ല്‍ഹിയില്‍ കര്‍ഷകരുടെ സമരം വിജയംകണ്ടിരിക്കുന്നു. നിയമം പിന്‍വലിച്ചിരിക്കയാണ്. കേന്ദ്രസര്‍ക്കാരും അവരെ പിന്തുണയ്ക്കുന്നവരും ഈ സമരത്തെ തകര്‍ക്കാന്‍ പലവട്ടം, പലവിധത്തില്‍ ശ്രമിച്ചെങ്കിലും നിശ്ചയദാര്‍ഢ്യവും ഉദ്ദേശ്യശുദ്ധിയും കൊണ്ടാണ് ഈ പോരാട്ടം ജയിച്ചത്. അപ്പോഴും ആശങ്കകള്‍ ബാക്കിയാണ്. അത്യധ്വാനം ചെയ്യുന്ന കര്‍ഷകര്‍ മറ്റുള്ളവര്‍ക്കൊപ്പമെത്താന്‍ ഇനിയും എത്രദൂരം കിതച്ചോടണം?

കര്‍ഷകന് ഇന്നും കുമ്പിളില്‍ത്തന്നെ

2016-'17 സാമ്പത്തികസര്‍വേ അനുസരിച്ച് രാജ്യത്തെ 17 സംസ്ഥാനത്തെ കര്‍ഷകകുടുംബങ്ങളുടെ വാര്‍ഷികവരുമാനം 20,000 രൂപയാണ് അതായത്, മാസം ശരാശരി 1666 രൂപ. നാഷണല്‍ സാംപിള്‍സര്‍വേപ്രകാരം രാജ്യത്തൊട്ടാകെയുള്ള കര്‍ഷകരുടെ മാസവരുമാനം 6426 രൂപയാണ്. കേരളത്തിന്റേത് 11,888 രൂപയും. സര്‍ക്കാര്‍-സര്‍ക്കാരിതര ജീവനക്കാരുടെ മറ്റാനുകൂല്യങ്ങളുമായി ഇത് താരതമ്യംചെയ്യാന്‍പോലും പറ്റില്ല. ഈ രീതിയിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയും അസ്ഥിരതയുമാണ് കാര്‍ഷികമേഖല തകരാനുള്ള പ്രധാന കാരണം. പുതിയ തലമുറ കൃഷിയോട് മുഖംതിരിക്കുന്നതും ഈ കാരണത്താലാണ്.

അന്നമൂട്ടുന്നവരെ അവഗണിക്കുന്നു

2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്രം അവകാശപ്പെടുമ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് 6426 രൂപയില്‍നിന്ന് 12,852 രൂപയുടെ വര്‍ധനമാത്രമാണുണ്ടാകുന്നത്. ഈ വര്‍ധനകൊണ്ട് കര്‍ഷകര്‍ക്ക് ഒരു പുരോഗതിയും ഉണ്ടാകാന്‍പോകുന്നില്ല. മാന്യമായ ശമ്പളം കൈപ്പറ്റി സര്‍ക്കാരിനുവേണ്ടി ജോലിചെയ്യുന്നവരെ സര്‍ക്കാരിന്റെ സേവകര്‍ അഥവാ ഗവണ്‍മെന്റ് സര്‍വന്റ്സ് എന്നുപറയും.

എന്നാല്‍, ജനങ്ങളെ അന്നമൂട്ടുന്നവരെ അത്തരം സേവകരായി കാണാന്‍ നാം തയ്യാറല്ല. 2008-ല്‍ യു.പി.എ. സര്‍ക്കാര്‍ 52,000 കോടിയുടെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയതുകാരണം സാമ്പത്തികമേഖലയില്‍ കടുത്ത പ്രതിസന്ധിയുണ്ടായെന്നും ഇത് ആവര്‍ത്തിക്കുമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മാത്രമല്ല, ഇത്തരം പ്രവണതകള്‍ വായ്പകളുടെ അച്ചടക്കത്തെ ബാധിക്കുമെന്നാണ് എസ്.ബി.ഐ. ചെയര്‍പേഴ്സണായിരുന്ന അരുന്ധതി ഭട്ടാചാര്യയെപ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണക്കുപ്രകാരം രാജ്യത്തെ നിഷ്‌ക്രിയ ആസ്തി 7.2 ലക്ഷം കോടിയാണ്. ഇതില്‍ 70 ശതമാനം കോര്‍പ്പറേറ്റ് മേഖലയിലാണ്. കേവലം ഒരുശതമാനംമാത്രമാണ് കര്‍ഷകരുടേത്.

