ഒരു പ്രളയം അവശേഷിപ്പിച്ച കുറേ ഓര്‍മകള്‍ നമുക്കുണ്ട്. വെള്ളവും ഭക്ഷണവും കിട്ടാതെ എവിടെയൊക്കെയോ ഒറ്റപ്പെട്ടുപോയ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും രക്ഷപ്പെടുത്തണമെന്ന് കേണപേക്ഷിച്ച ഫോണ്‍കോളുകള്‍ക്ക് മറുപടി പറയാനാകാതെ നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായ മത്സ്യത്തൊഴിലാളികളുടെ പങ്ക് മഹത്തരമാണെന്ന് എല്ലാവരും ഒരുപോലെ സമ്മതിച്ചു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചാല്‍ അവരെ കൈയൊഴിയുകയില്ലെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായി.

മനുഷ്യ സ്‌നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും പ്രതീകമായി മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നന്ദിവാക്കിനു പോലും കാത്തുനില്‍ക്കാതെ തങ്ങളുടെ ജോലി ഭംഗിയായി ചെയ്തുതീര്‍ത്ത പൂന്തുറയിലെ തൊഴിലാളികളെക്കുറിച്ച് ഓര്‍ക്കുകയാണ് റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ടായ എം.കൃഷ്ണഭദ്രന്‍. 

ക്രിസ്ത്യന്‍, ധീവര, മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ തിങ്ങിനിറഞ്ഞു താമസിക്കുന്ന പൂന്തുറയില്‍ വര്‍ഗീയ ലഹളകള്‍ നിയന്ത്രണ വിധേയമാക്കാന്‍ ദിവസങ്ങളോളം കഠിനപ്രയത്‌നം നടത്തേണ്ടി വന്നിട്ടുണ്ടെന്ന് ഇദ്ദേഹം തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു. മൃഗീയമായ കൊലപാതകങ്ങള്‍, വീടുകള്‍ക്ക് തീവെക്കല്‍ എന്നിവയും വര്‍ഗീയ സംഘട്ടനങ്ങളും സാധാരണയായിരുന്നു. ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അറിയാതെയാണ് അദ്ദേഹം കടപ്പുറത്ത് ചാര്‍ജ് എടുത്തത്. 

ഒരു കൂട്ടര്‍ രാവിലെ നാല് മണിയോടെ കടലില്‍പ്പോയി മീന്‍ പിടിച്ച് ഉച്ചയ്ക്ക് മടങ്ങി വരും. മറ്റൊരു കൂട്ടര്‍ രാത്രി പതിനൊന്ന് മണിയോടെ മത്സ്യബന്ധനത്തിന് പോയി രാവിലെ തിരിച്ചു വരും. അവര്‍ പിടിച്ചുകൊണ്ടുവരുന്ന മീന്‍ വാങ്ങാന്‍ ധനികരായ ആളുകള്‍ കാത്തുനില്‍ക്കും. അന്ന് മത്സ്യബന്ധനത്തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. 

fishermen

1981 ലെ വെള്ളപ്പൊക്കം 

'1975 ലാണ് പൂന്തുറ സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തീരദേശങ്ങളിലുള്ള പോലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കുന്ന പോലീസിനെ സംബന്ധിച്ചിടത്തോളം വളരെയേറെ സമ്മര്‍ദം അനുഭവിക്കേണ്ടി വരും. വളരെ ഉയര്‍ന്ന ജനസംഖ്യയും ഭൂപ്രദേശത്തിന്റെ പ്രത്യേകതയും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയും കാരണം ഇവിടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. വളരെ ചെറിയ പ്രശ്നങ്ങള്‍ പോലും താമസം വിനാ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പ്രദേശത്തെത്തന്നെ വലിയ കലാപഭൂമിയാക്കി മാറ്റും. അക്രമാസക്തമാകുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശക്തിയേക്കാള്‍ പ്രായോഗികതയും ബുദ്ധിയുമാണ് ആവശ്യം. ശരിയും തെറ്റും നോക്കാതെ എടുത്തു ചാടുന്ന സ്വഭാവമാണ് അവര്‍ക്ക്. പ്രശ്നങ്ങള്‍ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ സര്‍ക്കാരിനു തന്നെ തലവേദനയായി മാറും.'  തീരദേശത്ത് പ്രവര്‍ത്തിച്ച അനുഭവസമ്പത്തില്‍ നിന്ന് കൃഷ്ണഭദ്രന്‍ വ്യക്തമാക്കുന്നു. 

'1981 ലായിരുന്നു വെള്ളപ്പൊക്കമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളെ വിളിക്കുകയെന്നതു മാത്രമായിരുന്നു ആകെയുണ്ടായിരുന്ന മാര്‍ഗം. ഞാന്‍ പൂന്തുറ പോലീസ് സ്്‌റ്റേഷനില്‍ വിളിച്ചു പറഞ്ഞപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വരാന്‍ അവര്‍ തയ്യാറായി. അവര്‍ക്കായി ലോറി ഒരുക്കിക്കൊടുത്തു. 30 മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ പാഞ്ഞെത്തി. എന്നോട് ഒരു തരത്തിലുമുള്ള മുന്‍പരിചയവും അവര്‍ക്കില്ലായിരുന്നു. എന്നിട്ടും ഒരു ആപത്ത് വന്നപ്പോള്‍ എത്രമാത്രം സ്‌നേഹത്തോടെയാണ് അവര്‍ ഓടിയെത്തിയത്!

'സ്വന്തം വള്ളത്തിലെത്തിയ അവര്‍ നീറമണ്‍കര വീട്ടിലെത്തി കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തി. തിരുവനന്തപുരം സിറ്റി, മെഡിക്കല്‍ കോളേജ് പരിസരം, കിംസ് ഹോസ്പിറ്റലിന്റെ സമീപം എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയപ്പോള്‍ അവരാണ് സഹായിച്ചത്'. 

'ഇതിനിടയില്‍ അവരുടെ വള്ളം ഒരു പ്ലാവില്‍ തങ്ങിപ്പോയി. ഒരു പാട് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ആരും നഷ്ടപരിഹാരം നല്‍കിയില്ല. രണ്ടു ദിവസം രക്ഷാപ്രവര്‍ത്തനത്തിനായി അവിടെ താമസിച്ച അവര്‍ക്ക് ഒരു ഹോട്ടലില്‍ ഭക്ഷണം നല്‍കാന്‍ ഞാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. ആരും ആ ബില്‍ അടച്ചില്ല.  ഹോട്ടലുടമ എഴുതിത്തള്ളി. ഇന്നും ആ ബില്‍ കൊടുത്തിട്ടില്ല.'

'വെള്ളപ്പൊക്കവും രക്ഷാപ്രവര്‍ത്തനവുമൊക്കെ കഴിഞ്ഞ് അവര്‍ തിരിച്ച് പോയി. ആരും അവര്‍ക്ക് ഒരു പൈസ പോലും നല്‍കിയില്ല. അവര്‍ പ്രതിഫലമൊന്നും ആഗ്രഹിക്കാതെ തന്നെയാണ് എല്ലാത്തിനും മുന്നിട്ടിറങ്ങിയത്. ഞാന്‍ കൗണ്‍സിലറെ വിളിച്ചു പറഞ്ഞപ്പോള്‍ ചെറിയ തുക അവര്‍ക്ക് നല്‍കി. അല്ലാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായൊന്നും ചെയ്തില്ല.'  ്കൃഷ്ണഭദ്രന്‍ ഓര്‍ക്കുന്നു.

മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചും എന്തു സഹായവും നമുക്ക് ചെയ്ത് തരും. ആത്മാര്‍ത്ഥയും കളങ്കമില്ലാത്ത മനസുമാണ് അവര്‍ക്ക്. മീനില്ലെങ്കില്‍ അവര്‍ പട്ടിണി. മീനുള്ളപ്പോള്‍ ഇടനിലക്കാര്‍ ചൂഷണം ചെയ്യും. മീനില്ലാത്ത കാലഘട്ടത്തില്‍ ജീവിക്കാന്‍ ഇടനിലക്കാര്‍ അവര്‍ക്ക് കാശ് കടം കൊടുക്കും. ഇപ്പോള്‍ സ്ഥിതിഗതികള്‍ക്ക് ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും അധ്വാനിക്കുന്നതൊഴിലാളികളേക്കാള്‍ ഇടനിലക്കാരനാണ് ഇന്നും ലാഭം കൊയ്യുന്നതെന്ന് കൃഷ്ഭദ്രന്‍ പറയുന്നു. 

യഥാര്‍ഥത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരോടുള്ള മുഴുവന്‍ കടമയും നമ്മള്‍ നിര്‍വഹിച്ചു കഴിഞ്ഞോ? വെറുമൊരു ആദരിക്കല്‍ ചടങ്ങുകള്‍ക്കുമപ്പുറം അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനായി നമുക്ക് എന്തു ചെയ്യാന്‍ കഴിയും? 

ജീവന്‍ പണയം വെച്ചാണ് ഇവര്‍ കടലില്‍പ്പോകുന്നത്. ഇവരുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കൃഷ്ണഭദ്രന്‍ സൂചിപ്പിക്കുന്നു.വിദ്യാഭ്യാസമില്ലായ്മയാണ് ഇവരുടെ മറ്റൊരു പ്രശ്‌നമെന്നും കടലില്‍ പോകാന്‍ പറ്റാത്ത അവസ്ഥയില്‍ അവര്‍ക്ക് നല്ല രീതിയില്‍ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. 

Content highlights: Flood relief operations, Social issues, Fishermen