
വേദനതിന്ന് ഉള്ളുരുകുന്നവരോട് ആദ്യ ചോദ്യമിതാണ്.. 'ലിസ്റ്റിലുള്ള പഞ്ചായത്തിലാണോ'? അല്ലെന്ന് പറഞ്ഞാൽ പിന്നെ ഉദ്യോഗസ്ഥർക്ക് മൗനമാണ്. ഏതോ കാലത്ത് ഹൃദയമില്ലാത്ത ഉദ്യോഗസ്ഥർ എൻഡോസൾഫാൻ മെഡിക്കൽ ക്യാമ്പിൽ തയ്യാറാക്കിയ ലിസ്റ്റ്. ഈ ലിസ്റ്റിൽ കയറിപ്പറ്റാൻ വേണ്ടത് രോഗം മാത്രമല്ല; മറിച്ച് ഉദ്യോഗസ്ഥരുടെ ഔദാര്യംകൂടിയായിരുന്നു. രോഗമില്ലാത്തവർ ലിസ്റ്റിലുണ്ടെന്നും അനർഹർ പെൻഷൻ വാങ്ങുന്നുണ്ടെന്നുമാണ് എൻഡോസൾഫാൻ വാർത്തയാവുന്ന ഓരോസമയത്തും ഭരണകൂടത്തിന്റെ ചെവിയിൽ ഉദ്യോഗസ്ഥർ ഓതുന്നത്. അത് കണ്ണടച്ച് വിശ്വസിക്കുന്നതുകൊണ്ടാണ് അധികാരികൾ തൊട്ടടുത്തെത്തിയിട്ടും തിരിഞ്ഞുനോക്കാതെ പോകുന്നത്. 'ലിസ്റ്റ് ഉണ്ടാക്കിയത് ഞങ്ങളാണോ'?...എന്ന മറുചോദ്യം പോലും ചോദിക്കാൻ ത്രാണിയില്ലാത്ത നിസ്സഹായരായി മാറുകയാണ് രോഗികൾ. സംസാരിക്കാനാകാത്തവർ, നടക്കാനോ ഇരിക്കാനോ കഴിയാത്തവർ, സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയാത്തവർ, വളർച്ചയെത്താത്തവർ, കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടവർ, തലമാത്രം വളരുന്നവർ, തലനേരെ നിർത്താൻ പറ്റാത്തവർ, ബുദ്ധിഭ്രമം സംഭവിച്ചവർ, ഉറങ്ങാൻ കഴിയാത്തവർ... അങ്ങനെ വേദനയുടെ പടുകുഴിയിലമർന്നവർ നേരിട്ട് സമരം ചെയ്യാൻ തെരുവിലിറങ്ങാൻ വിധിക്കപ്പെട്ട കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇന്ന് തെല്ലൊരാശ്വാസം കോടതി മാത്രമാണ്. 12 സമര സംഘടനകൾ ചേർന്നുണ്ടായ സെർവ് കളക്ടീവ് കൂട്ടായ്മ നൽകിയ ഹർജിയിൻമേൽ 2022 ഏപ്രിൽ 13 ന് സുപ്രീം കോടതി, ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. ചിലർക്ക് നഷ്ടപരിഹാരം കിട്ടി എന്നുള്ളത് വസ്തുതയാണ്. പക്ഷേ, നിരവധിതവണ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തിട്ടും ലിസ്റ്റിൽ ഉൾപ്പെടുത്താതെ വെറും ഭിന്നശേഷി കാർഡ് കൊടുത്ത് മടക്കിയയച്ച രോഗികൾ ആയിരത്തിലേറെയുണ്ട്. കോടതിയുത്തരവിനെത്തുടർന്ന് സർക്കാർ അനുവദിച്ച 200 കോടിരൂപയുടെ ഉപയോക്താക്കളിൽ ഈ ഹതഭാഗ്യർ ഉൾപ്പെടില്ലെന്നതും വിചിത്രമാണ്. അനുവദിച്ച തുകകൊണ്ട് എൻഡോസൾഫാന്റെ പേരിൽ കുറെ സിമന്റ് കൂടാരങ്ങൾ ഉയർന്നുകാണുമെന്നുമാത്രം . 1970-കളുടെ മധ്യംതൊട്ടിങ്ങോട്ട് എൻഡോസൾഫാൻ തളിച്ച കശുമാവിൻ തോട്ടങ്ങളുടെ സമീപ പ്രദേശങ്ങളിലെ വീടുകൾ കയറിയിറങ്ങി രോഗികളെ കണ്ടെത്തി ലിസ്റ്റുണ്ടാക്കുന്നതിനുപകരം, എളുപ്പമാർഗത്തിനായി സമീപത്തെ ചില പഞ്ചായത്തുകളെ ഉൾപ്പെടുത്തി ലിസ്റ്റുണ്ടാക്കുകയായിരുന്നു. ഇതിൽപ്പെട്ടത് കാസർകോട് ജില്ലയിലെ 11 പഞ്ചായത്തുകൾ മാത്രം. 2016-17-ലാണ് അവസാനമായി ക്യാമ്പ് നടത്തിയത്. ലിസ്റ്റിലില്ലാത്ത മറ്റു പഞ്ചായത്തുകളിലെ 100 ശതമാനം രോഗം ബാധിച്ച പുതിയ കുഞ്ഞുജന്മങ്ങൾക്ക് ക്യാമ്പ് നടത്താനോ, ലിസ്റ്റിൽ ഉൾപ്പെടുത്താനോ, പെൻഷൻ കൊടുക്കാനോ അധികാരികൾ മനസ്സുവെക്കുന്നില്ലെന്നതാണ് ഇരകൾ നേരിടുന്ന പ്രധാന പ്രശ്നം. രോഗമുള്ളവരുടെ അച്ഛനമ്മമാർ അവർക്ക് ജന്മംകൊടുത്ത നിമിഷങ്ങളോയോർത്ത് സ്വയം ശപിക്കുകയാണ്. ഏഴ് ഭാഷകൾ കൈകാര്യം ചെയ്യുന്ന കാസർകോടൻ അതിർത്തിഗ്രാമങ്ങളിൽ മലയാളത്തിന് വലിയ പ്രസക്തിയില്ലാത്തതിനാൽ മലയാള മാധ്യമങ്ങളിൽ വരുന്ന എൻഡോസൾഫാൻ വാർത്തകൾ പ്രാദേശിക പൊതുജനങ്ങൾക്കിടയിൽ ചർച്ചയാകാതിരിക്കുകയും പൊതുജനസംഘടിത സമരമായി അത് മാറാതെ പോകുകയും ചെയ്യുന്നു. ഇത് ഏറെക്കുറെ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഭരണകൂടത്തിനും ആശ്വാസകരവുമാകുന്നു. വാഗ്ദാനങ്ങൾ പ്രസംഗിച്ച് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മന്ത്രിമാർക്ക് മറവിരോഗം ബാധിക്കും. ഇടതെന്നോ വലതെന്നോ ഭേദമില്ലാതെ. വാഗ്ദാനങ്ങളുടെ ലിസ്റ്റിൽ അവസാനത്തേത് എൻഡോസൾഫാൻ പുനരധിവാസ ഗ്രാമമാണ്. പുതുക്കെപ്പതുക്കെ ഈ വിഷയം ഇല്ലായ്മചെയ്ത് വാർത്തകളിൽ പോലും ഇടമില്ലാതാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..