ഡോ. കവിത രവി
ഏകാന്തത്തടവിന്റെ അഞ്ചാം നാള്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് ബ്ലോക്കിലെ ഡീലക്സ് പേ വാര്‍ഡിലെ സി 5 മുറിയിലായിരുന്നു ഞാന്‍. രോഗികള്‍ മുറിക്കുള്ളില്‍ തന്നെ കഴിയണം. മുറിക്കു മുന്നിലൂടെ പോകുന്ന വരാന്തയിലേക്ക് ഇറങ്ങരുത്. നിര്‍ദ്ദേശം കര്‍ശനമായിരുന്നു. കാരണം, അതു വഴിയാണ് ചികിത്സകരും സഹായികളും സഞ്ചരിക്കുന്നത്.
മുറിയുടെ ബാല്‍ക്കണിയില്‍ നിന്നാല്‍ പുറത്തു തെരുവു കാണാം. ബാല്‍ക്കണിയിലെ ഗ്രില്ലില്‍ പിടിച്ചു തെരുവിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. അല്‍പ്പം മുമ്പ് ഭര്‍ത്താവ് ഫോണില്‍ വിളിച്ചിരുന്നു. ബാല്‍ക്കണിയില്‍ നില്‍ക്കാനും ഭര്‍ത്താവും മകളും താഴെ വരുമെന്നും പറഞ്ഞു.
അപ്പോള്‍ മുതല്‍ ഞാന്‍ കാത്തുനില്പ്പു തുടങ്ങി. താമസിയാതെ, ഞങ്ങളുടെ കാര്‍ ആശുപത്രിയുടെ മതില്‍ക്കെട്ടിനു പുറത്തെ റോഡിലേക്കു പതിയെ വന്നു നിന്നു. പുറകിലെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ എന്റെ മകള്‍....! അവള് കൈവീശി കാണിക്കുന്നു. മുന്നില്‍നിന്ന് ഭര്‍ത്താവും.
കണ്ണുകള്‍ നിറഞ്ഞതാണോ അതോ കാഴ്ച്ച മങ്ങിയതാണോ? അറിയില്ല. കാഴ്ച്ചയുടെ പരിധിയില്‍ മൂടല്‍മഞ്ഞ് നിറയുന്നു. കവിളുകള്‍ നനഞ്ഞപ്പോഴാണ് കരയുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഇരുമ്പു ഗ്രില്ലില്‍ മുറുക്കെപ്പിടിച്ചു. കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ചുണ്ടുകള്‍ ചേര്‍ത്തുവെച്ച് കടിച്ചു പിടിച്ചു. ഇല്ലെങ്കില്‍ ഇടിവെട്ടുംപോലെ ഒരു കരച്ചില് പുറത്തുവന്നേനെ.
രോഗബാധിത ആയതിനു ശേഷം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ഇരുവരെയും ആദ്യമായി കാണുകയാണ്. മകള്‍ക്കു കോവിഡ് സ്ക്രീനിങ്ങിനു വന്നതാണ് ഇരുവരും. ഞാന്‍ അവളിലേക്കു രോഗം പകര്‍ത്തിയോ എന്നറിയാന്‍. അഞ്ച് ദിവസം മുമ്പാണ് എനിക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയത്. കാറിലിരുന്ന് അവള് ഉച്ചത്തില്‍ എന്തൊക്കെയോ പറയുന്നുണ്ട്. എനിക്കപ്പോള്‍ ചെവിയിലും ഇരുള് മൂടിയിരുന്നു.
സെക്യൂരിറ്റി ജീവനക്കാരന് അവര്‍ക്കരികിലേക്കു നടക്കുന്നതു കണ്ടു. കാര്‍ മാറ്റിയിടാന്‍ പറയുന്നതാണെന്നു തോന്നുന്നു. അപ്പുറത്തും ഇപ്പുറത്തും വാഹനങ്ങള്‍ കടന്നു പോവുന്നുണ്ട്. ആ ശബ്ദത്തില്‍ അവളുടെ വാക്കുകള്‍ മുങ്ങിപ്പോയി.
ആശുപത്രി മുറിയില്‍ ഏകാന്ത വാസത്തിനു വിധിക്കപ്പെട്ടയാള്‍ക്ക് ഉച്ചത്തില്‍, അലറിവിളിക്കാന്‍, എന്തെങ്കിലും തിരിച്ചു ചോദിക്കാനാവില്ലല്ലോ. വാക്കുകളുടെ അരുവി എന്നില്‍നിന്നും പുറപ്പെടുന്നതും എതെന്നില്ത്തന്നെ അവസാനിക്കുന്നതും വേദനയോടെ തിരിച്ചറിഞ്ഞു. കാര്‍ മുന്നോട്ടു നീങ്ങുകയാണ്. ഞാന്‍ മുറിയിലേക്കു തിരിച്ചു നടന്നു. അവരെ ഞാന്‍ കണ്ടുവോ?
ഏത് അപകര്‍ഷതാബോധമാണ് എന്നെ കീഴടക്കുന്നത്? എപ്പോഴാണ് ഞാന്‍ എല്ലാവര്ക്കും അസ്പൃശ്യയായി മാറിയത്? കോവിഡ് 19 പോസിറ്റീവ് ആണെങ്കിലും എനിക്ക് നെഗറ്റീവാകാന്‍ കഴിയില്ലെന്ന് പൊടുന്നതെ ഞാന്‍ വേദനയോടെ ഉള്‍ക്കൊണ്ടു. അതെ, അറിയുക. ഈ രോഗം ഒരാളെ സാമൂഹികമായി കീഴ്പ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്.
ഈ മുറിയില്‍, ഇവിടത്തെ ഏകാന്തത്തടവില്‍ എനിക്കിനിയും കഴിയേണ്ടതുണ്ട്. ജൂലൈ മാസത്തെ അവസാനദിനങ്ങളില്‍ അനുഭവപ്പെട്ട തൊണ്ടവേദനയും തലവേദനയുമാണ് കോവിഡ് പരിശോധന ചെയ്യുവാന്‍ പ്രേരിപ്പിച്ചത്. മുപ്പതാം തിയതി ഉച്ചയോടെ സ്വാബ് ടെസ്റ്റിന് കൊടുത്തു.
ആശങ്കകള്‍ ഒന്നുമില്ലായിരുന്നു. കാരണം, ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഞാന്‍ എടുത്തിരുന്നു. എപ്പോഴും മാസ്ക് ധരിച്ചു. സാനിറ്റൈസര്‍ ഉപയോഗിച്ചു. സാമൂഹിക അകലം പാലിച്ചു. വീടിനു പുറത്തേക്കു പോകുന്നത് ആശുപത്രിയില്‍ ജോലിക്കു പോകാന്‍ മാത്രമായിരുന്നു.
വൈകുന്നേരത്തോടെ റിസല്‍റ്റ് വന്നു. കോവിഡ് 19 പോസിറ്റീവ്. തീര്‍ത്തും അപ്രതീക്ഷിതമായ ആഘാതം. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്റെ ശാരീരികാവസ്ഥയെ കുറിച്ച് ഞാന്‍ ബോധവതി ആയിരുന്നു. അടുത്തിടെയാണ് ഹൃദയത്തില്‍ സ്റ്റെന്റ് ഇട്ടത്. വൈറല്‍ രോഗബാധകള്‍ ഇടയ്ക്കിടയ്ക്ക് എനിക്ക് ഉണ്ടാകുന്നുവെന്ന രോഗചരിത്രം എന്നെ കൂടുതല്‍ ആശങ്കയില്‍ ആഴ്ത്തി. ഈ പുതിയ രോഗം എനിക്ക് നല്‍കിയേക്കാവുന്ന ആരോഗ്യ പ്രതിസന്ധികളാണ് കൂടുതല്‍ ഭയപ്പെടുത്തിയത്.
നേരിട്ട ആദ്യവികാരം ഒറ്റപ്പെടലിന്റേതായിരുന്നു. എന്റെ കുട്ടികള്‍, ഞാന്‍ നോക്കിയ രോഗികള്‍, എനിക്കു സമീപം നടന്നുപോയ എത്രയെത്ര ആളുകള്‍... എന്നില്‍നിന്ന് ഇനിയാര്ക്കൊക്കെ എന്ന ആശങ്ക എന്നെ അടക്കി ഭരിച്ചു. ഉറ്റവര്‍ ആരുമില്ലാതെ ആശുപത്രിയില്‍ കഴിയണം. പെട്ടെന്ന് ഞാനോര്‍ത്തു. അമ്മയോടെങ്ങനെ ഈ വിവരം പറയും?
ഉത്തരമില്ലാത്ത ചോദ്യങ്ങളില്പെട്ട് ഞാന്‍ തകരുകയായിരുന്നു. സങ്കടവും നിസ്സഹായതയും ഭയവും പെരുകിപ്പെരുകി വന്നു. കൊറോണ വൈറസ് വരുത്തുന്ന ശാരീരികാഘാതങ്ങളേക്കാള്, എന്റെ ചിന്തകളുടെതന്നെ തടവറയിലായിരുന്നു ഞാന്‍. ഇതിനിടയിലും ആശുപത്രിയിലേക്കു വേണ്ട സാധനങ്ങള്‍ എടുത്തുവെച്ചു.
ഒരുതരം അമ്പരപ്പായിരുന്നു പിന്നീട്. പെട്ടെന്ന് എല്ലാവരെയും വിട്ടുപോവേണ്ട അവസ്ഥ. കൂടിക്കൂടി വരുന്ന ക്ഷീണം. എങ്ങനെയാണ് വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ഇപ്പോള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല. എല്ലാ ചിന്തകളും ചേര്‍ന്ന് ഓര്‍മ്മകളെ മായ്ച്ചു കളഞ്ഞു.
സര്‍ക്കാര്‍ ആശുപത്രിയിലെ പരിമിതികളോടും അസൗകര്യങ്ങളോടും വയ്യായ്കകളോടും പൊരുത്തപ്പെടുകയല്ലാതെ മാര്‍ഗ്ഗമില്ല. എങ്കിലും, കേരളത്തില്‍ ഒരാള്‍ക്ക് കിട്ടാവുന്ന മികച്ച കോവിഡ് ചികിത്സാ സൗകര്യം തിരുവനതപുരം മെഡിക്കല്‍ കോളേജില്‍ തന്നെയാണ് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.
ആശുപത്രിക്കാലത്തു രാത്രികളില്‍ ഉറക്കം തീരെ കുറവായിരുന്നു. കണ്ണുകള്‍ എത്ര മുറുക്കി അടച്ചാലും മുറിയിലെ കടുത്ത പ്രകാശമുള്ള ട്യൂബ് ലൈറ്റിന്റെ പ്രകാശം ഉള്ളിലേക്ക് തുളച്ചുകയറും. വാതില്‍ രാത്രി അടച്ചിടരുതെന്ന നിര്‍ദ്ദേശം അരക്ഷിതാവസ്ഥ വളര്‍ത്തി. തുറന്നിട്ട വാതിലുകളുള്ള മുറിയില്‍ ഉറങ്ങുന്നതെങ്ങനെ?
തലവേദനയും ശാരീരികമായ മറ്റു അസ്വസ്ഥതകളും നിറഞ്ഞ നിദ്രാവിഹീനങ്ങളായ രാത്രികള്‍. പകലുറക്കം അന്യമായിരുന്നു. ഊഴമിട്ടു വരുന്ന ചികിത്സകര്‍. അവരില്‍ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍. പിന്നെ ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍. രോഗാണുക്കളെ ചെറുക്കാനുള്ള പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്മെന്റ് ധരിച്ചു വരുന്നതിനാല്‍ രൂപത്തില്‍ എല്ലാവരും ഒരുപോലെ.
പേര് പറഞ്ഞും എന്റെ പേര് വിളിച്ചും അവര്‍ സംസാരിക്കുമ്പോഴാണ് ആരാണെന്നു തിരിച്ചറിയുന്നത്. അവരുടെ സാമീപ്യം ആശുപത്രിവാസക്കാലത്തു എനിക്ക് നല്കിയ സമാധാനം വളരെ വലുതാണ്. മരുന്നു തരാനും പരിശോധനകള്‍ക്കു രക്തമെടുക്കാനും മുറി വൃത്തിയാക്കാനും ഒക്കെ ഇടയ്ക്കിടെ ജീവനക്കാര്‍ വന്നും പോയുമിരിക്കും.
ആശുപത്രിയില്‍വെച്ച് ഞാനൊരു തീരുമാനം കൂടിയെടുത്തു. എനിക്ക് വൈറസ് രോഗബാധയുള്ളത് ലോകത്തോട് പറയണം. എങ്കിലേ, എന്റെ പരിസരത്തു വന്നവര്‍ക്ക് സ്വയം സുരക്ഷിതരാകാന്‍ കഴിയൂ. ഫെയ്സ്ബുക്ക് ആയിരുന്നു മാധ്യമം. അങ്ങനെ കുടുംബക്കാരും നാട്ടുകാരും ആ കാര്യം അറിഞ്ഞു.
രോഗവിവരം ലോകത്തോട് വിളിച്ചു പറയാന്‍ ഉള്ളതാണോ? അല്ലെന്നു വാദിക്കാം. പക്ഷേ, നാട്ടിലും പുറത്തും കുറെയേറെ രോഗികള്‍, ഉറ്റവരില്‍നിന്നും കുടുംബങ്ങളില്‍നിന്നും നേരിട്ട ഒറ്റപ്പെടുത്തല്‍ വലിയ വേദനയായി മനസ്സില്‍ കിടപ്പുണ്ടായിരുന്നു. കുഷ്ഠരോഗികളെ പണ്ട് വെറുപ്പോടെ നോക്കിയ നമ്മുടെ സമൂഹത്തിന്റെ മൂന്നാം കണ്ണ് മറ്റൊരു രൂപത്തില്‍ അവതരിക്കുകയായിരുന്നു.
ആതുരാവസ്ഥ ഒരു കുറ്റമല്ലല്ലോ. രോഗി കുറ്റവാളിയും അല്ല. ആട്ടിപ്പായിച്ചു തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടവരല്ല കോവിഡ് രോഗികള്‍. സാമൂഹിക അകലം പാലിക്കുമ്പോള്‍തന്നെ അവരോട് അനുതാപത്തോടെ പെരുമാറാന്‍ നമ്മള് തയ്യാറാകാത്തതു മൂലമാണ് പലരും രോഗവിവരം മറച്ചു പിടിക്കുന്നതും അതു പിന്നീടു രോഗവ്യാപനത്തിനു കാരണമാകുന്നതും.
എന്റെ തീരുമാനം ശരിയായിരുന്നു എന്നാണ് പ്രതികരണങ്ങളില്‍നിന്നു വ്യക്തമായത്. അത്ഭുതപ്പെടുത്തിയ പ്രതികരണമായിരുന്നു പലരുടേതും. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പു പിരിഞ്ഞു പോയ കൂട്ടുകാര്‍ മുതല്‍ അപരിചിതരായ ആളുകള്‍ വരെ എന്നെ തിരഞ്ഞു വന്നു. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. നേര്‍ച്ചകള്‍ നേര്‍ന്നു.
ആ നാളുകളില്‍ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. സ്വദേശത്തുനിന്നും വിദേശത്തുനിന്നും പരിചിതരും അപരിചിതരും നിരന്തരം എന്നോടു സംസാരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വാട്സാപ്പിലും മെസഞ്ചറിലും നൂറു കണക്കിനു സന്ദേശങ്ങള്‍ നിറഞ്ഞു. ഫോണ്‍ ഇടയ്ക്കിടയ്ക്കു തകരാറിലായി.
സംസാരിച്ചു തളരുമ്പോള്‍ ഫോണ്‍ സൈലന്റ് മോഡിലേക്ക് മാറ്റിയിട്ടു. എന്നിട്ടും രാത്രി വൈകി വരെ ഫോണില്‍ കോളുകളും സന്ദേശങ്ങളും വന്നു കൊണ്ടേയിരുന്നു.
പുലര്‍കാലങ്ങളിലാണ് അല്പനേരമെങ്കിലും ശാന്തമായി ഒന്നുറങ്ങാനാവുന്നത്. എന്നാല്‍, എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്നു ശപഥം ചെയ്ത ചിലരുണ്ടായിരുന്നു. ഒരു പൂവന് കോഴിയും നാലഞ്ചു പിടകളും. മയങ്ങാന്‍ തുടങ്ങുമ്പോഴേക്കും അവരുടെ പ്രഭാതം തുടങ്ങുകയാകും. നേരം പുലര്ന്നെന്നു നീട്ടിക്കൂവി നാട്ടുകാരെ അറിയിച്ചു അവര്‍ ഭക്ഷണം തേടി ചിക്കിച്ചികഞ്ഞു നടന്നു തുടങ്ങും.
തിരുവനതപുരം നഗരത്തില്‍, മെഡിക്കല്‍ കോളേജിന് ഒരു കിലോ മീറ്റര്‍ അടുത്താണ് എന്റെ വീട്. വര്‍ഷങ്ങള്‍ ഏറെയായി ഞാനീ നഗരത്തില്‍ താമസമാക്കിയിട്ട്. അപ്പോഴൊന്നും എന്റെ ഒരു പ്രഭാതവും പൂവന്‍കോഴിയുടെ കൂര്‍ത്ത ശബ്ദത്തില്‍ തുടങ്ങിയിട്ടില്ല. നഗരജീവിതത്തിന്റെ മറ്റു വലിയ ശബ്ദങ്ങളില്‍ അവ മുങ്ങിപ്പോയതാവുമോ? അല്ലെങ്കില്‍, ചെറിയ ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് സാവകാശമില്ലാതെ പോയതോ?
ഏകാന്തതയില്‍ ഓരോ ചെറിയ ശബ്ദവും വലിയ ഞെട്ടലുകളാണ് സമ്മാനിക്കുന്നത്. ഏകാന്തതയില്‍ അതുവരെ കേള്‍ക്കാത്ത ഒരു പാട് ശബ്ദങ്ങള്‍ തിരിച്ചറിയുകയും ചെയ്യും. ആശുപത്രി മുറിയെയും പരിമിതമായ വസ്തുക്കളെയും അപ്പോഴേക്കും ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു.
ആദ്യത്തെ ആറു ദിവസങ്ങള്‍ തൊണ്ടവേദനയും തലവേദനയും വിട്ടുവിട്ടുള്ള കിടുങ്ങലുമൊക്കെ ആയി കടന്നു പോയി. ഏഴാം ദിവസം ഉണര്‍ന്നത് പനിയും കടുത്ത ശരീരവേദനയും ആയാണ്. ഉച്ചയോടെ ശ്വാസംമുട്ടലും അനുഭവപെട്ടു. മുറിക്കുള്ളില്‍ ആറു മിനിറ്റ് നടന്നിട്ട് ഓക്സിജന്‍ സാച്ചുറേഷന്‍ കുറയുന്നുണ്ടോ എന്നു നോക്കാന്‍ ഡോക്ടറുടെ നിര്‍ദേശം.
രാത്രി തന്നെ കൂടുതല്‍ പരിശോധനകള്‍ തുടങ്ങി. സ്റ്റീറോയ്ഡും രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള ഇഞ്ചക്ഷനും എടുത്തു. ശ്വാസകോശ ധമനികളില്‍ രക്തം കട്ടിപിടിക്കുന്നതാണ് കോവിഡിന്റെ ഏറ്റവും അപകടകരമായ അവസ്ഥ എന്നു പഠനങ്ങളില്‍ തെളിഞ്ഞതാണ്. സ്റ്റിറോയിഡ് ഇഞ്ചക്ഷന് എന്റെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവും ഹൃദയമിടിപ്പും വല്ലാതെ കൂട്ടി. പിന്നെ ഇന്‍സുലിന്‍. ഹൃദയമിടിപ്പ് സാധാരണ ഗതിയിലാക്കാനുള്ള മരുന്ന്.
ആശുപത്രിയിലെ അവസാനദിനങ്ങളില്‍ ജീവിതത്തിനും മരണത്തിനും ഇടയിലെ ഊഞ്ഞാലാട്ടം നടക്കുകയായിരുന്നു. മരുന്നിന്റെ അതിപ്രസരത്താല്‍ എപ്പോഴും തളര്‍ന്നു മയങ്ങിക്കിടന്നു. പതിയെ ശ്വാസതടസവും പനിയും അകന്നു. പിന്നാലെ ആന്റിജെന്‍ പരിശോധന നെഗറ്റീവായി. പന്ത്രണ്ട് ദിവസങ്ങള്‍ ഒരു മുറിയില്‍ മാത്രം കഴിച്ചുകൂട്ടിയ ശേഷം ഞാന്‍ പുറത്തിറങ്ങി.
ലോകമേ... നീ തീരെ മാറിയില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഇനി ഒരാഴ്ച വീട്ടില്‍ റൂം ക്വാറന്റീന്. ഏകാന്തവാസം വീണ്ടും തുടരുന്നു എന്നര്‍ത്ഥം. പ്രതീക്ഷിച്ചതു പോലെ അസുഖകരമായ അവസ്ഥയാണ് റൂം ക്വാറന്റീന് സമ്മാനിച്ചത്. ആശുപത്രിയില്‍ അനുഭവിച്ചതിനേക്കാള്‍ കടുത്ത തളര്‍ച്ച. പോസ്റ്റ് വൈറല്‍ ഫറ്റിഗ് എന്ന അവസ്ഥ.
കിടക്ക വിട്ടു എഴുന്നേല്ക്കാന് തോന്നില്ല. മനസ്സിനും വന്നു പെട്ടു വലിയ തളര്‍ച്ച. രുചിയില്ലായ്മ മാത്രമല്ല, സര്‍വ്വതിനോടും വിരക്തി. ഒന്നിലും ശ്രദ്ധ ഉറപ്പിച്ചു നിര്‍ത്താനാകുന്നില്ല. ഉറക്കത്തില്‍ ഇടക്കുണരുമ്പോള്‍ തലക്കുള്ളില്‍ ആകെ വിഭ്രാന്തി.
ഉറക്കത്തില്‍ ആവര്‍ത്തിച്ചു കണ്ട ഭ്രാന്തസ്വപ്നങ്ങളുടെ അവസാനിക്കാത്ത പരമ്പര ഉണര്‍ന്നു കഴിഞ്ഞിട്ടും എന്നെ ഭയപ്പെടുത്തി.
വീണ്ടും നടത്തിയ രക്തപരിശോധനകള്‍ കോവിഡ് ഏല്‍പ്പിച്ച പരിക്കുകളുടെ പൂര്‍ണ്ണചിത്രം നല്കി. ഒരാഴ്ച്ച കൂടി പൂര്‍ണ്ണവിശ്രമവും മരുന്നുകളും വേണം.
എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല.
നാളത്തെ പ്രഭാതം ഞാന്‍ സ്വപ്നം കാണുന്നു.
ആരോഗ്യം വീണ്ടെടുത്തു പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന സ്വപ്നം.
ഈ ഏകാന്തത്തടവില്നിന്നു പുറത്തേക്ക്,
സ്വാഭാവിക ജീവിതത്തിലേക്ക് നടക്കാന്‍
കാത്തു നില്‍ക്കുകയാണ് ഞാന്‍.
(എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് പത്തോളജി വിഭാഗം അഡീഷണല്‍ പ്രൊഫസറും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(കേരളം) വനിതാവിഭാഗം ചെയര്‍പേഴ്സണുമാണ് ലേഖിക)
Content Highlights: Dr. Kavitha Ravi remembers covid 19 experiences
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..