എന്തുവേണം, വിലക്കയറ്റമോ തൊഴിലില്ലായ്മയോ? സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുമ്പോൾ


ഡോ.ടി.എം തോമസ് ഐസക്‌1970-കളിലെപ്പോലെ വിലക്കയറ്റവും മാന്ദ്യവും ആഗോള സമ്പദ്ഘടനകളെ ഗ്രസിച്ചിരിക്കുകയാണ്. ഇതിന്‌ പ്രതിവിധി 1980-കളുടെ ആദ്യം വോൾക്കർ ചെയ്തതുപോലെ നല്ലൊരു മാന്ദ്യം ­സൃഷ്ടിക്കലാണെന്ന്‌ വികസിതരാജ്യങ്ങളിലെ ­റിസർവ് ബാങ്കുകൾ ­തീരുമാനിച്ചിരിക്കയാണ്

Representative image/ Getty images

നിങ്ങൾ എന്താണ്‌ തിരഞ്ഞെടുക്കുക? വിലക്കയറ്റമോ തൊഴിലില്ലായ്മയോ? തൊഴിലില്ലാതായാൽ വരുമാനമുണ്ടാവില്ല. ജീവിതം ദുസ്സഹമാകും. വിലക്കയറ്റമുണ്ടായാൽ ജീവിതച്ചെലവ് ഉയരും. യഥാർഥവരുമാനം കുറയും. ജീവിതം ദുഷ്കരമാകും. അതുകൊണ്ട് ഒരുപക്ഷേ, നിങ്ങൾ പറയുക രണ്ടും വേണ്ടെന്നാണ്. പക്ഷേ, അതുപറ്റില്ല. ഏതെങ്കിലും ഒന്നേ വേണ്ടെന്നുവെക്കാനാകൂ. ഇത്തരമൊരു ഏടാകൂടത്തിലാണ് ലോകം ഇന്ന്.

വിലക്കയറ്റത്തിന്റെയും മാന്ദ്യത്തിന്റെയും കാലംവിലക്കയറ്റത്തിന്‌ മരുന്ന് സർക്കാരിന്റെയും സമ്പദ്ഘടനയിലെയും ചെലവ് കുറയ്ക്കുകയാണ്. അപ്പോൾ ഡിമാൻഡ്‌ കുറയും, വില താഴും. മാന്ദ്യത്തിന്‌ മരുന്ന് സർക്കാരിന്റെയും സമ്പദ്ഘടനയിലെയും ചെലവ് വർധിപ്പിക്കലാണ്. അപ്പോൾ ഡിമാൻഡ്‌ ഉയരും വളർച്ചയുണ്ടാവും. വിലക്കയറ്റത്തിന്റെ മരുന്ന് മാന്ദ്യത്തിന്‌ വിഷമാണ്. മാന്ദ്യത്തിനുള്ള മരുന്നാവട്ടെ, വിലക്കയറ്റത്തിന്‌ വിഷവും. അതുകൊണ്ട് വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ചുവന്നാൽ അതിന്‌ പ്രതിവിധിയില്ല.

പണ്ട് ഇങ്ങനെ സംഭവിക്കാറില്ലായിരുന്നു. വളർച്ചയുടെ കാലം വിലക്കയറ്റത്തിന്റെയും കൂടി കാലമാണ്. മാന്ദ്യത്തിന്റെ കാലം വിലയിടിവിന്റെ കാലമാണ്. എന്നാൽ, 1930-കളിൽ അതിരൂക്ഷമായ സാമ്പത്തികമാന്ദ്യം കെയിൻസിന്റെ അരങ്ങേറ്റത്തിനുവഴിയൊരുക്കി. സർക്കാരിന്റെ ചെലവ് വർധിപ്പിച്ച് മാന്ദ്യത്തിൽനിന്ന്‌ മുതലാളിത്തവ്യവസ്ഥയെ അദ്ദേഹം രക്ഷപ്പെടുത്തി. പക്ഷേ, ഈ മരുന്ന് കുറെക്കാലം തുടർച്ചയായി സേവിച്ചപ്പോൾ പണ്ട് ഇല്ലാതിരുന്ന പുതിയ പ്രതിഭാസം രൂപംകൊണ്ടു. മാന്ദ്യം തുടങ്ങിയാലും വില താഴാതായി. മാന്ദ്യത്തിന്റെ ഇംഗ്ലീഷ് പേര് Stagnation ആണ്. വിലക്കയറ്റത്തിന്റെ ഇംഗ്ലീഷ് പേര് Inflation എന്നും. ഇവ രണ്ടും ചേർത്ത് പുതിയ അവസ്ഥയ്ക്ക് പുതിയൊരുപേര് ഉണ്ടാക്കേണ്ടിവന്നു. സ്റ്റാഗ്‌ഫ്ലേഷൻ (Stagflation).

വോൾക്കർ ഷോക്ക്

1970-കളിലാണ് സ്റ്റാഗ്‌ഫ്ലേഷൻ ഏറ്റവും രൂക്ഷമായത്. കെയിൻസിന്റെ മരുന്ന് തുടർച്ചയായി സേവിച്ചതിന്റെ ഫലമായി മുതലാളിത്തത്തിനുണ്ടായ ദുർമേദസ്സ്‌ തിരുമ്മിക്കളഞ്ഞാലേ രക്ഷപ്പെടൂവെന്ന നിഗമനത്തിൽ പലരും എത്തി. അവരെയാണ് നിയോലിബറലുകൾ എന്നുവിളിക്കുന്നത്.

അവർക്ക് അരങ്ങൊരുക്കിയത് വികസിതരാജ്യങ്ങളിലെ റിസർവ്‌ ബാങ്കുകളായിരുന്നു. ഇതിൽ അമേരിക്കൻ റിസർവിന്റെ ചെയർമാൻ പോൾ വോൾക്കറാണ് വിലക്കയറ്റത്തിനെതിരേ പുതിയ ആയുധം കണ്ടെത്തിയത്. സാധാരണനിലയിൽ അമേരിക്കയിലെ പലിശനിരക്ക് അക്കാലത്ത് അഞ്ചുശതമാനമായിരുന്നു. അദ്ദേഹമത് പത്തുശതമാനമായി ഉയർത്തി. 1981 തുടക്കത്തിൽ അമേരിക്കയിലെ പലിശനിരക്ക് 17 ശതമാനമായി. ഇതിനെയാണ് വോൾക്കർ ഷോക്ക് എന്നുവിളിക്കുന്നത്.

17 ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് ഒരു വ്യവസായവും നടത്താനാവില്ല. പല കമ്പനികളും പൂട്ടേണ്ടിവന്നു. അമേരിക്കയിലെ തൊഴിലില്ലായ്മ 11 ശതമാനമായി. കൂലി കുറയ്ക്കുന്നതിനുള്ള നീക്കങ്ങളെ ചെറുക്കാൻ ട്രേഡ് യൂണിയനുകൾക്ക്‌ കഴിയാതായി. അമേരിക്കയിലെയും ബ്രിട്ടനിലെയും ഏറ്റവും ശക്തമായ ട്രേഡ് യൂണിയനുകൾ പലതും തകർന്നു.

ഇന്നത്തെ മാന്ദ്യം ആസൂത്രിതം

1970-കളിലെപ്പോലെ വിലക്കയറ്റവും മാന്ദ്യവും ആഗോള സമ്പദ്ഘടനകളെ ഗ്രസിച്ചിരിക്കുകയാണ്. ഇതിന്‌ പ്രതിവിധി 1980-കളുടെ ആദ്യം വോൾക്കർ ചെയ്തതുപോലെ നല്ലൊരു മാന്ദ്യം സൃഷ്ടിക്കലാണെന്ന്‌ വികസിതരാജ്യങ്ങളിലെ റിസർവ് ബാങ്കുകൾ തീരുമാനിച്ചിരിക്കയാണ്.

അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് ചെയർമാൻ ജെറോം പവ്വൽ വിലക്കയറ്റത്തോട്‌ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്: ‘‘വിലക്കയറ്റം തടയാൻ സമ്പദ്ഘടനയിലെ ഡിമാൻഡ്‌ ഇടിക്കണം. അത് കൂലി കുറയ്ക്കാൻ അവസരം സൃഷ്ടിക്കും.’’ കോവിഡുമൂലം 2021, 2022 വർഷങ്ങൾ രൂക്ഷമായ മാന്ദ്യത്തിന്റേതായിരുന്നു. ഈ സ്ഥിതിവിശേഷത്തെ മറികടക്കാൻ വലിയതോതിൽ കമ്മിപ്പണം എല്ലാ സർക്കാരുകളും സൃഷ്ടിച്ചു. ഈ ഉത്തേജകപാക്കേജുകൾ തൊഴിലാളികളുടെ വിലപേശൽക്കഴിവ് ഉയർത്തി. പാശ്ചാത്യരാജ്യങ്ങളിൽ പലതിലും കോവിഡ് കഴിഞ്ഞപ്പോൾ കൂലി കൂടുതലിനുവേണ്ടിയുള്ള സമരങ്ങളും ഉയർന്നുവന്നു. തൊഴിലാളികളെ നിലയ്ക്കുനിർത്തണമെങ്കിൽ തൊഴിലില്ലായ്മ ഉയർത്തണം, മാന്ദ്യമുണ്ടാകണം എന്നാണ് പവ്വലിനെപ്പോലുള്ളവർ പറയുന്നത്.

