hananണ്ട് കസ്തൂരിമാന്‍ എന്നൊരു സിനിമ വന്നു. ലോഹിതദാസ് സംവിധാനം. മീര ജാസ്മിന്‍ നായിക. കോളേജില്‍ അടിപൊളി ഫ്രീക്ക് പെണ്‍കുട്ടി. സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍. പിന്നെ അറിയുന്നു. അവള്‍ പരമദരിദ്ര. പലയിടത്തും വീട്ടുപണി ചെയ്താണ് പഠിക്കുന്നതും കുടുംബം നോക്കുന്നതും. പടം ഹിറ്റായി. 

ഇത് സിനിമയിലേ പാടൂ. വാശി പിടിക്കുകയാണ് മലയാളി. തെളിവാണ് ഹനാന്‍. 

ഹനാന്‍ അപേക്ഷിക്കുന്നു: ദ്രോഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണം. കള്ളി എന്ന് വിളിച്ച് അപമാനിക്കരുത്.
 
തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. രസതന്ത്രമാണ് വിഷയം. സിനിമയിലേക്കാള്‍ ദരിദ്ര. അച്ഛന്‍ ഉപേക്ഷിച്ചു. അമ്മയ്ക്ക് സുഖമില്ല. ഒരനിയന്‍. മീന്‍ വിറ്റ് ജീവിക്കുന്നു. തീരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ പ്രതിഭ. നിമിഷകവയിത്രി. സ്വയം പാട്ടെഴുതി സംഗീതം കൊടുക്കുന്ന മിടുക്കി. അഭിനയിക്കും. ഇവന്റ് മാനേജ്‌മെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കും. ഭക്ഷണം വിളമ്പാനും പാത്രം കഴുകാനും. കളമശ്ശേരിയില്‍നിന്ന് അവള്‍ തമ്മനത്തേക്ക്. 

പറഞ്ഞല്ലോ. സങ്കടം നിറഞ്ഞതാണ് അവളുടെ കഥ. മനുഷ്യരായി പിറന്നോര്‍ക്കെല്ലാം കണ്ണീരു വരുന്നത്ര കഷ്ടം.
മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത വന്നു. യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍. സൈബര്‍ കുരുക്കള്‍ ഓരോന്നായി പൊട്ടി. ലക്ഷ്യം പലത്. 

സുഡാപ്പികള്‍ എന്ന സൈബര്‍ വിളിപ്പേരുകാരുടെ ചിന്തകള്‍ ഇങ്ങനെ. ''ഇമ്മാതിരി ഒരുത്തിയോ ഭൂമി മലയാളത്തില്‍? മുഖാവരണമിടാതെ പുറത്തിറങ്ങുന്നോ? അങ്ങനെ തെരുവില്‍ വില്‍പന വേണ്ട. സഹായം ചോദിച്ച് വരട്ടെ. നമ്മള്‍ പിരിച്ച് നല്‍കും. അല്ലാതെ ആരും വേണ്ട. സിനിമാഭിനയവും വേണ്ട.'' 

സൈബര്‍ സംഘി എന്ന വിഭാഗത്തിന്റെ വിലാപങ്ങള്‍ ഇനി പറയുന്നു. ''കണ്ടില്ലേ, ദാ വീണ്ടും വരുന്നു. ഹിന്ദുക്കളില്‍ കഷ്ടപ്പെടുന്നവര്‍ ഇല്ലാഞ്ഞിട്ടാണോ? മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ്.''
 
പിന്നാലെ പുരോഗമന വിര്‍ച്വല്‍ ആള്‍ക്കൂട്ടം എത്തി. ചോദ്യം ചെയ്യുന്നത് മാധ്യമങ്ങളുടെ മൊത്തം വിശ്വാസ്യതയെ. അവര്‍ക്കു തിരുത്തണം, ലക്ഷ്യമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തെ. 

എല്ലാം നന്നായി. ഇങ്ങനെയൊക്കെയാണ് പരിശോധിക്കപ്പെടുന്നത്. സൈബര്‍ വേദിയിലെ സുതാര്യതയും.

ഒരിക്കല്‍ കൂടി ഹനാനിലേക്ക്. ''നവരത്‌നമോതിരം ധരിക്കാന്‍ എനിക്ക് മോഹമായിരുന്നു. ലുലുവില്‍നിന്ന് വാങ്ങിയതാ. ഫ്‌ളവര്‍ ഗേളായി മുപ്പത് ദിവസം പണിയെടുത്തിട്ട്. ഇതും  ട്രോളായി.'' 

പര്‍വതങ്ങളെ നീക്കം ചെയ്ത വൃദ്ധന്റെ കഥ പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍ അറിയണം. ഇതാണ് നിശ്ചയദാര്‍ഢ്യം. സംഘപരിവാര്‍ മനസ്സിലാക്കണം. ഭഗീരഥന്റെ കഥയില്‍നിന്ന് ഇതു കൂടി പഠിക്കേണ്ടതുണ്ട്. സുഡാപ്പികളും നടത്തണം ആത്മവിമര്‍ശം. മിസ്ഹാബിനെപ്പോലെ തന്നെ ഈ ജീവിതവും. പ്രവാചകനെ തള്ളിപ്പറഞ്ഞ് ജീവന്‍ രക്ഷിക്കാതെ, അവന്റെ കാലില്‍ ഒരു മുള്ളു തറയ്ക്കുന്നതു പോലും എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ് തൂക്കുമരം വരിച്ച നിശ്ചയദാര്‍ഢ്യം.
 
മൊബൈല്‍ ഫോണ്‍ കിട്ടാതെ ആത്മഹത്യ ചെയ്യുന്ന കുട്ടികളെ ഒരുപാട് കണ്ടിട്ടുണ്ട് നമ്മള്‍. അവരേക്കാള്‍ നല്ല വാര്‍ത്തയാണ് എന്തുകൊണ്ടും ഹനാന്‍. സ്ത്രീ ഇരക്കേണ്ടവള്‍ അല്ല, പൊരുതേണ്ടവള്‍ ആണ് എന്ന ബോധ്യം അവള്‍ക്കുണ്ട്. അയിലക്കഷണം കിട്ടാതെ ഫെമിനിസ്റ്റ് ആയവളല്ല ഹനാന്‍. അവള്‍ കുടുംബത്തെ സംരക്ഷിക്കുന്നത് പോരടിച്ചു തന്നെയാണ്. പണിയെടുത്താണ്. പഠിച്ച് നേടാന്‍ അവള്‍ക്ക് ലക്ഷ്യങ്ങളുണ്ട്.

അവള്‍ക്ക് അറിയണമെന്നേ ഇല്ല. വിവിധ വര്‍ഗീയതകളുടെ പരസ്പര സഹായസംഘങ്ങളെ. ജീവിക്കാന്‍ സമ്മതിക്കണം എന്ന അപേക്ഷ മാത്രമേയുള്ളൂ ഈ പെണ്‍കുട്ടിക്ക്. ഇത് മനസ്സിലാക്കാന്‍ വലിയ പുരോഗമനം പറയുന്ന നമ്മള്‍ ഒരു നൂറ്റാണ്ട് പിന്നാക്കം പോകണം.

24 കിലോമീറ്റര്‍ നടന്ന് പോയി പഠിച്ച ഒരു അമ്മയുണ്ടെനിക്ക്. അവര്‍ ടിടിസി പാസായി. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയ കാലത്ത് അധ്യാപികയായി. പള്ളിക്കൂടത്തില്‍ പോയി കഴിഞ്ഞ നൂറ്റാണ്ടിലെ സ്ത്രീകള്‍ നടത്തിയതിലും വലിയ ഒരു വിപ്ലവവും കേരളം കണ്ടിട്ടില്ല. അവര്‍ പഠിച്ച് സ്റ്റെനോകളായി, നഴ്‌സുമാരായി. കടല്‍ കടന്നു. അവരുടെ വിയര്‍പ്പും പട്ടിണിയുമാണ് കേരളത്തിന്റെ മൂലധനം. അവര്‍ കേരളത്തെ സാക്ഷരമാക്കി. 

നമ്മളിലേക്ക് മനുഷ്യത്വത്തെ അവര്‍ കൈമാറിത്തന്നു. അതെല്ലാം കളഞ്ഞു കുളിച്ചാണ് നമ്മുടെ നില്‍പ്. നമ്മുടെ മക്കള്‍  എളുപ്പം തോറ്റു പോകുന്നു. പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന്, അമ്മ ശകാരിച്ചതിന്, ടീച്ചര്‍ ഒന്ന് തുറിച്ചുനോക്കിയതിന്. അവര്‍ അന്തര്‍മുഖരാവുന്നു. ആത്മഹത്യാക്കുരുക്ക് തേടുന്നു.

അവിടെ വരുന്നു ഹനാന്‍. അഭ്രപാളിയിലേതിനേക്കാള്‍ കരുത്തുണ്ട് മലയാളിപ്പെണ്‍കുട്ടിക്ക് എന്ന് ബോധ്യപ്പെടുത്തുന്നു. എന്നിട്ടും അവളെ തോല്‍പിക്കാന്‍ എത്ര പാടുപെടുന്നു നമ്മള്‍. നമ്മുടെ ഇതര വെറുപ്പുകളുടെ കള്ളികളിലേക്ക് ആ  ജീവിതത്തെ ചേര്‍ത്തുവച്ചുകൊണ്ട്. 

കെ.ആര്‍. ഗൗരിയമ്മയും റോസമ്മ പുന്നൂസുമൊക്കെ തൊട്ട്  എണ്ണമറ്റ പേരുകളുണ്ട് കേരള രാഷ്ട്രീയത്തില്‍. ലളിതാംബികയെപ്പോലുള്ള എഴുത്തുകാരുണ്ട്. അന്ന ചാണ്ടി തൊട്ട് അന്ന മല്‍ഹോത്ര വരെ നീളുന്നവരുണ്ട്. പുരുഷന്മാരുടെ തണലില്‍ ആളായവരല്ല ഇവരാരും. 

ഇനി ഇവരൊന്നും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയാണ് സമ്പൂര്‍ണ സാക്ഷര മലയാളി. 
അതിനാല്‍ നന്ദി, ഹനാന്‍. എത്രത്തോളം ചെറുതാണ് ഞങ്ങളെല്ലാം എന്ന് കാണിച്ചു തന്നതിന്.

നന്ദി.