അദാനിക്ക് 72,000 കോടിയും അംബാനി ഗ്രൂപ്പിന് 1,30,000 കോടിയും വായ്പനല്‍കി. ലക്ഷ്മി മിത്തലിന് 1200 കോടിയാണ് പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയത്. അദാനിയുടെ 72,000 കോടിക്കുതാഴെയാണ് ഇവിടത്തെ മൊത്തം കര്‍ഷകരുടെ കടം. അദാനി, അംബാനി, മിത്തല്‍ ഗ്രൂപ്പുകളുടെ 3.04 ലക്ഷം കോടി രൂപ എഴുതിത്തള്ളാനാണ് തീരുമാനം. വിജയ് മല്യയുടെ 1450 കോടിക്ക് ഇപ്പോഴും ഉത്തരമില്ല. അദ്ദേഹത്തെ നമ്മുടെ രാജ്യത്ത് കൊണ്ടുവരാന്‍പോലും കഴിയുന്നില്ല. ഈ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കെല്ലാം ഒരുശതമാനം പലിശയ്ക്കാണ് വായ്പനല്‍കുന്നത്.

എന്നാല്‍, പാവപ്പെട്ട കര്‍ഷകരെ സഹായിക്കുന്ന നമ്മുടെ നാട്ടിലെ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നോട്ടുനിരോധനത്തിലൂടെ ഒരു പരിധിവരെ അവര്‍ക്കത് സാധിക്കുകയുംചെയ്തു. ഒരു പാവപ്പെട്ട സ്ത്രീക്ക് ആടിനെ വാങ്ങാന്‍ 5000 രൂപ കടമെടുക്കാനായി പലിശയ്ക്ക് മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം കോര്‍പ്പറേറ്റുകളുടെ കുടിശ്ശികകള്‍ എഴുതിത്തള്ളാന്‍ കേന്ദ്രത്തോട് ശുപാര്‍ശചെയ്തിട്ടുണ്ട്. ഇദ്ദേഹം ഉള്‍പ്പെടുന്ന സംഘംതന്നെയാണ് ഇപ്പോള്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളരുതെന്ന് ഉപദേശിച്ചതും.

പരാതി കാര്‍ഷികോത്പന്നത്തിന് വില കൂടുമ്പോള്‍മാത്രം

2017-'18 കേന്ദ്രബജറ്റില്‍ പത്തുലക്ഷം കോടിയാണ് കാര്‍ഷികവായ്പകള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. എന്നാല്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്, വകയിരുത്തിയ തുകയുടെ എട്ടുശതമാനംമാത്രമാണ് 83 ശതമാനത്തോളംവരുന്ന ചെറുകിടകര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നാണ്. 75 ശതമാനത്തോളം തുക ലഭിക്കുന്നത് വന്‍കിട കാര്‍ഷിക കമ്പനികള്‍ക്കാണ്. അതും മൂന്നുശതമാനം പലിശയ്ക്ക്.

സ്വകാര്യമേഖലയിലുള്ള അടിസ്ഥാനവികസന കമ്പനികളുടെ മൂലധന വികസനത്തിനും കൂടുതല്‍ ധനസമാഹരണത്തിനുമായി ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്(ഐ.ഐ.എഫ്.) തയ്യാറെടുക്കുകയാണ്. അതിനായി ഇന്ത്യ അംഗമായിട്ടുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍(എ.ഐ.ഐ.ബി.)നിന്ന് 150 ദശലക്ഷം ഡോളര്‍ വായ്പയെടുത്തുകഴിഞ്ഞു. ആദ്യമായാണ് സ്വകാര്യ സംരംഭങ്ങള്‍ക്കായി എ.ഐ.ഐ.ബി. വായ്പ നല്‍കുന്നത്.

കാര്‍ഷികോത്പന്നങ്ങളൊഴികെ ഏത് ഉത്പന്നത്തിനും സേവനത്തിനും എത്രതന്നെ വിലകൂടിയാലും നാം പ്രതികരിക്കാറില്ല. വിലകൂടിയ വസ്തുക്കളും വാഹനങ്ങളും സ്വന്തമാക്കാന്‍ മത്സരിക്കുന്നവരാണ് ഭൂരിപക്ഷമാളുകളും. എന്നാല്‍, ഒരു കിലോഗ്രാം സവാളയ്‌ക്കോ തക്കാളിക്കോ അഞ്ചുരൂപ കൂടിയാല്‍ നാം വിലക്കയറ്റത്തിന്റെ പട്ടികയില്‍ അതിനെ ഉള്‍പ്പെടുത്തും. സാമ്പത്തികവിദഗ്ധര്‍ ലേഖനങ്ങളെഴുതും. മറ്റുത്പന്നത്തിനും സേവനത്തിനും വിലകൂടുമ്പോള്‍ അത് കര്‍ഷകനും ബാധകമല്ലേ? അത് നേരിടാന്‍ അവന്റെ ഉത്പന്നത്തിന് ന്യായമായ വില കിട്ടേണ്ടത് അവന്റെ അവകാശമല്ലേ?

നമ്മുടെ സംസ്ഥാനത്ത് 2015 ഓഗസ്റ്റ് 23-ന് കാര്‍ഷികനയം അംഗീകരിച്ച് ഉത്തരവിറങ്ങിയിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു കര്‍ഷകക്ഷേമ ബോര്‍ഡിന്റെ രൂപവത്കരണം. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട സ്വകാര്യബില്‍ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍തന്നെ മുന്‍കൈയെടുത്ത് ഇത് നടപ്പാക്കാന്‍ തീരുമാനിച്ചു. ഇത് രാജ്യത്തിനുതന്നെ മാതൃകയാണ്. അവകാശലാഭം നല്‍കുകയെന്നതും ഇതുമായി ബന്ധപ്പെട്ടതാണ്.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും നാം മനസ്സിലാക്കേണ്ടത് 2002-'03 മുതല്‍ 2012-'13 വരെ കര്‍ഷകരുടെ വാര്‍ഷികവരുമാനത്തില്‍ 3.5 ശതമാനം വര്‍ധനമാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നതാണ്. വരുമാനം ഇരട്ടിയാക്കാന്‍ ഇപ്പോഴത്തെക്കാളും മൂന്നുമടങ്ങ് നിക്ഷേപം വേണ്ടിവരും-ഏകദേശം 6.4 ലക്ഷം കോടി രൂപ. ഇത്രയും ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തമല്ല. മാത്രമല്ല, ഈ ലക്ഷ്യത്തിലെത്താന്‍ കാര്‍ഷികമേഖലയില്‍ പ്രതിവര്‍ഷം 22 ശതമാനം വര്‍ധനയുണ്ടാവുകയും വേണം.

ഇനി ഏതെങ്കിലുംവിധത്തില്‍ ഇത്രയും നിക്ഷേപം നടത്തിയാലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം.

ഇത്രയും തുക നിക്ഷേപിച്ചാല്‍ ഉത്പാദനത്തില്‍ എത്ര മടങ്ങ് വര്‍ധനയുണ്ടാകും?, വര്‍ധിച്ച ഉത്പന്നങ്ങള്‍ ആര് സംഭരിക്കും?, ഉത്പാദനം വര്‍ധിക്കുമ്പോള്‍ വില കുറയുമെന്ന തത്ത്വത്തെ എങ്ങനെ നേരിടും?, ആഭ്യന്തര ഉപഭോഗത്തിനുശേഷം കയറ്റുമതിക്കുള്ള സാധ്യത എത്രയാണ്?, റീജണല്‍ കോംപ്രിഹന്‍സീവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ്(ആര്‍.സി.ഇ.പി.)കരാര്‍ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ മറ്റുള്ള രാജ്യങ്ങളില്‍നിന്നുള്ള തീരുവ കുറച്ചുള്ള ഇറക്കുമതി ഉയര്‍ത്തുന്ന വെല്ലുവിളി എങ്ങനെ നേരിടും?

(തുടരും)

വൈദ്യുതി വകുപ്പ് മന്ത്രിയായ ലേഖകന്‍ കാര്‍ഷിക വികസന നയരൂപവത്കരണ സമിതി മുന്‍ ചെയര്‍മാനാണ്

Content Highlights: Farmers Protest and The reason Behind It