ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു


ഹമീദ് ചേന്ദമംഗലൂര്‍'ഷിന്‍, ഷിയാന്‍, ആസാദി' (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം). ഈ മുദ്രാവാക്യം മുഴക്കിക്കൊണ്ട് തെരുവുകളില്‍ പ്രക്ഷോഭംനടത്തിയ സ്ത്രീകള്‍ തങ്ങളുടെ ഹിജാബുകള്‍ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. തങ്ങളുടെ ശരീരത്തിന്റെ ഉടമാവകാശം തങ്ങള്‍ക്കുതന്നെയാണെന്നും തങ്ങള്‍ ഏതുതരം വസ്ത്രമണിയണമെന്ന് തീരുമാനിക്കേണ്ടത് പുരുഷപുരോഹിതരല്ല, തങ്ങള്‍തന്നെയാണെന്നും മതാധികാരികളുടെ മുഖത്തുനോക്കി വിളിച്ചുപറയാന്‍ അവര്‍ കരളുറപ്പോടെ മുന്നോട്ടുവന്നു.

മഹ്‌സാ അമീനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ ഇറാനിലെ ​െടഹ്‌റാനിൽ നടന്ന പ്രകടനം| ഫോട്ടോ: ഗെറ്റി ഇമേജസ്‌

ഹിജാബ് എന്ന ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ ഔദ്യോഗിക സദാചാര പോലീസിനാല്‍ കൊലചെയ്യപ്പെട്ട മഹ്സ അമീനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ഇറാനില്‍ ആഞ്ഞടിക്കുകയാണ്. പുരുഷാധിപത്യ പൗരോഹിത്യത്തിനാല്‍ എത്രമേല്‍ വരിഞ്ഞുകെട്ടപ്പെട്ടിട്ടും സ്വതന്ത്രശബ്ദങ്ങള്‍ ഇല്ലാതാവുന്നില്ല എന്നതിന്റെ ലോക ഉദാഹരണമാണ് ടെഹ്റാനിലെ തെരുവുകളില്‍ നിന്ന് ഉയരുന്നത്

പുരോഗമനചിന്തകളുടെയും മനുഷ്യാവകാശങ്ങളുടെയും അപ്പോസ്തലര്‍ എന്ന് മേനിനടിക്കുന്ന നമ്മുടെ ചില പൊതുബുദ്ധിജീവികളും രാഷ്ട്രീയമേലാളരും മഹ്സ അമീനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്നറിയില്ല. ഹിജാബ് (ശിരോവസ്ത്രം) ശരിയാംവണ്ണം ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ ഔദ്യോഗിക സദാചാരപ്പോലീസ് (Gesht e Ershad) അറസ്റ്റുചെയ്യുകയും കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത കുര്‍ദ് വംശജയായ മുസ്ലിംവനിതയാണ് മഹ്സ. സെപ്റ്റംബര്‍ 13-ന് കുടുംബാംഗങ്ങളോടൊപ്പം ടെഹ്റാനിലേക്ക് യാത്രചെയ്യുമ്പോഴാണ് ആ ഇരുപത്തിരണ്ടുകാരിയെ സദാചാരസേന പിടികൂടിയത്. അവള്‍ തട്ടമിട്ടത് മതം നിഷ്‌കര്‍ഷിക്കും വിധമല്ലെന്ന് വിധിയെഴുതി ആ 'ധര്‍മ'കിങ്കരന്മാര്‍ അവള്‍ക്കുമേല്‍ മര്‍ദനവര്‍ഷം നടത്തി. അബോധാവസ്ഥയിലായ ആ യുവതി മൂന്നാംനാള്‍ ആശുപത്രിയില്‍ മരിച്ചു.1925-1979 കാലത്ത് നിലനിന്ന ഷാ പഹ്ലവി ഭരണത്തില്‍ ഇറാനില്‍ മതകാര്‍ക്കശ്യങ്ങള്‍ക്ക് വലിയ സ്ഥാനമില്ലായിരുന്നു. റിസ ഷാ പഹ്ലവിയും മകന്‍ മുഹമ്മദ് റിസ ഷാ പഹ്ലവിയും പുരോഹിതരുടെ അധികാരവും സ്വാധീനവും കര്‍ശനമായി വെട്ടിക്കുറച്ചതിനാല്‍ സമൂഹം പൊതുവേ മതചങ്ങലകളുടെ കെട്ടുപാടുകളില്‍ നിന്ന് മുക്തമായിരുന്നു. സ്ത്രീ വിമോചനത്തിന്റെ കാര്യത്തില്‍ രാജ്യം ഏറെ മുന്നേറി. ലിംഗസമത്വത്തിനെതിരേയുള്ള മതവിലക്കുകള്‍ക്കുള്ള ഇടം അനുക്രമം കുറഞ്ഞുവന്നു.

സാംസ്‌കാരികാര്‍ഥത്തില്‍ ഒരു ആധുനിക ഇറാന്റെ സൃഷ്ടി ഇവ്വിധം നടന്നുകൊണ്ടിരിക്കേയാണ് 1979-ല്‍ ആയത്തൊള്ള ഖമേനിയുടെ കാര്‍മികത്വത്തില്‍ അവിടെ 'ഇസ്ലാമികവിപ്ലവം' നടക്കുന്നത്. പേരുസൂചിപ്പിക്കുന്നതുപോലെ, രാഷ്ട്രീയവിപ്ലവം എന്നതിലേറെ അതൊരു മതവിപ്ലവമായിരുന്നു. കാലഹരണപ്പെട്ട മതനിയമങ്ങളിലേക്കും ആചാരങ്ങളിലേക്കും സമൂഹത്തെ തിരിച്ചുകൊണ്ടുപോകുന്ന വിപ്ലവം.

ഖമേനിയന്‍ വിപ്ലവം നടക്കുകയും ഇറാന്‍ പൗരോഹിത്യവാഴ്ചയിലേക്ക് പിന്‍വാങ്ങുകയും ചെയ്തിട്ടും പഹ്ലവി ഭരണനാളുകളില്‍ ആ രാജ്യത്ത് വികസിച്ചുവന്ന സാംസ്‌കാരിക ഉണര്‍വുകള്‍ പൂര്‍ണമായി തല്ലിക്കെടുത്താന്‍ ആയത്തൊള്ളമാര്‍ക്ക് സാധിച്ചില്ല. അതിന്റെ തെളിവത്രേ മതയാഥാസ്ഥിതികനായ പുതിയ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, പ്രാകൃതമതശാസനകള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കാന്‍ തുനിഞ്ഞിറങ്ങിയിട്ടും മഹ്സ അമീനിയുടെ ക്രൂരഹത്യക്കെതിരേ അവിടെ വീശിയടിച്ച അതിശക്തമായ പ്രതിഷേധക്കൊടുങ്കാറ്റ്. പെട്രോളിന്റെ വിലക്കുതിപ്പിനെതിരേ നടന്ന കൂറ്റന്‍ പ്രക്ഷോഭത്തിനുശേഷം ഇറാനിലെ ഇസ്ലാമികഭരണകൂടം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്.

1989 തൊട്ട് ഇറാന്റെ പരമോന്നത നേതാവിന്റെ പദവിയിലിരിക്കുന്ന പുരോഹിതമുഖ്യന്‍ ആയത്തൊള്ള അലി ഖാംനുള്ളയോടുള്ള അദമ്യരോഷം പ്രക്ഷോഭകരുടെ മുദ്രാവാക്യത്തില്‍നിന്ന് വ്യക്തമാണ്. 'സ്വേച്ഛാധിപതിക്ക് മരണം' എന്നാണവര്‍ ആക്രോശിച്ചത്. രാജ്യത്തെ ചെറുതും വലുതുമായ അമ്പതോളം പട്ടണങ്ങളില്‍ സ്ത്രീകളടക്കം വിദ്യാര്‍ഥികളും യുവജനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമിക്കുകളുമുള്‍പ്പെടെ വന്‍ജനാവലി പങ്കുകൊണ്ട പ്രക്ഷോഭത്തില്‍ ഉയര്‍ത്തപ്പെട്ട പ്രധാനപ്പെട്ട ആശയം മൂന്നുപദങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു: 'ഷിന്‍, ഷിയാന്‍, ആസാദി' (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം). ഈ മുദ്രാവാക്യം മുഴക്കിക്കൊണ്ട് തെരുവുകളില്‍ പ്രക്ഷോഭംനടത്തിയ സ്ത്രീകള്‍ തങ്ങളുടെ ഹിജാബുകള്‍ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. നിര്‍ബന്ധിത ഹിജാബ് തങ്ങള്‍ക്കുവേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു അവര്‍. തങ്ങളുടെ ശരീരത്തിന്റെ ഉടമാവകാശം തങ്ങള്‍ക്കുതന്നെയാണെന്നും തങ്ങള്‍ ഏതുതരം വസ്ത്രമണിയണമെന്ന് തീരുമാനിക്കേണ്ടത് പുരുഷപുരോഹിതരല്ല, തങ്ങള്‍തന്നെയാണെന്നും മതാധികാരികളുടെ മുഖത്തുനോക്കി വിളിച്ചുപറയാന്‍ അവര്‍ കരളുറപ്പോടെ മുന്നോട്ടുവന്നു.

മതത്തെയും ദൈവത്തെയും മുന്‍നിര്‍ത്തിയുള്ള ഭരണവും അതിന്റെ നിയമാവലികളും പുരുഷനിര്‍ണീതമായിരിക്കുമെന്നത് അനുഭവസത്യമാണ്. അത്തരം ഭരണവ്യവസ്ഥകളില്‍ ദൈവത്തിന്റെയും വേദഗ്രന്ഥത്തിന്റെയും പേരില്‍ സാമൂഹികനിയമങ്ങളും സാംസ്‌കാരിക ചട്ടക്കൂടുകളും എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത്, അറുപഴഞ്ചന്‍ ആചാരങ്ങളില്‍നിന്ന് അരയിഞ്ച് വ്യതിചലിക്കുന്നതുപോലും മതവിരുദ്ധമാണെന്ന് വിധിയെഴുതുന്ന പൗരോഹിത്യമായിരിക്കും. ലിംഗനീതിയടക്കമുള്ള ജനാധിപത്യമൂല്യങ്ങള്‍ക്ക് അവര്‍ വിലകല്പിക്കുകയില്ലെന്നുമാത്രമല്ല, തങ്ങളുടെ സങ്കല്പത്തിലുള്ള തിയോക്രസി നടപ്പാക്കാന്‍ അവര്‍ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും അടിച്ചമര്‍ത്തുകയും ചെയ്യും.

മഹ്സ അമീനിക്ക് നേരിട്ട ദുരന്തത്തിനെതിരേ ഇറാനിയന്‍ തെരുവുകളില്‍ പ്രതിഷേധിച്ചവരെ ഉരുക്കുമുഷ്ടിയുപയോഗിച്ച് നേരിടുകയത്രേ മതഭരണകൂടം ചെയ്യുന്നത്. പ്രക്ഷോഭരംഗത്തിറങ്ങിയ നാല്‍പ്പതോളം പേര്‍ 'നിയമപാലക'രാല്‍ കൊല്ലപ്പെട്ടിരിക്കുന്നു.

അമീനിയുടെ ദുരന്തം ആദ്യമായി ലോകത്തെ അറിയിച്ച നിലൂഫര്‍ ഹമേദി, ഫോട്ടോ ജേണലിസ്റ്റ് യാല്‍ഡ മൊത്താരി തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്.

അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര്യവിരുദ്ധ നടപടികളും ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചിരിക്കുന്നു.

ഒരുഭാഗത്ത് മതത്തിന്റെ കാടന്‍ നിയമങ്ങളും സമ്പ്രദായങ്ങളും സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷപൗരോഹിത്യം, മറുഭാഗത്ത് തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ (മതത്തിന്റെയും ദൈവത്തിന്റെയും പേരുപറഞ്ഞുള്ള ഭരണം) നേടാനും നിലനിര്‍ത്താനും ഉപയോഗിക്കുന്നത് ചില ആധുനികചിന്തകരുടെ ആശയങ്ങളാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ഷിയാ ഇസ്ലാമിന്റെ പുരോഹിതനെങ്കിലും ആയത്തൊള്ള ഖമേനിയുടെ മതവിചാരങ്ങളെ ആഴത്തില്‍ സ്വാധീനിച്ചത് സുന്നി ഇസ്ലാമിന്റെ ബുദ്ധിജീവിയും ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ്ഡിന്റെ സൈദ്ധാന്തികനുമായിരുന്ന സയ്യിദ് ഖുതുബിന്റെ ഇസ്ലാമിസ്റ്റാശയങ്ങളാണ്. ഇസ്ലാമിക തീവ്രവാദത്തിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന Milestones (നാഴികക്കല്ലുകള്‍) എന്ന കൃതിയുടെ രചയിതാവാണ് ഖുതുബ്. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക നിയമവകുപ്പില്‍ പ്രൊഫസറും ഗ്രന്ഥകാരനുമായ ഖാലിദ് അബു അല്‍ ഫദ്ല്‍ വ്യക്തമാക്കിയതുപോലെ, നാസി ആശയങ്ങളോട് ചേര്‍ന്നുനിന്ന കാള്‍ ഷ്മിറ്റ് (1888-1985) എന്ന ജര്‍മന്‍ ചിന്തകനാല്‍ അഗാധമായി സ്വാധീനിക്കപ്പെട്ട ഇസ്ലാമിസ്റ്റത്രേ ഖുതുബ്. അദ്ദേഹത്തിന്റെ പല ആശയങ്ങളും പരികല്പനങ്ങളും ഭാഷാപ്രയോഗങ്ങള്‍പോലും ഷ്മിറ്റില്‍നിന്ന് കടംകൊണ്ടവയാണ്. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട തന്റെ 'നാഴികക്കല്ലുകളി'ല്‍ താന്‍ ആവിഷ്‌കരിച്ച ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനുമേല്‍ ഇസ്ലാമിന്റെ മേല്‍പ്പാളി സമര്‍ഥമായി ഒട്ടിച്ചുവെക്കുകയാണ് ഖുതുബ് ചെയ്തത്. (See Khaled Abou El Fadl, Reasoning with God, pp. 191-192, 2015) ഇറാനിലെ ആയത്തൊള്ള ഖമേനി ചെയ്തതും അദ്ദേഹത്തിന്റെ അനന്തരഗാമികള്‍ ചെയ്യുന്നതും മറ്റൊന്നല്ല.

സാംസ്‌കാരികാര്‍ഥത്തിലും രാഷ്ട്രീയാര്‍ഥത്തിലും വിശ്വാസാര്‍ഥത്തിലും അയവേറിയതും വൈവിധ്യാനുകൂലമായതുമായ നിലപാടാണ് ഇരുപതാം നൂറ്റാണ്ടിനുമുമ്പുള്ള നാലഞ്ചു ശതകങ്ങളിലെങ്കിലും മുസ്ലിം സമൂഹത്തില്‍ പൊതുവേ നിലനിന്നത്. വിശ്വാസപരമോ സാംസ്‌കാരികമോ ആയ വൈവിധ്യങ്ങള്‍ ആ കാലയളവില്‍ അനുവദിക്കപ്പെട്ടിരുന്നു. ആ തുറകളിലൊന്നും ഏകരൂപത അക്കാലത്ത് നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നേയില്ല. ബഹുരൂപ, ബഹുസ്വര ഇസ്ലാം എന്നത് ഏകരൂപ, ഏകസ്വര ഇസ്ലാം അഥവാ ഇസ്ലാമിസിറ്റി എന്ന നിലയില്‍ രൂപാന്തരപ്പെട്ടത് പില്‍ക്കാലത്താണ്. ഖാലിദ് ഫദ്ലിന്റെ അഭിപ്രായത്തില്‍, വഹാബിസത്തിലൂടെയാണ് ഇസ്ലാമിക ഏകസ്വരത (ഇസ്ലാമിസിറ്റി) ശക്തിപ്രാപിച്ചത്.

ഇസ്ലാം എന്ന ബഹുരൂപമതം ഇസ്ലാമിസിറ്റിക്ക് വഴിമാറിയതോടെ ആ മതത്തിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളുമായി ബന്ധമില്ലാത്ത ഹിജാബ്, പര്‍ദ, നിഖാബ് തുടങ്ങിയ വസ്ത്രധാരണരീതികള്‍ മതവിശ്വാസത്തിന്റെ അലംഘനീയ ഭാഗങ്ങളായി മാറ്റപ്പെടുകയായിരുന്നു. ഇന്ത്യയിലടക്കം മുസ്ലിം പൗരോഹിത്യം ഇസ്ലാമിന്റെ അവിഭക്തചിഹ്നങ്ങളിലൊന്നായി ഹിജാബിനെ അടയാളപ്പെടുത്തുന്ന സമ്പ്രദായം അങ്ങനെയാണ് വികസിച്ചുവന്നത്. കര്‍ണാടകത്തില്‍ സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമായി ഹിജാബ് നിരോധനം വന്നപ്പോള്‍ അതിനെതിരേ ഒരുവിഭാഗം അവിടെ പ്രക്ഷോഭരംഗത്തിറങ്ങിയത് ഓര്‍ക്കുക. ഹിജാബ് ധരിക്കാത്ത സ്ത്രീ മുസ്ലിമാവില്ല എന്ന തികച്ചും വസ്തുതാവിരുദ്ധമായ സന്ദേശമാണ് ആ പ്രക്ഷോഭം നല്‍കിയത്.

കര്‍ണാടകത്തിലെ മുസ്ലിം വിദ്യാര്‍ഥിനികളുടെ ഹിജാബവകാശത്തിനുവേണ്ടി ഉച്ചത്തില്‍ ശബ്ദിക്കാന്‍ നമുക്കുചുറ്റും ധാരാളം പൊതുബുദ്ധിജീവികളും രാഷ്ട്രീയസാരഥികളുമുണ്ടായി. നമ്മുടെ മുഖ്യമന്ത്രിപോലും കര്‍ണാടക വിദ്യാലയങ്ങളിലെ ഹിജാബ് നിരോധത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്രസംഗവേദിയില്‍ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി ആ പ്രസംഗം നടത്തിയ ദിവസം ഇറാനില്‍ മഹ്സ അമീനിയെ സദാചാരപ്പോലീസ് വകവരുത്തിയതില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടക്കുകയായിരുന്നു! നമ്മുടെ ചില സാംസ്‌കാരികപ്രഭുക്കളെപ്പോലെ മുഖ്യമന്ത്രിയും മഹ്സയുടെ നിലവിളി കേട്ടില്ല. മതപരമായി നിര്‍ബന്ധമില്ലാത്ത ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശത്തിന്റെ പേരിലാണ് കുര്‍ദ് യുവതി രക്തസാക്ഷിയായത്. അത് കണ്ടില്ലെന്നുഭാവിച്ച നമ്മുടെ രാഷ്ട്രീയത്തമ്പുരാക്കന്മാരും സാംസ്‌കാരികജന്മിമാരും 'ഏഷ്യ' എന്ന വിദേശപത്രത്തിന്റെ ഒന്നാംപേജില്‍ വന്ന ഈ വാചകം വായിക്കണം: ''പ്രിയപ്പെട്ട മഹ്സാ, നിന്റെ പേര് ഒരു പ്രതീകമായി മാറും.

Content Highlights: Hameed Chennamangaloor,Iranian woman Mahsa amini, social, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented