കട്ടപ്പന: താമസിച്ചിരുന്ന ചെറിയ ഷെഡ് കാട്ടാന നശിപ്പിച്ചതോടെ ജീവന്‍ ഭയന്ന് പാറപ്പുറത്ത് അഭയം തേടിയിരിക്കുകയാണ് വൃക്കരോഗിയായ ആദിവാസി അമ്മയും മാനസികാസ്വാസ്ഥ്യമുള്ള മകനും. ഇടുക്കി ചിന്നക്കനാല്‍ സിങ്കുണ്ടം 301 കോളനിയിലെ വിമലയും മകന്‍ സനലുമാണ് വര്‍ഷങ്ങളായി ഈ ദുരിതജീവിതം നയിക്കുന്നത്. മകന് ഒരു നേരമെങ്കിലും നല്ല ഭക്ഷണവും അടച്ചുറപ്പുള്ള വീടും കിട്ടണമെന്നതാണ് വിമലയുടെ സ്വപ്നം.

അടച്ചുറപ്പുള്ള വീടിനായി വിമല മുട്ടാത്ത വാതിലുകളില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. 2003ലാണ് സര്‍ക്കാര്‍ ഇവര്‍ക്ക് 301 കോളനിയില്‍ പട്ടയഭൂമി നല്‍കിയത്. അന്ന് മുതലേ കാട്ടാന ശല്യം രൂക്ഷമായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ കഷ്ടപ്പെട്ട് വിമല മൂന്ന് പെണ്‍മക്കളെ കല്യാണം കഴിപ്പിച്ച് വിട്ടു. അതിന് ശേഷം മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി പട്ടയ ഭൂമിയില്‍ തന്നെയാണ് താമസം. താമസിച്ചിരുന്ന ചെറിയ ഷെഡ് കാട്ടാന നശിപ്പിച്ചതോടെ വര്‍ഷങ്ങളായി പാറപ്പുറത്തെ ഷെഡിലാണ് താമസിക്കുന്നത്.

മഴ കനത്തതോടെ പാറപ്പുറത്തുള്ള താമസം ദുഷ്‌കരമായി, സമീപവാസിയുടെ വീടിന് മുകളില്‍ ടാര്‍പാ വലിച്ച് കെട്ടിയാണ് ഇപ്പോള്‍ താമസം. 301 കോളനിയില്‍ പട്ടയം ലഭിച്ച പലരും കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ ഇവിടം വിട്ടു. മകന് ലഭിക്കുന്ന 1600 രൂപയാണ് ഇവരുടെ ഏക വരുമാന മാര്‍ഗം. ആ പണം മകന് മരുന്ന് വാങ്ങുന്നതിന് പോലും തികയില്ലെന്ന് വിമല പറയുന്നു. പണം ഇല്ലാത്തതിനാല്‍ വിമലയുടെ വൃക്കരോഗത്തിന്റെ ചികിത്സ നിലച്ച മട്ടാണ്. നാട്ടുകാരും സുമനസുകളും സഹായിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ജോലിക്ക് പോകാന്‍ വിമല തയ്യാറാണെങ്കിലും ഇടയ്ക്കിടെ അക്രമാസക്തനാകുന്ന മകനെ ഒറ്റയ്ക്കാക്കി പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

vimala

ഇവരുടെ ഭൂമിയിലേക്ക് വെള്ളവും വൈദ്യുതിയും എത്തിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകളെല്ലാം വിമല കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണവും പാര്‍പ്പിടവും വെള്ളവുമാണ് വിമല സുമനസുകളോട് യാചിക്കുന്നത്. മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയതോടെ വിഷയത്തില്‍ ഇടപെടലുമാലി സ്ഥലം എംഎല്‍എ എ രാജ രംഗത്ത് വന്നു. വീട് നിര്‍മിക്കുന്നതിനും മകന്റെ ചികിത്സയ്ക്കുമുള്ള സഹായങ്ങള്‍ ചെയ്യാമെന്ന ഉറപ്പാണ് എംഎല്‍എ നല്‍കിയത്. സര്‍ക്കാര്‍ ഇടപെടല്‍ പുതുജീവിതം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകനും.

content highlights: family living on rock in fear of wild elephants