ധനമൂലധനത്തിന്റെ ആവശ്യം

അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് തുടങ്ങിയവേളയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതിനും കൂലി കുറയ്ക്കുന്നതിനുമുള്ള ഒരു നടപടിയിലേക്ക് ബൈഡൻ പോകുന്നത് എന്തിന്? കാരണം ലളിതമാണ്. വിലക്കയറ്റം ധനമൂലധനത്തിന്‌ ചതുർഥിയാണ്. ധനമൂലധനമാണ് ഇന്ന് ആഗോളമായും അമേരിക്കയിലും ആധിപത്യം പുലർത്തുന്നത്.

ധനമൂലധനം പണത്തിന്റെ രൂപത്തിലാണല്ലോ സൂക്ഷിക്കപ്പെടുന്നത്. വിലക്കയറ്റമുണ്ടാകുമ്പോൾ പണത്തിന്റെ മൂല്യം കുറയും. അതുകൊണ്ട് ധനമൂലധനത്തെ സംബന്ധിച്ചിടത്തോളം വിലക്കയറ്റത്തിന്‌ കടിഞ്ഞാണിടുക എന്നതാണ് ധനമേഖലയിലെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

പലിശനിരക്ക് മാന്ദ്യസൃഷ്ടിക്കുള്ള ആയുധം

ഇതിന് അവരുടെ കൈയിലുള്ള ആയുധമാണ് പലിശനിരക്ക്. കോവിഡ് കാലത്ത് അമേരിക്കൻ പലിശനിരക്ക് ഏതാണ്ട് പൂജ്യമായിരുന്നു. എന്നാൽ, ഇപ്പോൾ നാലുതവണയായി അമേരിക്കയിലെ പലിശനിരക്ക് മൂന്നുശതമാനമായി ഉയർത്തിയിരിക്കയാണ്. ഇനിയും ഇത് കുത്തനെ ഉയർത്തുമെന്നാണ് പവ്വൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. പലിശനിരക്ക് ഉയരുമ്പോൾ സംരംഭകർ കടംവാങ്ങി നിക്ഷേപം നടത്തുന്നത്‌ കുറയ്ക്കും. ഉപഭോക്താക്കൾ ഹയർ പർച്ചേസ് വഴിയുംമറ്റും കടത്തിൽ സാധനങ്ങൾ വാങ്ങുന്നത്‌ കുറയ്ക്കും. ബാങ്ക് റിസർവ് ബാങ്കിൽനിന്ന് കടമെടുക്കുന്നത്‌ കുറയ്ക്കും. അങ്ങനെ പണലഭ്യതയും കുറയും. ഇതെല്ലാം മാന്ദ്യം സൃഷ്ടിക്കുമെങ്കിലും വിലക്കയറ്റത്തെ പിടിച്ചുകെട്ടാൻ സഹായിക്കും.

വിലക്കയറ്റത്തിനുകാരണം കൂലിയോ?

വിലക്കയറ്റത്തിനുകാരണം തൊഴിലാളികളുടെ കൂലി വർധിക്കുന്നതാണെന്ന മിഥ്യാധാരണ ഒരുപൊതുബോധമായി മാറിയിട്ടുണ്ട്. എന്നാൽ, ഇന്നത്തെ യാഥാർഥ്യം ഇതിൽനിന്നൊക്കെ എത്രയോ. അകലെയാണ്. ഇക്കണോമിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ജോഷ് ബിവൻസ് എന്ന സാമ്പത്തികവിദഗ്ധൻ ഇപ്പോഴത്തെ വിലവർധനയ്ക്കുപിന്നിലെ ഘടകങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. അതുപ്രകാരം കോവിഡിനുശേഷമുള്ള വിലക്കയറ്റത്തിന്റെ 54 ശതമാനത്തിനുകാരണം കമ്പനികളുടെ ലാഭത്തിലുണ്ടായ വർധനയാണ്. ഇന്ത്യയടക്കമുള്ള എല്ലാ രാജ്യത്തും കോവിഡ് കാലത്ത് കമ്പനികളുടെ ലാഭനിരക്ക് കുത്തനെ ഉയർന്നുവെന്നതാണ് യാഥാർഥ്യം. കൂലിവർധന എട്ടുശതമാനം വിലക്കയറ്റത്തിനുമാത്രമേ കാരണമായിട്ടുള്ളൂ. മറ്റുഘടകങ്ങളാണ് 38 ശതമാനം. ഇതിലാണ് എണ്ണവിലയുംമറ്റും വരുക. യഥാർഥത്തിൽ പലിശവർധന തൊഴിലാളികളുടെയും അധ്വാനിക്കുന്നവരുടെയും മേലുള്ള ധനമൂലധനത്തിന്റെ കടന്നാക്രമണമാണെന്നുപറയാം.

മാന്ദ്യം പ്രശ്നം പരിഹരിക്കുമോ?

