കോവിഡ് പ്രതിരോധിക്കാന്‍ ജീവന്‍വരെ പണയപ്പെടുത്തി ഒട്ടേറെ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും നിസ്വാര്‍ഥസേവനം നടത്തി വരുകയാണ്. ഇതിനകം ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കയും ഒരു ഡോക്ടര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് സാമൂഹിക പ്രതിബദ്ധതയോടെ വൈദ്യസമൂഹം പ്രവര്‍ത്തിച്ചുവരുന്നത്. കോവിഡ് രോഗികളെ കാലേക്കൂട്ടി കണ്ടെത്തി ഉചിതമായ ചികിത്സ നല്‍കുന്നതുകൊണ്ടാണ് കോവിഡ് മരണനിരക്ക് ഏറ്റവും കുറച്ചു കൊണ്ടുവരാന്‍ നമുക്ക് കഴിയുന്നത്. 

നമ്മുടെ ആതുരസേവന പാരമ്പര്യം

ഈ സാഹചര്യത്തില്‍ കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായ ഡോ. പല്‍പ്പു (1863-1950) പ്ലേഗ്, വസൂരി തുടങ്ങിയ മഹാമാരികള്‍ക്കെതിരേ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടതാണ്. 1896-ല്‍ െബംഗളൂരു നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോള്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് അദ്ദേഹം പോരാടിയത്.  ഡോ. പല്‍പ്പുവിന്റെ സീനിയര്‍മാരായിരുന്ന ഡോക്ടര്‍മാര്‍ പ്ലേഗിനെ ഭയന്ന് സേവനരംഗത്തുനിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത് ഡോക്ടര്‍ പല്‍പ്പുവായിരുന്നു പ്ലേഗ് നിവാരണത്തിനുള്ള സ്‌പെഷ്യല്‍ ഓഫീസര്‍. മൈസൂരുവിലെ പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടായിരുന്നു അദ്ദേഹം. സ്വന്തം ജീവന്‍പോലും അപകടത്തിലാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്ലേഗ് രോഗം ബാധിച്ചവരെ പരിചരിക്കാന്‍ അദ്ദേഹം തയ്യാറായി. മരണപത്രം നേരത്തേ കൂട്ടി ഒപ്പിട്ട് അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടാണ് അദ്ദേഹം കര്‍മനിരതനായത്. പ്ലേഗ് ക്യാമ്പില്‍ ദിനംപ്രതി ശരാശരി അമ്പത് വീതം മരണമുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ നൂറ്റമ്പത് മരണംവരെ ഉണ്ടായിട്ടുണ്ട്. ബെംഗളൂരുവില്‍ മാത്രം പതിനയ്യായിരം പേരാണ് പ്ലേഗ് മൂലം മരണമടഞ്ഞത്. ഡോ. പല്‍പ്പുവിന്റെ ക്യാമ്പില്‍നിന്ന് നോക്കിയാല്‍ എട്ട് ശ്മശാനങ്ങളില്‍ രാപകല്‍ ദേദമെന്യേ ശവം കത്തിക്കൊണ്ടിരിക്കുന്നത് കാണാമായിരുന്നു.  ഡോ. പല്‍പ്പു നാട്ടിലുള്ള തന്റെ ഒരു സ്‌നേഹിതനയച്ച കത്തില്‍ ഇങ്ങനെ എഴുതി:'എന്റെ ക്യാമ്പിന് ചുറ്റുമുള്ള എട്ടു ചുടലകളിലായി എട്ടു ശവങ്ങള്‍ ഇപ്പോള്‍ വെന്തുകൊണ്ടിരിക്കുന്നു. ഈ എട്ടു ശവങ്ങള്‍ വെന്തുകഴിഞ്ഞാല്‍ ഉടന്‍ ചിതയില്‍വെക്കത്തക്കവിധം നാല്പത്തിമൂന്നു ശവങ്ങള്‍ കഴുകി തയ്യാറാക്കിവെച്ചിരിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ കാശിയിലെ ശ്മശാനത്തില്‍ ദണ്ഡുമൂന്നി നിന്നിരുന്ന ഹരിശ്ചന്ദ്ര മഹാരാജാവിനെപ്പോലെ അധികാര ദണ്ഡുമായി ഞാന്‍ നില്‍ക്കുന്നു. മനുഷ്യന്‍ എലികളെപ്പോലെ ചത്തുവീഴുകയും ജീവിതത്തെക്കാള്‍ അധികം മരണത്തെ പ്രദര്‍ശിപ്പിക്കയും ചെയ്യുന്നു െബംഗളൂരു നഗരം. മരണം മരണവും ചുമതല ചുമതലയും.' 

കര്‍മയോഗിയായ മലയാളി

പ്ലേഗ് ബാധ ആപത്കരമാം വിധം പടരാതെ നിയന്ത്രിക്കാന്‍ പല്‍പ്പുവിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. പ്ലേഗ് ശമിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിലെ സര്‍ജന്റ് ജനറലും സാനിറ്ററി കമ്മിഷണറും മൈസൂരു സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഡോ. പല്‍പ്പുവിന്റെ ക്യാമ്പുകള്‍ മറ്റ് ക്യാമ്പുകളെ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് അവര്‍ കണ്ടെത്തി. ഡോക്ടര്‍ പല്‍പ്പുവിന്റെ പൊതുജനാരോഗ്യ സംരക്ഷണപാടവത്തെ അവര്‍ പുകഴ്ത്തി. ബ്രിട്ടീഷ് രാജ്ഞി ആഫ്രിക്കയില്‍ ജോലി വാഗ്ദാനം നല്‍കിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. 

മാതൃകാപാഠങ്ങള്‍

ഡോ. പല്‍പ്പുവിന്റെ നീതിബോധത്തെ ഓര്‍മിപ്പിക്കുന്ന ഒരുസംഭവം എടുത്തു പറയേണ്ടതാണ് അദ്ദേഹം മൈസൂരുവിലെ ഡെപ്യൂട്ടി സാനിറ്ററി കമ്മിഷണറായിരുന്ന കാലത്ത് ഒരു സംഭവമുണ്ടായി. മൈസൂരുവില്‍ പടര്‍ന്നുപിടിച്ച വിഷൂചികയ്ക്ക് കാരണം കുഴല്‍വെള്ളത്തില്‍നിന്നുള്ള രോഗാണുക്കള്‍ കലര്‍ന്ന കുടിവെള്ളമാണെന്ന് അദ്ദേഹം കണ്ടെത്തി. കെമിക്കല്‍ എക്സാമിനര്‍ തന്റെ ബന്ധുവായ കുഴല്‍വെള്ള വിതരണക്കാരനെ രക്ഷിക്കാനായി - കുഴല്‍വെള്ളം ശുദ്ധമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഡോ. പല്‍പ്പു കുഴല്‍വെള്ളം പരിശോധനയ്ക്കായി ചെന്നൈ യിലേക്കും  മുംബൈയിലേക്കും അയച്ചു. അവിടെനിന്ന് വെള്ളത്തില്‍ രോഗാണുക്കളുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. ഉന്നതോദ്യോഗസ്ഥര്‍ക്ക് ഡോ. പല്‍പ്പുവിന്റെ സത്യസന്ധമായ നിലപാട് രസിച്ചില്ല. അദ്ദേഹത്തെ ഡിവിഷന്‍ സാനിറ്ററി ഓഫീസറായി തരംതാഴ്ത്തി. എങ്കിലും തന്റെ നിലപാടില്‍ മാറ്റംവരുത്താനോ മേലധികാരികളുടെ മുന്നില്‍ തലതാഴ്ത്താനോ അദ്ദേഹം തയ്യാറായില്ല.

ഗോവസൂരി പ്രയോഗത്തിനുള്ള വാക്‌സിന്‍ നിര്‍മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്‌പെഷ്യല്‍ വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യകാലത്ത് അദ്ദേഹം ജോലിനോക്കിയത്. എന്നാല്‍, വാക്‌സിന് ഗുണനിലവാരമില്ല എന്ന പേരില്‍ സര്‍ക്കാര്‍ സ്ഥാപനം അടച്ചു. തുടര്‍ന്ന്, ബെംഗളൂരുവില്‍ മൈസൂരു സര്‍ക്കാരിന്റെ കീഴില്‍ ഒരു പുതിയ വാക്‌സിന്‍ നിര്‍മാണശാല തുടങ്ങിയപ്പോള്‍ ഡോ. പല്‍പ്പു അതിന്റെ മേല്‍നോട്ടക്കാരനായി നിയമിതനായി. എന്നാല്‍, മേലുദ്യോഗസ്ഥര്‍ തമ്മിലുള്ള കിടമത്സരം മൂലം സ്ഥാപനം നിര്‍ത്തുകയാണുണ്ടായത്. എങ്കിലും ഡോ. പല്‍പ്പുവിന്റെ ശ്രമഫലമായി 120 രൂപ ലിംഫ് ശേഖരണത്തിനായി അദ്ദേഹം അനുവദിച്ചെടുത്തു. കന്നുകുട്ടികളെ വാങ്ങി അദ്ദേഹം വാക്‌സിന്‍ നിര്‍മാണം പുനരാരംഭിച്ചു. അതില്‍നിന്ന് വരുമാനം വര്‍ധിച്ചു തുടങ്ങി. താമസിയാതെ സര്‍ക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസം വര്‍ധിക്കുകയും ലിംഫ് നിര്‍മാണത്തിന് കൂടുതല്‍ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറംരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുകയും മികച്ച ഗുണ നിലവാരത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം ലഭിക്കയും ചെയ്തു.

കോവിഡ് പ്രതിരോധിക്കുന്നതില്‍ വൈദ്യസമൂഹം കാട്ടിവരുന്ന നിസ്വാര്‍ഥ സേവനതാത്പര്യവും ഉത്സാഹവും ഡോ. പല്‍പ്പു പ്ലേഗ് രോഗനിയന്ത്രണത്തിനും വാസ്‌കിന്‍ നിര്‍മാണത്തിനും പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിനുമായി നടത്തിയ മഹനീയ സേവനങ്ങളെ അനുസ്മരിപ്പിക്കുന്നു. തന്റെ ജീവിതത്തിലൂടെ നല്‍കുന്ന സന്ദേശം ഡോ. പല്‍പ്പുവിന്റെ മഹത്തായ മാതൃക പിന്തുടര്‍ന്നുകൊണ്ടുള്ള ആധുനിക കാലത്തെ മുന്നോട്ടുള്ള പ്രയാണമായിട്ടാണ് വൈദ്യസമൂഹത്തിന്റെ കോവിഡ്കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത്.

content highlights: Dr Palpu's contribution in preventing plague pandamic