എല്ലാം ശരിയാക്കാം എന്ന വാഗ്ദാനലംഘനത്തിന്റെ കണക്കുപുസ്തകത്തിലേക്ക് കേരളത്തിന്റെ സ്വപ്ന പദ്ധതിയിലൊന്നായ ലൈറ്റ് മെട്രോയും. കാത്തിരുന്ന് കാത്തിരുന്ന് മടുത്ത് എല്ലാം തുറന്നുപറഞ്ഞ് തന്നെ പഴിക്കരുതെന്ന അപേക്ഷയുമായി ശ്രീധരന്‍ സലാം പറഞ്ഞു. ഇനി ആവശ്യപ്പെട്ടാലും പദ്ധതിയിലേക്കില്ല എന്ന് അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചതിന് ആരാണ് ഉത്തരവാദി? വികസനരംഗത്തും ട്രാഫിക് ബ്ലോക്കിലും ബുദ്ധിമുട്ടുന്ന തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ജനങ്ങള്‍ പ്രതീക്ഷയോടെ കണ്ട ഒരു പദ്ധതി സ്വപ്നമായി തന്നെ അവശേഷിക്കുന്നു. കൊച്ചി മെട്രോ ആണെങ്കില്‍ ഡിഎംആര്‍സി വേണം, ഇ ശ്രീധരന്‍ കൂടിയേ തീരൂ. ലൈറ്റ് മെട്രോ ആയപ്പോള്‍ ഡിഎംആര്‍സി വേണ്ട, ശ്രീധരന്‍ വേണ്ടേ വേണ്ട. ഒരു പാര്‍ട്ടി പ്രതിപക്ഷത്തുനിന്ന് ഭരണത്തിലേക്ക് എത്തുമ്പോള്‍ സ്വീകരിക്കുന്ന നിലപാട് മാറ്റത്തിന് എക്കാലവും ഓര്‍ക്കാന്‍ ഇ. ശ്രീധരന്റെ ഇന്നത്തെ വാക്കുകളുണ്ടാകും. 

വികസന കാര്യത്തില്‍ വരുത്തുന്ന വീഴ്ചയ്ക്ക് സര്‍ക്കാരിന് നല്‍കിയ കുറ്റപത്രമായി ശ്രീധരന്റെ ഇന്നത്തെ വാര്‍ത്താസമ്മേളനം. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ശ്രീധരന് വേണ്ടി ഘോരഘോരം വാദിച്ചവര്‍ തന്നെ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ മത്സരിക്കുകയായിരുന്നു. പദ്ധതി അവതാളത്തിലായി കെട്ടുംപൂട്ടി നിരാശയോടെ ശ്രീധരന്‍ മടങ്ങുകയാണ്. ഇനിയില്ല ഇങ്ങോട്ട്. 

വികസനത്തെക്കുറിച്ച് വാചകകസര്‍ത്ത് നടത്തുന്നവരാണ് മറുപടി പറയേണ്ടത്. ഒന്നു കാണാന്‍ സമയം ചോദിച്ചിട്ട് പോലും മുഖ്യമന്ത്രി സമയം നല്‍കിയില്ല എന്ന് ഒരാളെ പോലും കുറ്റപ്പെടുത്താന്‍ സാധാരണ ശ്രമിക്കാത്ത ശ്രീധരന് പറയേണ്ടി വന്നു. 

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍നിന്ന് ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കൊച്ചിയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത് ഇതേ സിപിഎം നേതൃത്വത്തിലായിരുന്നു. കെ.വി തോമസിന്റെ നേതൃത്വത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ശ്രീധരനെ ഒഴിവാക്കാന്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. സ്വകാര്യ കമ്പനിയെ കരാര്‍ ഏല്‍പിച്ച് കമ്മീഷന്‍ കൈപ്പറ്റാനാണ് ശ്രീധരനെ ഒഴിവാക്കുന്നത് എന്ന വാദം ശക്തമായി. അതിന് ചരടുവലിച്ചത് ഉദ്യോഗസ്ഥ ലോബിയായിരുന്നു. കേരളം ഒന്നടങ്കം ശ്രീധരന് വേണ്ടി നിലകൊണ്ടു. വി.എസ് അടക്കമുള്ളവര്‍ അത് ഏറ്റുപിടിച്ചു. എല്ലാത്തിനുമൊടുവില്‍ കൊച്ചി മെട്രോ നടപ്പാക്കുകയാണെങ്കില്‍ അത് ശ്രീധരന്റെ മേല്‍നോട്ടത്തിലായിരിക്കും എന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പ്രഖ്യാപിക്കേണ്ടി വന്നു. അന്ന് ശ്രീധരന് വേണ്ടി വാദിച്ചവര്‍ക്ക് എന്നുമുതലാണ് ശ്രീധരന്‍ മടുത്തുതുടങ്ങിയത്?

e sreedharan

എന്തിനേയും ഏതിനേയും എതിര്‍ക്കുന്ന കേരളം പോലൊരു സ്ഥലത്ത് മെട്രോ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി മഹാരാജാസ് വരെ ഓടുന്നു. മെട്രോയുടെ നിര്‍മ്മാണത്തിന്റെ 90 ഭാഗവും പൂര്‍ത്തിയാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നെങ്കിലും ഉദ്ഘാടനത്തിലും ആദ്യ യാത്രയിലും ഇതേ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീധരനൊപ്പം ഒരുമിച്ച് പങ്കെടുത്തു. കേരളം മെട്രോയുടെ ഓട്ടം സ്വപ്നനിമിഷമായി പങ്കുവെച്ചു. 

ലൈറ്റ് മെട്രോ കരാറില്‍ സര്‍ക്കാര്‍ ഒപ്പിടാത്തതിനാല്‍ പണി തുടങ്ങാന്‍ കഴിയാതെ വന്നു എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് ഒപ്പിട്ടില്ല എന്ന ചോദ്യം ഉയരും. ലളിതമായ ഉത്തരം തേടിയാല്‍ ചെന്നെത്തുക  ഇരുപതോ മുപ്പതോ ശതമാനം കമ്മീഷന്‍ തുകയിലാകും അത് ചെന്നെത്തുക. ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി ചെയ്ത പണിയിലൊക്കെ അടങ്കല്‍ തുകയെക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ തുക കുറച്ച് മാത്രമേ ചെലവായുള്ളൂ. ആ സ്ഥിതിക്ക് 6728 കോടിയുടെ ലൈറ്റ് മെട്രോ പദ്ധതിയില്‍ ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയാല്‍ കിട്ടുന്ന ന്യായമായ കമ്മീഷന്‍ എന്തിന് വേണ്ടെന്ന് വെക്കണം. 

ഉദ്യോഗസ്ഥര്‍ ചരടുവലി നടത്തുമ്പോള്‍ കെ.എംആര്‍എല്ലോ മറ്റേതെങ്കിലും കമ്പനിയോ ചെയ്താല്‍ പോരെ എന്ന ന്യായം തികയാതെ വരും. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പിന്മാറുന്നതെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ മറുപടി നല്‍കിയത്. എന്നാല്‍ 2016 ഡിസംബറിലെ കരട് കരാറിന് പോലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല എന്ന് ശ്രീധരന്‍ പറയുമ്പോള്‍ ആരെ വിശ്വസിക്കണം? കൊച്ചി മെട്രോ വന്‍ നഷ്ടത്തിലാണെന്നും കൂട്ടത്തില്‍ മുഖ്യമന്ത്രി പറയുകയുണ്ടായി. അതിന് ശ്രീധരന്‍ എങ്ങനെ ഉത്തരവാദിയാകും. നിര്‍മ്മാണം നടത്തിയവരാണോ ലാഭമുണ്ടാക്കേണ്ടത് എന്ന ചോദ്യവും ബാക്കിയുണ്ടാകും. 

തലശ്ശേരി-മൈസൂരു പദ്ധതി ഗുണകരമാകില്ല എന്ന് ശ്രീധരന്‍ കൊടുത്ത റിപ്പോര്‍ട്ട് മുതലാണ് ശ്രീധരന് സര്‍ക്കാരിന് ശത്രുവായത്. മുമ്പ് ശ്രീധരനെ ഓടിക്കാന്‍ ചരടുവലിച്ച അതേ ഉദ്യോഗസ്ഥ ലോബി ഇന്നും സജീവമായി രംഗത്തുണ്ട്.  ലൈറ്റ് മെട്രോ പദ്ധതിയുടെ ഡിപിആര്‍ കേന്ദ്രത്തിന് അയച്ചുകൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. നവംബറില്‍ ഡിഎംആര്‍സി ഡിപിആര്‍ പുതുക്കി നല്‍കിയതാണ്. ഇതുവരെ കൊടുത്തില്ല. കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയക്കണമെന്ന് പറയാന്‍ ശ്രീധരന് എന്ത് അധികാരമെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ ചോദ്യം. ഇപ്പോള്‍ മന്ത്രി അടക്കം പറയുന്നത് ഡിഎംആര്‍സി ഇല്ലെങ്കില്‍ എന്താണ് എന്ന്. ലോകത്ത് എല്ലാ മെട്രോയും പണിയുന്നത് ഡിഎംആര്‍സി അല്ലല്ലോ എന്നും സുധാകരന്‍ പറഞ്ഞു. 

ഡിഎംആര്‍സി ഇല്ലാതെ നിര്‍മ്മിക്കപ്പെടുന്ന ലൈറ്റ് മെട്രോയ്ക്കായി നമുക്കു കാത്തിരിക്കാം. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഡിഎംആര്‍സി അല്ലാതെ മറ്റാരെങ്കിലും നിര്‍മ്മിക്കുന്ന ലൈറ്റ് മെട്രോ എന്നെങ്കിലും യാഥാര്‍ഥ്യമാകുമായിരിക്കാം. ശ്രീധരന്‍ പണിത മെട്രോ നഷ്ടത്തിലാണെങ്കില്‍ മറ്റാരെങ്കിലും പണിയുന്ന ലൈറ്റ് മെട്രോ ലാഭകരമാകുമായിരിക്കാം. അതിന് വേണ്ടി മുടക്കുന്ന തുകയുടെ വലിപ്പം ഒരു പക്ഷെ, നമ്മളറിയാതെ പോവും.

Content Highlights: E Sreedharan opts out of Light Metro Project, LDF, Pinarayi Vijayan