അങ്ങനെ ലോകം ആസൂത്രിതമായൊരു മാന്ദ്യത്തിലേക്ക് കടക്കാൻ പോവുകയാണ്. പക്ഷേ, ഇതിന്റെ ഫലമായി വിലക്കയറ്റം എത്ര കുറയ്ക്കാൻ കഴിയുമോയെന്നത് കാത്തിരുന്നുകാണണം. എന്നാൽ, എണ്ണവില കുറയുകയാണെങ്കിൽ തങ്ങൾ ക്രൂഡോയിൽ ഉത്‌പാദനം കുറയ്ക്കുമെന്ന്‌ ഒപെക് രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവർ പറഞ്ഞ കാരണമാണ് രസകരം. മാന്ദ്യം കൃത്രിമമായി പലിശനിരക്ക് ഉയർത്തി സൃഷ്ടിക്കുന്നതാണ്. ഇതിന്റെ ഫലമായിട്ട് തങ്ങളുടെ എണ്ണവരുമാനം കുറയും. ഇതിനെ പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്. അതുകൊണ്ട് എണ്ണയുത്‌പാദനം കുറയ്ക്കും. എന്നുവെച്ചാൽ മാന്ദ്യകാലത്ത് എണ്ണയുടെ ഡിമാൻഡ്‌ കുറഞ്ഞാലും എണ്ണവില കുറയില്ല. ഇത്‌ വലിയ തലവേദനയാകാൻ പോവുകയാണ്.

നൊബേൽസമ്മാന ജേതാക്കളായ പോൾ ക്രുഗ്‌മാനും ജോസഫ് സ്റ്റിഗ്ലിറ്റ്‌സും പലിശവർധന ഇനി അവധാനതയോടെ മതിയെന്ന അഭിപ്രായക്കാരാണ്. വില കുറയ്ക്കാൻ മറ്റുവഴികൂടി തേടണമെന്നാണ് അവരുടെ അഭിപ്രായം.

പ്രത്യാഘാതങ്ങൾ

പലിശനിരക്കിലുണ്ടാകുന്ന വർധന കുടുക്കിലാക്കാൻ പോകുന്ന ഒട്ടേറെ മൂന്നാംലോക രാജ്യങ്ങളുണ്ട്. പലിശനിരക്ക് ഗണ്യമായി ഉയരുമ്പോൾ കടം സർവീസ് ചെയ്യുന്നതിനുള്ള ചെലവ് കൂടും. കയറ്റുമതി കുറയുന്നതുമൂലം വിദേശവിനിമയവരുമാനവും കുറയും. ശ്രീലങ്കയിലെപ്പോലെ വിദേശവിനിമയ പ്രതിസന്ധി ഒട്ടേറെ രാജ്യങ്ങളിലുണ്ടാകാം. ഇന്ത്യക്കുപോലും അമേരിക്കയിലെ പലിശനിരക്ക് ഉയർന്നത് തലവേദനയായിട്ടുണ്ടല്ലോ.

2022-ൽ 10,000 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശവിനിമയ ശേഖരത്തിൽ കുറഞ്ഞത്. എന്നിട്ടുപോലും രൂപയുടെ മൂല്യം ഏതാണ്ട് പത്തുശതമാനം ഇടിഞ്ഞ് 82 രൂപ കടന്നിരിക്കയാണ്. മാന്ദ്യം നമ്മുടെ വ്യാപാരക്കമ്മി വർധിപ്പിക്കാൻ പോവുകയാണ്. ഇന്ത്യൻ സമ്പദ്ഘടന എട്ടുശതമാനം വളരുമെന്നൊക്കെ കേന്ദ്ര സർക്കാർ വമ്പുപറഞ്ഞിരുന്നതാണ്. ഇപ്പോൾ പ്രതീക്ഷിക്കുന്ന വളർച്ച 6.2 ശതമാനത്തിലേക്ക്‌ താഴ്ത്തിയിട്ടുണ്ട്. അത് അവിടെയും നിൽക്കുന്ന മട്ടില്ല. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുമ്പോൾ ജനങ്ങളുടെ എതിർപ്പിന്‌ തടയിടാൻ വർഗീയതയാണ് ഇന്ത്യയിൽ ആയുധമാക്കുന്നത്. ഇത് ഒറ്റപ്പെട്ട പ്രതിഭാസമല്ല.

യൂറോപ്പിലെമ്പാടും വലതുപക്ഷ വംശീയവാദക്കാർ കരുത്താർജിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ ട്രംപ് ഒരു തിരിച്ചുവരവിന്‌ ശ്രമിക്കുകയാണ്. ഇന്ത്യയിലും ആഗോളതലത്തിലും സാമ്പത്തികവും രാഷ്ട്രീയവും സങ്കീർണമായ ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്.

Content Highlights: Financial Crisis in India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented