പേമാരി പെയ്‌തൊഴിഞ്ഞു, പ്രളയം കെട്ടടങ്ങി. നവകേരളത്തെ സ്വപ്നംകാണുന്ന മലയാളിയുടെ മുന്നില്‍ മറ്റൊരു ദുരന്തം അവതരിക്കാന്‍ പോകുകയാണോ. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ കേരളത്തില്‍ നാവ് നനയ്ക്കാന്‍ വെള്ളം കിട്ടാത്ത ഗതികേട് വരുമോ എന്നതാണ് ആശങ്ക. 

ഏതായാലും ചൂട് കൂടുന്നു. വെള്ളം കുറയുന്നു. ഇത് ഒരു സൂചനയാണ്. വ്യക്തമായ സൂചന. വരള്‍ച്ച വാതില്‍ക്കല്‍വന്ന് മുട്ടുന്നു എന്നതിന്റെ സൂചന. വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കു തന്നെ.

തുലാവര്‍ഷം കനത്ത് പെയ്തില്ലെങ്കില്‍ കേരളത്തില്‍ ഒരു വലിയ വരള്‍ച്ചയ്ക്ക് സാധ്യത ഉണ്ട്. ഇനി എന്ത് എന്നതാണ് ഇപ്പോള്‍ പ്രസക്തം. ഒരു കാര്യം നാം ചെയ്‌തേ പറ്റൂ. മുന്‍കൂട്ടിക്കാണാനും മുന്‍കരുതലെടുക്കാനും നമുക്ക് കഴിയണം. വസ്തുതാപരമായ ചില കാര്യങ്ങള്‍ നിരത്തുകയാണ്. മനുഷ്യന്റെ വീഴ്ച ഏതൊരു ദുരന്തത്തിനും പിന്നില്‍ ഉണ്ടാകും. ദുരന്തങ്ങള്‍ ഉണ്ടായതിനുശേഷം പ്രതികരിക്കുന്നതിനെക്കാള്‍ ഭേദം ദുരന്തത്തെ മുന്നില്‍ക്കണ്ടു പ്രതിരോധിക്കുകയാണ്. നാലുഘട്ടങ്ങളാണ് ദുരന്ത നിവാരണത്തിനുള്ളത്. 
 

ദുരന്തനിവാരണത്തിന്റെ നാലുഘട്ടങ്ങള്‍

ഒന്നാംഘട്ടം  ഇന്റലിജന്‍സ് അതായത്, വിവരം ശേഖരിക്കലാണ്. അത് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്ന് തരുന്ന വിവരങ്ങള്‍ ആകാം, വിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍ ആകാം, പഠനറിപ്പോര്‍ട്ടുകളാകാം, മുന്‍കാല അനുഭവപാഠങ്ങളാകാം, ഇന്റര്‍നെറ്റില്‍ കിട്ടുന്ന വെളിപ്പെടുത്തലുകള്‍ ആകാം, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന ഉപദേശങ്ങള്‍ ആകാം. എത്ര മഴ പെയ്യും അന്തരീക്ഷത്തിലെയും ഭൂമിക്കുള്ളിലെയും താപനില എത്ര, കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ എന്ത്, ജലസംഭരണികളിലെ വെള്ളത്തില്‍ ഉണ്ടാകുന്ന കുറവെത്ര. അപഗ്രഥിക്കണം, നിഗമനങ്ങളില്‍ എത്തണം. 
രണ്ടാമത്തെ ഘട്ടമാണ് പ്രിപ്പറേഷന്‍ ഫോര്‍ ആക്ഷന്‍, തയ്യാറെടുപ്പ്. ഇത് പ്രധാനമാണ്. എവിടെയൊക്ക കുടിവെള്ളത്തിനു മുട്ടുവരും എങ്ങനെ വെള്ളം എത്തിക്കണം, കൃഷിനശിച്ചോ, എങ്കില്‍ പകരം എന്ത് കൃഷി ചെയ്യാം, കാലികളെ പോറ്റാന്‍ ക്യാമ്പുകള്‍ തുറക്കേണ്ടതുണ്ടോ, ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കണം. മേല്‍ നടപടികള്‍ക്കായി നാം തയ്യാറെടുപ്പ് നടത്തണം. 
മൂന്നാമത്തെ ഘട്ടമാണ് നടപടി. വരള്‍ച്ച ഉണ്ടായാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവര്‍ത്തനത്തിലേക്ക് ചാടിയിറങ്ങുക. ആദ്യത്തെ രണ്ട് ഘട്ടങ്ങളില്‍, അതായത് വിവരം ശേഖരിക്കലിലും തയ്യാറെടുപ്പിലും വീഴ്ച പറ്റിയാല്‍ മൂന്നാംഘട്ടത്തിലെ നടപടിയില്‍ നമുക്ക് ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ടാകും. പല അത്യാഹിതങ്ങളും മറ്റ് ആഘാതങ്ങളും ഒഴിവാക്കണമെങ്കില്‍ തയ്യാറെടുപ്പുകള്‍ ഭദ്രമാക്കിയിരിക്കണം. നാലാമത്തെ ഘട്ടമാണ് മോപ്പിങ് അപ്പ്. ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുക.

Draught

ഒരുക്കങ്ങള്‍ തുടങ്ങാം

ഇതില്‍ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ചെയ്തു തുടങ്ങാം. കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങളും നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍, നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ ഡ്രൗട്ട് അസസ്മെന്റ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ നല്‍കുന്ന ഡേറ്റയുമൊക്കെ സമാഹരിച്ച് വിശകലനം ചെയ്ത് പഠിച്ചാല്‍ ഏതൊക്കെ പ്രദേശത്ത് വരള്‍ച്ച ഉണ്ടാകും അതിന്റെ കാഠിന്യം എത്രത്തോളം ആകും എന്ന് ഒരു ഏകദേശ ധാരണകിട്ടും. ഇനിവേണ്ടത് തയ്യാറെടുപ്പുകളാണ്. എന്തൊക്കെ തയ്യാറെടുപ്പുകള്‍ വേണം. കേന്ദ്ര ഗവണ്‍മെന്റ് 2009-ല്‍ ഇറക്കിയ വരള്‍ച്ചാ ദുരിതാശ്വാസ മാന്വല്‍ നല്ല വഴികാട്ടിയാണ്. ഈ മാര്‍ഗരേഖ തയ്യാറാക്കിയതിന്റെ ചുമതല ഈ ലേഖകനായിരുന്നു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും എന്തൊക്കെയാണ് മുന്‍കരുതല്‍ എടുക്കേണ്ടത് എന്ന് കാണുക.

*സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ദുരിതാശ്വാസ സംവിധാനങ്ങള്‍ സുസജ്ജമായി നിര്‍ത്തുക, ദുരിതാശ്വാസസമിതികളുടെ യോഗം ചേരുക. 

*വരള്‍ച്ചയെ സംബന്ധിച്ച വിവിധ ഘടകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കുക. വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക. 

*എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് വരള്‍ച്ച നേരിടാനുള്ള സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുക. 

*ഓരോ വരള്‍ച്ച ബാധിത പ്രദേശത്തിനും ആവശ്യമായ മുന്നൊരുക്ക പ്ലാന്‍ തയ്യാറാക്കുക. 

*ഔദ്യോഗികമായി വരള്‍ച്ച പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ കേന്ദ്രസഹായം ലഭിക്കാന്‍ ആവശ്യമായ മെമ്മോറാണ്ടം തയ്യാറാക്കുക.

*വരള്‍ച്ച നേരിടാന്‍ ആവശ്യമായ ഫണ്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് തടസ്സം കൂടാതെ നല്‍കുക. 

*വെള്ളത്തിന്റെ ലഭ്യത നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കുക. ജലവിഭവ വകുപ്പും റവന്യൂ വകുപ്പും ജിയോളജി വകുപ്പും 

*സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പും ഒക്കെ ഇതില്‍ ഉള്‍പ്പെടണം. മഴയുടെ ലഭ്യത ദിവസവും വിലയിരുത്തുക. അതുപോലെ ഭൂഗര്‍ഭത്തിലും ജലസംഭരണികളിലും കിണറിലും തടാകത്തിലുമുള്ള വെള്ളത്തിന്റെ ലഭ്യതയും.

*ജലസംഭരണികളില്‍ ലഭ്യമായ ജലം കുടിവെള്ളത്തിനായി റിസര്‍വ് ചെയ്യുക. കുടിവെള്ളം കൊടുത്തതിനുശേഷം മാത്രമേ വെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവൂ. കൃഷിക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും വെള്ളം നല്‍കുന്നതില്‍ മതിയായ കൃമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. 

*താത്കാലികമായ ജല വിതരണ സംവിധാനങ്ങള്‍ ആവശ്യാനുസരണം ഏര്‍പ്പെടുത്തുക.

*അനാശാസ്യമായ രീതിയില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നത് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുക. 

*കാര്‍ഷികരംഗത്ത് ക്രോപ്പ് മാനേജ്മെന്റ് ശരിയാവണ്ണം നടത്തുക. കൃഷി, റവന്യൂ വകുപ്പുകളും ഇതരവകുപ്പുകളും കാര്‍ഷിക സര്‍വകലാശാലകളുമൊക്കെ ചേര്‍ന്നുവേണം ഇത് ചെയ്യാന്‍. 

*കാര്‍ഷിക ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുക അടച്ചു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എങ്കിലേ പിന്നീട് കര്‍ഷകന് ഇന്‍ഷുറന്‍സ് തുക കിട്ടൂ.

*മൈക്രോ ഇറിഗേഷന് ആവശ്യമായ സംവിധാനങ്ങളും ഉപകരണങ്ങളും സജ്ജമാക്കണം.

*മതിയായ കാലിത്തീറ്റ സംഭരിക്കണം.
 
*ദുരിതാശ്വാസത്തിന്റെ ഭാഗമായി തൊഴില്‍ നല്‍കണം. തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ റോഡ് വികസന പദ്ധതി, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ദാന പദ്ധതികള്‍ എന്നിവ ഏകോപിപ്പിച്ചും ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ താത്കാലികമായി അനുവദിച്ചും വരള്‍ച്ചക്കാലത്ത് ജനങ്ങള്‍ക്ക് ആദായകരമായ തൊഴില്‍ നല്‍കാന്‍ ഏര്‍പ്പാട് ചെയ്യണം. 

*ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുക. സംസ്ഥാനത്ത് പൊതുവേയും ജില്ലകളില്‍ പ്രത്യേകിച്ചും ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തണം. 

Drought

വരള്‍ച്ചയുടെ വ്യാപ്തിയും രൂക്ഷതയും കണ്ട് പതറാതെ പ്രശ്‌നത്തെ ചെറിയ ഭാഗങ്ങളായി വിഭജിച്ച് പിടിയില്‍ ഒതുക്കി കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. വരള്‍ച്ചയെ നേരിടാന്‍ ഗ്രാമീണ ജനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുതിയ വഴികള്‍ തേടി വിജയിച്ചത് നമ്മുടെ കണ്ണ് തുറപ്പിക്കേതാണ്. ഒഡിഷയിലെ 'പാനി പഞ്ചായത്ത്' ജലവിഭവ മാനേജ്മെന്റില്‍ പുല്‍ക്കൊടി വിതാനത്തില്‍ ഉള്ള ഫലപ്രദമായ ഒരു ചുവടുവെപ്പാണ്. ഹിമാചല്‍പ്രദേശിലെ ബാനിഘേത്തിലും നാട്ടുകാരുടെ ജലമാനേജ്മെന്റ് ശൈലി ഫലപ്രദവും കാര്യക്ഷമവുമാണ്. ഹരിയാണയിലെ സുഖോമജിരി ഗ്രാമത്തിലും രാജസ്ഥാനിലെ അല്‍വറിലും മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലും നുണുങ്ങ് ജലവിതരണപദ്ധതികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ കുടുംബശ്രീ യൂണിറ്റുകളെയും സന്നദ്ധസേവകരെയും പഞ്ചായത്ത് തലത്തില്‍ ഒരുക്കിയെടുത്താല്‍ കേരളത്തിലും മഴവെള്ള സംഭരണവും ജലപരിപാലനവും പുതിയ വഴികളിലൂടെ നടപ്പാക്കാന്‍ നമുക്ക് കഴിയും.

ആഗോള ഗ്രാമത്തില്‍ ജീവിക്കുന്ന കേരളീയര്‍ ആഗോള താപനത്തിന്റെ ആഘാതവും പേറേണ്ടിവരും. അന്തരീക്ഷത്തിലെ താപനിലയുടെ ഉയര്‍ച്ച രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍, പറ്റുമെങ്കില്‍ ഒന്നര ഡിഗ്രിയില്‍, പിടിച്ച് നിര്‍ത്താന്‍ ആകുമോ എന്നതാണ് പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി ലക്ഷ്യമിടുന്നത്. ലോകരാഷ്ട്രങ്ങള്‍ കോപ്പന്‍ ഹേഗനില്‍ ചേര്‍ന്ന് ഒരു തീരുമാനം എടുത്തല്ലോ. സുസ്ഥിര വികസനത്തിലുള്ള ലക്ഷ്യങ്ങള്‍ - sustainable development goals - എല്ലാം 2030-ഓടെ നേടും എന്ന്. ഓരോ കേരളീയനും ഇതില്‍ ചില കടമകള്‍ നിര്‍വഹിക്കാന്‍ ഉണ്ട്. 

പ്രകൃതിക്ക് നിരക്കാത്തത് ഒന്നും ചെയ്യാതിരിക്കുക. നിരാശപ്പെടേണ്ടതില്ല. എല്ലാ പാപിക്കും ഒരു ഭാവിയുണ്ടെന്നും എല്ലാ പുണ്യവാളനും ഒരു ഭൂതകാലം ഉണ്ടെന്നും ഇടയ്‌ക്കൊക്കെ ഓര്‍മിക്കുക. ഭൂമിയോട് ചെയ്ത പാപങ്ങളുടെ പേരില്‍ നമുക്ക് പശ്ചാത്തപിക്കാം. 'അപ്പപ്പോള്‍ ചെയ്യുന്ന പാപങ്ങള്‍ക്കൊക്കെയും ഈ പശ്ചാത്താപമേ പ്രായശ്ചിത്തം' എന്നൊരു പ്രമാണം ഉണ്ടല്ലോ.

(കേന്ദ്ര വരള്‍ച്ച ദുരിതാശ്വാസ മുന്‍ കമ്മിഷണറാണ് ലേഖകന്‍)