പിന്നാക്കക്കാരിലെ പാവങ്ങളെ ഒഴിവാക്കാമോ? ഗുണഭോക്താക്കൾ ആര്‌? സാമ്പത്തിക സംവരണവും ആകുലതകളും


ഷൈന്‍ മോഹന്‍

Photo: PTI

പിന്നാക്കാവസ്ഥയിലായിട്ടും മുന്നാക്കവിഭാഗത്തിൽ ജനിച്ചു എന്നതുകൊണ്ടുമാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന മുന്നാക്കവിഭാഗങ്ങളുടെ പരാതിക്ക് പരിഹാരമായാണ് കേന്ദ്രസർക്കാർ 2019-ൽ സാമ്പത്തികസംവരണം നടപ്പാക്കിയത്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും പത്ത് ശതമാനം സംവരണം നൽകാനായിരുന്നു തീരുമാനം. പക്ഷേ, ആകെ സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന ഭരണഘടനാ വ്യവസ്ഥ തടസ്സമായി. തുടർന്ന്, 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം 50 ശതമാനത്തിൽനിന്ന് അറുപത് ശതമാനമാക്കി.

ഇ.ഡബ്ല്യു.എസ്. എങ്ങനെ നിശ്ചയിക്കാം?ഇ.ഡബ്ല്യു.എസ്. (ഇക്കണോമിക്കലി വീക്കർ സിറ്റിസൺസ്‌) വിഭാഗത്തെ നിശ്ചയിക്കാൻ 2019 ജനുവരി 17-നാണ് സർക്കാർ ഓഫീസ് മെമ്മോറാണ്ടമിറക്കിയത്. ഇതുപ്രകാരം മൂന്ന് മാനദണ്ഡങ്ങളാണ്.എസ്.സി., എസ്.ടി., ഒ.ബി.സി. സംവരണം ലഭിക്കാത്തതും വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ താഴെയുള്ളവരും.അഞ്ച് ഏക്കറിലേറെ കൃഷിഭൂമിയുള്ളവരെ ഒഴിവാക്കും.വലിയ വീടുള്ളവരെ ഒഴിവാക്കും. അതായത് മുനിസിപ്പാലിറ്റി മേഖലയിൽ നൂറ് ചതുരശ്ര യാർഡിലോ (900 ചതുരശ്രയടി), അല്ലാത്ത മേഖലയിൽ 200 ചതുരശ്ര യാർഡിലോ (1,800 ചതുരശ്രയടി) കൂടുതലുള്ള വീടുകൾ, ആയിരം ചതുരശ്രയടിയിലേറെ വലുപ്പമുള്ള ഫ്ളാറ്റുകൾ എന്നിവയുള്ളവരെ ഒഴിവാക്കും. ഇതിലെ വീടിന്റെ വലുപ്പം പറയുന്ന മൂന്നാമത്തെ മാനദണ്ഡം മാത്രം അടുത്ത അക്കാദമിക വർഷം മുതൽ നടപ്പാക്കില്ല.

ജാതിരഹിത, വർഗരഹിത സമൂഹത്തിന് സംവരണം തടസ്സമോ

സാമ്പത്തിക സംവരണത്തെ അനുകൂലിക്കുമ്പോഴും ചില സുപ്രധാന ചോദ്യങ്ങളുന്നയിച്ചാണ് ഭൂരിപക്ഷ ബെഞ്ച് വിധിപറഞ്ഞത്. സംവരണം എന്നത് എക്കാലത്തും തുടരേണ്ട ഒന്നാണോ എന്ന ചോദ്യമാണ് ഭരണഘടനാ ബെഞ്ച് ഉന്നയിക്കുന്നത്.

സംവരണം അനിശ്ചിതമായി തുടരേണ്ട ഒന്നല്ലെന്നും ജാതിരഹിത, വർഗരഹിത സമൂഹത്തിനായി ഇത് പുനഃപരിശോധിക്കണമെന്നുമാണ് ഭൂരിപക്ഷവിധിയിൽ പറയുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമാകുന്നവേളയിൽ ഇപ്പോഴത്തെ സംവരണ സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞു. ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്തതും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 1985-ൽ നിർദേശിച്ചതും അവർ ഓർമിപ്പിച്ചു. സംവരണ നയത്തിന് സമയപരിധി വെക്കുക എന്നത് നമുക്ക് സാധ്യമായില്ല. ഇന്ത്യയിലെ കാലപ്പഴക്കം ചെന്ന ജാതിവ്യവസ്ഥയാണ് സംവരണരീതി ഉദ്‌ഭവിക്കാൻ കാരണമെന്ന് പറയാനാവില്ല. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾ നേരിട്ട ചരിത്രപരമായ നീതികേടിന് പരിഹാരമായി കൊണ്ടുവന്നതാണ് സംവരണം.

പാർലമെന്റിലും നിയമസഭകളിലും പട്ടികജാതി, പട്ടികവർഗക്കാർക്ക് നൽകുന്ന സംവരണത്തിന് സമയപരിധി നിശ്ചയിക്കുന്ന ഭരണഘടനയുടെ 334-ാം വകുപ്പ് കാലാകാലങ്ങളായി നീട്ടിക്കൊണ്ടിരിക്കുകയാണ്. എസ്.സി., എസ്.ടി, ക്വാട്ടയ്ക്കുള്ള ഇപ്പോഴത്തെ സമയപരിധി 2030 ആണ്.

ആംഗ്ലോ ഇന്ത്യൻ പൗരന്മാർക്ക് പാർലമെന്റിലും നിയമസഭകളിലുമുള്ള പ്രതിനിധ്യം 104-ാം ഭരണഘടനാ ഭേദഗതി വഴി ഇല്ലാതാക്കി. സമാനമായി ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളുടെ പശ്ചാത്തലത്തിൽ എസ്.സി., എസ്.ടി., ഒ.ബി.സി. സംവരണത്തിന്റെ കാര്യത്തിലും തീരുമാനമെടുത്താൽ അത് ജാതി, വർഗരഹിത സമൂഹത്തിലേക്ക് നയിക്കുമെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി വ്യക്തമാക്കി.

സംവരണം നിക്ഷിപ്ത താത്പര്യമോ

സംവരണത്തെ നിക്ഷിപ്ത താത്പര്യമാക്കി മാറ്റരുതെന്ന് ഭൂരിപക്ഷവിധിയിൽ ജസ്റ്റിസ് ജെ.ബി. പർദിവാലയും പറയുന്നു. സംവരണം അനിശ്ചിതകാലത്തേക്ക്‌ തുടരേണ്ടതല്ല. സാമൂഹികവും സാമ്പത്തികവുമായ നീതിക്കുവേണ്ടിയാണ് സംവരണം. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങൾ ഇല്ലാതാക്കുകയാണ് യഥാർഥ പരിഹാരം. അതിനുള്ള ശ്രമങ്ങൾ സ്വാതന്ത്ര്യം ലഭിച്ചപ്പോൾമുതൽ നടന്നുവരുന്നു. ഇപ്പോഴും തുടരുന്നു. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കാൻ ഇക്കാലത്തിനിടയിൽ വികസനത്തിനും വിദ്യാഭ്യാസത്തിനും സാധിച്ചിട്ടുണ്ട്.

പിന്നാക്കക്കാർ മുന്നോട്ടെത്തിയാൽ

സംവരണത്തിന് അർഹരായ പിന്നാക്കവിഭാഗക്കാർ വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും കാര്യത്തിൽ മുന്നിലെത്തിയാൽ എന്തുചെയ്യണം? അവരെ പിന്നാക്ക വിഭാഗക്കാരിൽനിന്ന് ഒഴിവാക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല പറയുന്നു. അതിനായി പിന്നാക്കാവസ്ഥ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണം. ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് യോജിക്കുന്നതാണോ മാനദണ്ഡങ്ങളെന്ന് പരിശോധിക്കണം.

സംവരണകാര്യത്തിൽ അംബേദ്കർ പറഞ്ഞത്

സംവരണം അനിശ്ചിതകാലത്തേക്ക്‌ തുടരേണ്ടതല്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് പർദിവാല ചൂണ്ടിക്കാട്ടുന്നത് ഭരണഘടനാ ശില്പിയായ അംബേദ്കറുടെ വാക്കുകളാണ്. സാമൂഹിക മൈത്രിക്കായി പത്തു വർഷത്തേക്കാണ് സംവരണം നടപ്പാക്കേണ്ടതെന്നാണ് അംബേദ്കർ പറഞ്ഞതെന്ന് ജസ്റ്റിസ് പർദിവാല ചൂണ്ടിക്കാട്ടുന്നു.

പിന്നാക്കക്കാരിലെ പാവങ്ങളെ ഒഴിവാക്കാമോ

ഏറ്റവും കൂടുതൽ പാവപ്പെട്ടവരുള്ളത് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിലായിരിക്കെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ നൽകുന്ന സംവരണത്തിൽനിന്ന് ഈ വിഭാഗങ്ങളെ ഒഴിച്ചുനിർത്താമോ എന്നതാണ് സുപ്രീംകോടതി പരിശോധിച്ച മുഖ്യ വിഷയങ്ങളിലൊന്ന്. ഒഴിച്ചുനിർത്തുന്നതിൽ തെറ്റില്ലെന്ന് ഭൂരിപക്ഷ ബെഞ്ച് വിധിയെഴുതിയപ്പോൾ, ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ ന്യൂനപക്ഷ വിധിയിൽ സ്വീകരിച്ചത് മറിച്ചുള്ള നിലപാടാണ്. പിന്നാക്കക്കാരിലെ പാവങ്ങളെ ഒഴിവാക്കരുതെന്ന ജസ്റ്റിസ് ഭട്ടിന്റെ വിധിയോട് ചീഫ് ജസ്റ്റിസ് യു.യു. ലളിതും യോജിച്ചു. എന്നാൽ, ന്യൂനപക്ഷവിധിക്ക് നിയമസാധുതയില്ലാത്തതിനാൽ ഇവരുടെ നിലപാടിന് ഫലപ്രാപ്തിയില്ലെന്നുമാത്രം.

എങ്കിലും ഭിന്നവിധിയിലൂടെ രണ്ടു ന്യായാധിപർ ഉന്നയിച്ച വിഷയങ്ങളുടെ സാമൂഹിക പ്രസക്തി കാണാതിരുന്നുകൂടാ. ഭൂരിപക്ഷവിധിയോട് വിയോജിച്ചുള്ള ജസ്റ്റിസ് ഭട്ടിന്റെ ഭിന്നവിധിയുടെ തുടക്കംതന്നെ ഇങ്ങനെയാണ്. ''റിപ്പബ്ലിക്കായി ഏഴ് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഈ കോടതി ഒഴിവാക്കൽ, വിവേചന തത്ത്വത്തിന് അനുമതി നൽകുന്നത്. നമ്മുടെ ഭരണഘടന ഒഴിവാക്കൽ ഭാഷ സംസാരിക്കുന്നതല്ല. എന്നാൽ, ഈ ഭരണഘടനാ ഭേദഗതി ഒഴിവാക്കലിന്റെ ഭാഷയും നീതിതത്ത്വത്തിന്റെ ലംഘനവുമാണ്. അതുവഴി ഭരണഘടനയുടെ അടിസ്ഥാനഘടനയും ലംഘിക്കപ്പെട്ടു'' ഭിന്നവിധിയിൽ അദ്ദേഹമെഴുതി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നിലുള്ളവർക്ക് സംവരണത്തിന്റെ നേട്ടം ലഭിക്കുന്നതിനാൽ അവർ കൂടുതൽ ഭാഗ്യവാന്മാരാണെന്ന തോന്നലുണ്ടാക്കുന്നതാണ് ഭേദഗതി. ഇത് തുല്യതാ അവസരത്തിന്റെ സത്തയ്ക്ക് വിരുദ്ധമാണ്.

വിയോജിക്കാൻ കാരണമെന്ത്

സാമ്പത്തികസംവരണം പരിഗണിക്കുമ്പോൾ രണ്ട് വിഭാഗങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് ജസ്റ്റിസ് ഭട്ട് പറയുന്നു. ഒന്ന്, മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർ. രണ്ടാമത്തേത്, ജാതിപരമായ പ്രതിബന്ധങ്ങൾകൊണ്ട് അധികവൈകല്യം നേരിടുന്ന പാവങ്ങൾ. ഇതിൽ രണ്ടാമത്തെ വിഭാഗത്തെ സാമ്പത്തികസംവരണത്തിൽനിന്ന് ഒഴിവാക്കുകയാണ്. പാവങ്ങൾക്ക് ആനുകൂല്യം നൽകുന്നതിനെ അനുകൂലിക്കാം. എന്നാൽ, അതിൽനിന്ന് പിന്നാക്ക വിഭാഗത്തെ ഒഴിവാക്കുന്നത് അനുവദിക്കാനാവില്ല.

സിൻഹു കമ്മിഷൻ പറഞ്ഞത്

പിന്നാക്കാവസ്ഥയെയും സംവരണത്തെയുംകുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സിൻഹു കമ്മിഷന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 2010 ജൂലായിലാണ്. 2001-ലെ സെൻസസും 2004-’05-ലെ സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആകെ 31.7 കോടി ജനങ്ങളിൽ 7.74 കോടി എസ്.സി.യാണ്. ആകെ എസ്.സി. ജനസംഖ്യയുടെ 38 ശതമാനമാണിത്. എസ്.ടി. ജനസംഖ്യയിൽ 48 ശതമാനവും (4.25 കോടി) ഒ.ബി.സി.യിൽ 33.1 ശതമാനവും (13.86 കോടി) പാവങ്ങളാണ്. ജനറൽ വിഭാഗത്തിൽ വെറും 18.2 ശതമാനം അഥവാ 5.5 കോടി മാത്രമാണ് പാവങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഗുണഭോക്താക്കൾ ആര്‌

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന്റെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ താഴെയുള്ളവരാണെന്ന് 2020-ലെ നീറ്റ് അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നു. ഇ.ഡബ്ല്യു.എസ്. ക്വാട്ടയിലെ 71 ശതമാനം വിദ്യാർഥികളും അഞ്ചുലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നായിരുന്നു. എൻജിനിയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. കണക്കുകൾ പ്രകാരം നോക്കിയാൽ ഇത് 95 ശതമാനമാണ്. സർക്കാർ ജോലികൾക്കായുള്ള യു.പി.എസ്.സി. വിവരങ്ങളിലും ഇതേ പ്രവണത കാണാം.

Content Highlights: Financial Reservation and details


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented