ന്യൂഡൽഹി:  ഒരു മുഖ്യമന്ത്രി പ്രാണവായു തരൂ എന്ന പറഞ്ഞ് പ്രധാനമന്ത്രിയോട് കൈകൂപ്പുന്നത് ഒരു പക്ഷെ ഇന്ത്യാ ചരിത്രത്തിലെ മാത്രമല്ല ലോക ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാകാം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പ്രധാനമന്ത്രിയോട് ഇത്തരമൊരു അഭ്യർഥന നടത്തിയത്. കൈകള്‍ കൂപ്പിക്കൊണ്ട് ഞങ്ങള്‍ക്ക് പ്രാണ വായു തരൂ എന്ന് പ്രധാനമന്ത്രിക്കു മുന്നില്‍ നിന്ന് പറയുന്ന കെജ്‌രിവാളിന്റെ വീഡിയോ രാജ്യമാകെ വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടത്. നിലവിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിമാര്‍ നടത്തിയ ഓണ്‍ ലൈന്‍ കൂടിക്കാഴ്ചയിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്.

കോവിഡ് ബാധിച്ച് ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് മനുഷ്യർ കൂട്ടത്തോടെ മരിച്ചു വീഴുന്നത് നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനനഗരിയിലാണ്. ഓക്സിജൻ ക്ഷാമം മൂലം ആശുപത്രിയിൽ പോലും അഭയം തേടാനാവാത്ത ദുരിതക്കയത്തിലൂടെയാണ് ഇന്ദ്രപ്രസ്ഥം കടന്നു പോകുന്നത്. ഈ വേളയിലാണ് കെജ്‌രിവാൾ തങ്ങളെ സഹായിക്കണമെന്നും ഇടപെടണമെന്നുമുള്ള അഭ്യർഥന പ്രധാനമന്ത്രിയുടെ മുന്നിൽ വെച്ചിരിക്കുന്നത്.

ഞങ്ങൾക്ക് ഓക്സിജൻ തരൂ എന്നും ഇല്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്നുമാണ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞത്.  പ്രാണവായു കിട്ടാതെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഒരു രോഗി മരിക്കാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി നിര്‍ദേശിക്കണമെന്നും കെജ്‌രിവാൾ കൂപ്പുകൈകളോടെ പ്രധാനമന്ത്രിയോട് പറഞ്ഞു.

കോവിഡ് ബാധിതരായ രോഗികള്‍ക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഡല്‍ഹിയിലെ നിരവധി സ്വകാര്യ ആശുപത്രികള്‍ പെടാപ്പാടുപ്പെടുകയാണ്. നിരവധിപ്പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യവുമുണ്ടായി ഈ സന്ദര്‍ഭത്തിലാണ് കെജ്‌രിവാൾ വികാരാധീനനായി പ്രധാനമന്ത്രിയോട് സംസാരിച്ചത്.

'ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഓക്സിജന്‍ ക്ഷാമമുണ്ട്. ഡല്‍ഹിയില്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റില്ലെങ്കില്‍ ഇവിടുള്ളവര്‍ക്ക് ഓക്സിജന്‍ ലഭിക്കില്ല എന്നാണോ", കെജ്‌രിവാൾ പ്രധാനമന്ത്രിയോട് ചോദിച്ചു.

'ഓക്‌സിജന്റെ അഭാവം മൂലം ഡല്‍ഹിയിലെ ആശുപത്രിയിലെ ഒരു രോഗി മരിക്കാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി നിര്‍ദ്ദേശിക്കുക? ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, അല്ലാത്തപക്ഷം വലിയ ദുരന്തമാണ് ഡല്‍ഹിയില്‍ ഉണ്ടാവാന്‍ പോകുന്നത്', കെജ്‌രിവാൾ വികാരാധീനനായി.

ഡല്‍ഹിക്ക് അനുവദിച്ച ഓക്സിജന്‍ ക്വാട്ട 378 മെട്രിക് ടണ്ണില്‍ നിന്ന് 480 മെട്രിക് ടണ്ണായി കേന്ദ്രം അടുത്തിടെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ 380 മെട്രിക്  ടണ്‍ ഓക്സിജന്‍ മാത്രമാണ് നഗരത്തിന് ലഭിച്ചതെന്ന് കെജ്‌രിവാൾ പരാതിപ്പെടുന്നു.

മറ്റ് സംസ്ഥാനങ്ങള്‍ ഡല്‍ഹിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടഞ്ഞതായും കെജ്‌രിവാൾ ആരോപിച്ചു. ട്രക്കുകള്‍ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് സംസാരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.

"ഓക്‌സിജന്‍ ക്ഷാമം മൂലം വേദന അനുഭവിക്കുകയാണ് ജനം. പ്രാണവായുകിട്ടാതെ വലിയ ദുരന്തം സംഭവിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരിക്കലും സ്വയം ക്ഷമിക്കാന്‍ കഴിയില്ല. ഓക്‌സിജന്‍ ടാങ്കറുകളുടെ സുഗമമായ ചലനം ഉറപ്പാക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും നിര്‍ദ്ദേശിക്കാന്‍ ഞാന്‍ കൂപ്പ് കൈകളോടെ അങ്ങയോട് അഭ്യര്‍ത്ഥിക്കുക്കുകയാണ്. പ്രാണവായു കിട്ടാന്‍ ഞങ്ങളെ സഹായിക്കണം. മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. രാത്രി ഉറങ്ങാനാവുന്നില്ല. എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ദയവായി ക്ഷമിക്കുക,'' അരവിന്ദ് കെജ്‌രിവാൾ കൈകൂപ്പി.

ഒഡീഷയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ഡല്‍ഹിയിലേക്ക് വരാനിരിക്കുന്ന ഓക്സിജന്‍ ടാങ്കറുകള്‍ വിമാനത്തില്‍ കയറ്റിയോ ഓക്സിജന്‍ എക്സ്പ്രസ് വഴിയോ എത്തിക്കണമെന്നും കെജ് രിവാള്‍ ആവശ്യപ്പെട്ടു.

ഓക്സിജന്‍ പ്ലാന്റുകള്‍ സൈന്യം ഏറ്റെടുക്കണമെന്നും കെജ് രിവാള്‍ ഉപദേശിച്ചു. 'എല്ലാ ഓക്സിജന്‍ പ്ലാന്റുകളും സൈന്യം വഴി കേന്ദ്രം ഏറ്റെടുക്കണം, ഓരോ ട്രക്കിനുമൊപ്പം സൈനികരുമുണ്ടാകണം.', അദ്ദേഹം പറഞ്ഞു.

ഇതിനുപുറമെ കോവിഡ് വാക്സിന്റെ കാര്യത്തില്‍ സംസ്ഥാനത്തിനും കേന്ദ്ര സര്‍ക്കാരിനും ഒരേ വില നിശ്ചയിക്കണമെന്നും അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

ഓൺലൈൻ ചർച്ചയിൽ കെജ്‌രിവാൾ സംസാരിക്കുന്ന വീഡിയോ കെജ്‌രിവാളിന്റെ ഓഫീസ് ലൈവായി പുറത്തുവിട്ടതോടെ സംഭവം വിവാദമായി. ഇന്‍ഹൗസ് സംഭാഷണങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് പ്രോട്ടോക്കോള്‍ ലംഗനമാണെന്നും പ്രധാനമന്ത്രി യോഗത്തിനിടെ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയം കളിക്കാനും നുണ പ്രചരിപ്പിക്കാനും കെജ്‌രിവാൾ വേദി ഉപയോഗിച്ചുവെന്ന് സംഭവത്തിനു പിന്നാലെ ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തു വന്നു. തുടര്‍ന്ന് കെജ്‌രിവാൾ മാപ്പ് പറഞ്ഞു. 

content highlights: give us oxygen otherwise there will be a tragedy, Kejriwal's appeal to PM Modi