അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ..; കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച രേഖയും അശ്വിനും പറയുന്നു


നിലീന അത്തോളി

കൂടെയുള്ള കോവിഡ് പോസിറ്റീവായ ചെറുപ്പക്കാരോട് സഹായിക്കാൻ അപേക്ഷിച്ചെങ്കിലും അവരാരും മുന്നോട്ടു വന്നില്ലെന്ന് മാത്രമല്ല അവരെല്ലാം വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു.

രേഖ പി മോൾ, അശിൻ |Photo special arrangement

കോഴിക്കോട് : മഹാമാരിക്കാലത്തും പ്രളയകാലത്തും സമാനമായ എല്ലാ ദുരന്തമുഖങ്ങളിലും യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ പ്രവര്‍ത്തിച്ച യുവതയുടെ നാടാണ് കേരളം. ഇന്നിതാ ശ്വാസം കിട്ടാതെ മരണത്തെ മുഖാമുഖം കണ്ട കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലപ്പുഴ സ്വദേശികളായ രേഖ പി. മോളും അശ്വിൻ കുഞ്ഞുമോനും. ഡിവൈഎഫ്‌ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളാണ് ഇരുവരും.

ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററിൽ ഇന്നു രാവിലെയാണ് സംഭവം. പഞ്ചായത്തിനു കീഴിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ എത്തിയതായിരുന്നു അശ്വിൻ കുഞ്ഞുമോനും രേഖയും. ഈ സമയമാണ് പെട്ടെന്നൊരു രോഗിക്ക് ശ്വാസം കിട്ടാത്ത നിലവന്നത്. കേന്ദ്രത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ വിവരമറിയിച്ചെങ്കിലും ആംബുലന്‍സ് എത്താന്‍ പത്തുമിനുട്ട് താമസിക്കുമെന്നതിനാല്‍ ഒട്ടും സമയം പാഴാക്കാതെ രോഗിയെ ബൈക്കിലിരുത്തി രേഖയും അശ്വിനും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ നിമിഷം ആംബുലന്‍സിനായി കാത്തിരുന്നുവെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടമായേനെ എന്നിടത്താണ് ഇവരുടെ ജാഗ്രതയുടെ വില ഒരു ജീവനോളം വലുതാവുന്നത്.സംഭവത്തെ കുറിച്ച് രേഖ പറയുന്നതിങ്ങനെ

"ആലപ്പുഴ എന്‍ജിനിയറിങ് കോളേജിന്റെ വുമണ്‍സ് ഹോസ്റ്റലില്‍ ഭക്ഷണം എത്തിക്കാന്‍ പോയതാണ് പതിവു പോലെ ഞാനും അശ്വിനും. നേരത്തെ കോവിഡ് രോഗികളെ കിടത്തിയിരുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി(സിഎഫ്എല്‍ടിസി) പ്രവര്‍ത്തിപ്പിച്ചിരുന്ന വുമണ്‍സ് ഹോസ്റ്റല്‍ ഇപ്പോള്‍ ലക്ഷണം ഇല്ലാത്ത കോവിഡ് രോഗികളെ ക്വാറന്റീന്‍ ചെയ്തിരിക്കുന്ന ഡോമിസിലറി കോവിഡ് സെന്ററാണ് (ഡിസിസി).

രാവിലെ 9മണിക്ക് ഭക്ഷണമെത്തിക്കാനാണ് ഞങ്ങള്‍ അകത്തു കയറിയത്. ഒരാള്‍ക്ക് ശ്വാസം കിട്ടുന്നില്ല എന്നാരോ പറഞ്ഞു. ഉടന്‍ ഓടിചെന്നപ്പോള്‍ ശ്വാസം വലിക്കാന്‍ പറ്റാത്ത വല്ലാത്ത അവസ്ഥയിലായിരുന്നു രോഗി. ഉടന്‍ തന്നെ ഡിസിസി സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ആംബുലന്‍സ് വിളിച്ചെങ്കിലും എത്താന്‍ പത്തുമിനുട്ട് എടുക്കുമെന്നറിഞ്ഞു. അത്രനേരം കാത്തുനിന്നാല്‍ രോഗി ഡെത്താകുമെന്നുറപ്പായിരുന്നു. അതാണ് എങ്ങനെയെങ്കിലും കൊണ്ടുപോകാമെന്ന സാഹസത്തിനു മുതിര്‍ന്നത്. മൂന്നാമത്തെ നിലയില്‍ നിന്ന് കോണി വഴി ഇറക്കണമായിരുന്നു രോഗിയെ. കൂടെയുള്ള കോവിഡ് പോസിറ്റീവായ ചെറുപ്പക്കാരോട് സഹായിക്കാൻ അപേക്ഷിച്ചെങ്കിലും അവരാരും മുന്നോട്ടു വന്നില്ലെന്ന് മാത്രമല്ല അവരെല്ലാം വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. തൊട്ടടുത്ത മുറിയിലുണ്ടായ വയസ്സായ ആളുടെ സഹായത്താല്‍ ഞങ്ങള്‍ മൂന്ന് പേരും കൂടിയാണ് താഴത്തെത്തിച്ചത്", രേഖ പറയുന്നു.

covid alpy

താഴത്തെത്തിയപ്പോഴേക്കും സെന്ററിലെ സന്നദ്ധപ്രവര്‍ത്തകരായ ചന്തുവും അതുലും ആംബുലന്‍സ് വിളിച്ചിരുന്നു. എന്നാല്‍ പത്തുമിനുട്ടെന്നത് രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള വിലപ്പെട്ട സമയമാണ് അതാണ് രോഗിയെ ബൈക്കില്‍ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. രോഗിയെ നടുക്കിരുത്തി രേഖ പുറകിലിരുന്നു. അശ്വിന്‍ മുന്നിലിരുന്ന വണ്ടിയോടിച്ചു.

"നേരെ കൊണ്ടു പോയത് സ്വകാര്യ ആശുപത്രിയിലായിരുന്നു. ആദ്യം രോഗിയെ എടുക്കില്ലെന്ന് പറഞ്ഞെങ്കിലും ആളുടെ അവസ്ഥ മനസ്സിലാക്കിയപ്പോഴാണ് അഡ്മിറ്റ് ആക്കിയത്. പിന്നീട് കോവിഡ് ഹോസ്പിറ്ററിലേക്ക് റഫര്‍ ചെയ്തു. രോഗിയുടെ നില ഇപ്പോള്‍ സ്‌റ്റേബിളാണ്", രേഖ കൂട്ടിച്ചേര്‍ത്തു.

സിഎഫ്എല്‍ടിസിയില്‍ ഓക്‌സിജന്‍ സൗകര്യമില്ലെന്ന തരത്തിലുള്ള ചില മാധ്യമങ്ങളുടെ വാര്‍ത്ത തെറ്റാണെന്ന് അശ്വിന്‍ മാതൃഭൂമിഡോട്ട്കോമിനോട് പറഞ്ഞു.

"ഇത് സിഎഫ്എല്‍ടിസിയല്ല ഡിസിസിയാണ്. ഡിസിസിയില്‍ ചികിത്സയുണ്ടാവില്ല. ലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ താമസിപ്പിക്കുന്ന ക്വാറന്റീന്‍ കേന്ദ്രം മാത്രമാണ് ഡിസിസി", അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡിന്റെ ആദ്യ തരംഗം തൊട്ട് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ അശ്വിനും രേഖയും സജീവമായുണ്ട്.. അന്ന് കണ്‍ട്രോള്‍ റൂമിലായിരുന്നു പ്രവര്‍ത്തനം. വീടുകളില്‍ പോയി മരുന്നും ഭക്ഷണവും എത്തിച്ചുകൊടുക്കുമായിരുന്നു. അന്ന് മണ്ണഞ്ചേരി പഞ്ചായത്തിനു കീഴിലായിരുന്നു പ്രവർത്തനം. നിലവിൽ പുന്നപ്രയിലെ ഡിസിസി സെന്ററിൽ ഭക്ഷണമെത്തിക്കുന്ന ചുമതല ഇവരടക്കമുള്ള 16ഓളം സന്നദ്ധ പ്രവർത്തകരാണ് ചെയ്യുന്നത്.

content highlights: DYFI members' timely inetrvention in saving a life of a Covid patient


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented