വര: ബി.എസ് പ്രദീപ്കുമാർ
‘‘ഇത്തവണത്തേക്കു പോട്ടെ സാറേ. അവൻ കൊച്ചല്ലേ. അറിയാതെ പറ്റിയതാകും. പുറത്തറിഞ്ഞാൽ കുടുംബത്തിന്റെ മാനംപോകും. ഇനിമുതൽ ഞങ്ങൾ അവനെ ശ്രദ്ധിച്ചോളാം’’-കോട്ടയത്തുനിന്ന് എം.ഡി.എം.എ.യുമായി പിടിക്കപ്പെട്ട 16-കാരന്റെ പിതാവ് എക്സൈസ് ഉദ്യോഗസ്ഥരുടെ മുന്നിൽ കണ്ണീരോടെ കൈകൂപ്പി. കുട്ടിയെ ലഹരിവിമുക്തി കേന്ദ്രത്തിലാക്കാമെന്ന ഉദ്യോഗസ്ഥരുടെ നിർദേശത്തോടാണ് ആ പിതാവ് ഇങ്ങനെ പ്രതികരിച്ചത്. മയക്കുമരുന്നുമായി കുട്ടിയെ പിടിച്ചതോ, മകൻ ലഹരിക്കടിമയായതോ അല്ല ആ പിതാവിന്റെ സങ്കടം. കൊച്ചുകുട്ടിയല്ലേ, വിവരംമറ്റുള്ളവർ അറിഞ്ഞാൽ എന്താകും? അവന്റെ ഭാവി എന്താകും? ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആകുലത. അതോടെ കുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
കഴിഞ്ഞവർഷത്തെ മാത്രം കണക്കെടുത്താൽ, കുറഞ്ഞ അളവിൽ മയക്കുമരുന്നുമായി പിടിയിലായശേഷം 421 കുട്ടികൾക്കാണ് ജാമ്യംലഭിച്ചത്. ഇവരെ നേർവഴിക്ക് നയിക്കാനായി കൗൺസലിങ്ങിനും ലഹരിവിമുക്തിക്കും അയക്കാമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ രക്ഷിതാക്കളോട് നിർദേശിച്ചു. എന്നാൽ, ലഹരിവിമുക്തി ചികിത്സ തേടിയത് 105 കുട്ടികൾമാത്രമാണ്. 316 പേരും വീട്ടിലേക്ക് മടങ്ങി.
കുട്ടികളെ നിർബന്ധിച്ച് ലഹരിവിമുക്തി കേന്ദ്രത്തിലാക്കാൻ എക്സൈസിന് അധികാരമില്ല. ഒന്നുകിൽ കുട്ടിയുടെ സമ്മതംവേണം, അല്ലെങ്കിൽ മാതാപിതാക്കളുടെ. എന്നാൽ, ഭൂരിപക്ഷം രക്ഷിതാക്കളും പുറത്തറിയുമോയെന്ന ആശങ്കകാരണം ഇതിനു സമ്മതിക്കാറില്ല.
ചതിക്കുന്ന കൂട്ടുകാർ
കഴിഞ്ഞവർഷം എക്സൈസ് വകുപ്പ് ഒരു സർവേ നടത്തി. മയക്കുമരുന്നുമായി പിടിയിലായ 800 കുട്ടികൾക്കിടെയായിരുന്നു സർവേ. കൂട്ടുകാരുടെ സമ്മർദംകൊണ്ടാണ് ലഹരി ഉപയോഗിച്ചുതുടങ്ങിയതെന്നായിരുന്നു സർവേയിൽ പങ്കെടുത്ത കൂടുതൽപ്പേരുടെയും വെളിപ്പെടുത്തൽ. ഉപയോഗിച്ചുനോക്കാനുള്ള ആകാംക്ഷകൊണ്ടും വീടുകളിലെ പ്രശ്നങ്ങൾകൊണ്ടും മാത്രം ലഹരിക്കടിമകളാവുന്നവർ ഇതിലും കുറവാണ്.
വേണം, സാമൂഹികപ്രതിരോധം
ഒരിക്കൽ ലഹരിമുക്തരായവർ സുഹൃത്തുക്കളിലൂടെയും മറ്റും പ്രേരണയാൽ വീണ്ടും ഉപയോഗിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇതിനെതിരേ സാമൂഹികപ്രതിരോധംകൂടി ഉയർന്നുവരണം. കുട്ടികളിലെ സ്വഭാവവ്യതിയാനം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുക അധ്യാപകർക്കാണ്. രക്ഷിതാക്കൾക്കൊപ്പം അവരുടെ പിന്തുണകൂടിവേണം.
-എസ്. അനന്തകൃഷ്ണൻ, എക്സൈസ് കമ്മിഷണർ
തലപ്പത്താര്? ആർക്കുമറിയില്ല
ഒളിച്ചുംപാത്തും നടക്കുന്ന ചെറിയ ഇടപാടുകളല്ല കേരളത്തിലെ മയക്കുമരുന്നു കച്ചവടം. വലിയ മറയൊന്നുമില്ലാത്ത വൻ ബിസിനസിന്റെ രൂപത്തിലേക്ക് മയക്കുമരുന്ന് കച്ചവടത്തിന്റെ രൂപവും ഭാവവും മാറിക്കഴിഞ്ഞു. ഏജന്റുമാർ, ഉപ ഏജന്റുമാർ, ചില്ലറവിൽപ്പനക്കാർ, കാരിയർമാർ... വലിയൊരു ശൃംഖലതന്നെ പിന്നിലുണ്ട്. വികേന്ദ്രിതമാണ് ഇവിടത്തെ കടത്തുരീതി. പിടിയിലാകുന്നത് ചെറിയ കണ്ണികൾമാത്രം. പത്തുവർഷത്തിനിടെ കേരളത്തിൽ 36,000-ത്തിൽപ്പരം മയക്കുമരുന്ന് പിടികൂടിയ കേസുകളുണ്ടായെങ്കിലും ഒരു വമ്പൻസ്രാവുപോലും അകത്തായിട്ടില്ല. കുട്ടികളെയും സ്ത്രീകളെയും മറുനാടൻ തൊഴിലാളികളെയുമൊക്കെ മയക്കുമരുന്നുമായി പിടികൂടുന്നുണ്ട്. എന്നാൽ, ഇവർക്ക് എവിടെനിന്ന് മയക്കുമരുന്നു കിട്ടി, ആർക്കായാണ് കൊണ്ടുവന്നത് എന്നതിന്, കൃത്യമായ ഉത്തരംകിട്ടാറില്ല. അങ്ങനെയുള്ള അന്വേഷണം നടക്കാറുമില്ല.
കര, കടൽ, ആകാശം
കരയും കടലും ആകാശവും ഒരുപോലെ ഉപയോഗിച്ചാണ് കേരളത്തിലേക്കുള്ള മയക്കുമരുന്നുകടത്ത്. പെട്ടിക്കടമുതൽ സാമൂഹികമാധ്യമങ്ങൾവരെ ഈ കച്ചവടത്തിനായി ഉപയോഗിക്കുന്നു. പ്രധാനമായും അഞ്ചുമാർഗങ്ങളിലൂടെയാണ് കടത്ത്.
ഇറാൻ -കപ്പൽ
ഇറാനിൽനിന്ന് കപ്പൽമാർഗം ഇന്ത്യൻമഹാസമുദ്രംവഴിയുള്ള കടത്ത്. കൂടുതലും ഹെറോയിനാണ് ഇങ്ങനെ വരുന്നത്. പുറങ്കടലിൽനിന്ന് മീൻപിടിത്ത ബോട്ടുകളിലാണ് കടത്ത്. കഴിഞ്ഞ മേയ് 20-ന് ലക്ഷദ്വീപ് തീരത്തുവെച്ച് ഇങ്ങനെ കടത്തിയ 1526 കോടി രൂപ വിലമതിക്കുന്ന 205 കിലോ ഹെറോയിൻ പിടിച്ചിരുന്നു
അഫ്ഗാനിസ്താൻ -വിമാനം
അഫ്ഗാനിസ്താനിൽ നിർമിക്കുന്ന ഹെറോയിൻ കൊച്ചി വിമാനത്താവളം വഴിയുള്ള കടത്ത്. സിംബാബ്വേ, ടാൻസാനിയ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവരെയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മേയ് 28-ന് കൊച്ചി വിമാനത്താവളത്തിൽ പിടിച്ച 20 കോടിയുടെ ഹെറോയിൻ ഈ രീതിയിൽവന്നതാണെന്ന് കരുതുന്നു
ബെംഗളൂരു -കൂറിയർ
ബെംഗളൂരുപോലുള്ള നഗരങ്ങളിൽ എം.ഡി.എം.എ. ഉൾപ്പെടെ നിർമിക്കുന്ന പരീക്ഷണശാലകളുണ്ട്. കൂറിയറായാണ് ഇവ എത്തിക്കുക. കുട്ടികളടക്കമുള്ളവർ സ്വീകരിക്കുന്നത് ഈ മാർഗം. ഡാർക്ക് നെറ്റ് അടക്കമുള്ള ഓൺലൈൻ സംവിധാനംവഴിയാണ് വിപണനം.
ആന്ധ്ര, ഒഡിഷ -തീവണ്ടി
ആന്ധ്ര, ഒഡിഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വനമേഖലകളിൽനിന്നാണ് കഞ്ചാവ് കൂടുതലായെത്തുന്നത്. നാട്ടിൽപ്പോയി മടങ്ങുന്ന അതിഥിത്തൊഴിലാളികളെ ഉപയോഗിക്കും. തീവണ്ടിയിലും ബസിലുമായി എത്തിക്കും.
ഹൈദരാബാദ് -പാഴ്സൽ
ഫാർമസ്യൂട്ടിക്കൽ ഡ്രഗ്സിന് ഡോക്ടറുടെ കുറിപ്പടി വേണമെന്നാണ്. എന്നാൽ, കുറിപ്പടി ഇല്ലാതെയും ലഭിക്കും. ഹൈദരാബാദിലെയും മറ്റും ഫാർമസ്യൂട്ടിക്കൽ മേഖലയിൽനിന്ന് അനധികൃതമായി കടത്തിയെത്തിക്കുന്നവയാണ് ഇവ.
ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
ലഹരിവസ്തുക്കൾക്ക് അടിമപ്പെടാൻ സാധ്യതയുള്ള കുട്ടികളെ നാലു വിഭാഗങ്ങളായി തിരിക്കാം. ഇത്തരംകുട്ടികളെ നേരത്തേ തിരിച്ചറിഞ്ഞ് അവർ ലഹരി അടിമത്തത്തിലേക്ക് പോകുന്നത് തടയാൻ സാധിക്കുമെന്ന് മാനസികാരോഗ്യവിദഗ്ധർ പറയുന്നു
കുട്ടികളിലെ അമിതവികൃതി
ഇത്തരംകുട്ടികളുടെ ശരീരത്തിൽ ഡോപമിന്റെ അളവ് വളരെ കുറവാകും. ഇത്തരക്കാർക്ക് ശ്രദ്ധക്കുറവുണ്ടാകും. ഒരുകാര്യവും ആസ്വദിക്കാൻ പറ്റാതെ വരും. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്ടിവിറ്റി ഡിസോഡർ (എ.ഡി.എച്ച്.ഡി.) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. ഇത്തരംകുട്ടികൾക്ക് സന്തോഷംകിട്ടുന്നത് അപകടസാധ്യതയുള്ള കാര്യങ്ങൾ ചെയ്യുമ്പോഴാണ്. അതിവേഗത്തിൽ വണ്ടിയോടിക്കുക, ലഹരിവസ്തുക്കൾ ഉപയോഗിക്കുക എന്നിവയൊക്കെ ചെയ്യാൻ വളരെ സാധ്യതയുണ്ട്. എ.ഡി.എച്ച്.ഡി. തുടക്കത്തിലേ ചികിത്സിച്ച് ഭേദമാക്കാൻ പറ്റും
കുറ്റകൃത്യവാസനകൾ കാണിക്കുന്നവർ
ചെറുപ്പത്തിലേതന്നെ മോഷണം, കളവുപറച്ചിൽ, മറ്റുള്ളവരെ ഉപദ്രവിക്കുക, അതിൽ സന്തോഷം കണ്ടെത്തുക തുടങ്ങിയ സ്വഭാവമുള്ള കുട്ടികൾ. ഇത്തരം കുട്ടികൾ കൗമാരമെത്തുമ്പോൾ ലഹരിക്കടിമപ്പെടാൻ സാധ്യതയുണ്ട്
മാതാപിതാക്കളുമായി നല്ലബന്ധമില്ലാത്തവർ
മാതാപിതാക്കളുമായി നല്ല ബന്ധമില്ലാത്ത കുട്ടികൾ, ശിഥിലമായ കുടുംബ പശ്ചാത്തലത്തിലുള്ളവർ, മാതാപിതാക്കൾതന്നെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന കുടുംബത്തിൽനിന്നു വരുന്നവർ... ഇത്തരം കുട്ടികളൊക്കെ മയക്കുമരുന്നിന് അടിമകളാകാൻ സാധ്യത കൂടുതലാണ്
അന്തർമുഖരായ കുട്ടികൾ
സ്വതവേ അന്തർമുഖരായിട്ടുള്ള, നിസ്സാരകാര്യത്തിന് ഉത്കണ്ഠപ്പെടുന്ന കുട്ടികൾ പരീക്ഷണത്തിനോ ഔഷധമെന്നു കരുതിയോ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായി കാണാറുണ്ട്
വിവരങ്ങൾക്ക് കടപ്പാട്:
മാനസികാരോഗ്യ വിഭാഗം,
തിരുവനന്തപുരം മെഡിക്കൽ കോളേജ്
തയ്യാറാക്കിയത് ടീം മാതൃഭൂമി- അനു എബ്രഹാം,രാജേഷ് കെ. കൃഷ്ണൻ, കെ.ആർ. അമൽ, കെ.പി. ഷൗക്കത്തലി, പ്രദീപ് പയ്യോളി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..