റഷ്യ-യുക്രൈൻ യുദ്ധത്തിൽ തകർന്ന പാലം | Photo: AFP
റഷ്യയുടെ യുക്രൈൻ അധിനിവേശം ഒരുവർഷം പൂർത്തിയാക്കി. ഒരാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട യുദ്ധം പക്ഷേ, ദീർഘയുദ്ധമായി പരിണമിച്ചിരിക്കുന്നു. നാറ്റോവികസനം റഷ്യൻ അതിർത്തിയെ തൊട്ട സാഹചര്യത്തിൽ ആരംഭിച്ച 'പ്രത്യേക സൈനികനടപടി' രണ്ടാംലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ സംഘർഷമായാണ് മാറിയത്. പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിലയുറപ്പിച്ചും ചില സന്ദർഭങ്ങളിൽ പിൻവാങ്ങിയും മുന്നേറിയും പ്രത്യേക മേഖലകളിൽ മാത്രം ഏറ്റുമുട്ടിയും ഒരു പരിമിതയുദ്ധത്തിന്റെ രൂപഭാവങ്ങളോടെ നിരന്തര സംഘർഷമേഖലയായി വടക്ക്-കിഴക്കൻ യുക്രൈൻ ദീർഘകാലത്തേക്ക് തുടരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഐക്യരാഷ്ട്രസംഘടനയും വൻശക്തിരാഷ്ട്രങ്ങളും ചേർന്ന് നയതന്ത്രപരിഹാരം സാധ്യമാക്കിയില്ലെങ്കിൽ യൂറോപ്യൻ രാഷ്ട്രശരീരത്തിൽ ഒരു സ്പാനിഷ് പുണ്ണായി യുക്രൈൻ മാറുമെന്നാണ് 2023-ലും തുടരുന്ന സംഘർഷം നൽകുന്ന സൂചന.
നഷ്ടക്കണക്കുകൾ
യുദ്ധം യുക്രൈന് സമ്മാനിച്ചത് അതിഭീമമായ നഷ്ടങ്ങളാണ്. കഴിഞ്ഞ ശൈത്യകാലത്ത് കിഴക്കൻ യുക്രൈൻ മേഖലയിൽനിന്ന് റഷ്യൻസൈന്യത്തെ തുരത്താൻകഴിഞ്ഞത് നിർണായകനേട്ടമാണെങ്കിലും രാജ്യത്തിന്റെ പൊതു സ്ഥിതി തികച്ചും അപകടകരമാണ്. റോയിറ്റേഴ്സ് നൽകുന്ന കണക്കനുസരിച്ച് 44 ദശലക്ഷം ജനസംഖ്യയുള്ള യുക്രൈനിൽ 14 ദശലക്ഷംപേർ അഭയാർഥികളായി. 1,40,000ത്തോളം കെട്ടിടങ്ങൾ തകർക്കപ്പെട്ടു. 35 ട്രില്യൺ ഡോളറിന്റെ നഷ്ടമാണ് ഭൗതികസംസ്‌കൃതിയിൽ ഉണ്ടായത്. ഇതിനുപുറമേ ആ രാജ്യത്തിനുണ്ടായ ആൾനാശം ഒരിക്കലും പരിഹരിക്കാവുന്നതല്ല. 2022 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് 42,295 സിവിലിയന്മാർ കൊല്ലപ്പെട്ടു. 54,132 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാണാതായവർ 15,000ത്തോളം വരും. അമേരിക്കൻ ജനറൽ മാർക്ക് മില്ലെ, ദി ഗാർഡിയനുമായി ചേർന്ന് നടത്തിയ പഠനമനുസരിച്ച് ഒരുലക്ഷത്തോളം യുക്രൈൻ സൈനികരാണ് ഇതിനകം കൊല്ലപ്പെട്ടത്. റഷ്യൻഭാഗത്തും ഒരുലക്ഷത്തിലധികം സൈനികർ കൊല്ലപ്പെട്ടതായി അദ്ദേഹം സൂചിപ്പിക്കുന്നു.
.jpg?$p=a8d99dc&&q=0.8)
വിവിധ ഏജൻസികൾ നൽകുന്ന കണക്കുകളിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും പൊതുസ്ഥിതി പരിഗണിക്കുമ്പോൾ യുദ്ധം അതിവേഗം അവസാനിപ്പിക്കേണ്ടത് യുക്രൈനെ സംബന്ധിച്ചിടത്തോളം ഏറ്റവും അടിയന്തരമാണ്. നാറ്റോ സഖ്യരാഷ്ട്രങ്ങൾ നൽകുന്ന ആയുധങ്ങളും സാമ്പത്തികസഹായവും കൊണ്ടു മാത്രം റഷ്യയെ നേരിടാൻ സാധിക്കില്ല. നാറ്റോസൈന്യം നേരിട്ട് യുദ്ധത്തിനിറങ്ങിയാൽ സ്ഥിതി മാറും. പക്ഷേ, അത് ആണവയുദ്ധത്തിലേക്ക് നയിക്കും എന്നത് നിസ്തർക്കമാണ്. 2014 മുതൽ യുക്രൈന്റെ പിന്നിൽ നാറ്റോ യുദ്ധംചെയ്യുന്നുണ്ട്. പക്ഷേ, ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേർത്ത നടപടി റദ്ദുചെയ്യാൻ അമേരിക്കൻ സഖ്യത്തിന് കഴിഞ്ഞില്ല. കിഴക്കൻ യുക്രൈനിലെ ഡോണെട്സ്-ലുഹാൻസ് മേഖലകൾ റഷ്യയുടെ ഭാഗമായിക്കഴിഞ്ഞു.
2014 മുതൽ ഈ മേഖലയിലെ റഷ്യൻ അനുകൂലികൾ യുക്രൈനെതിരേ യുദ്ധം ചെയ്യുകയാണ്. പുടിന്റെ നിയന്ത്രണത്തിലുള്ള 'സ്വകാര്യസേന'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഗ്നർ ഗ്രൂപ്പാണ് റഷ്യയുടെ കുന്തമുന. ഔദ്യോഗികമായി ഈ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമായതിനാൽ നാറ്റോ സൈന്യത്തിന്റെ നേരിട്ടുള്ള സാന്നിധ്യം ഇവിടെയുണ്ടാകാൻ സാധ്യതയില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാമ്പത്തികകുഴപ്പങ്ങളും മൂലം നട്ടംതിരിയുന്ന യൂറോപ്പിലെ വൻശക്തികളായ യു.കെ., ഫ്രാൻസ്, എന്നീ രാഷ്ട്രങ്ങൾക്കൊന്നും ഒരുപരിധിക്കപ്പുറം യുദ്ധത്തിൽ ഇടപെടാൻ സാധിക്കില്ല. അമേരിക്കൻ സാന്നിധ്യം ധനസഹായം, പരിശീലനം, ആയുധങ്ങൾ എന്നിവ വിതരണംചെയ്യുന്നതിൽ ഒതുങ്ങും.
റഷ്യയ്ക്കും ബലാറസിനും മേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം മറികടക്കാൻ റഷ്യയ്ക്ക് കഴിഞ്ഞു. യൂറോപ്പിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് റഷ്യയുടെത്. മാത്രമല്ല തങ്ങളുടെ ഭൂപരിധിക്കുള്ളിൽ ജനതയ്ക്ക് ആവശ്യമായ മുഴുവൻ വിഭവങ്ങളും ലഭ്യമായ രാജ്യം കൂടിയാണിത്. ചൈനയ്ക്കും ഇന്ത്യയ്ക്കും വൻതോതിൽ എണ്ണ കയറ്റുമതിചെയ്ത് അമേരിക്കൻ സഖ്യത്തിന്റെ ഉപരോധത്തെ ഒരുപരിധിവരെ മറികടക്കാൻ അവർക്ക് കഴിഞ്ഞു.
യുദ്ധച്ചെലവുകൾ റഷ്യയെ ബാധിച്ചുവെന്നതിൽ തർക്കമില്ല. 2022-ൽ ജി.ഡി.പി. വളർച്ച 3.4 ശതമാനം കുറഞ്ഞു. ജനുവരി 2023-ലെ എസ്റ്റിമേറ്റ് പ്രകാരം അടുത്ത സാമ്പത്തികവർഷത്തിലെ വളർച്ചാനിരക്കിൽ 7-8 ശതമാനത്തിന്റെ കുറവുണ്ടാകും.
റഷ്യൻ സാമ്പത്തികകാര്യമന്ത്രി മാക്‌സിം റെഷട്നിക്കോവ് നൽകുന്ന കണക്കനുസരിച്ച് പണപ്പെരുപ്പത്തോത് 11.9 ശതമാനമാണ്. 2023-ൽ ഇത് എട്ടു ശതമാനമായി കുറയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. നിലവിൽ 47 ബില്യൺ ഡോളറിന്റെ ബജറ്റ് കമ്മറ്റിയാണ് റഷ്യയ്ക്കുള്ളത്. സോവിയറ്റനന്തരകാലത്തെ ഏറ്റവും മോശം അവസ്ഥയാണിത്.
2022-ൽ 2.8 ട്രില്യൺ റൂബിളിന്റെ റവന്യൂ വളർച്ച ഉണ്ടായെങ്കിലും അതിഭീമമായ യുദ്ധച്ചെലവുകൾ സമ്പദ്വ്യവസ്ഥയെ ഉലച്ചുകഴിഞ്ഞു. മേൽ സൂചിപ്പിച്ച കണക്കുകൾ പക്ഷേ, റഷ്യയ്ക്ക് മാത്രം ബാധകമായ കാര്യമല്ല. സമാനമായ അവസ്ഥയിലൂടെയാണ് ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ വൻ സാമ്പത്തികശക്തികളും കടന്നുപോകുന്നത്. പ്രമുഖരാഷ്ട്രങ്ങളിൽ ജർമനി മാത്രമാണ് സ്ഥിരതയാർന്ന പ്രകടനം സാമ്പത്തികരംഗത്ത് നിലനിർത്തുന്നത്.
.jpg?$p=41c81ef&&q=0.8)
ആയുധവ്യവസായം
ആയുധനിർമാണം, സാങ്കേതികവിദ്യയിലെ വളർച്ച, അതിനൂതന ആയുധങ്ങളുടെ വിതരണം എന്നിങ്ങനെ റഷ്യൻ ആയുധവിപണി കൂടുതൽ വിപുലവും ശക്തവുമാകുന്ന കാഴ്ചയാണ് യുദ്ധവർഷം റഷ്യയ്ക്ക് സമ്മാനിച്ചത്. ആയുധവ്യവസായത്തിൽ റഷ്യ രണ്ടാംസ്ഥാനത്താണ്. ആഗോള ആയുധവിപണിയുടെ 20 ശതമാനം റഷ്യയുടെതാണ്. മിസൈൽ സാങ്കേതികവിദ്യ, മിസൈൽപ്രതിരോധം, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ നിർമാണം, ആണവ പോർമുന ഘടിപ്പിക്കാവുന്ന വിവിധ റേഞ്ചുകളിലുള്ള ആക്രമണമിസൈലുകൾ എന്നീ മേഖലകളിൽ റഷ്യ കുതിച്ചുചാട്ടം നടത്തി.
റഷ്യൻ നേവി അതിവേഗം അത്യന്താധുനികമായി മാറുന്നു എന്ന് പെന്റഗൺ റിപ്പോർട്ട്‌ചെയ്തു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ നാവികസേന ചൈനയുടെതാണ്. റഷ്യൻ സാങ്കേതികവിദ്യ ചൈനീസ് നേവിയുടെ അതിവേഗ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്നുണ്ട്. ചൈന-റഷ്യ നാവികസഹകരണം വിശിഷ്യ കിഴക്കനേഷ്യൻ മേഖലയിൽ ശക്തവും സ്ഥിരതയാർന്നതുമാണ്. വ്യോമമേഖലയിലെ മാറ്റങ്ങൾ അമേരിക്കയോട് കിടപിടിക്കാൻ പറ്റുന്നവിധത്തിലാണ്.
സമീപകാലത്ത് റഷ്യ വികസിപ്പിച്ച സിർക്കോൺ ഹൈപ്പർ സോണിക് മിസൈൽ നിലവിലുള്ള സകല മിസൈൽവേധ സംവിധാനങ്ങളെയും അതിലംഘിച്ച് ലക്ഷ്യം ഭേദിക്കാൻ ശേഷിയുള്ളതാണ്. ''ലോകത്തിൽ ഇതിന് പകരക്കാരനില്ല'' (No equivalent in the world) എന്നാണ് വ്‌ളാദിമിർ പുടിൻ പറഞ്ഞത്. അദൃശ്യമിസൈൽ എന്ന പേരിലാണ് സിർക്കോൺ അറിയപ്പെടുന്നത്.
നിരവധി അദ്ഭുത ആയുധങ്ങൾ റഷ്യ അവതരിപ്പിച്ചുകഴിഞ്ഞു. അഞ്ചാംതലമുറ യുദ്ധവിമാനങ്ങൾ, പുതിയ ടാങ്ക്, റോബോട്ടിക് വാഹനം, ഹൈപ്പർസോണിക് മിസൈലുകൾ എന്നിവ ഇവയിൽ ചിലതു മാത്രം. 'ദി സാർ ബോംബ്' (AN602) എന്ന തെർമോ ന്യൂക്ലിയർ ഏരിയൽ ബോംബ് ഇതുവരെ നിർമിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും ശക്തമായ ആണവായുധമായി കണക്കാക്കപ്പെടുന്നു. ചുരുക്കത്തിൽ, യുദ്ധവ്യവസായത്തിന്റെ വളർച്ച റഷ്യയ്ക്ക് ദീർഘകാലത്തേക്ക് സാമ്പത്തികരംഗത്തും വികസനത്തിന് കാരണമാകും.
.jpg?$p=f66788b&&q=0.8)
റഷ്യ-ചൈന സൗഹൃദം
മലേഷ്യയിൽ ചൈനയുടെ സാമ്പത്തികസഹായവും റഷ്യയുടെ സൈനികസംരക്ഷണവും യാഥാർഥ്യമായിക്കഴിഞ്ഞു. കിഴക്കൻ യൂറോപ്പിൽ വികസനരംഗത്ത് ചൈനീസ് നിക്ഷേപം ശക്തമായ നിലയിലാണ്. സമാന്തരമായി സൈനിക സൂപ്പർ പവർ എന്ന നിലയിൽ റഷ്യ നിലയുറപ്പിക്കുന്നു. നാറ്റോസഖ്യത്തിന് റഷ്യ-ചൈന സഖ്യത്തെ പുറന്തള്ളാനുള്ള സാമ്പത്തിക-സൈനിക ശേഷി നിലവിലില്ല എന്നതാണ് വാസ്തവം. കിഴക്കനേഷ്യൻ തിയേറ്ററിൽ ഇന്ത്യയുടെ സാന്നിധ്യവും ക്വാഡ് സഖ്യവുമാണ് ചൈന-റഷ്യ സഖ്യത്തിന് പ്രശ്‌നമാവുക. ഈ മേഖലയിൽ ഇന്ത്യൻ താത്പര്യങ്ങളും റഷ്യൻ താത്പര്യങ്ങളും മുഖാമുഖം വന്നാൽ പ്രായോഗികപരിഹാരത്തിനായിരിക്കും ഇരുരാജ്യങ്ങളും പരിശ്രമിക്കുക. ചൈനയുടെ അക്രമോത്സുകമായ ഇന്ത്യാവിരുദ്ധതയെ ബാലൻസ്ചെയ്യാനും റഷ്യ ശ്രമിക്കും.
യുദ്ധത്തിന്റെ പരിണാമം
നിലവിലെ സംഘർഷം പരിമിതയുദ്ധമായി നീണ്ടുപോകാനുള്ള സാധ്യത തന്നെയാണ് മുന്നിലുള്ളത്. ഉപരോധവും സൈനിക നയതന്ത്രജ്ഞതയും മുൻനിർത്തി റഷ്യയെ ക്ഷീണിപ്പിക്കാനുള്ള നാറ്റോ സഖ്യത്തിന്റെ ശ്രമം വിജയിക്കില്ല. റഷ്യ-സിറിയ-ഇറാൻ-ഉത്തരകൊറിയ-ചൈന സഖ്യം പ്രായോഗികതലത്തിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രിയായതോടെ ഇസ്രയേൽ-റഷ്യ സഹകരണത്തിനുള്ള സാധ്യത അപകടകരമായിരിക്കും. കാരണം യുദ്ധം റഷ്യയും യുക്രൈനും തമ്മിലാവില്ല. റഷ്യൻ സഖ്യവും നാറ്റോസഖ്യവും തമ്മിലാവും. അതിനിടയിൽ ഒരു കരുവായി തകർന്നടിയാതിരിക്കാനുള്ള വിവേകമാണ് അതിദേശീയതയുടെ പ്രഘോഷങ്ങൾക്കുപരി വൊളോദിമിർ സെലൻസ്‌കിയെന്ന നേതാവിൽ നിന്നുണ്ടാകേണ്ടത്.
(2023 ഫെബ്രുവരി ലക്കം മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്‌സ് മാസികയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: future of russia-ukraine crisis, a study
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..