രോ മനുഷ്യന്‍ മരിക്കുമ്പോഴും മാനവരാശി ചെറുതാവുകയാണെന്ന് എഴുതിയത് ആംഗലേയ കവി ജോണ്‍ ഡണ്‍ ആണ്. മണി മുഴങ്ങുന്നത് ആര്‍ക്കു വേണ്ടിയാണെന്നറിയാന്‍ ആളെ അയക്കരുതെന്നും അത് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടി തന്നെയാണ് മുഴങ്ങുന്നതെന്നും ഡണ്‍ എഴുതി. ബെംഗലൂരുവില്‍ രാജരാജേശ്വരി നഗറിലെ വീട്ടില്‍  ചോരയില്‍ കുളിച്ചുകിടക്കുന്ന ഗൗരി ലങ്കേഷിന്റെ ചിത്രം ശരിക്കും ഞെട്ടിച്ചുകളഞ്ഞു. പത്രപ്രവര്‍ത്തകയെന്ന നിലയില്‍ ഗൗരി സഹയാത്രികയായിരുന്നു. ഗൗരി എഡിറ്ററായ ലങ്കേഷ് പത്രിക ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രചോദനവുമായിരുന്നു. 1980-ല്‍ ഈ വാരിക തുടങ്ങുമ്പോള്‍ ഗൗരിയുടെ പിതാവ് ലങ്കേഷ് ഒരു കാര്യം ഉറപ്പിച്ചിരുന്നു. ലങ്കേഷ് പത്രിക ഒരു പരസ്യം പോലും സ്വീകരിക്കില്ല. 17 കൊല്ലം മുമ്പ് ലങ്കേഷ് മരിച്ചപ്പോള്‍ മക്കളായ ഇന്ദ്രജിത്തും ഗൗരിയും ഈ ലക്ഷ്യത്തില്‍ ഉറച്ചു നിന്നു. വാരികയുടെ വില്‍പനയില്‍നിന്നുള്ള കാശു തന്നെയായിരുന്നു പ്രധാന വരുമാനം. ലങ്കേഷ് സ്ഥാപിച്ച പ്രസിദ്ധീകരണശാലയില്‍നിന്നുള്ള വിദ്യാഭ്യാസഗ്രന്ഥങ്ങള്‍ വിറ്റു കിട്ടുന്ന പണവും പലപ്പോഴും ലങ്കേഷ് പത്രികയുടെ സഹായത്തിനെത്തി.

പത്രപ്രവര്‍ത്തനത്തില്‍ ഗൗരിക്ക് അനുരഞ്ജനങ്ങളുണ്ടായിരുന്നില്ല. ഒത്തുതീര്‍പ്പിന്റെ വഴികളില്‍നിന്ന് ഗൗരി മാറി നടന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇന്ത്യയെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ ഒരിക്കലും ഗൗരി തയ്യാറായിരുന്നില്ല. ഇന്ത്യയുടെ ബഹുസ്വരതയിലും മതനിരപേക്ഷതയിലും ഗൗരിക്കുള്ള വിശ്വാസം അചഞ്ചലമായിരുന്നു. ഈ നിലപാട് ഗൗരിക്ക് നല്‍കിയ ശത്രുക്കളുടെ എണ്ണം ചെറുതായിരുന്നില്ല, അവര്‍ നിസ്സാരരുമായിരുന്നില്ല. 

ഗൗരിയുടെ മരണം നമ്മുടെ ഓര്‍മ്മയിലേക്ക് തീര്‍ച്ചയായും കല്‍ബുര്‍ഗിയുടെ നിഷ്ഠൂരകൊലപാതകം കൊണ്ടു വരുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് ഓഗസ്റ്റ് 30-നാണ് കല്‍ബുര്‍ഗി കൊലയ്ക്കിരയായത്. അതേ വര്‍ഷം തന്നെയാണ് ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെട്ടത്. അതിനും രണ്ടു വര്‍ഷം മുമ്പ് നരേന്ദ്ര ധബോല്‍ക്കര്‍. ഈ നാലു കൊലപാതകങ്ങള്‍ക്കുമുള്ള സമാനത ഇവര്‍ നാലുപേരും ഹിന്ദുത്വയുടെ വിമര്‍ശകരായിരുന്നുവെന്നതാണ്. വര്‍ഗ്ഗീയ വിഷം ചീറ്റുന്നവര്‍ക്കെതിരെയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഉറച്ച നിലപാടുകളുണ്ടായിരുന്നു ഇവര്‍ നാലുപേര്‍ക്കും. മൂന്നു പേരുടെ വധത്തിന് പിന്നിലും സമാനതകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്‌ഷേ, കൊലയാളികളുടെ കണ്ണികള്‍ കണ്ടെത്താന്‍ ഇനിയും അന്വേഷണ ഏജന്‍സികള്‍ക്കായിട്ടില്ല. കര്‍ണ്ണാടകത്തിലെ ധാര്‍വാദിലെ വീട്ടില്‍ വെച്ചാണ് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. രണ്ടുകൊല്ലത്തിനിപ്പുറവും കല്‍ബുര്‍ഗിയുടെ ഘാതകരെ കണ്ടെത്തുന്നതില്‍ ഭരണകൂടം ഇരുട്ടില്‍ തപ്പുകയാണ്. 

വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യന്റെ അടിത്തറ. വിമര്‍ശിക്കാനുള്ള ഇടമില്ലെങ്കില്‍ പിന്നെ സ്വാതന്ത്ര്യം എന്ന വാക്കിന് എന്തര്‍ത്ഥമാണുള്ളത്? സംസാര സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യം മാത്രമല്ലെന്നും സംസാരിച്ചു കഴിഞ്ഞതിനു ശേഷവും സ്വാതന്ത്ര്യമില്ലെങ്കില്‍ സംസാര സ്വാതന്ത്ര്യം പൊളളയാണെന്നും നിരീക്ഷിച്ചത് എം.എഫ്. ഹുസൈന്‍, പെരുമാള്‍ മുരുകന്‍ കേസുകളില്‍ വിധിയെഴുതിയ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളാണ്. ഹുസൈന് ചെയ്യാനാവുന്നത് ചിത്രം വരയ്ക്കലാണെന്നും പെരുമാള്‍ മുരുകന്‍ എഴുതുകയാണ് വേണ്ടതെന്നും കൗള്‍ ചൂണ്ടിക്കാട്ടി. വിയോജിക്കുന്നവരെ, വിമര്‍ശിക്കുന്നവരെ സംരക്ഷിക്കാന്‍ ഭരണകൂടത്തിനാവണമെന്നും അദ്ദേഹം വ്യക്തമാക്കി. മാതൊറു ഭാഗന്‍ എന്ന നോവലിന്റെ പേരില്‍ തമിഴ്‌നാട്ടിലെ നാമക്കലിലുള്ള ജാതി സംഘടനകള്‍ പെരുമാള്‍ മുരുകനെതിരെ തിരിഞ്ഞപ്പോള്‍ പെരുമാള്‍ മുരുകനെ സംരക്ഷിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടിയിരുന്നതെന്നും ജസ്റ്റിസ് കൗള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ പറഞ്ഞു. മാതൊറുഭാഗന്‍ നിരോധിച്ച ഭരണകൂടത്തിന്റെ നടപടി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് കൗള്‍ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരനെ ഉയിര്‍ത്തെഴുന്നേല്‍പിച്ചു.

ഗൗരിയുടെ കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ സിദ്ധരാമയ്യുടെ ഭരണകൂടത്തിനായില്ല. ഇനിയിപ്പോള്‍ അവരുടെ ഘാതകരെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ സര്‍ക്കാരിനാവണം. വിയോജിപ്പിന്റെ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുന്ന സമൂഹം തീര്‍ത്തും അപരിഷ്‌കൃതമാണെന്ന് സിദ്ധരാമയ്യയ്ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

പഴയ ബര്‍മ്മയിലുടെ(മ്യാന്‍മര്‍ ) നടത്തിയ ഒരു യാത്രയെക്കുറിച്ച് പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ തെറോ എഴുതിയിട്ടുണ്ട്. അവിടെ റങ്കൂണിലെ ഒരു തെരുവില്‍ തെറോയെ ഒരു സൈക്കിള്‍ റിക്ഷയിലേറ്റിക്കൊണ്ടുപോയത് അദ്ധ്യാപക വൃത്തിയില്‍നിന്നു വിരമിച്ച ഒരാളായിരുന്നു. മെല്ലിച്ച്, അവശനായ ഒരാള്‍. പെന്‍ഷന്‍ കാശ് വീട്ടുവാടക കൊടുക്കാന്‍ പോലും മതിയാവാതെ വന്നതുകൊണ്ടാണ് ആ മുന്‍ അദ്ധ്യാപകന്‍ സൈക്കിള്‍ റിക്ഷ ചവിട്ടാന്‍ തുടങ്ങിയത്. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ തെറോ ഒരു കാര്യം മനസ്സിലാക്കി. രണ്ടു പേരും ജനിച്ചത് ഒരേ വര്‍ഷം ഒരേ മാസത്തിലാണ്. ആ തിരിച്ചറിവിന്റെ ഉള്‍ക്കാഴ്ചയില്‍ തെറോ ഇങ്ങനെ എഴുതി. ''കാലത്തിന്റെ തിരിമറിച്ചില്‍ ഒന്നുകൊണ്ടു മാത്രമാണ് ഞാന്‍ അമേരിക്കയില്‍ ജനിച്ചത്. ഇല്ലെങ്കില്‍ റങ്കൂണില്‍ സൈക്കിള്‍ റിക്ഷ ചവിട്ടുന്ന ആ മനുഷ്യന്‍ ഞാനാകുമായിരുന്നു.''  അയാള്‍ ഞാന്‍ തന്നെയാണ് എന്ന തിരിച്ചറിവിനോളം മറ്റൊന്നില്ല. ബെംഗലൂരുവിലെ വീട്ടുമുറ്റത്ത് ചിതറിയ രക്തം ഗൗരിയുടേതു മാത്രമല്ല, നമ്മുടേതു കൂടിയാണ്. നമ്മള്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിന്റെ ഒരു ഭാഗമാണ് ബെംഗലൂരുവില്‍ ഇല്ലാതായിരിക്കുന്നത്. മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് നമ്മള്‍ അന്വേഷിക്കേണ്ട കാര്യമില്ല.