക്കുമ്പോഴൊക്കെ വേദനയായിരുന്നു. മൂന്ന് സിസേറിയന് കഴിഞ്ഞതിനാലുള്ള സ്റ്റിച്ചിന്റേ വേദനയാണെന്നായിരുന്നു കരുതിയിരുന്നത്. വേദന വരുമ്പോഴൊക്കെ അതുതന്നെയാണ് പറഞ്ഞിരുന്നതും. അതല്ലാതെ കത്രിക അകത്ത് ഉള്ളതായി സ്വപ്നത്തില്‍ പോലും
ആരെങ്കിലും വിചാരിക്കുമോ?
അനങ്ങുമ്പോഴും തിരിയുമ്പോഴും കുനിയുമ്പോഴെല്ലാം അതികഠിനമായ വേദനയായിരുന്നു . സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയപ്പോഴാണ് ഒരു ദിവസം രാത്രി ആശുപത്രിയിലേക്ക് പോയത്. വേദനയുടെ ഇടയ്ക്കൊക്കെ മൂന്ന് തവണയോളം വജൈനല്‍ ഇന്ഫെക്ഷന് ബാധിച്ചിരുന്നു. പലരും ചോദിച്ചിട്ടുണ്ട് അഞ്ച് വര്‍ഷം കത്രിക കൊണ്ട് നടന്നിട്ടും ഒന്നും മനസ്സിലായില്ലേ എന്നൊക്കെ, മൂന്ന് സിസേറിയന് കഴിഞ്ഞതിന്റെ സ്റ്റിച്ചിന്റെ ബുദ്ധിമുട്ടായിരിക്കുമെന്നൊക്കെയാണ് അന്ന് കരുതിയിരുന്നത്. പിന്നെ സ്വന്തമായി സ്കൂട്ടര്‍ ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ കത്രിക അകത്ത് സ്ഥാനം മാറി മൂത്രസഞ്ചിയിലേക്ക് തറച്ചുകയറിയ നിലയിലായി. അതില്പിന്നെയാണ് വേദന കൂടിയത്. സഹിക്കാന്‍ പറ്റാതായ വേദന ആയപ്പോഴും മൂത്രത്തില്‍ പഴുപ്പ് പോലെ എന്തെങ്കിലും ആവുമെന്നാണ് കരുതിയത്.
ഡോക്ടറെ കാണിച്ച് ടെസ്റ്റ് ചെയ്തപ്പോഴൊക്കെ നല്ല പഴുപ്പുണ്ടായിരുന്നു. ഗുളിക കഴിച്ചിട്ടും എത്ര വെള്ളം കുടിച്ചിട്ടും അത് മാറിയില്ല. കുറേ ഡോക്ടര്‍മാരെ മാറി മാറി കാണിച്ചിട്ടും ഒരു കുറവും ഉണ്ടായില്ല. മൂത്രമൊഴിച്ച് കഴിയുമ്പോഴൊക്കെ നിവര്‍ന്നു നില്ക്കാന് പറ്റാത്ത തരത്തില്‍ വേദനകൊണ്ട് ഞാന്‍ കോടിപ്പോവുമായിരുന്നു. ഒരു ദിവസം രാത്രി ഒട്ടും സഹിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. മൂത്രത്തില്‍ കല്ല് വന്നതാണോ എന്നായിരുന്നു അടുത്ത സംശയം. അവിടുന്ന് സ്കാന്‍ ചെയ്തപ്പോഴാണ് എന്തോ ഒരു സാധാനം അകത്ത് എന്തോ ഉള്ളതായി കണ്ടെത്തിയത്. സ്കാന്‍ ചെയ്യുമ്പോള്‍ കല്ല് പോലെ തോന്നിയതിനാല്‍ മൂത്രസഞ്ചിക്കുള്ളില്‍ കല്ലാണെന്നാണ് അന്ന് അവര്‍ പറഞ്ഞത്. മറ്റൊരു തരത്തിലുള്ള സ്കാനിങ്ങിനായി അടുത്ത ദിവസം പോയപ്പോഴാണ് മെറ്റല്‍ പോലെ എന്തോ ആണെന്ന് മനസ്സിലായത്. പിന്നീട് ഡോക്ടറും വന്നുപറഞ്ഞു, അകത്ത് മറ്റൊരു സാധാനം ഉണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞു. അകത്ത് ഒരു മെറ്റല്‍ ഉണ്ടെന്ന് പറയുമ്പോഴും എന്തെങ്കിലും സ്ക്രൂ ഒക്കെയാണ് പ്രതീക്ഷിച്ചതും. സര്‍ജറി നടത്തി പുറത്തെടുക്കണം എന്ന് പറഞ്ഞപ്പോഴും ഇനിയും വയര്‍ കീറണമല്ലോ എന്നാണ് ഞാന്‍ ആലോചിച്ചത്. ആ പേടികൊണ്ട് സര്‍ജറി വേണ്ടെന്ന് പറഞ്ഞു. പക്ഷെ സംഭവം എത്ര ഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞുബോധ്യപ്പെടുത്തി. പിന്നെയാണ് മെഡിക്കല്‍ കോളേജിലേക്ക് പോയത്.
മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് പറ്റിയതെന്ന് അവര്‍ സമ്മതിച്ചുതന്നിട്ടില്ല. ശസ്ത്രക്രിയ നടത്തിയിട്ടും മൂന്ന് നാല് ദിവസം കടുത്ത വേദനയായിരുന്നു. അനങ്ങാന്‍ പോലും പറ്റില്ലായിരുന്നു. ഒന്നു ചെരിയാനോ തിരിയാനോ കാലോ കൈയോ അനക്കാനോ പറ്റില്ലായിരുന്നു. അത്രയും വേദനയായി. ഞാന്‍ മരിക്കാറായെന്ന് പലതവണ തോന്നിയിട്ടുണ്ട്. 11 ദിവസം മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ കിടന്നു. പിന്നെയും കുറേ ദിവസങ്ങള്‍ കഴിഞ്ഞാണ് ആശുപത്രി വിട്ടത്. ഇതും വയറ്റില്‍ വെച്ച് നീ എങ്ങനെ അഞ്ചുവര്‍ഷം നടന്നു എന്നാണ് ഡോക്ടര്‍ എന്നോട് ചോദിച്ചത്. പക്ഷെ അഞ്ച് വര്‍ഷം വേദനിച്ച് വേദനിച്ച് വേദന എന്റെ ശീലമായിപ്പോയിരുന്നു. ഞാനിതുവരെ സാധാരണ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. തുന്നലിട്ട ഭാഗത്ത് നല്ല വേദനയാണ് ഇപ്പോഴും ഉള്ളത്. പണികളൊക്കെ ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ട്. മറ്റാരോ ചെയ്ത തെറ്റുകൊണ്ടാണ് ഞാന്‍ അഞ്ചുകൊല്ലം നരകിച്ച ജീവിതം ജീവിച്ചുതീര്‍ത്തത്. അതില്‍ നടപടി വേണമെന്നാണ് എന്റെ ആവശ്യം. അന്വേഷണം നടത്തി തെറ്റ് പറ്റിയത് ആര്‍ക്കാണെന്ന് കണ്ടെത്തി അവര്‍ക്കെതിരേ തക്കതായ നടപടി സ്വീകരിക്കുമ്പോഴല്ലാതെ എനിക്ക് ഒരു നീതിയും നടപ്പിലാവില്ല. അതാണ് എന്റെ ആവശ്യം. അതിന് വേണ്ടിയാണ് കുടുംബത്തോടൊപ്പം നിരാഹാര സമരത്തിനിറങ്ങുന്നത്.' ഹര്‍ഷിന പറഞ്ഞു.
.jpg?$p=cc29bd4&&q=0.8)
വയറ്റില്‍ കത്രിക കുടുങ്ങി അഞ്ചുവര്‍ഷത്തോളം ജീവിച്ചതിന്റെ അവശതകള്‍ക്കിടെ കഴിഞ്ഞദിവസം വീട്ടില്‍ വീണുപരിക്കേറ്റതിന്റേയും ബുദ്ധിമുട്ടിലാണിപ്പോള്‍ ഹര്ഷിനയുള്ളത്. പ്രസവശസ്ത്രക്രിയയ്ക്കിടെയാണ് താമരശ്ശേരി അടിവാരം സ്വദേശിനിയായ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക(ആര്‍ട്ടറി ഫോര്‍സെപ്സ്) കുടുങ്ങിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ കത്രിക കണ്ടെത്തുകയും 2022 സെപ്തംബറില്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയും ചെയ്തു. സംഭവം വാര്‍ത്തയാവുകയും പുറംലോകമറിയുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് ഒക്ടോബറില്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ സമിതിയെ നിയോഗിച്ചാണ് വിശദമായ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയത്. പക്ഷേ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.
കഴിഞ്ഞമാസം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ തേടിയ ഹര്‍ഷിന ആശുപത്രിയില്‍ വെച്ച് പ്രതിഷേധം ഉയര്‍ത്തിയതോടെ വീണ്ടും ആരോഗ്യ വകുപ്പ് ഇടപെട്ടു. ആദ്യ അന്വേഷണത്തില്‍ വ്യക്തതയില്ലെന്നും ശാസ്ത്രീയ അന്വേഷണം നടത്തി എത്രയും വേഗം നീതി ഉറപ്പാക്കും എന്ന് ആരോഗ്യമന്ത്രി തന്നെ ഹര്‍ഷിനയ്ക്ക് ഉറപ്പും നല്കി. എന്നാല്‍ രണ്ടാമത്തെ അന്വേഷണം പ്രഖ്യാപിച്ച് മാസം ഒന്നു കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ കോള്‍ പോലും പിന്നീട് ഉണ്ടായില്ലെന്നാണ് ഹര്‍ഷിന പറയുന്നത്. പിഴവിന് കാരണക്കാരയവരെ രക്ഷിക്കാനുള്ള നീക്കം ആണ് നടക്കുന്നതെന്നും ഹര്‍ഷിന പറയുന്നു. തനിക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്നാണ് ഹര്‍ഷിന ആരോപിക്കുന്നത്. ഉടന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ഷിനയുടെ നിരാഹാര സമരം.
Content Highlights: harsheena medical college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..