മണ്ണാര്‍ക്കാട് : കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം ശക്തമാകുമ്പോഴും ഉദ്യോഗസ്ഥരെ കുഴക്കി ആനയുടെ സഞ്ചാരപഥം. ആന ചരിഞ്ഞതിന് സമീപത്തെ തോട്ടങ്ങളിലെ ആളുകളെയും മറ്റും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രദേശത്തെ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആന കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഈ പ്രദേശത്ത് എത്തിയതാകാമെന്ന ചിലസംശയങ്ങളുമുണ്ട്.

ആനയുടെ ദാരുണാന്ത്യം വാര്‍ത്തയായതിനെത്തുടര്‍ന്ന് മലപ്പുറത്തെ കേന്ദ്രീകരിച്ചുള്ള ചില പ്രസ്താവനകളും പല പ്രമുഖരുടെയും ഭാഗത്തുന്നിന്നുണ്ടായി. സംഭവം നടന്നത് മലപ്പുറത്താണെന്നാണ് ഒരു ദേശീയ മാധ്യമത്തില്‍ വാര്‍ത്ത വന്നത്. എന്നാൽ മെയ് 23ന് പാലക്കാട്‌ അമ്പലപ്പാറയിലാണ് ആനയെ ആദ്യം കണ്ടെത്തുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസർ ആഷിഖ് അലി പറയുന്നത്. സംഭവത്തിന് വംശീയ നിറം നൽകുന്നത് ശരിയല്ല. ഈ സംഭവം കർഷകരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന്റെ അനന്തരഫലമാണെന്നും ആഷിഖ് അലി പറഞ്ഞു.

അതേ സമയം ആനയെ കണ്ടെത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സംഭവം നടന്നിട്ടുണ്ടാകാമെന്നും അപകടം നടന്ന സ്ഥലത്തു നിന്ന് ആന കിലോമീറ്ററുകള്‍ താണ്ടിയിട്ടുണ്ടാവാമെന്നുമാണ് ഫോറസ്റ്റ് സര്‍ജന്‍ ഡോ ഡേവിഡ് എബ്രഹാം പറയുന്നത്.

'ആനയെ കണ്ടെത്തുമ്പോള്‍ അതിന്റെ വായില്‍ പുഴുവരിച്ചുള്ള വ്രണമുണ്ടായിരുന്നു. ഒരാഴ്ച മുമ്പെങ്കിലും അപകടം സംഭവിച്ചിരിക്കണം. അങ്ങനെയാണെങ്കിലേ വ്രണം പുഴുവരിക്കുന്ന അവസ്ഥയിലെത്തൂ. അതിനെ കണ്ടെത്തിയ മേഖലയില്‍ വെച്ചു തന്നെയാണോ അപകടം സംഭവിച്ചതെന്ന് തീര്‍ച്ചപ്പെടുത്താനാവില്ല.

വേദന കാരണം ആന ഓടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അപകടം നടന്നത് എവിടെയണെന്ന് തീര്‍ച്ചപ്പെടുത്താനവില്ല. ആന രക്ഷപ്പെടില്ല എന്ന് ആദ്യമേ അറിയാമായിരുന്നു. കണ്ടെത്തുമ്പോള്‍ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു. വയറ്റില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളത്തില്‍ നിലകൊണ്ട ആന വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ചെരിയുന്നത്,' ആനയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. ഡേവിഡ് എബ്രഹാം പറയുന്നു. 

പൊതുവെ പന്നികളെ ഓടിക്കാന്‍ പഴങ്ങളിലും മറ്റും പടക്കം നിറയ്ക്കുന്ന രീതി പാലക്കാടന്‍ മേഖലകളിലുണ്ട്. പക്ഷെ ഇത്തരത്തില്‍ ആനയുടെ വായ തകര്‍ന്ന് ചെരിയുന്ന സംഭവം ആദ്യമാണെന്ന് ഫോറസ്റ്റ് ഓഫീസര്‍ ആഷിഖ് അലി പറഞ്ഞു.

കപ്പക്കാടുകളില്‍ പന്നികളെ ഓടിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഇപ്പോഴും തോട്ട മേഖലകളിലും പന്നിപ്പടക്കം കര്‍ഷകര്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്.

content highlights: elephant death after swallowing pineapple stuffed cracker