ന്യൂഡല്‍ഹി : മാവോയിസ്റ്റുകള്‍ തമ്മില്‍ പരസ്പരം എഴുതിയ കത്തില്‍ ഒരാളുടെ പേര് പരാമര്‍ശിച്ചാല്‍ അതുവെച്ച് ആ ആളെ എങ്ങനെയാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ഹാനി ബാബുവിന്റെ ഭാര്യയും ആകടിവിസ്റ്റും അധ്യാപികയുമായ ജെന്നി റൊവേന. മാതൃഭൂമി ഡോട്ടകോമിനോട് സംസാരിക്കുകയായിരുന്നു അവര്‍. ലാപ്ടോപ്പിലെ ഒരു ഫോള്‍ഡര്‍ മാത്രം വെച്ച് എങ്ങനെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതും മാവോയിസ്റ്റാക്കുന്നതെന്നും അവര്‍ ചോദിച്ചു.

ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിനെ എന്‍.ഐ.എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹാനി ബാബുവിന് മാവോവാദി ബന്ധമുണ്ടെന്നും ഭീമ കൊറേഗാവ് സംഘര്‍ഷത്തിന്റെ സൂത്രധാരകരില്‍ ഒരാളാണെന്നുമാണ് എന്‍.ഐ.എ. ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ്  ജെന്നി റൊവേന മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചത്.

"മാവോയിസ്റ്റുകള്‍ തമ്മിലയച്ച കത്തില്‍ ബാബുവിനെ കുറിച്ചെഴുതിയിട്ടുണ്ടെന്നും അത് ലാപ്ടോപ്പിലെ ഫോള്‍ഡറിലുണ്ടെന്നുമാണ് എന്‍ഐഎ പറയുന്നത്. ഒരു ഫോള്‍ഡര്‍ മാത്രം വെച്ച് എങ്ങനെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതും മാവോയിസ്റ്റാക്കുന്നതും. മാവോയിസ്റ്റുകള്‍ അയച്ച കത്ത് ഞങ്ങളുടെ കമ്പ്യൂട്ടറില്‍ വെച്ചിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. ഇത്തരത്തില്‍ നിസ്സാരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്," ജെന്നി റൊവേന ആരോപിക്കുന്നു.

'2019 സെപറ്റംബര്‍ 10ന് സെര്‍ച്ച് വാറണ്ടില്ലാതെ വന്നാണ്  ലാപ്‌ടോപ്പെടുത്തു കൊണ്ടുപോയത്. ലാപ്‌ടോപ്പിലെ ഈ ഒരൊറ്റ ഫോള്‍ഡറില്‍ കത്തുണ്ടെന്നതല്ലാതെ മറ്റൊരു ആരോപണവും എന്‍ഐഎയ്ക്ക് ഉന്നയിക്കാനായിട്ടില്ല. സ്വന്തമായി ബാബു ചെയ്ത എന്തെങ്കിലും റൈറ്റപ്പോ ഒരു വിപ്ലവാത്മകമായ ചിന്തയോ ഒന്നുമില്ല ആരോപണമെന്ന് പറയാന്‍. പക്ഷെ ഈ ഫോള്‍ഡറില്‍ മാവോയിസ്റ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും എഴുതിയ കത്തുണ്ടെന്നും അത് ബാബു ലാപ്‌ടോപ്പില്‍ സൂക്ഷിച്ചു എന്നുമാണ് അവര്‍(എൻഐഎ) ഉന്നയിക്കുന്ന ഏക ആരോപണം. കോടതിയില്‍പ്പോവുക എന്നതല്ലാതെ ഞങ്ങളുടെ മുന്നില്‍ മറ്റ് മാര്‍ഗ്ഗമൊന്നുമില്ല. പക്ഷെ കോടതി ഇപ്പോ പല നിസ്സാരകാര്യങ്ങളും മുഖവിലക്കെടുക്കുന്നുമുണ്ട്. എന്താണ് ബാബു ചെയ്ത രാജ്യദ്രോഹക്കുറ്റം. സെര്‍ച്ച് വാറണ്ടില്ലാതെ നിങ്ങള്‍ എടുത്തുകൊണ്ടു പോയ ഇലക്ട്രോണിക് സാധനങ്ങളില്‍ ഇപ്പോള്‍ ഉള്ള ഡാറ്റ എന്‍ഐഎ തന്നെ തിരുകി കയറ്റിതല്ലാ എന്ന് ഞങ്ങളെങ്ങനെ വിശ്വസിക്കും' ജെന്നി  ചോദിക്കുന്നു. 

2019 സെപ്റ്റംബര്‍ പത്തിന് അറസ്റ്റ് വാറണ്ടു പോലുമില്ലാതെ വന്നാണ് ലാപ്‌ടോപ് അവര്‍ കൊണ്ടുപോയതെന്നും ലാപ്‌ടോപിലുള്ള ഡാറ്റകള്‍ എന്തൊക്കെയുണ്ടെന്ന തിട്ടപ്പെടുത്തുന്ന ഹാഷ് വാല്യു എന്‍ഐഎ തങ്ങള്‍ക്ക് നല്‍കിയിരുന്നില്ല എന്ന പ്രധാന ആരോപണവും ജെന്നി ഉന്നയിക്കുന്നുണ്ട്. 

"ഒരു ഫോള്‍ഡര്‍ ബാബുവിന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തി എന്ന് പറയുമ്പോഴും അവർ ഞങ്ങള്‍ക്ക് ഹാഷ് വാല്യു തന്നില്ലായിരുന്നു. അതു ചോദിക്കണം എന്നൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഹൈഡ് ചെയ്ത നിലയില്‍ കണ്ടെത്തി എന്നെല്ലാമാണ് അവര്‍ പറയുന്നത്. നിങ്ങളാണോ ഈ ഫോള്‍ഡര്‍ ഉണ്ടാക്കിയത് അതല്ലെങ്കില്‍ നിങ്ങളുടെ ഫ്രണ്ട്‌സ് ഇട്ടതാണോ, വിദ്യാര്‍ഥികളാണോ ഇട്ടതെന്നുമെല്ലാം ചോദിച്ചു. വേറെ ആര്‍ക്കെങ്കിലും ലാപ്‌ടോപ്പില്‍ ആക്‌സസ് ഉണ്ടോ എന്നും ചോദിച്ചു.  ബാബുവിന്റേതെന്ന്‌ എന്‍ഐഎ ആരോപിക്കുന്ന ഡാറ്റ ബാബുവിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബാബു എന്നോട് പറഞ്ഞിരുന്നു. പഴയ തീയതി വെച്ച് ആര്‍ക്കു വേണമെങ്കിലും ലാപ്ടോപ്പില്‍ ഡാറ്റകള്‍ തിരുകി കയറ്റാം". അങ്ങനെ എന്‍ഐഎ പിടിച്ചെടുത്ത ശേഷം തിരുകി കയറ്റിതല്ലാ ഈ ഡാറ്റ എന്നതിന് എന്താണ് ഉറപ്പെന്നും ജെന്നി റൊവേന ചോദിക്കുന്നു. കേസ് പലപ്പോഴും നീട്ടിക്കൊണ്ടു പോകുന്നതിനാല്‍ തങ്ങള്‍ക്ക് ഇതൊന്നും തെളിയിക്കാന്‍ അവസരം കിട്ടില്ല എന്നതാണ് സങ്കടകരമായ കാര്യമെന്നും റൊവേന പങ്കുവെച്ചു.

"24 മുതല്‍ 28 വരെയാണ് എന്‍ഐഎയെ ബാബുവിനെ ചോദ്യം ചെയ്തത്. മുമ്പ് അറസ്റ്റിലായ റോണയെയും സായിബാബയെയും കുറിച്ചായിരുന്നു ചോദിച്ചത് മുഴുവന്‍. താങ്കൾ മാവോയിസ്റ്റ് അല്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ട സായിബാബയുടെ റിലീസിനായി പ്രവര്‍ത്തിക്കുന്ന സായിബാബ റിലീസ് ആന്‍ഡ് ഡിഫന്‍സ് കമ്മറ്റിയിലെന്തിന് പ്രവര്‍ത്തിക്കുന്നു എന്നാണ് അവര്‍ ബാബുവിനോട് ചോദിച്ചത്. അങ്ങനെയെങ്കില്‍ അരുന്ധതി റോയ് വരെ ഡിഫന്‍സിലുണ്ടല്ലോ അവരെയും നിങ്ങള്‍ മാവോയിസ്റ്റ് എന്ന് പറയുമോ എന്ന മറുചോദ്യവും ബാബു എന്‍ഐയോട് ചോദിച്ചിരുന്നു. ഞങ്ങള്‍ മാവോ ക്രിട്ടികിസ് ആണ്. സിംപതൈസര്‍ അല്ല.

മനുഷ്യാവകാശത്തിന് വേണ്ടി സംസാരിക്കുന്നവരെല്ലാം മാവോയിസ്റ്റുകളാണെന്നാണ് അറസ്റ്റിലൂടെ എന്‍ഐഎ വരുത്തിതീര്‍ക്കുന്നത്. പ്രൊഫ ജി എന്‍ സായിബാബയുടെ അഭിഭാഷകനെയും ഇതുപോലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിന്റെ ഭാഗമായാണ് മുമ്പ് അറസ്റ്റിലായ റോണയെ അറിയുന്നത് തന്നെ. 

സായിബാബ ഞങ്ങളുടെ സഹപ്രവര്‍ത്തകനാണ്. ഡല്‍ഹിയില്‍ വന്നപ്പോൾ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സായിബാബയുടെ ഡിഫന്‍സ് കമ്മറ്റിയില്‍ ബാബു ധൈര്യമായി നിന്നത്. ആ ബന്ധം വെച്ചാണ് അവര്‍ ബാബുവിനെ പിടിച്ചത്. ബാബു ഡിഫന്‍സ് കമ്മറ്റിയുടെ ആളാണെന്നത് പരസ്യമായ കാര്യമാണ്. അതൊരു പബ്ലിക് ഫോറമാണ്. അതില്‍ ഒളിച്ചുവെക്കാനുള്ള ഒന്നുമില്ല". ആ ഒരു അസോസിയേഷന്‍ വെച്ച്‌ ബാബുവിനെ മാവോയിസ്റ്റ് ആക്കുകയാണെന്നും ജെന്നി റൊവേന ആരോപിക്കുന്നു.

2017 ഡിസംബര്‍ 31-ന് പുണെ ശനിവാര്‍വദയിലെ കബീര്‍ കലാമഞ്ചില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്തിലെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മഹാരാഷ്ട്രയില്‍ വ്യാപകമായിനടന്ന അക്രമത്തില്‍ ഒട്ടേറെപ്പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ സംഭവത്തില്‍ മാവോവാദി നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍.

 

content highlights: Hani Babu's Wife Jenny Rowena speaks about his arrest