നീറിപ്പുകഞ്ഞ് ഗാസിപുര്‍ | രണ്ട് രാത്രിയും ഒരു പകലും സംഭവിച്ചതെന്ത്‌


രാജേഷ് കോയിക്കല്‍

പ്രകൃതിയുടെ മാറ്റമറിഞ്ഞ് വിതയ്ക്കുന്ന കര്‍ഷകന് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മനസറിയാന്‍ ഒഴിപ്പിക്കല്‍ നോട്ടീസ് കൈപ്പറ്റുന്നതു വരെ കാത്തു നില്‍ക്കേണ്ടി വന്നില്ല.

ഡൽഹിയിലെ കർഷക സമരവേദിയിൽ നിന്ന്| ഫോട്ടോ: മാതൃഭൂമി

ന്നുകിൽ വെടിവെയ്ക്കു, അല്ലെങ്കിൽ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യൂ, കീഴടങ്ങാൻ ഒരുക്കമല്ല. ഗാസിപുർ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ ഇപ്പോഴും ആവർത്തിച്ചു വ്യക്തമാക്കുന്നു. രണ്ടു രാത്രിയും ഒരു പകലും നീണ്ടു ഗാസിയബാദ് ജില്ലാ ഭരണകൂടത്തിന്റെ ഭയപ്പെടുത്തൽ നാടകം. പ്രകൃതിയുടെ മാറ്റമറിഞ്ഞ് വിതയ്ക്കുന്ന കർഷകന് യോഗി ആദിത്യനാഥ് സർക്കാരിന്റെ മനസറിയാൻ ഒഴിപ്പിക്കൽ നോട്ടീസ് കൈപ്പറ്റുന്നതു വരെ കാത്തു നിൽക്കേണ്ടി വന്നില്ല. ബുധനാഴ്ച്ച രാത്രി എത്തിയ രണ്ട് ഉന്നത ഉദ്യോഗസ്ഥർ ഗാസിപുരിനെ തളളിവിട്ടത് ആകാംക്ഷയുടേയും ആശങ്കയുടേയും മണിക്കൂറുകളിലേക്കായിരുന്നു.

വൈദ്യുതി മുടക്കി, പിന്നാലെ വെളളവും

ഗാസിപുരിൽ ബുധനാഴ്ച അർധരാത്രി അപ്രതീക്ഷിതമായി രണ്ട് അതിഥികളെത്തി. ഗാസിയബാദ് ജില്ലാ മജിസ്ട്രേറ്റ് അജയ് ശങ്കർ പാണ്ടെയും സീനിയർ എസ്.പി. കലാനിധി നൈതാനിയും. കനത്ത സുരക്ഷയിൽ സമരക്കാർക്കിടയിൽ റോന്ത് ചുറ്റിയ ഇരുവരും ആദ്യം സൗഹൃദത്തിന്റെ ഭാഷയാണ് സംസാരിച്ചത്. അതിർത്തി സ്തംഭിപ്പിച്ചുളള പ്രക്ഷോഭം ജനങ്ങൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും സമരഭൂമി ഒഴിയണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

കർഷകർ ആവശ്യം നിരസിച്ചതോടെ ഉദ്യോഗസ്ഥരുടെ സ്വരം കടുത്തു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിന്റെ പേരിൽ ഗാസിപുരിലെ കർഷകർക്കെതിരേ നിയമനടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥ ഭീഷണി അവഗണിച്ച് പാതിരാത്രിയിലും സമരഭൂമിയിൽ 'ജയ് ജവാൻ ജയ് കിസാൻ' മുദ്രാവാക്യം ഉയർന്നു.

വഴങ്ങില്ലെന്നു ബോധ്യമായതോടെ 48 മണിക്കൂറിനുളളിൽ സമരഭൂമി ഒഴിയണമെന്ന് കാട്ടി നേതാക്കൾക്ക് നോട്ടീസ് നൽകി. ഉദ്യോഗസ്ഥർ മടങ്ങിയതിനു പിന്നാലെ ഗാസിപുരിലെ വഴിവിളക്കുകൾ അണഞ്ഞു. വൈദ്യുതി വിച്ഛേദിക്കപ്പെട്ടുവെന്ന് സമരക്കാർക്ക് ആദ്യം മനസിലായില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും വിളക്കുകൾ തെളിയാതെ വന്നതോടെ യോഗി സർക്കാർ ഒഴിപ്പിക്കലിനുളള പദ്ധതി തയ്യാറാക്കുന്നുവെന്ന യാഥാർഥ്യം കർഷകർ തിരിച്ചറിഞ്ഞു തുടങ്ങി. ഇന്നലെ ഉച്ചയോടെ ജലവിതരണവും മുടങ്ങിയതോടെ സമരത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടായി.

സജ്ജമായി പൊലീസ്, സമരം തുടർന്ന് കർഷകർ

ഉത്തർപ്രദേശ് മണ്ണിൽ കർഷക സമരങ്ങൾ വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു യോഗി ആദിത്യനാഥ് സർക്കാർ. സംസ്ഥാനത്ത് ഗാസിപുർ കഴിഞ്ഞാൽ കർഷക സമരങ്ങൾ നടന്നത് ബാഗ്പത്തിലും ചില്ലയിലുമായിരുന്നു. ആഭ്യന്തരവകുപ്പിന്റെ നിർദേശമനുസരിച്ച് ബാഗ്പത്തിൽ ബുധനാഴ്ച രാത്രിയിൽ സമരക്കാരെ ഒഴിപ്പിച്ചു. ദേശീയ പാതയിൽ അറ്റകുറ്റപ്പണി നടത്താൻ പോകുന്നുവെന്നായിരുന്നു സമരക്കാരോട് പൊലീസ് പറഞ്ഞ കാരണം.

വഴങ്ങാതെ വന്നതോടെ പൊലീസ് ബലം പ്രയോഗിച്ചു. നോയിഡ ചില്ലാ അതിർത്തിയിൽ സമരക്കാർ സ്വയം ഒഴിഞ്ഞുപോയത് പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി. ഇവിടെ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ ഭാനു വിഭാഗം റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് സമരത്തിൽനിന്നു പിന്മാറിയിരുന്നു. ടെന്റുകൾ പൊളിച്ചു മാറ്റലും റോഡ് വൃത്തിയാക്കലും വേഗത്തിൽ പൂർത്തിയാക്കാനായി.

എന്നാൽ, നൂറുകണക്കിന് കർഷകരാൽ എന്നും സജീവമായിരുന്ന ഗാസിപുരിലെ നടപടി അത്ര എളുപ്പമാകില്ലെന്ന് യു.പി. പൊലീസിന് ബോധ്യമുണ്ടായിരുന്നു. കർശന നിലപാടിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറച്ചു നിന്നതോടെ ഗാസിയബാദ് ജില്ലാ ഭരണകൂടത്തിന് മറ്റു വഴികളില്ലായിരുന്നു. ഡൽഹി മീററ്റ് അതിവേഗ പാതയ്ക്ക് ഇരുവശവും പോർമുഖം രൂപപ്പെടാൻ അധികസമയം വേണ്ടി വന്നില്ല.

നവംബർ 28-ന് സമരം ആരംഭിച്ച ശേഷം ഇതാദ്യമായി ഗാസിപുരിലെ പൊലീസ് സാന്നിധ്യം ചൊവ്വാഴ്ച്ച അഞ്ഞൂറിനടുത്തായി. ദ്രൂതകർമ സേനയും സി.ആർ.പി.എഫും സമരഭൂമിയുടെ എതിർഭാഗത്തായി തമ്പടിച്ചു. ഇന്നലെ ഉച്ചവരെ സമരക്കാർക്ക് അഭിമുഖമായി നിന്ന പൊലീസ് സംഘം മൂന്നുമണിയോടെ ഫ്ളാഗ് മാർച്ച് നടത്തി. ആദ്യം ആർപിഎഫും പിന്നാലെ പൊലീസും.

ജലപീരങ്കിയും കലാപം നേരിടുന്നതിനുളള സർവ സന്നാഹങ്ങളും സജ്ജമായി. ഏത് നിമിഷവും പൊലീസ് നടപടി ഉണ്ടാകുമെന്ന പ്രതീതിയായി. രാവിലെ പതിനൊന്ന് മണിയോടെ സജീവമായ സമരപന്തലിൽ കർഷകരുടെ എണ്ണം മുൻദിവസങ്ങളേക്കാൾ കുറവായിരുന്നു. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ മരിച്ച ബറേലി സ്വദേശിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കർഷകർ പോയതും സമരത്തിൽനിന്നു മൂന്നു സംഘടനകൾ പിൻവാങ്ങിയതും ഗാസിപുരിലെ തിരക്ക് കുറയാനിടയാക്കി. കർഷകരേക്കാൾ കൂടുതൽ പൊലീസ് ഉണ്ടെന്ന് തോന്നിയ നിമിഷങ്ങൾ.

നേതാക്കൾ കീഴടങ്ങുമോ

വൈകീട്ട് മൂന്നു മണിക്ക് ശേഷം ഏത് നിമിഷവും പൊലീസ് നടപടി ഉണ്ടാകുമെന്ന പ്രതീതിയായിരുന്നു ഗാസിപുരിൽ. ഡൽഹി-മീററ്റ് അതിവേഗ പാത അടച്ചു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോയിരുന്ന അതിവേഗ പാത നിശ്ചലമായി. സമരവേദിയിലേക്കുളള മുഴുവൻ റോഡുകളും സീൽ ചെയ്തു. കാവലിന് അർധ സൈനിക വിഭാഗം. മാധ്യമങ്ങളുടെ വാഹനങ്ങൾ പോലും കടത്തിവിടാൻ അനുവദിച്ചില്ല.

അഞ്ചേമുക്കാലോടെ സമരഭൂമിയിൽ അഭ്യൂഹം പരന്നു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഉൾപ്പടെയുളള നേതാക്കൾ കീഴടങ്ങാൻ പോകുന്നു. സമരഭൂമിയിൽ പൊലീസ് നടപടിയിലൂടെ ഉണ്ടായേക്കാവൂന്ന രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് കീഴടങ്ങൽ എന്നായിരുന്നു അഭ്യൂഹം. സമരഭൂമിയിൽ ടെന്റിനകത്ത് രാകേഷ് ടിക്കായത്ത് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയതോടെ അഭ്യൂഹം യാഥാർഥ്യമാകാൻ അധികം സമയം വേണ്ടി വരില്ലെന്നു തോന്നി.

ഗാസിപുരിലെ സമരം അവസാനിക്കാൻ പോകുന്നുവെന്ന് ദേശീയ ടെലിവിഷൻ ചാനലുകളിൽ ഫ്ളാഷുകൾ തെളിഞ്ഞു. സമരക്കാരെ ടിക്കായത്ത് അഭിസംബോധന ചെയ്യുമെന്ന് ഉറപ്പായതോടെ മുഖ്യവേദിക്കരികിൽ മാധ്യമ പ്രവർത്തകരുടെ തിക്കും തിരക്കും തുടങ്ങി. വൈകാതെ നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ സമരക്കാർക്ക് ആവേശമായി രാകേഷ് ടിക്കായത്ത് വേദിയിലേക്കെത്തി. ആരും കീഴടങ്ങില്ലെന്നും പൊലീസ് വേണമെങ്കിൽ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനും ടിക്കായത്ത് വെല്ലുവിളിച്ചു. കരഘോഷങ്ങളോടെയും മുദ്രാവാക്യം വിളികളോടെയും സമരക്കാർ ടിക്കായത്തിന്റെ വാക്കുകൾ ഏറ്റെടുത്തു.

ചർച്ച, വെല്ലുവിളി, കണ്ണുനീർ

പോലീസ് പിന്മാറാൻ ഒരുക്കമല്ലായിരുന്നു. രാകേഷ് ടിക്കായത്തിന്റെ വെല്ലുവിളിക്കു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സമരവേദിയിൽ എത്തി ചർച്ച തുടങ്ങി. ഈ സമയം കെ.കെ. രാഗേഷ് എം.പിയുടെ ഹിന്ദിയിലുളള പ്രസംഗം സമരക്കാരിൽ ആവേശം നിറച്ചു. കർഷകരെ അറസ്റ്റ് ചെയ്യാനാണ് ഭാവമെങ്കിൽ മോദി ബി.ജെ.പിയുടെ അവസാനത്തെ പ്രധാനമന്ത്രിയായിരിക്കുമെന്നു രാഗേഷ് മുന്നറിയിപ്പ് നൽകി. അറസ്റ്റ് വരിക്കുകയാണെങ്കിൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നേതാക്കൾ പ്രസംഗം തുടരുമ്പോൾ മുഖ്യവേദിയിൽ പൊലീസും കർഷക നേതാക്കളും ചർച്ച തുടരുകയായിരുന്നു. പിരിമുറക്കത്തിന്റെ നിമിഷങ്ങൾ. കൃത്യം ആറേ നാൽപത് ആയതോടെ രോഷാകുലനായ രാകേഷ് ടിക്കായത്ത് വേദിയിലെ മൈക്ക് കയ്യിലെടുത്തു. പതിഞ്ച് മിനിറ്റിനകം സമരം അവസാനിപ്പിക്കണമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ടിക്കായത്ത് സമരക്കാരെ അറിയിച്ചു. അറസ്റ്റ് വരിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ കരഘോഷങ്ങളോടെ സദസ് സ്വാഗതം ചെയ്തു.

പൊലീസ് ഗുണ്ടായിസം കാണിക്കുകയാണെന്നും സമരം പൂർവാധികം ശക്തിയോടെ തുടരുമെന്നും ടിക്കായത്ത് പറഞ്ഞു. പൊലീസിനോട് സമരവേദി വിട്ടു പോകാനും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് പൊലീസ് ശ്രമിച്ചെങ്കിലും കർഷകരോഷം തിരിച്ചറിഞ്ഞ് വേദി വിട്ടു. സമരവേദിയിൽ ജലവിതരണവും വൈദ്യുതിയും പുനഃസ്ഥാപിക്കുന്നതുവരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് പ്രഖ്യാപിച്ച് നേതാക്കൾ സമരവേദിയിൽ കുത്തിയിരുന്നു.

ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകർ വളഞ്ഞപ്പോൾ കണ്ണീർ പൊഴിച്ച് ടിക്കായത്ത് വൈകാരികമായി മറുപടി നൽകി. സമരം പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്നും എല്ലാവരുടേയും സഹകരണം വേണമെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് അഭ്യർഥിച്ചു.

കണ്ണീർ നൊമ്പരമായി കർഷകർ ഒഴുകിയെത്തി

ചർച്ച പരാജയപ്പെട്ടതോടെ പൊലീസ് സംഘം സജ്ജമായി. അതുവരെ തൊട്ടടുത്ത ഗ്രൗണ്ടിൽ വിശ്രമിച്ചിരുന്ന ദ്രുതകർമ സേനാംഗങ്ങളും പൊലീസിനൊപ്പം അണിചേർന്നു. ചർച്ചയുടെ വിശദാംശങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്‌.

ലക്നൗവിൽനിന്നുളള നിർദേശത്തിനായി പൊലീസ് കാത്തുനിന്നു. ഇതേസമയം, സമരസ്ഥലത്ത്‌ ഉണ്ടായിരുന്നത് ഏതാണ്ട് അഞ്ഞൂറിൽ താഴെ പേർ മാത്രമായിരുന്നു. ഇതിൽ മൂന്നിലൊന്നും മാധ്യമ പ്രവർത്തകരായിരുന്നു. പൊലീസിന് ബലം പ്രയോഗിച്ച് ഏളുപ്പത്തിൽ ഒഴിപ്പിക്കാൻ കഴിയുന്ന സാഹചര്യം. ഇതിനിടെ പല തവണ മാധ്യമ പ്രവർത്തകരെ കണ്ട രാഗേഷ് ടിക്കായത്ത് വൈകാരികമായി തന്നെ ചോദ്യങ്ങളെ നേരിട്ടു.

ഇതിനിടെ ഒരാൾ ടിക്കായത്തിനെ അക്രമിക്കാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി. അക്രമിയെ കർഷകർ തന്നെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. പൊലീസിന്റെ ഓരോ നീക്കങ്ങളും സമരഭൂമിയെ മുൾമുനയിൽ നിർത്തി. കർഷകരിൽ ബഹുഭൂരിപക്ഷവും പ്രായമേറിയവർ. ഒപ്പം സ്ത്രീകളും കുട്ടികളും വേറെ. പൊലീസ് നടപടി ഉണ്ടായാൽ രക്തരൂക്ഷിതമാകുമെന്ന് ഉറപ്പ്.

ഇതിനിടെ രാകേഷ് ടിക്കായത്തിന്റെ വൈകാരിക വാർത്താസമ്മേളനം ചാനലുകൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിലും വൈറലായി. ഇതോടെ ടിക്കായത്തിന്റ ഗ്രാമത്തിൽ രാത്രിയിൽ മഹാപഞ്ചായത്ത് ചേർന്നു. പിന്നാലെ, പടിഞ്ഞാറൻ യു.പിയിൽനിന്ന് ചെറുതും വലുതുമായ സംഘങ്ങൾ സമരഭൂമിയിലേക്കെത്തി. പ്രധാന റോഡുകൾ അടച്ചതോടെ ചിലർ അഞ്ചും ആറും കിലോമീറ്റർ കാൽനടയായാണ് ഗാസിപുരിൽ എത്തിയത്.

സമരഭൂമി ജനനിബഡമായി. കർഷകർ അരക്ഷിതരായി തെരുവിൽ കഴിയുമ്പോൾ സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. ഓരോ നിമിഷവും ജനങ്ങളുടെ എണ്ണം കൂടി വന്നു. വലിയ ജനക്കൂട്ടത്തെ ഒഴിപ്പിക്കുക ഇനി ദുഷ്കരമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തി. പുലർച്ചെ ഒരു മണിയോടെ പ്രത്യേക വാഹനങ്ങളിൽ കയറി പൊലീസ് ഉദ്യോഗസ്ഥർ മടങ്ങി. അതുവരെ ആശങ്കയിലായിരുന്നു കർഷകർക്കിടയിൽ ആശ്വാസ നിശ്വാസമുയർന്നു. ചിലർ ജയ് ജവാൻ ജയ് കിസാനൊപ്പം ജയ് പൊലീസ് എന്നും വിളിച്ചു.

ഗോദി മീഡിയ നൗ സോറി മീഡിയ

കാർഷിക നിയമങ്ങൾക്കെതിരായ സമരം തുടങ്ങിയ നാൾ മൂതൽ ചില മാധ്യമങ്ങളെ കർഷകർ വിളിച്ചിരുന്നത് ഗോദി മീഡിയ എന്നായിരുന്നു. മോദിയുടെ മടിയിൽ ഇരിക്കുന്ന മാധ്യമങ്ങൾ എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രധാനമായും ഹിന്ദി, ഇംഗ്ലീഷ് ചാനലുകളാണ് ഈ വിമർശനത്തിന്റെ ചൂടറിഞ്ഞത്. കർഷക സമരത്തിൽ കേന്ദ്രസർക്കാർ അനുകൂല വാർത്തകൾ മാത്രം നൽകുന്നുവന്നാണ് ഇവരുടെ ആരോപണം. ഇതിന്റെ പേരിൽ ഇത്തരം ചാനലുകൾക്ക് സിംഘുവിലും തിക്രിയിലും ഗാസിപുരിലും അപ്രഖ്യാപിത വിലക്കും ഉണ്ടായിരുന്നു.

എന്നാൽ പ്രാദേശിക മാധ്യമങ്ങൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. ഇന്നലെ അർധരാത്രിക്കു ശേഷം ഗോദി മീഡിയ വിളിക്കു പകരം സോറി മീഡിയ എന്നാണ് മാധ്യമ പ്രവർത്തകരോട് കർഷകർ പറയുന്നത്. മാധ്യമ പട ഉണ്ടായതു കൊണ്ടാണ് പൊലീസ് നടപടിയിൽ നിന്ന് പിൻവാങ്ങിയതെന്ന് കർഷകർ വിശ്വസിക്കുന്നു.

ഒഴിപ്പിക്കൽ ഉണ്ടായേക്കുമെന്നു വാർത്ത വന്നതോടെ സമരഭൂമിയിലേക്ക് ജനപ്രവാഹം ഉണ്ടായി. ഇതു പൊലീസിനെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്നും ചിലർ പറയുന്നു. ജോലി കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവർത്തകർക്ക് പുഞ്ചിരി സമ്മാനിക്കാനും കർഷകർ പിശുക്കുകാട്ടിയില്ല. രാത്രി സമരസ്ഥലത്തു തന്നെ ചിലർ മാധ്യമ പ്രവർത്തകരെ നിർബന്ധിക്കുന്നതും കാണാമായിരുന്നു. മാധ്യമങ്ങളെല്ലാം പോയി കഴിഞ്ഞാൽ ഇരുളിന്റ മറവിൽ പൊലീസ് മടങ്ങി വരുമെന്ന ആശങ്ക ആയിരുന്നു കാരണം.

ഉറക്കമൊഴിഞ്ഞ സമരവേശം

മരം കോച്ചുന്ന തണുപ്പ്. പുലർച്ചെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ അറുപത്തിമൂന്ന് ദിവസമായി ടെന്റുകളിൽ ഉറങ്ങിയിരുന്ന കർഷകർ ഇന്നലെ ആദ്യമായി രാത്രിയിൽ സമരവേദിക്ക് കാവലിരുന്നു. രജായ് പുതച്ചും തീ കാഞ്ഞും സമരവേശം കെടാതെ സൂക്ഷിച്ചു. ചൂടു ചായ മോന്തി കുടിച്ചും ബിസ്ക്കറ്റ് തിന്നും അവർ സമയം തളളിനീക്കി.

പുലർച്ചെ പൊലീസ് മടങ്ങിയെത്തി ഒഴിപ്പിക്കാനുളള സാധ്യതയാണ് അവരുടെ ഉറക്കം കെടുത്തിയത്. പ്രായമായവരും കുട്ടികളും സ്ത്രീകളും ഉറങ്ങിയപ്പോൾ ചെറുപ്പക്കാർ കാവലിരുന്നു. കർഷകർ നൽകിയ ബെഡ്ഡിലും രജായിയിലും മാധ്യമ പ്രവർത്തകരും തണുപ്പിൽനിന്നു രക്ഷ തേടി. പഞ്ചാബ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നും ഇടയ്ക്കിടെ വരുന്ന ചെറുകർഷക സംഘങ്ങളുടെ മുദ്രാവാക്യങ്ങൾ അവരുടെ ചെറു മയക്കങ്ങൾക്ക് പ്രതിബന്ധമായി.

അട്ടിമറി സാധ്യതയുളളതിനാൽ ജാഗരൂകരായിരുന്നു കർഷക സമൂഹം. പാതിവഴിയിൽ സമരം അവസാനിപ്പിക്കില്ലെന്ന നിശ്ചയദാർഢ്യം ജാഗ്രതയ്ക്ക് കൂട്ടായി. ഓരോ പുലരിയിലും കർഷകർക്ക് പറയാനുളളത് ഒന്നുമാത്രം. ന കാനൂൻ വാപസി തോ ന ഘർ വാപസി...!

Content Highlights: Delhi Farmers protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented