നാട്ടിലെ ഹീറോ ചേട്ടന്‍മാരോട് ചങ്ങാത്തം കൂടിയ പയ്യന്‍, പിന്നീട് കഞ്ചാവ് വാഹകന്‍, സിനിമയെ വെല്ലും കഥ


അവരുമായി ചങ്ങാത്തംകൂടിയാൽ തനിക്കും ആ താരപരിവേഷംകിട്ടുമെന്ന് ആ പന്ത്രണ്ടുവയസ്സുകാരൻ കരുതി. ചങ്ങാതിമാർ കഞ്ചാവുകടത്തുകാരാണെന്ന് കുട്ടിക്കറിയില്ലായിരുന്നു. അവരവനെ കഞ്ചാവിന്റെ അടിമയാക്കി. പതിയെപ്പതിയെ സ്കൂളിലേക്കുള്ള കഞ്ചാവ് കാരിയറായി കുട്ടി മാറി.

Representative image

ർഷം 2014. മലപ്പുറം ജില്ലയിലെ താനൂരിന് സമീപമുള്ള ഒരു തീരദേശവിദ്യാലയം. സ്കൂളിലേക്കു പോകുംവഴി ഒരു ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയെ എക്സൈസ് സംഘം പിടികൂടി. അവന്റെ പക്കൽനിന്ന് അന്നത്തെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഹരികൃഷ്ണപിള്ളയും സംഘവും കണ്ടെടുത്തത് ഒരുപൊതി കഞ്ചാവ്.

മത്സ്യത്തൊഴിലാളികുടുംബത്തിൽപ്പെട്ടതായിരുന്നു ആ കുട്ടി. അക്കാലത്ത് സ്കൂൾ പരിസരത്തുള്ള ചില ചെറുപ്പക്കാർക്ക്, വിദ്യാർഥികളുടെ മനസ്സിൽ വീരപരിവേഷമുണ്ടായിരുന്നു. അവരുമായി ചങ്ങാത്തംകൂടിയാൽ തനിക്കും ആ താരപരിവേഷംകിട്ടുമെന്ന് ആ പന്ത്രണ്ടുവയസ്സുകാരൻ കരുതി. അതിനുവേണ്ടി അവരുമായി ചങ്ങാത്തംകൂടി. ആ പുതിയ ചങ്ങാതിമാർ കഞ്ചാവുകടത്തുകാരാണെന്ന് കുട്ടിക്കറിയില്ലായിരുന്നു. ആദ്യം അവരവനെ കഞ്ചാവിന്റെ അടിമയാക്കി. പതിയെപ്പതിയെ സ്കൂളിലേക്കുള്ള കഞ്ചാവ് കാരിയറായി കുട്ടി മാറി.

അവൻവഴി കഞ്ചാവുലോബി പല കുട്ടികൾക്കും ലഹരിവസ്തുക്കൾ വിതരണംചെയ്തു. അതിനിടെ ചില വിദ്യാർഥികളിൽനിന്ന് സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിലുള്ളവർക്ക് കഞ്ചാവ് വിൽപ്പനയെക്കുറിച്ചുള്ള വിവരംകിട്ടി. അതോടെയാണ് സ്കൂൾപരിസത്ത് എക്സൈസ് സി.ഐ. ഹരികൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയതും കുട്ടിയിൽനിന്ന്‌ കഞ്ചാവ് പിടിച്ചെടുത്തതും.

പ്രായപൂർത്തിയാകാത്തതിനാൽ അവനെ നല്ലരീതിയിൽ ജീവിക്കാൻ ഉപദേശംനൽകി മാറ്റിയെടുക്കാനായിരുന്നു എക്സൈസിന്റെ ശ്രമം. എന്നാൽ, രണ്ടുതവണകൂടി അവർ കഞ്ചാവുവിൽപ്പനയ്ക്ക് പിടിയിലായി. തുടർച്ചയായ കൗൺസലിങ് നൽകി ലഹരിസംഘത്തിന്റെ വലയിൽനിന്ന് അവനെ മോചിപ്പിക്കാനായിരുന്നു എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രമം. ആ ദൗത്യം വിജയിച്ചു.

ഈ കുട്ടി പിന്നീട് സ്കൂൾപ്രദേശത്തെ ലഹരിവിൽപ്പന സംബന്ധിച്ച് എക്സൈസിന് രഹസ്യവിവരങ്ങൾ നൽകുന്നയാളായി. ‘‘ഒരു വിദ്യാർഥി കഞ്ചാവ് വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ‘കഞ്ചാവ് വലിയൻ’ എന്ന് മുദ്രകുത്തുകയാണ് പൊതുവേ നാം ചെയ്യാറ്‌. അങ്ങനെ മാറ്റിനിർത്തുന്ന പ്രവണത അവസാനിപ്പിക്കണം. കുട്ടികളെ കൗൺസലിങ്ങിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും മാറ്റിയെടുക്കാനാകും’’ -അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറായി വിരമിച്ച ഹരികൃഷ്ണപിള്ള അനുഭവത്തിൽനിന്ന് തറപ്പിച്ചുപറയുന്നു.

തുടങ്ങാം വിദ്യാലയങ്ങളിൽനിന്ന്

വിദ്യാലയങ്ങളെ ലഹരിവിമുക്തമാക്കാൻ നിലവിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇവ ഒന്നു കാര്യക്ഷമമാക്കിയാൽത്തന്നെ നമ്മുടെ കുട്ടികൾ ലഹരിപ്പിടിയിൽ വീഴുന്നത് വലിയൊരളവുവരെ തടയാനാകും. ചില പദ്ധതികൾ ഇതാ

1. എസ്.പി.സി. എന്ന വൻമതിൽ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) വഴി ഒരു പരിധിവരെ സ്കൂൾവിദ്യാർഥികളെ മയക്കുമരുന്ന് മാഫിയയുടെ നീരാളിപ്പിടിത്തത്തിൽ വീഴാതെ സംരക്ഷിക്കാൻ സാധിക്കുന്നുണ്ട്. സ്കൂൾ പരിസരത്ത് മയക്കുമരുന്നിന്റെ ഉപയോഗം ഉണ്ടെങ്കിൽ ഇവർ വഴി വിവരം പോലീസിന് കൈമാറി, നടപടിയെടുക്കാറുമുണ്ട്. കൂടാതെ, എസ്.പി.സി.യിലെ കുട്ടികൾ സഹപാഠികൾക്ക് കൗൺസലിങ് നൽകി ഇവരെ ലഹരി ഉപയോഗത്തിൽ വീഴാതെ സംരക്ഷിക്കുകയുംചെയ്യുന്നു. എല്ലാ സ്കൂളുകളിലും എസ്.പി.സി. ഇല്ലെന്നതാണ് പ്രധാന ന്യൂനത. ഇതു പരിഹരിക്കാനാകണം.

2. അവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ

പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളെ നേരത്തേ കണ്ടെത്തി ശാസ്ത്രീയമായി പരിഹരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. യൂണിസെഫിന്റെ പിന്തുണയോടെയാണ് പദ്ധതി. 24,000 കുട്ടികളെ കണ്ടെത്തി പദ്ധതിവഴി നേർവഴിക്ക് നയിക്കാനായി. നിലവിൽ 340 സ്കൂളുകളിൽ മാത്രമേ പദ്ധതിയുള്ളൂവെന്നത് പോരായ്മയാണ്.

3. സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്

സ്കൂൾപരിസരത്തെ മയക്കുമരുന്ന് ഉപയോഗം തടയാനും കുട്ടികൾക്ക് സുരക്ഷ ഒരുക്കാനുമുള്ള ഗ്രൂപ്പ്. നിലവിൽ കാര്യക്ഷമമല്ല. സ്ഥാപന മേലധികാരി അധ്യക്ഷനും വാർഡ് അംഗം, കൗൺസലർ, പോലീസ്, എക്സൈസ്, അധ്യാപക-രക്ഷാകർത്തൃസംഘടന, വ്യാപാരി, ഓട്ടോറിക്ഷത്തൊഴിലാളി പ്രതിനിധികൾ ഉൾപ്പെടുന്ന വിപുലമായ ശൃംഖലയാണിത്. ഇതുവഴി ലഹരിവിൽപ്പന സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും നടപടിയെടുക്കാനും സാധിച്ചിരുന്നു.

4. ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ

സംസ്ഥാനത്തെ 132 പോലീസ് സ്റ്റേഷനുകൾ ശിശുസൗഹൃദമാണ്. കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ പതിനായിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർക്ക് വിദഗ്‌ധപരിശീലനവും നൽകി. ഈ സൗകര്യവും ജനങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല.

തൂക്കത്തിൽ കഞ്ചാവ് വിലയിൽ എം.ഡി.എം.എ.

തൂക്കംവെച്ചു കണക്കാക്കിയാൽ എക്സൈസ് വകുപ്പ് പിടികൂടിയ മയക്കുമരുന്നിൽ മുന്നിൽ കഞ്ചാവാണ്. 16,150.2 കിലോ കഞ്ചാവാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പിടികൂടിയത്. വിപണിമൂല്യത്തിൽ മുന്നിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എ.യാണ്. പിടിച്ചെടുത്ത 38.79 കിലോയ്ക്ക് ഏതാണ്ട് 75 കോടി രൂപ വിപണിവിലവരും. പുതിയ തലമുറ അടിപ്പെടുന്നതും പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ഈ മാരകമയക്കുമരുന്നിലാണ്.

അഞ്ചുവർഷത്തിനിടെ എക്സൈസ്‌ പിടിച്ചെടുത്ത എം.ഡി.എം.എ.യുടെ വിപണിമൂല്യം

75 കോടി

അഞ്ചുവർഷത്തിനിടെ എക്സൈസ്‌ വകുപ്പ്‌ പിടിച്ചെടുത്ത വിവിധതരം ലഹരി വസ്തുക്കൾ

കഞ്ചാവ് - 16,150.2 കി.ഗ്രാം
ഹാഷിഷ് - 225.7 കി.ഗ്രാം
എം.ഡി.എം.എ - 38.79 കി.ഗ്രാം
ചരസ് - 14.5 കി.ഗ്രാം
കറുപ്പ് - 4.89 കി.ഗ്രാം
ബ്രൗൺഷുഗർ - 958.74 കി.ഗ്രാം
ഹെറോയിൻ - 713.69 കി.ഗ്രാം
എൽ.എസ്.ഡി - 35.72 കി.ഗ്രാം

ലൈബീരിയയിലെ സ്‌കൂൾ

യുണൈറ്റഡ് നേഷൻ ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈമിന്റെ ഗ്ലോബൽ ട്രെയിനർ എന്നനിലയിൽ പ്രവർത്തിച്ചിരുന്നയാളാണ് മലയാളിയായ ഫ്രാൻസിസ് മൂത്തേടൻ. നിലവിലദ്ദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിനോടു ചേർന്നുള്ള ലഹരിവിമുക്തി സെന്ററിന്റെ ചുമതലക്കാരനാണ്.

ഐക്യരാഷ്ട്രസഭയുടെ ലഹരിവിമുക്തി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരിക്കൽ അദ്ദേഹം ആഫ്രിക്കയിൽ ദരിദ്രരാഷ്ട്രങ്ങളിലൊന്നായ ലൈബീരിയയിലെത്തി. അവിടെ ഒരു വിമുക്തികേന്ദ്രത്തിന്റെ പേരുകണ്ട് അദ്ദേഹം അന്പരന്നു. സ്കൂൾ ഓഫ് ഡീഅഡിക്‌ഷൻ സെന്റർ എന്നായിരുന്നു ആ കേന്ദ്രത്തിന്റെ പേര്. ചികിത്സയ്ക്കെത്തുന്നവരുടെ മനസ്സിലെ ഭയം ഒഴിവാക്കാൻ പേരിൽപ്പോലും മാറ്റംകൊണ്ടുവരാൻ അവർ ശ്രദ്ധിക്കുന്നു.

പലരാജ്യങ്ങളിൽ മയക്കുമരുന്നു കേസുകളിൽ പിടിയിലാകുന്നവരെ ലഹരിവിമുക്തമേഖലയിൽ പരിശീലനം ലഭിച്ച ഓഫീസറുടെ അടുത്തേക്കാണ് ആദ്യംവിടുക. മാനസികപ്രശ്നം ഉള്ളവരായ കുട്ടികളാണ് മയക്കുമരുന്ന് ഉപയോഗത്തിലേക്ക് വീഴുന്നതിൽ ഏറെയും.

പിടിക്കപ്പെടുന്നവർക്ക് മാനസികരോഗമുണ്ടോയെന്ന് ക്ലിനിക്കൽ വിലയിരുത്തൽ നടത്തും. ശേഷമാണ് ഇവരെ ജയിലിലേക്ക് അയക്കണോ അതോ റിഫോർമേഷൻ സെന്ററിൽ അയക്കണോ എന്ന് തീരുമാനിക്കുന്നത്. സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ എന്നീ ഓരോ വിഭാഗത്തിനും പ്രത്യേകം സെന്ററുകൾ വേണം. ഈ രീതിയാണ് ഇവിടെയും വേണ്ടതെന്നും ഫ്രാൻസിസ് മൂത്തേടൻ പറയുന്നു.

വേണ്ടത് കൂട്ടായ പ്രവർത്തനം- പി. വിജയൻ, ഐ.ജി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് നോഡൽ ഓഫീസർ

മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് പറഞ്ഞാൽ ഉപയോഗം കുറയില്ല. ഒരുഭാഗത്ത് ലഹരിമരുന്നുപിടിത്തവും അന്വേഷണവും കൂട്ടുമ്പോൾത്തന്നെ, ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ആളുകളുടെ ആഗ്രഹവും കുറച്ചുകൊണ്ടുവരണം. ഇതിനായി പോലീസുമായും സ്റ്റുഡന്റ് പോലീസ് കേഡറ്റുമായും സഹകരിച്ചുള്ള ഒട്ടേറെ പരിപാടികളുണ്ട്. എന്നാൽ, കൂടുതൽപ്പേരും ഇത് വേണ്ടവിധം ഉപയോഗിക്കുന്നില്ല

ആശങ്കകൊണ്ട് കാര്യമില്ല- ഋഷിരാജ് സിങ് മുൻ എക്സൈസ് കമ്മിഷണർ

ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗമുണ്ട്. അതിൽ ആശങ്കപ്പെട്ടിട്ടുമാത്രം കാര്യമില്ല. കേരളം മാത്രമേ അതൊരു ഗൗരവമായ വിഷയമായി എടുത്തിട്ടുള്ളൂ. അതിന്റെ തുടർച്ചയായിട്ടാണ് സർക്കാർ എല്ലാ ജില്ലകളിലും വിമുക്തി ഡീഅഡിക്‌ഷൻ സെന്ററുകൾ തുടങ്ങിയത്. മറ്റൊരിടത്തും ഇത്തരമൊരു സംവിധാനം കാണാൻകഴിയില്ല. തമിഴ്‌നാട്ടിൽ സർക്കാരിനുകീഴിൽ ഒരേയൊരു ലഹരിവിമുക്തികേന്ദ്രം മാത്രമേയുള്ളൂ. കേരളത്തിലെപ്പോലെ കേസുകളും റിപ്പോർട്ടു ചെയ്യാറില്ല. കേസുകളില്ലാത്തതുകൊണ്ടല്ല, എടുക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

(അവസാനിച്ചു)

തയ്യാറാക്കിയത്‌ ടീം മാതൃഭൂമി- അനു എബ്രഹാം (ഏകോപനം),രാജേഷ് കെ. കൃഷ്ണൻ ,കെ.ആർ. അമൽ , കെ.പി. ഷൗക്കത്തലി , പ്രദീപ് പയ്യോളി

Content Highlights: Drug addiction in children

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022

Most Commented