യുദ്ധത്താല്‍ മുറിവേറ്റ പാവകള്‍ | യുക്രൈനിൽ നിന്ന് മലയാളി ഡോക്ടറുടെ അനുഭവക്കുറിപ്പ്


ഡോ. സന്തോഷ് കുമാര്‍ എസ്.എസ്.

യുദ്ധത്തിൽ അനാഥയായ കുട്ടിക്കൊപ്പം ലേഖകൻ

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മടങ്ങിയതോടെ മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും റഷ്യ-യുക്രൈന്‍ യുദ്ധം താത്പര്യം കുറഞ്ഞ ഒരു വിദൂരകാര്യം മാത്രമായി. എന്നാല്‍, മുമ്പുള്ളതിലും ഭീകരമായി അവിടെ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മരണവും പലായനവും വിലാപങ്ങളും തുടരുന്നു. യുക്രൈനിലെ യുദ്ധഭൂമിയില്‍ ആതുരശുശ്രൂഷകനായെത്തി ഇപ്പോഴും കണ്‍മുന്നില്‍ യുദ്ധം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഡോക്ടറുടെ കുറിപ്പാണിത്. ജീവിതവും മരണവും ഇതില്‍ മുഖാമുഖം നില്‍ക്കുന്നു യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്ന്

യുക്രൈനിലെ സാഫോറീസിയയിലേക്ക് റെഡ്ക്രോസിന്റെ കൊടിയും ചിഹ്നവും പേറിയ ബസുകള്‍ കോണ്‍വോയ് ആയി വന്നുകൊണ്ടിരുന്നു. ഡൊെണറ്റ്സ്‌ക്, ലുഹാന്‍സ്‌ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് ആ വാഹനങ്ങളിലേറെയും. സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളും എന്നുവേണ്ട, ഒരു സമൂഹത്തിന്റെ പരിച്ഛേദം തന്നെയായിരുന്നു അത്. യുദ്ധത്തിനാല്‍ ദരിദ്രരാക്കപ്പെട്ടവര്‍ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഇട്ടെറിഞ്ഞ് ജീവന്‍ നിലനിര്‍ത്താനായി സ്വന്തം രാജ്യത്തുതന്നെ അഭയാര്‍ഥികളായി ഓടിയെത്തുകയായിരുന്നു. വലിയൊരു മാളാണ് അഭയാര്‍ഥികള്‍ക്കുള്ള ക്യാമ്പാക്കി മാറ്റിയിരുന്നത്. ഒറ്റ വരവില്‍ ആയിരത്തിലേറെപ്പേര്‍. ഞങ്ങള്‍ ഓരോരുത്തരും ഓരോരോ ചുമതലകള്‍ ഏറ്റെടുത്ത് ചെയ്തുകൊണ്ടിരിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് സൗകര്യം ഒരുക്കുകയും ഡോക്ടര്‍മാരെ തയ്യാറാക്കുകയുമായിരുന്നു എന്റെ ചുമതലകള്‍. യുദ്ധത്താലും കലാപത്താലും സൃഷ്ടിക്കപ്പെടുന്ന അഭയാര്‍ഥികളെ ഇതിനുമുമ്പും ധാരാളം കണ്ടിട്ടുണ്ട്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും അവരവരുടെ അത്യാവശ്യസാധനങ്ങളുമടങ്ങിയ ബാഗുകളല്ലാതെ പലായനം ചെയ്യുന്ന അവരുടെ കൈവശം മറ്റൊന്നുമുണ്ടാകാറില്ല.

യുദ്ധം കൊടുമ്പിരിക്കൊള്ളുന്നിടത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടുപോകുമ്പോള്‍ അത്യാവശ്യമുള്ള വസ്ത്രങ്ങളും സാധനങ്ങളും രേഖകളും മറ്റും എടുക്കാനാണ് റെഡ്ക്രോസ് നിര്‍ദേശിക്കുക. ഒരു ജീവിതകാലത്തെ മുഴുവനും ഒറ്റ സഞ്ചിയിലൊതുക്കണം. അതിനേ അനുവാദമുള്ളൂ. സാഫോറീസിയയിലെ അഭയാര്‍ഥിക്യാമ്പിനു മുന്നിലെത്തിയ എല്ലാവരുടെയും കൈകളിലും ബാഗോ സഞ്ചിയോ എന്തെങ്കിലുമുണ്ടായിരുന്നു. അതുമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു പറയുകയാണ് സത്യം. ആളുകളുടെ ജീവനുമാത്രമാണ് പ്രാധാന്യം. ഒരു ജീവിതകാലം മുഴുവനും ബാഗിലേക്കു ചുരുക്കിവെച്ചാണ് അവരെടുത്തിരിക്കുന്നത്. സമ്പാദിച്ച മറ്റുള്ളതൊക്കെ മരണത്തിലെന്നപോലെ ഉപേക്ഷിക്കേണ്ടിവരുന്ന അഭയാര്‍ഥിജീവിതങ്ങള്‍. യുദ്ധത്താല്‍ ദരിദ്രരാക്കപ്പെട്ടവര്‍.അതുവരെയുള്ള കാലം മുഴുവന്‍ ജീവിച്ച വീട്ടില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുമ്പോള്‍ എന്തൊക്കെയാണ് ഒരായുസ്സിന്റെ സമ്പാദ്യമായി അവര്‍ സഞ്ചികളില്‍ കരുതിയിരിക്കുന്നതെന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. അവരുടെ സ്വകാര്യതയ്ക്ക് മാനങ്ങളേറെയായതിനാല്‍ ഇതുവരെ അന്വേഷിച്ചിട്ടേയില്ല. ഇത്തവണയും ആ ഔത്സുക്യം എന്നെ സാധാരണ മനുഷ്യനാക്കി മാറ്റുന്നുണ്ടായിരുന്നു.

അഭയാര്‍ഥികളായെത്തിയവരെ പരിശോധിച്ച് മരുന്നു നല്‍കുമ്പോഴാണ് പതിവിലും കൂടുതല്‍ വലുപ്പമുള്ള ബാഗുമായി ഒരു മുത്തശ്ശി എന്റെ മുന്നിലെത്തിയത്. എലീന എന്നായിരുന്നു പേര്. ബി.പി. അപ്പാരറ്റസില്‍ രസനില താഴുമ്പോള്‍ ആ അമ്മ എന്നിലേക്കൊരു നോട്ടമെറിഞ്ഞു പുഞ്ചിരിച്ചു. ആ നോട്ടത്തില്‍ സ്‌നേഹത്തിന്റെയോ വിശ്വാസത്തിന്റെയോ കിരണങ്ങള്‍ കണ്ടപ്പോള്‍ എന്നിലെ ജിജ്ഞാസു പുറത്തുചാടി. നെഞ്ചോടടക്കിയെന്നവണ്ണം ചേര്‍ത്തുപിടിച്ചിരുന്ന ആ ബാഗില്‍ എന്തൊക്കെയാണെന്ന് തിരക്കിയത് ആശങ്കയോടെയാണ്.

എന്നെ ഞെട്ടിച്ചുകൊണ്ട്, വളരെ കരുതലോടെയും ഉത്സാഹത്തോടെയും ആ അമ്മ എനിക്കുമുന്നിലേക്ക് ബാഗിലെ രഹസ്യങ്ങള്‍ തുറന്നുെവച്ചു. അതിനുള്ളില്‍ ആ സ്ത്രീയുടെ വസ്ത്രങ്ങളായിരുന്നില്ല. ദിനചര്യക്കാവശ്യമായ ഒന്നുമായിരുന്നില്ല. തിരിച്ചറിയല്‍ കാര്‍ഡോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. പകരം അതു നിറയെ പാവകളായിരുന്നു! ചിരിക്കുന്ന, കണ്‍പീലികളനക്കുന്ന സുന്ദരികളായ കളിപ്പാവകള്‍. വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ച, കണ്ണെഴുതിച്ചു പൊട്ടുതൊടീച്ച, വിവിധ വലുപ്പത്തിലുള്ള പാവകള്‍. അതത്രയും അവരുടെ കൊച്ചുമകളുടെ സമ്പാദ്യമായിരുന്നു...

യുദ്ധം തുടങ്ങി ഏതാനും നാളുകള്‍ക്കുള്ളില്‍ എലീനയുടെ കൊച്ചുമകള്‍ അമ്മയോടൊപ്പം ലീവിവിലേക്ക് രക്ഷപ്പെട്ടിരുന്നു. ആ മുത്തശ്ശിക്ക് അവര്‍ക്കൊപ്പം പോകാനായില്ല. ഡൊെണറ്റ്സ്‌കിലെ വീട്ടില്‍ തനിച്ചായ എലീന യുദ്ധം ഇന്നോ നാളെയോ തീരുമെന്നും അപ്പോള്‍ തന്റെ മകളും കൊച്ചുമകളും തിരിച്ചെത്തുമെന്നും കരുതിയുള്ള കാത്തിരിപ്പിലായിരുന്നു. പാവകളെ കെട്ടിപ്പിടിച്ചുമാത്രം ഉറങ്ങിയിരുന്ന കൊച്ചുമകളുടെ തിരിച്ചുവരവിനായി എലീന അവ പൊന്നുപോലെ സൂക്ഷിച്ചുെവച്ചു. യുദ്ധം നീണ്ടു. എലീനയ്ക്കും നാട്ടില്‍ നില്‍ക്കാനാകാതെയായി. റഷ്യയുടെ ഒരു ബോംബോ മിസൈലോ തങ്ങളുടെ വീടും ജീവനും അപഹരിക്കുംമുന്‍പ് റെഡ്‌ക്രോസിന്റെ വിളികേട്ട് ആ മുത്തശ്ശിയും വീടുവിട്ടിറങ്ങി. ഇറങ്ങുമ്പോള്‍ എടുക്കാന്‍ അനുവദിക്കപ്പെട്ട ബാഗില്‍ കൊച്ചുമകളുടെ കളിപ്പാവകളെ പറ്റാവുന്നിടത്തോളം അവര്‍ കുത്തിനിറച്ചു. പലായനത്തിനിടയിലെവിടെ െവച്ചെങ്കിലും ആ കുരുന്നിനെ കാണാനാകുമെന്നും നഷ്ടപ്പെട്ടുവെന്നു കരുതിയ പാവകള്‍ കിട്ടുമ്പോള്‍ അവള്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടുമെന്നും പറയുമ്പോഴും എലീനയുടെ കണ്ണുകളിലെ നിലയ്ക്കാത്ത പ്രതീക്ഷയുടെ തിളക്കം എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.

ആളുകള്‍ വീടും നാടും ഉപേക്ഷിച്ചുപോകുമ്പോള്‍ എടുക്കുന്നത്, തങ്ങള്‍ക്ക് അത്യാവശ്യം വേണ്ട സാധനങ്ങളായിരിക്കുമെന്ന എന്റെ മുന്‍ധാരണകളെയപ്പാടേ തകിടംമറിച്ചു എലീന. അവശ്യസാധനങ്ങളെക്കാളേറെ വൈകാരികബന്ധമുള്ള സാധനങ്ങളാണ് പലരും വീട്ടില്‍നിന്നെടുക്കുകയെന്ന തിരിച്ചറിവാണ് അവര്‍ സമ്മാനിച്ചത്.

എന്നെങ്കിലും വീണ്ടും കണ്ടേക്കാമെന്നു പ്രതീക്ഷിക്കുന്ന കൊച്ചുമകള്‍ക്കുവേണ്ടിയുള്ള സാധനങ്ങളാണ് മരണത്തിന്റെ മുനമ്പില്‍നിന്ന് രക്ഷപ്പെട്ടോടുമ്പോള്‍ അവര്‍ കരുതലോടെ നെഞ്ചോടു ചേര്‍ത്തുപിടിച്ചത്. വെടിപൊട്ടുന്ന യുദ്ധമുഖത്തും മക്കളുടെയും കൊച്ചുമക്കളുടെയും ചിരിക്കുന്ന മുഖംകാണാന്‍ കൊതിക്കുന്ന, അവരുടെ സന്തോഷത്തിനായി സ്വന്തമായതെല്ലാം കൈവിട്ട് അവസാന പ്രതീക്ഷയുടെ കച്ചിത്തുരുമ്പില്‍ പിടിക്കാന്‍ മടിയില്ലാത്ത അമ്മമാരും മുത്തശ്ശിമാരും പിന്നെ, കളിപ്പാവകളെയും കാത്തിരിക്കുന്ന നിഷ്‌കളങ്കരായ കൊച്ചുകുഞ്ഞുങ്ങളുമാണ് ഈ യുദ്ധമുഖങ്ങളിലേക്ക് എന്നെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുന്നത്.യുെക്രെനിലെ യുദ്ധഭൂമിയില്‍നിന്ന് ജൂലായ് അവസാനം തിരികെ കേരളത്തിലെത്തിയെങ്കിലും ഒരു മാസത്തിനുശേഷം വീണ്ടും ഇവിടേക്കു മടങ്ങിയതും അതിനാലാണ്.

എലീനയെപ്പോലുള്ള ആയിരക്കണക്കിനാളുകളെ വിട്ട് സാഫോറീസിയയില്‍നിന്ന് മൈക്കോലൈവിലേക്കായിരുന്നു പിന്നീട് എന്റെ യാത്ര. ആദ്യഘട്ട ദൗത്യത്തിന്റെ അവസാനംവരെ അവിടെയായിരുന്നു സേവനം. മരിയോപോള്‍ സിറ്റി പിടിച്ച റഷ്യക്കാര്‍ ജൂലായ് പകുതിയോടെ സെവര്‍ഡൊണെറ്റ്സ്‌ക് പിടിച്ചെടുത്തു. അടുത്ത ലക്ഷ്യം മൈക്കോലൈവായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

യുക്രൈനില്‍നിന്നുള്ള അഭയാര്‍ഥികള്‍ റൊമാനിയയിലെ താത്കാലികകേന്ദ്രങ്ങളില്‍.|ഫയൽ ചിത്രം

ആശുപത്രിക്കുമുകളില്‍ പതിക്കുന്ന ബോംബുകള്‍

യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ഒന്‍പത് ആശുപത്രികളാണ് മൈക്കോലൈവില്‍ ഉണ്ടായിരുന്നത്. യുദ്ധമേഖലയോട് ഏറ്റവുമടുത്ത് ആറെണ്ണം. ഇതില്‍ ആറിടത്തുമായി അയ്യായിരം പേരെങ്കിലും ചികിത്സതേടുന്നു. വെറും ചികിത്സയല്ല, യുദ്ധത്തില്‍ മാരകമായി പരിക്കേറ്റതിനെത്തുടര്‍ന്നുള്ള ചികിത്സ. തലയ്ക്കും വയറിനുമൊക്കെ പരിക്കേറ്റു ശസ്ത്രക്രിയ ചെയ്തും ബോധരഹിതരായുമൊക്കെ കിടക്കുന്നവര്‍. ചിലപ്പോഴൊക്കെ യുദ്ധങ്ങളില്‍നിന്ന് ആശുപത്രികള്‍ ഒഴിവാക്കപ്പെടാറുണ്ട്. റഷ്യ പക്ഷേ, അതിലും കരുണകാണിക്കുന്നില്ല, ഒരു ഘട്ടത്തില്‍ ആശുപത്രികള്‍ക്കുമുകളില്‍ പതിച്ച ബോംബുകള്‍ ശസ്ത്രക്രിയാ മുറികളെ വരെ തകര്‍ത്തെറിഞ്ഞുകളഞ്ഞിരിക്കുന്നു.

നേരിട്ടുള്ള ആക്രമണം മാത്രമല്ല ആശുപത്രികളെ ബാധിക്കുക. പലതരത്തിലുള്ള സംവിധാനങ്ങള്‍ ഒരുമിച്ചുനില്‍ക്കുന്നിടമാണ് ആശുപത്രികള്‍. അവ പ്രവര്‍ത്തിക്കാന്‍ വെള്ളവും വൈദ്യുതിയും വേണം. ഓക്‌സിജന്‍ പൈപ്പ്ലൈനുകളും ഡ്രെയ്നേജും ഉണ്ടാകണം. ആശയവിനിമയത്തിന് മാര്‍ഗം വേണം. ഭക്ഷണവും മരുന്നും എത്തണം. ചികിത്സയ്ക്കായുള്ള സാധനങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാരും നഴ്സുമാരുമൊക്കെ യാത്രചെയ്ത് എത്തേണ്ടിവരും. ഇതിലേതെങ്കിലുമൊന്നിനെ ബാധിച്ചാല്‍ ആശുപത്രിക്കു പൂട്ടിടേണ്ടിവരും. ആശുപത്രികളെ നേരിട്ട് ആക്രമിക്കാതെ അവ പൂട്ടിക്കാനുള്ള ശത്രുക്കളുടെ മാര്‍ഗം അവിടേക്കുള്ള ജലവിതരണശൃംഖലയോ മാലിന്യനിര്‍മാര്‍ജന പ്ലാന്റോ വൈദ്യുതി വിതരണ സംവിധാനമോ തകര്‍ക്കുക എന്നതുകൂടിയാണ്.

മൈക്കോലൈവ് പിടിച്ചെടുക്കാന്‍ റഷ്യന്‍സേന മുന്നോട്ടുവന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആശുപത്രിയിലെ പല സംവിധാനങ്ങളും തകരാറിലായി. ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചുവെന്നുകരുതി രോഗികളെ ഉപേക്ഷിച്ചുപോകാനാകില്ല. അവരെ അടുത്ത ആശുപത്രിയിലേക്കു മാറ്റണം. യുദ്ധഭൂമിയിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും അപകടകരവുമായ പ്രവൃത്തിയാണിത്. പ്രതിസന്ധികള്‍ പലതാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ള അയ്യായിരം പേരെയും ഒരുമിച്ച് മറ്റൊരിടത്തേക്കു മാറ്റാന്‍ മാര്‍ഗങ്ങളൊന്നുമില്ല. ഒരു ആംബുലന്‍സില്‍ ഒരാളെ മാത്രമേ ഒരുസമയം മാറ്റാനാകൂ. അയ്യായിരം പേരുണ്ടെങ്കില്‍ അയ്യായിരം തവണ ആംബുലന്‍സ് ഓടേണ്ടിവരും!

യുദ്ധം യുെക്രെനിലെ ഇന്ധനമത്രയും കുടിച്ചുതീര്‍ത്തുകഴിഞ്ഞു. റഷ്യയില്‍നിന്നാണ് നേരത്തേ ഇന്ധനം വന്നിരുന്നത്. അതിപ്പോള്‍ കിട്ടുന്നില്ല. യൂറോപ്പില്‍നിന്ന് വരുന്ന ഇന്ധനത്തിന് വലിയ വില. അതാകട്ടെ, മിലിറ്ററി ആവശ്യത്തിന് ഉപയോഗിച്ചശേഷം ബാക്കിയുണ്ടെങ്കിലേ കിട്ടൂ. ആഹാരവും മരുന്നും പോലും എത്തിക്കാനാകുന്നില്ല. അപ്പോഴാണ് രോഗികളെ മാറ്റേണ്ടിവരുന്നത്. മൈക്കോലൈവിലെ പ്രധാനപ്പെട്ട ആറ് ആശുപത്രികളും ഇങ്ങനെ പൂട്ടേണ്ടിവന്നു. ഡ്രെയ്നേജും കുടിവെള്ള പൈപ്പും പൊട്ടിയതിനാലായിരുന്നു അതിലേറെയും. ജൂലായ് പകുതിമുതല്‍ രണ്ടാഴ്ചകൊണ്ട് രോഗികളെ മറ്റാശുപത്രികളിലേക്കുമാറ്റി. ആ യാത്രയ്ക്കിടയില്‍ പലരും മരിച്ചു. അവരെ മോര്‍ച്ചറികളിലേക്കു മാറ്റി പുതിയ രോഗിയെ എടുക്കാന്‍ ആംബുലന്‍സുകള്‍ മടങ്ങി.

യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയെ പുറത്തേക്ക്
കൊണ്ടുപോകുന്ന രക്ഷാപ്രവര്‍ത്തകര്‍ |ഫയൽ ചിത്രം-AP

അവശേഷിക്കുന്ന മൂന്ന് ആശുപത്രികളിലായി അന്ന് ആറായിരത്തിലേറെ രോഗികളുണ്ട്. അടുത്ത ആശുപത്രി 70 കിലോമീറ്റര്‍ അകലെയുള്ള ഒേഡസ എന്ന സ്ഥലത്താണ്. ഇതും പൂട്ടേണ്ടിവന്നാല്‍ ആറായിരം പേരെ ഇത്രയും ദൂരം കൊണ്ടുപോകേണ്ടിവരുന്ന അവസ്ഥ ചിന്തയ്ക്കുമപ്പുറമാണ്. പക്ഷേ, വേണ്ടിവന്നാല്‍ അതു ചെയ്യാതിരിക്കാനാകില്ലല്ലോ. അതിനിടയില്‍ മരിച്ചുപോകുന്ന നിസ്സഹായജന്മങ്ങളെ ഓര്‍ത്ത് പരിതപിക്കാന്‍പോലും സമയമുണ്ടാകാറില്ല. സാഫോറീസിയയില്‍ ഞങ്ങള്‍ ഒന്‍പതോളം മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കിയിരുന്നു. അഭയാര്‍ഥികളായി വരുന്നവരെ പരിശോധിച്ച് മരുന്നു നല്‍കുകയാണ് ഇവിടെ പ്രധാനമായും ചെയ്യുക.

റെഡ്‌ക്രോസിനെയും വെറുതേ വിടാതെ

യുദ്ധമേഖലകളില്‍നിന്ന് കോണ്‍വോയ് ആയാണ് റെഡ്‌ക്രോസ് അഭയാര്‍ഥികളെ ക്യാമ്പിലേക്കു കൊണ്ടുവരുന്നത്. യുദ്ധത്തില്‍ അകപ്പെട്ടുപോകുന്നവര്‍ രക്ഷപ്പെടാനായി അവസാനം വിളിക്കുന്നത് റെഡ്ക്രോസിനെയാണ്. കുറെയേറെപ്പേരെ മാറ്റേണ്ട സ്ഥിതിയെത്തുമ്പോള്‍ അവര്‍ വാഹനങ്ങള്‍ ക്രമീകരിക്കും. അതിനുശേഷം യുദ്ധമുന്നണിയിലെ ഇരുവിഭാഗത്തെയും അറിയിച്ച് കുറച്ചുനേരത്തേക്കെങ്കിലും വെടിനിര്‍ത്തലിന് അഭ്യര്‍ഥിക്കും. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെങ്കിലും അവര്‍ അല്പനേരം റെഡ് ക്രോസ് നിര്‍ദേശിക്കുന്ന റൂട്ടില്‍ ആയുധം താഴൈവക്കാറുണ്ടെന്നതിലാണ് പ്രതീക്ഷ. അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഗ്രീന്‍ കോറിഡോറിലൂടെ, വെടിവെപ്പ് നിര്‍ത്തിയെന്ന് ഉറപ്പാക്കിയശേഷം ബസുകളില്‍ റെഡ്‌ക്രോസ് വൊളന്റിയര്‍മാര്‍ ആളുകളെ ഓടിച്ചുകൊണ്ടുപോകും. അതില്‍ രോഗികളുള്‍പ്പെടെ പലതരത്തിലുള്ള ആളുകളുണ്ടാകും. പത്തുപതിനഞ്ചു ബസുകളിലായി ആയിരത്തോളംപേര്‍. എന്നിട്ടും കഴിഞ്ഞദിവസം റെഡ്‌ക്രോസ് വാഹനങ്ങളില്‍ അഭയാര്‍ഥികളെ കൊണ്ടിറക്കിയ സ്ഥലത്ത് റഷ്യ ബോംബിട്ടു, ഒട്ടേറെപ്പേര്‍ മരിച്ചു.

സെപ്റ്റംബര്‍ പകുതിയോടെയാണ് ഇത്തവണത്തെ ദൗത്യത്തിന്റെ ഭാഗമായി രണ്ടാമത് ഞാന്‍ യുെക്രെനിലെത്തിയത്. ഇസ്യൂമിലെ ഭാഗികമായി തകര്‍ന്ന ഒരു ആശുപത്രിയിലാണ് ഞാനിപ്പോള്‍ ജോലിചെയ്യുന്നത്. ഇസ്യൂമിലെയും ബാരക്ലിമിലെയും ആശുപത്രികള്‍ ബോംബിങ്ങില്‍ നശിച്ചു. ഒരു ഡോക്ടറും നഴ്സും ആക്രമണത്തില്‍ മരിച്ചു. വൈദ്യസഹായം ലഭിക്കണമെങ്കില്‍ മൂന്നു മണിക്കൂര്‍ യാത്രചെയ്ത് ഹാര്‍കിവിലെത്തണം. അതല്ലെങ്കില്‍ തത്കാലത്തേക്ക് സന്നദ്ധസംഘടനകള്‍ സജ്ജമാക്കിയ ഫീല്‍ഡ് ആശുപത്രികളെ ആശ്രയിക്കണം.

റഷ്യയില്‍നിന്ന് യുെക്രെന്‍ സൈന്യം തിരിച്ചുപിടിച്ചുവെന്നു പറയാവുന്ന ഹാര്‍കിവ് മേഖലയില്‍ അതിരൂക്ഷമാണ് സ്ഥിതി. രണ്ടുദിവസത്തിനിടെ നൂറോളം റോക്കറ്റുകള്‍ ഇവിടെ പതിച്ചു. യുദ്ധം തീവ്രമാണെങ്കിലും വാര്‍ത്തകള്‍ അധികമൊന്നും പുറത്തേക്കുവരുന്നില്ല. ലുഹാന്‍സ്‌ക്, ഡൊെണറ്റ്സ്‌ക്, ഖേര്‍സണ്‍, സാഫോറീസിയ തുടങ്ങിയ ഭാഗങ്ങളൊക്കെ റഫറണ്ടത്തിലൂടെ റഷ്യ അവരുടെ സ്ഥലമായി പ്രഖ്യാപിച്ചിരുന്നു. തോക്കു ചൂണ്ടിയാണ് റഫറണ്ടത്തില്‍ വോട്ടുചെയ്യിക്കുന്നത്. ഈ റഫറണ്ടം അംഗീകരിക്കാന്‍ യുെക്രെന്‍ തയ്യാറുമല്ല. ഈ സ്ഥലങ്ങളില്‍ ആധിപത്യം നേടാനായി രൂക്ഷമായ ബോംബിങ്ങാണ് ഇരുകൂട്ടരും നടത്തുന്നത്. നഗരങ്ങളില്‍ ഒരു കെട്ടിടംപോലും തകരാതെയില്ല. ഭയന്നതുപോലെത്തന്നെ തണുപ്പും പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ഒക്ടോബര്‍ മാസത്തോടെ തണുപ്പ് വര്‍ധിച്ച് താപനില പൂജ്യം ഡിഗ്രിക്ക് അടുത്തെത്തിക്കഴിഞ്ഞു. അഭയാര്‍ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും തിരക്ക് കൂടിവരുന്നു. അവരെയെല്ലാം തണുപ്പില്‍ നിന്നു സംരക്ഷിച്ചുനിര്‍ത്താനുള്ള മാര്‍ഗങ്ങളില്ല. മഞ്ഞുവീഴ്ച തുടങ്ങിയാല്‍

ആളുകളെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാകില്ല. ഇന്ധനക്ഷാമം രൂക്ഷമാകും. തണുപ്പിനെ ചെറുക്കുന്ന അഭയാര്‍ഥിക്യാമ്പുകള്‍ അപ്രായോഗികവുമാണ്. ക്യാമ്പിലെത്തുന്നവര്‍ക്ക് കമ്പിളിവസ്ത്രങ്ങള്‍ നല്‍കാനോ തീകായാന്‍ സൗകര്യമൊരുക്കാനോ സാധിക്കില്ല. വൈദ്യുതി ഇല്ലാത്തതിനാല്‍ ചൂട് നിലനിര്‍ത്തുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ആയുധത്തിന്റെ ചൂടിലും മൂര്‍ച്ചയിലുമല്ലാതെ ആളുകള്‍ തണുത്തുവിറച്ച് മരിക്കുന്നതുകൂടി കാണേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ക്യാമ്പുകളിലെ മരണനിരക്ക് ഇപ്പോള്‍ത്തന്നെ കൂടിത്തുടങ്ങിയിരിക്കുന്നു.

റഷ്യന്‍ സൈനികര്‍ക്ക് യുക്രൈനെതിരേ യുദ്ധം ചെയ്യാന്‍ തീര്‍ത്തും താത്പര്യമില്ലെന്നതാണ് വാസ്തവം. ജീവിതരീതികളിലും വിശ്വാസത്തിലുമെല്ലാം സാദൃശ്യമുള്ള റഷ്യയിലെയും യുെക്രെനിലെയും ജനത ഒരിക്കലും പരസ്പരം ശത്രുക്കളായിരുന്നില്ല. നേതാക്കള്‍ക്കിടയില്‍ മാത്രമാണ് ശത്രുത. സ്വന്തം മണ്ണ് സംരക്ഷിക്കാനല്ല, നേതാക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് റഷ്യന്‍ സൈന്യം യുദ്ധം ചെയ്യുന്നത്. റഷ്യയുടെ ആയുധങ്ങള്‍ പഴയതാണ്. യുെക്രെനാകട്ടെ ആധുനിക ആയുധങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും നല്‍കുന്നുണ്ട്. റഷ്യയുടെ പക്കല്‍ കൂടുതല്‍ ആയുധങ്ങളുള്ളപ്പോള്‍ സൂക്ഷ്മമായി പ്രഹരിക്കാന്‍ ശേഷിയുള്ള ആയുധങ്ങളാണ് യുെക്രെനുള്ളത്.

എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചാല്‍ മതിയെന്നു ചിന്തിക്കുന്ന റഷ്യന്‍ സൈനികര്‍. സ്വന്തം മണ്ണ് നിലനിര്‍ത്താന്‍ കഠിനമായി പോരാടുന്ന യുെക്രെന്‍ സൈനികര്‍. വലിയ ആയുധങ്ങള്‍ കൈവശമുള്ള റഷ്യ ഇതുവരെ അവയൊന്നും പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടില്ല. നാളെ അതു പുറത്തെടുക്കുമോയെന്നറിയില്ല, ഈ യുദ്ധം എന്നവസാനിക്കുമെന്നും.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ലേഖകന്‍ യു.എന്‍. കണ്‍സോര്‍ഷ്യം ആന്‍ഡ് പ്രോജക്ട് ഹോപ്പിന്റെ ഭാഗമായാണ് യുക്രൈനിലെ യുദ്ധഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്)


മുറിവേറ്റ പാവകൾ എന്ന തലക്കെട്ടിൽ മാതൃഭൂമി വാരാന്തപ്പതിപ്പിൽ 23-10-22 ന് പ്രസിദ്ധീകരിച്ചത്

Content Highlights: ukraine war, Experiences of malayalee doctor,Santhoshkumar,Russia war


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented