ണ്ട് പണ്ട്,  ''എന്ന് സ്വന്തം മൊയ്തീന്‍'' എന്ന സിനിമയൊക്കെ ഇറങ്ങുന്നതിനും മുമ്പ്,  മുക്കത്തിന് അടുത്ത് നെല്ലിക്കാപ്പറമ്പും കഴിഞ്ഞാല്‍ വഴിവക്കില്‍ ഒരു ഇലഞ്ഞി നിന്നിരുന്നു. ഇലഞ്ഞിപ്പൂമണം ഒഴുകി നടന്നു. ആ കാളവണ്ടിക്കാലത്ത് ഇന്ദ്രിയങ്ങളില്‍ അതു പടര്‍ന്നു . പതിയെ അതിനോട് ചേര്‍ന്ന് ഒരു മാവു മുളച്ചു.  മാവ് വളര്‍ന്നു. മാമ്പൂവും ഇലഞ്ഞിപ്പൂവും സൗരഭ്യമേകി. പിന്നെ ഇലഞ്ഞി പോയി.  ഇലഞ്ഞിയും മാവും ചേര്‍ന്ന നാട് ഇരഞ്ഞിമാവായി.  ഗെയില്‍ സമരത്തിനിടെ എന്തു സ്ഥലപുരാണം? 

എരഞ്ഞിമാവ് അസ്വസ്ഥമാണ്. ചര്‍ച്ചകള്‍ വരാനിരിക്കുന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. പതിവ് ശൈലിയില്‍  പോലീസ് മന്ത്രി പറഞ്ഞു. ' സമ്മര്‍ദ്ദവും വിരട്ടലും ഇങ്ങോട്ട് വേണ്ട. വികസനവിരോധികളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ' 
എതിര്‍പ്പിന്റെ മനശ്ശാസ്ത്രം പണ്ടേ ഉണ്ട് മലയാളിക്ക്. പി കേശവദേവിന്റെ ആത്മകഥയുടെ പേര് തന്നെ എതിര്‍പ്പെന്നാണ്. പ്രതിപക്ഷത്ത് നിന്ന് അധികാരത്തെ ചോദ്യം ചെയ്യാന്‍ പഠിപ്പിച്ചത് ഇവിടെ ഇടതുപക്ഷമാണ്. പഴയ തിരുവിതാംകൂര്‍ കോണ്‍ഗ്രസ് പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ആയപ്പോള്‍ എതിര്‍പ്പിന്റെ രജോഗുണം പ്രകടിപ്പിച്ചവര്‍ ഒക്കെ സോഷ്യലിസ്റ്റായി.  

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. എതിര്‍പ്പിന്റെ കൊടിപിടിച്ച എകെജിയെ പോലുള്ളവര്‍ സിപിഎമ്മായി.  പിന്നീടിങ്ങോട്ട് ഒരു വിഭാഗീയതയും സിപിഎമ്മിന് വിപ്ലവമായില്ല.  ഭരിക്കുമ്പോള്‍ പ്രത്യേകിച്ചും.അന്നേരമൊക്കെ എതിര്‍പ്പുകള്‍ തീവ്രവാദമായി.  സൗവര്‍ണപ്രതിപക്ഷം എന്ന വൈലോപ്പള്ളി പ്രയോഗം  മലയാളിക്ക് നന്നായി ചേരും.  അഞ്ചാണ്ട് തീരുമ്പോഴൊക്കെ ആ മനസ്സ് പക വീട്ടും. മലയാളിയുടെ അസുഖം എന്ന് ഇകെ നായനാര്‍ പറഞ്ഞത് അതാണ്. ഭരണവിരുദ്ധവികാരം.

എല്ലാത്തിനേയും സംശയത്തോടെ കാണുന്നവനാണ് മലയാളി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പണ്ട് പറഞ്ഞു. പട്ടിണി കൊണ്ട് അലഞ്ഞ വിപ്‌ളവ നാളുകളെ പറ്റി.  വിശന്ന് വലഞ്ഞ ഒരു രാത്രി. അദ്ദേഹം ആലുവ ബസ് സ്റ്റാന്‍ഡിലെത്തി. അവസാന ബസ്സും പോയിരുന്നു. കാത്തിരിപ്പിനുള്ള സിമന്റ് ബഞ്ചില്‍ കവി കിടന്നു. അരികെ ഒരു യാചകന്‍ എത്തി.  ചുള്ളിക്കാട് സംശയിച്ചു. ''ഇത് പോലീസിന്റെ ചാരനാണോ?  അതോ രഹസ്യപ്പോലീസു തന്നെയോ?  ഇയാള്‍ ഒറ്റുമോ? ' 
പരമദയനീയനായ ആ പിച്ചക്കാരനെ വരെ  സംശയിച്ചതിലെ സങ്കടം കവി എഴുതിയിട്ടുണ്ട്. പിന്നീട്. പക്ഷേ എന്നാലും മലയാളി സന്ദേഹിയാണ്. ശമിക്കാത്ത സന്ദേഹങ്ങളുടെ നിറഞ്ഞാട്ടം ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ കാണാം. 
കമ്പ്യൂട്ടര്‍ വന്നപ്പോള്‍ മലയാളി എതിര്‍ത്തു. ട്രാക്ടര്‍ വന്നപ്പോള്‍ എതിര്‍ത്തു.  നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം വന്നപ്പോള്‍ മലയാളി ചോദിച്ചു. ''ഓ.. പിന്നേ.. പാടത്തല്ലേ.. ഇറങ്ങിയത് തന്നെ..'' 

കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വന്നപ്പോള്‍ എതിര്‍പ്പായിരുന്നു. സ്ഥലം ഏറ്റെടുക്കാന്‍ ചെന്നിടത്തെല്ലാം പ്രതിഷേധം ശക്തമായി. വില്ലേജ് ഓഫീസര്‍മാര്‍ക്ക് പിന്നില്‍ പതുങ്ങി നില്‍ക്കുന്ന സിഐഎയുടെ നിഴലിനെ മലയാളി തേടി. 

തിരഞ്ഞുപിടിച്ച് ഷണ്ഡീകരിക്കാനാണ് എം ആര്‍ വാക്‌സിന്‍ എന്ന് പറയുന്ന കുറിപ്പടി പോലും സമ്പൂര്‍ണസാക്ഷര കേരളത്തില്‍ വിറ്റു പോയി. അയകളില്‍ ഉണക്കാനിട്ട കുഞ്ഞുടുപ്പുകള്‍ നോക്കി നടന്ന് പ്രതിരോധ കുത്തിവയ്‌പെടുത്ത കാലം തിരിച്ചു വന്നു.

പട്ടികയില്‍ ഇപ്പോള്‍ ചൂട് ഗെയിലിനാണ്. കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള പൈപ്പ് ലൈനാണ് പ്രശ്‌നം. കടന്നു പോകുന്നത് വാതകബോംബ് എന്നാണ് നാട്ടുകാരുടെ സംശയം. ആയുഷ്‌ക്കാലത്തെ സമ്പാദ്യം മുഴുവന്‍ കൈമോശം വരുന്ന വിഷമമുണ്ട് മനസ്സില്‍ . 
പരിഹരിക്കേണ്ടേ ഈ സംശയങ്ങള്‍? അതിനുള്ള ഗെയിലിന്റെ വാദങ്ങള്‍ അതീവ ദുര്‍ബലമാണ്. ഭൂമി ഏറ്റെടുക്കില്ലെന്ന ആദ്യവാദം എടുക്കാം. ശരിയാണ്. എന്നാല്‍ തെറ്റുമാണ്. 1962ലെ നിയമപ്രകാരം ഉപയോഗാവകാശം മാത്രമാണ് ഗെയിലിന്. നമ്മുടെ സ്ഥലം ഗെയില്‍ ഉപയോഗിക്കുന്നു. എന്നാല്‍ അവിടെ ഭൂമിയുടെ യഥാര്‍ഥ അവകാശിക്ക് ഒന്നും നിര്‍മ്മിക്കാന്‍ പാടില്ല. ഒരു മീറ്ററില്‍ കൂടുതല്‍ വേരു പടരുന്ന ചെടികള്‍ പോലും നടാനും പാടില്ല. താഴോട്ട് പോകുന്ന വേരിന്റെ നീളം നോക്കിയാല്‍ പിന്നെ കൃഷി പറ്റില്ല. 

ശകലീകൃതമാവുകയാണ് കേരളം . പൊന്നിന്‍ വില എന്ന പ്രയോഗത്തെ തിരുത്തുകയാണ് കാലം. മണ്ണിന്‍വില എന്നു തന്നെ പറയണം. പൊന്നിനേക്കാള്‍ പ്രിയമേറുന്ന ആ മണ്ണാണ് പോകുന്നത്. അപ്പോള്‍ ഗെയില്‍ പറയും. ''ഇല്ല. ഞങ്ങള്‍ കൊണ്ടു പോകുന്നില്ല. നിങ്ങള്‍ക്ക് ഇതു വില്‍ക്കാം.'' ശരിയായിരിക്കാം. പക്ഷേ വാങ്ങാന്‍ ആളു വേണ്ടേ. 

സംശയങ്ങളെ ബലപ്പെടുത്തും വിധമാണ് ഗെയിലിന്റെ വിശദീകരണങ്ങള്‍. ഭൂമിയുടെ ഉടമസ്ഥനെ കാര്യം അറിയിക്കാത്തതെന്തുകൊണ്ട്? 
ഗെയില്‍ തിരിച്ചു ചോദിക്കും. ' റവന്യൂ വകുപ്പ് റീസസര്‍വേ നടത്താത്തിന് കാരണം ഞങ്ങളാണോ? '  
ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ ഇടിത്തീയാവുന്നത്. വിരട്ടാനും സമ്മര്‍ദ്ദത്തിലാക്കാനുമാണ് എരഞ്ഞിമാവിലെ സമരം എന്ന് പറയുന്നത് ഭരണാധികാരിയാണ്. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടിലെ പോലെ ഇലഞ്ഞിപ്പൂമണമായി പകല്‍ക്കിനാവിന്റെ പനിനീര്‍മഴകളിലേക്ക് നിറയുന്നത് പഴയ സഖാവിന്റെ ഗന്ധമല്ല.

വികസനം വേണ്ട എന്ന് പറയുന്നില്ല എരഞ്ഞിമാവിലെ ഒരു വീട്ടമ്മയും. എന്നാല്‍ അവര്‍ക്ക് സംശയങ്ങളുണ്ട്. അതിന് മുന കൂര്‍പ്പിച്ചവരില്‍ ഇപ്പോഴത്തെ എംഎല്‍എ ജോര്‍ജ് എം തോമസുണ്ട്. മുന്‍ എംപി പി രാജീവുണ്ട്. ഇടതുപക്ഷമായി ഒപ്പം നിന്ന അവിടുത്തെ പാര്‍ട്ടിക്കാരെല്ലാമുണ്ട്. അന്നന്നത്തെ അപ്പത്തിനായി നാട്ടുകാരെ പേടിപ്പിക്കുന്ന അവിടത്തെ എല്ലാ പ്രാദേശിക രാഷ്ട്രീയക്കാരുമുണ്ട്.  

ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃതബോധം അവരില്‍ പെട്ടെന്നൊരു  നാള്‍ വന്നതല്ല. നിങ്ങളടക്കമുള്ളവര്‍ അതിന് ഉത്തരവാദികളാണ്. സമരം നയിച്ച നേതാക്കളില്‍ നിന്ന് കൊടി പിടിച്ചു മാറ്റാന്‍ നിങ്ങള്‍ തയ്യാറായിരുന്നില്ല. നിങ്ങള്‍ സൗകര്യം പൂര്‍വം  താഴെ വയ്ക്കുന്ന കൊടിയാണ് മറ്റ് പലരും ഏറ്റെടുക്കുന്നത്.

പാചകവാതകത്തിന് വിപണിയില്‍ വില ഇപ്പോള്‍ 700 രൂപയോളമാണ്. കാത്തിരിക്കാന്‍ നില്‍ക്കാതെ പുറത്തു നിന്നു വാങ്ങിയാല്‍ വില 1200 രൂപ.  അങ്ങനെ വാങ്ങേണ്ടി വരുന്ന കുടുംബങ്ങളാണ് കേരളത്തില്‍ നല്ലൊരു പങ്കും. ഇതിനൊരു മാറ്റം വരാന്‍ പുതിയ പദ്ധതി സഹായിക്കും എന്ന് ഗെയില്‍ വാദിക്കുന്നു. 

പ്രിയപ്പെട്ട നേതാക്കളേ, ഇത്രമേല്‍ ദീര്‍ഘകാലഗുണം തരുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ ഒന്ന് ഉറപ്പാക്കണം. മാന്യമായ നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവണം. വിഴിഞ്ഞത്ത് അദാനിക്ക് കിട്ടുന്ന ഉറപ്പ് എങ്കിലും എരഞ്ഞിമാവിലെ സുബൈദയ്ക്കും കിട്ടണം. കാരണം പനിച്ചു കിടക്കുന്ന അനിയത്തിക്ക് മരുന്നു വാങ്ങാന്‍ പോയി അടി കൊണ്ടത് അവരുടെ മകനായിരുന്നല്ലോ. 

സര്‍ക്കാര്‍ പറയുന്ന നഷ്ടപരിഹാരം നല്‍കാം എന്നാണ് ഗെയില്‍ നിലപാട്. അപ്പോള്‍ സര്‍ക്കാര്‍ എന്തിന് വിമുഖരാവണം. എംഎ ബേബിയും തോമസ് ഐസക്കും പറയുന്ന ചങ്ങാത്ത മുതലാളിത്തം മേശയ്ക്കടിയിലൂടെ കൈ കുലുക്കുന്നുണ്ടോ.?  സ്വന്തം മണ്ണ് നഷ്ടപ്പെടുന്നവര്‍ ചോദിക്കുന്ന ന്യായങ്ങളാണ്. 

എന്തു കൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്നത് തന്നെയാണ് പ്രധാനം. അവര്‍ കുറച്ചേയുള്ളൂ എന്നത് ഒരു സര്‍ക്കാരിന്റേയും നിലപാടാവുക വയ്യ. നൈതികതയെ പറ്റി എപ്പോഴും പറയുന്ന ചുവന്ന സര്‍ക്കാരിന് പ്രത്യേകിച്ചും. 
 തീവ്രവാദത്തിന്റെ കാര്യം ഇതിലേറെയാണ്. സോളിഡാരിറ്റിയോടും എസ്ഡിപിഐയോടും ആര്‍ക്കും വിയോജിക്കാം. എന്നാല്‍ അത് രാജ്യദ്രോഹസംഘടനകളാണെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുണ്ടെങ്കില്‍ അവരെ നിരോധിക്കാന്‍ നടപടിയെടുക്കണം. അല്ലാതെ മുനിസിപ്പാലിറ്റിയില്‍ ഭരണം കിട്ടാന്‍ കൂടെകൂട്ടരുത്. പ്രചാരണത്തില്‍ പോലും.  

മുത്തങ്ങയില്‍ പോലീസുകാര്‍ ചതച്ച സികെ ജാനുവിന്റെ മുഖം വന്നപ്പോള്‍ അന്ന് സര്‍ക്കാര്‍ പറഞ്ഞു. ' പീപ്പിള്‍സ് വാര്‍ ഗ്രൂപ്പാണ്'' കണ്ടെയ്‌നര്‍ സമരത്തിലേക്ക് മാവോയിസ്റ്റുകളുടെ അര്‍ബന്‍ ഗ്രൂപ്പുകള്‍ നുഴഞ്ഞു കയറുന്നെന്നായി വാദം. ഗെയില്‍ സമരത്തിന് പിന്നില്‍ ഐഎസ് ബന്ധം പറയാതിരുന്നതിന് നന്ദി.  

നന്ദിഗ്രാമിലും ഇങ്ങനെ മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നു. ' മഹാശ്വേതാ ദേവി അന്ന് ബുദ്ധദേവ് ഭട്ടാചാര്യയോട് പറഞ്ഞു. 
'' ബുദ്ധോ, അത് നക്‌സലൈറ്റുകളോ, മാവോയിസ്റ്റുകളോ അല്ല. പണ്ട് അവരെ കോണ്‍ഗ്രസ്സുകാരെന്ന് വിളിച്ച് ബ്രിട്ടീഷുകാര്‍ മര്‍ദ്ദിച്ചു. പിന്നെ കമ്മ്യൂണിസ്റ്റുകാരെന്ന് വിളിച്ച് സിദ്ധാര്‍ത്ഥ ശങ്കര്‍ റേ തല്ലി. ഇപ്പോള്‍ നിങ്ങളുടെ ഊഴം. പക്ഷേ ഓര്‍മ്മയുണ്ടാവണം. അത് മേദിനിപ്പൂരുകാരാണ്'' 
ബുദ്ധോ അതോടെ മഹാശ്വേതയോട് മിണ്ടാതായി. നന്ദിഗ്രാമിലും ലാല്‍ഗഡിലും സിപിഎം സോണല്‍ ഓഫീസുകള്‍ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ മാഞ്ഞുപോയി. കൗമാരകാലത്ത് തന്നെ നെരൂദയുടെ കവിത പാടിയ ബുദ്ധദേബ് ഇപ്പോഴും രാഷ്ട്രീയമായി നിലകിട്ടാതെ അലയുകയാണ്.  
ജന്മിത്തത്തിനും നാടുവാഴിത്തത്തിനും അയിത്തത്തിനും അനാചാരത്തിനും എതിരേ പോരടിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. മുരിക്കനില്‍ മണ്ണ് പിടിച്ചത് തോമസ് ചാണ്ടിക്ക് കൊടുക്കാനായിരുന്നില്ല. മുക്കത്ത് തൃക്കളയൂര്‍ ദേവസ്വത്തില്‍ നിന്നും മണ്ണിലേടത്തുകാരില്‍ നിന്നുമൊക്കെ ഏറ്റെടുത്തത് പുത്തന്‍ മുതലാളിമാര്‍ക്ക് മടക്കിക്കൊടുക്കാനല്ല. 

പുതുവൈപ്പിനില്‍, എരഞ്ഞിമാവില്‍ എല്ലാം അധികാരം പ്രമാണിത്തത്തിന്റെ മുണ്ടു മടക്കിക്കുത്തുകയാണ്. ജനാധിപത്യം ഇതല്ല. അവിടെ എതിര്‍പ്പിന് തീര്‍ച്ചയായും ഇടം വേണം. നിസ്സഹായരുടെ   എതിര്‍പ്പിനെ തച്ചു മുന്നേറേണ്ടതാണ് സര്‍ക്കാരെന്ന് കേരളത്തിന് പുറത്ത് എന്തായാലും സിപിഎം പറയില്ല.

കൊടികള്‍ക്കൊപ്പം അധികാരം പ്രശ്‌നങ്ങളേയും  വലിച്ചെറിയുന്നു. അധികാരത്തേയും ജനതയേയും സമീപിക്കുമ്പോള്‍ ഒരു സര്‍ക്കാരും മറക്കാത്ത ചില നീരിക്ഷണങ്ങളുണ്ട്. ഇല്യാസ് കനേറ്റി പണ്ട് പറഞ്ഞതാണ് അതിലൊന്ന്. ''ഉജ്ജ്വലമായ നാടകത്തേക്കാള്‍ മുഴുവനാളുകളേയും ഒന്നിപ്പിക്കാന്‍ തിയേറ്ററിലെ തീപ്പിടിത്തത്തിന് കഴിയും '