കോവിഡിനെതിരായ ആർജ്ജിത പ്രതിരോധ ശേഷി കൈവരിക്കാത്തതാണ് കേരളത്തിലെ കോവിഡ് കേസുകൾ ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്നു നിൽക്കാൻ കാരണമെന്ന് കോവിഡ് പ്രതിരോധ വിഭാഗം സ്‌റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ എ.സന്തോഷ് കുമാര്‍. മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർജ്ജിത പ്രതിരോധ ശേഷി നേടിക്കോട്ടെ എന്ന് കരുതി കേരളം ജനങ്ങളെ രോഗത്തിന് വിട്ടുകൊടുത്തില്ല. അത് നമ്മുടെ ബലഹീനതയല്ല. പകരം ക്ഷേമത്തിലൂന്നിയ നമ്മുടെ സമീപനം ആണ്. ഒരു മരണമെങ്കിൽ ഒരു മരണം കുറയട്ടെ എന്ന നമ്മുടെ ചിന്തകൊണ്ടുണ്ടായതാണ്. ആദ്യ ഘട്ടം മുതലേ ജനങ്ങളെ കോവിഡ് ബാധിക്കാതെ കൊക്കൂണിലെന്നപോലെ സംരക്ഷിച്ചതിനാൽ കേരള സമൂഹം കോവിഡിന് എളുപ്പം വശംവദരാകുന്ന സമൂഹമായി മാറിയെന്നും ഡോ. സന്തോഷ് കുമാർ പറഞ്ഞു.
നമ്മള്‍ കോവിഡിന് സാധ്യതയുള്ളവരെ മാത്രമേ പരിശോധിക്കുന്നുള്ളൂവെന്നും അതിനാലാണ് കേരളത്തിന്റെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കൂടാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്ത് കൊണ്ടാണ് കേരളത്തില്‍ ഇത്ര കൂടുതല്‍
കോവിഡിന് സാധ്യതയുള്ള രോഗലക്ഷണങ്ങളുള്ളവരെയാണ് കേരളത്തിൽ കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നത്. കോവിഡ് ലക്ഷണമില്ലാത്തവര്‍ക്ക് രോഗബാധയുണ്ടാകുമോ എന്ന് ചോദിച്ചാല്‍ ബാധിച്ചിരിക്കാമെന്നാണ് ഉത്തരം. പക്ഷെ അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാന്‍ മാത്രം രോഗമുള്ളവരായിരിക്കില്ല. തുടക്കം മുതലേ നമ്മൾ ആളുകളെ ടെസ്റ്റ് ചെയ്യുകയും ടെസ്റ്റില്‍ പോസിറ്റീവായി യാതൊരുവിധ രോഗലക്ഷണങ്ങളില്ലാത്തവരെ പോലും അഡ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. രോഗ ലക്ഷമില്ലാത്തവരെ അഡ്മിറ്റ് ചെയ്യുന്നതെന്തിനാണെന്ന വിമർശനം അന്നുയർന്നിരുന്നു. അങ്ങനെ ചെയ്ത് പലരെയും ക്വാറന്റീനിലാക്കിയതിനാൽ രോഗ വ്യാപനം നമുക്ക് സാവധാനത്തിലാക്കാൻ സാധിച്ചു. ഐസിയുവും വെന്റിലേറ്ററുകളുമെല്ലാം തയ്യാറാക്കാനുള്ള സമയം അതുമൂലം നമുക്ക് ലഭിച്ചു.
ബാക്കിയുള്ളിടത്ത് എന്ത് സംഭവിക്കുന്നു എന്ന് നോക്കിയാണ് അന്ന് നമ്മള്‍ സ്ട്രാറ്റജി രൂപീകരിച്ചത്. ഏറ്റവും കൂടുതല്‍ വെന്റിലേറ്ററും ഐസിയും ഉള്ള രാജ്യമാണ് ഇറ്റലി. വീട്ടിലിരിക്കുക. മോണിട്ടര്‍ ചെയ്യുക, ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ആശുപത്രിയില്‍ പോവുക എന്നതായിരുന്നു അവരുടെ സ്ട്രാറ്റജി. പക്ഷെ അവരുടെ ആ സ്ട്രാറ്റജി തെറ്റിപ്പോയി. കാരണം വയോജന ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യമായിരുന്നു അത്. അവര്‍ക്ക് ലക്ഷണങ്ങള്‍ വന്നാല്‍ സാധാരണയായി രോഗം മൂര്‍ഛിക്കുകയും അവര്‍ മരിക്കുകയും ചെയ്യും. കേരളത്തില്‍ സമാനമായി വയോജന ജനസംഖ്യ കൂടുതലുള്ള പ്രദേശമാണ്. ലക്ഷണവുമായി വരുന്ന വയോധികന്‍ ഐസിയുവില്‍ കയറിയാല്‍ 50 ശതമാനം മാത്രമേ സാധ്യതയുള്ളൂ. അവിടെയുള്ള മരണങ്ങളുടെ കാരണമറിഞ്ഞതിനാലാണ് നമ്മള്‍ ലക്ഷണമില്ലാത്തവരെയും ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലഞ്ച് മാസം നമ്മള്‍ ആ രീതിയാണ് പിന്തുടർന്നത്. അതിനാല്‍ ഏതാണ്ട് നാലഞ്ചുമാസം കേരളത്തിലെ ഏതാണ്ട് മുഴുവന്‍ ജനസംഖ്യയെയും കൊക്കൂണിലാക്കി സംരക്ഷിക്കാന്‍ നമുക്കായി.
ലോക്ക്ഡൗണ്‍ നിലവില്‍വന്ന മെയ്-ജൂണ്‍ കാലഘട്ടത്തില്‍ കേരളത്തിലെ ഒരുവിധം എല്ലാവരും കോവിഡ് ബാധയേൽക്കാൻ സാധ്യതയുള്ളവരായിരുന്നു. കാരണം അവരാരും തന്നെ രോഗത്തിന് എക്‌സപോസ്ഡ് ആയിരുന്നില്ല. ന്യൂസിലന്‍ഡില്‍ 90 ശതമാനം പേരും കോവിഡ് ബാധയേൽക്കാൻ ഇനി സാധ്യതയുള്ളവരാണ് കാരണം അവര്‍ക്ക് ആര്‍ജ്ജിത പ്രതിരോധ ശേഷിയില്ല. കേരളം പോലെ മുഴുവന്‍ പേരെയും എക്‌സ്‌പോസ്ഡ് ആകാതെ സംരക്ഷിച്ചുവരികയായിരുന്നു ന്യൂസിലന്‍ഡും. പക്ഷെ അവരിപ്പോള്‍ വാക്‌സിനേഷനിലേക്ക് കടന്നു.
ദ്വീപു രാഷ്ട്രമായതും അവരെ സഹായിച്ചില്ലേ
അങ്ങനെ പൂര്‍ണ്ണമായും പറയാന്‍ പറ്റില്ല. കേരളത്തില്‍ 20 വര്‍ഷമായി പോളിയോ ഇല്ല. ഇന്ത്യയില്‍ ആറ് വര്‍ഷമായും പോളിയോ ഇല്ല. പക്ഷെ നമ്മള്‍ ഇപ്പോഴും പോളിയോ നല്‍കുന്നുണ്ട്. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും അസുഖമുള്ളതിനാലാണ് നമ്മള്‍ പോളിയോ നല്‍കുന്നത്. നിയമപ്രകാരം ആ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ വരികയാണെങ്കില്‍ പോളിയോ നല്‍കിയാണ് അവരെ കയറ്റുന്നത് തന്നെ. പക്ഷെ പാകിസ്താനികളും ഇന്ത്യക്കാരും ഗള്‍ഫില്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ന്യൂസിലൻഡ് ദ്വീപാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഇവിടെ ജനസാന്ദ്രതയില്ലെന്നത് അവര്‍ക്കെല്ലാം ഒരര്‍ഥത്തില്‍ അനുഗ്രഹമാണ്.
ജനസാന്ദ്രത നമ്മെ സംബന്ധിച്ച് അധിക വെല്ലുവിളയായിരുന്നെന്ന് പറയുന്നു. പക്ഷെ കേരളത്തിലേതിനേക്കാള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളുണ്ട് ഇന്ത്യയിൽ...
കേരളത്തിലേതിനേക്കാള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് ധാരാവി. അവിടെയൊന്നും കേരളത്തിലെ പോലെ പ്രിവന്റീവ് സ്ട്രാറ്റജി ആദ്യം കൈക്കൊണ്ടിരുന്നില്ല. അതിനാല്‍ തന്നെ മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും ഒരു വലിയ ജനസംഖ്യ ആദ്യഘട്ടത്തിലേ കോവിഡിനോട് എക്‌സ്‌പോസ്ഡ് ആയി. അതിൽ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 51000ത്തോളം പേര്‍ മരിച്ചില്ലേ. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ അസുഖം വരുന്നില്ല. ഇത് പ്രകൃതിയുടെ ചില രീതിയാണ്.
സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് എന്ന രീതി........
അതെ, ഇപ്പോൾ അവിടെ ഉള്ളവര്‍ കോവിഡിനെതിരേ ഫിറ്റസ്റ്റ് സമൂഹമായി മാറി. കര്‍ഷക സമരത്തിന്റെ ഭാഗമായി അവിടെ കർഷകരെല്ലാം ഒരുമിച്ച് കിടക്കുവാണ്. ഡല്‍ഹിയില്‍ കോവിഡിന്റെ രണ്ട് തരംഗം കഴിഞ്ഞു. അവിടെയുള്ളവര്‍ പ്രതിരോധശേഷി ആര്‍ജ്ജിച്ചു കഴിഞ്ഞു.
നമ്മൾ ആദ്യഘട്ടത്തിൽ എക്സ്പോസ്ഡ് ആയിരുന്നില്ല. നമ്മൾ നേരത്തെ തന്നെ ലോക്കഡൗൺ പ്രഖ്യാപിച്ചല്ലോ. പക്ഷെ നമ്മെ സംബന്ധിച്ച് എല്ലായ്‌പ്പോഴും കൊക്കൂണിലാക്കുന്നത് പ്രായോഗികമല്ല. നമുക്ക് തുറക്കേണ്ടി വരും. പക്ഷെ തുറക്കുന്നത് ഐഡിയലി വേണം ചെയ്യാന്‍. അതായത് അവര്‍ക്ക് വാക്‌സിന്‍ നല്‍കി വേണമായിരുന്നു ലോക്കഡൗൺ തുറക്കാന്‍. പക്ഷെ അതിന് പറ്റാത്തതുകൊണ്ടാണ് വാക്‌സിനേഷന് പകരം എക്‌സപോസ്ഡ് ആയി ഒന്നുകില്‍ മരിക്കും അല്ലാത്തവര്‍ അതിജീവിക്കും എന്ന രീതി പല സംസ്ഥാനങ്ങളും സ്വീകരിച്ചത്. ഇന്ത്യയില്‍ അതിനാൽ പലയിടത്തും വലിയ മരണമുണ്ടായി.
കേരളത്തില്‍ കുറെ പേരെ മരണത്തിനു വിട്ടുകൊടുക്കാതെ കൊക്കൂണിലാക്കി വെച്ചതുകൊണ്ടാണ് അവര്‍ക്ക് ആര്‍ജ്ജിത പ്രതിരോധശേഷി മറ്റ് സംസ്ഥാനങ്ങളിലേതു പോലെ ഇല്ലാതെ പോയതെന്നാണോ താങ്കള്‍ പറയുന്നത്...
ആർജ്ജിത പ്രതിരോധ ശേഷി നേടിക്കോട്ടെ എന്ന് കരുതി നമ്മൾ ജനങ്ങളെ രോഗത്തിന് വിട്ടുകൊടുത്തില്ല. അത് നമ്മുടെ ബലഹീനതയല്ല. ക്ഷേമത്തിലൂന്നിയ നമ്മുടെ സമീപനം ആണ്. ഒരു മരണമെങ്കിൽ ഒരു മരണം കുറയട്ടെ എന്ന നമ്മുടെ ചിന്തകൊണ്ടുണ്ടായതാണ്. വ്യാപനം വൈകിപ്പിച്ചതുമൂലം ഐസിയുവും വെന്റലേറ്ററുമെല്ലാം ഒരുക്കാനുള്ള സമയം നമുക്ക് കിട്ടി. എല്ലായ്‌പ്പോഴും 40 ശതമാനം മുതല്‍ 50 ശതമാനം വരെയുള്ള നമ്മുടെ വെന്റിലേറ്ററുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. കോവിഡ് രോഗികൾക്കായി നീക്കിവെച്ച ബെഡ്ഡുകളും അതുപോലെ മാക്‌സിമം 60 ശതമാനം വരെയേ നിറഞ്ഞിട്ടുള്ളൂ. മറ്റിടങ്ങളില്‍ സംഭവിച്ചതുപോലെ എല്ലാവരെയും നമ്മള്‍ ആദ്യമേ തന്നെ ആശുപത്രിയിലല്ല പ്രവേശിപ്പിച്ചത്. നമുക്ക് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുണ്ടായിരുന്നു. സെക്കന്‍ഡറി സെന്ററുണ്ടായിരുന്നില്ല. ഇറ്റലിയിൽ ജനസംഖ്യ കുറവായിട്ടും അവര്‍ക്ക് പിടിത്തം വിട്ടു. മഹാരാഷ്ട്രയില്‍ ഐസിയു പ്രശ്‌നം വന്നത് അവര്‍ക്ക് കൊക്കൂണിങ്ങ് ഇല്ലാത്തതുകൊണ്ടാണ്. ഏതാണ്ട് വലിയ ഒരു ജനസംഖ്യ അവിടെ കോവിഡിനോട് എക്‌സ്‌പോസ്ഡ് ആയി.
പക്ഷെ, ധാരാവിയില്‍ പ്രതീക്ഷിച്ച പ്രശ്‌നങ്ങളോ മരണമോ ഉണ്ടായില്ല. അവിടെ നല്ല രീതിയിലുള്ള മികവാര്‍ന്ന ഇടപെടലും സ്ട്രാറ്റജിയുമാണ് നടപ്പാക്കിയതെന്ന വാര്‍ത്തകളുണ്ടായിരുന്നു.
ധാരാവിയിലെ സ്ട്രാറ്റജിയേക്കാള്‍ അവിടത്തെ ആളുകളുടെ പ്രതിരോധ ശേഷിയാണ് സഹയിച്ചതെന്ന് ഞാന്‍ കരുതുന്നു. വയറിളക്കവും പനിയുമെല്ലാം ഉണ്ടാക്കുന്ന അണുവാണ് കൊറോണ. പല തരത്തിലുള്ള രോഗമുള്ളവര്‍ക്ക് നിലവില്‍ ഒരു പാസ്സീവ് ഇമ്മ്യൂൂണിറ്റി ഉണ്ടാകും. ധാരാവിയില്‍ വലിയ ദുരന്തമുണ്ടാകുമെന്നാണ് കരുതിയത്. അവർ പാസ്സീവ് ഇമ്മ്യൂണിറ്റി ഉള്ളവരായതുകൊണ്ടാണത്. പക്ഷെ അതുണ്ടായില്ല. പുതിയ വൈറസായതിനാല്‍ തന്നെ പലതും നമ്മുടെ സങ്കല്‍പങ്ങളാണ്.
തമിഴ്‌നാട്ടില്‍ പല ദിവസങ്ങളിലും 70,000ത്തിലധികം ടെസ്റ്റുകള്‍ നടക്കുന്നുണ്ട്. ആ സ്ഥാനത്ത് നമുക്ക് 50,000ത്തോളമാണ് പല ദിവസങ്ങളിലെയും ടെസ്റ്റുകളുടെ എണ്ണം. തമിഴ്‌നാട്ടില്‍ ഇത്രയധികം ടെസ്റ്റുകള്‍ നടത്തിയിട്ടും അവിടെ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് കേസുകള്‍ കുറവാണ്. നമ്മുടെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് തമിഴ്‌നാട്ടിലേതിനേക്കാള്‍ വളരെ കൂടുതലാണ്. ആദ്യഘട്ടത്തില്‍ ടെസ്റ്റുകളുടെ എണ്ണം കേരളം കുറച്ചുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്...
തമിഴ്‌നാട്ടില്‍ ഒരു ലക്ഷത്തിനു മുകളില്‍ ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. എത്ര കോവിഡ് ഉണ്ടെന്ന് കണ്ടുപിടിക്കലല്ല നമ്മുടെ ഉദ്ദേശം. നമുടെ ഉദ്ദേശം ലളിതമാണ്. മനുഷ്യര്‍ കോവിഡ് കാരണം മരിക്കാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ നമ്മള്‍ കോവിഡിന് സാധ്യതയുള്ളവരെ മാത്രമേ പരിശോധിക്കുന്നുള്ളൂ. കോവിഡ് സാധ്യതയില്ലെന്ന് നമ്മള്‍ കരുതുന്നവര്‍ കോവിഡ് വന്ന് മരിക്കുന്നുണ്ടെങ്കില്‍ നമ്മുടെ സ്ട്രാറ്റജി പരാജയമാണെന്ന് പറയാം. പക്ഷെ അങ്ങനെ മരിക്കുന്നില്ല. മാത്രവുമല്ല നമ്മുടെ കോവിഡേതര മരണവും കഴിഞ്ഞ വര്‍ഷത്തേക്കാൾ കുറവാണ്.
കോവിഡ് മരണവും നമ്മള്‍ മറച്ചുവെക്കുന്നെന്ന ആരോപണങ്ങള്‍ ഉണ്ടല്ലോ...
മറ്റൊരു കാര്യം കോവിഡ് മരണങ്ങള്‍ നാം മറച്ചുവെക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ കോവിഡേതര മരണങ്ങളുടെ കണക്ക് ഉയരും. യാഥാര്‍ഥ്യമെന്താണെന്നു വെച്ചാല്‍ കേരളത്തില്‍ കോവിഡ് മരണം കൂടിയില്ല. ഇനി അത് മറച്ചുവെക്കുന്നു എന്ന ആരോപണം സത്യമാവണമെങ്കില്‍ കോവിഡേതരണ മരണം കൂടണം. എന്നാല്‍ കേരളത്തില്‍ കോവിഡേതര മരണം മുന്‍വര്‍ഷങ്ങളേക്കാള്‍ കുറയുകയാണുണ്ടായത്. ഇത് രണ്ടും കുറവാണെന്നതുകൊണ്ടു തന്നെ കേരളം ഇന്നോളം സ്വീകരിച്ച കോവിഡ് പോരാട്ട സ്ട്രാറ്റജി ശരിയാണെന്ന് വേണം കരുതാന്‍. മാസ്‌ക് ധരിക്കുന്നതിനാല്‍ റെസ്പിറേറ്ററി അസുഖങ്ങള്‍ കുറഞ്ഞു. ഇത് വയോജന ജനസംഖ്യയെ സംരക്ഷിച്ചു എന്നത് മറ്റൊരുകാര്യം.
അപ്പോഴും കോവിഡ് പോസിറ്റീവായുള്ള പല മരണങ്ങളും നമ്മള്‍ കോവിഡ് മരണങ്ങളില്‍പ്പെടുത്തുന്നില്ല എന്ന ആരോപണവുമുണ്ട്...
കോവിഡായ ഒരാൾ വണ്ടിയിടിച്ചു മരിച്ചാല്‍ അത് നമുക്ക് കോവിഡ് മരണമായി കണക്കാക്കാന്‍ കഴിയില്ല. എന്നാല്‍ കോവിഡ് കാരണം ശ്വാസകോശത്തിനുണ്ടായ ഡാമേജ് മൂലം കോവിഡ് നെഗറ്റീവ് ആയതിനു ശേഷം മരിക്കുന്നത് കോവിഡ് മരണമാണ്. ഇയാള്‍ 20 ദിവസം കഴിഞ്ഞ് കോവിഡ് നെഗറ്റീവ് ആയി മരിച്ചാലും കോവിഡ് മരണമായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. പക്ഷെ കോവിഡ് കാരണം വന്ന ഡാമേജ് റിക്കവറി ചെയ്ത് പിന്നെ വീട്ടില്‍ പോയ ശേഷം ഇതേയാൾ മരിച്ചാല്‍ അത് കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. കേരളത്തിലെ പോലെ ഡെത്ത് ഓഡിറ്റിങ് മറ്റു സംസ്ഥാനങ്ങളില്‍ ഇല്ല. കേരളത്തിലെ ഓരോ കോവിഡ് ഡെത്തും ഓഡിറ്റഡാണ്. ഞങ്ങള്‍ ചര്‍ച്ചചെയ്താണ് ഓരോ മരണവും കോവിഡ് മരണമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.
ആദ്യം മുതലേ ഐഎംഎ ആവശ്യപ്പെട്ടതുപോലെ ടെസ്റ്റിങ് നിരക്ക് കൂട്ടിയിരുന്നെങ്കില്‍ ഇപ്പോഴുള്ളതുപോലെ കേസുകള്‍ കൂടില്ലായിരുന്നു എന്ന വാദമുണ്ടല്ലോ...
ടെസ്റ്റ് കൂട്ടിയാല്‍ കൂടുതല്‍ പേര്‍ക്കുള്ള അസുഖം കണ്ടുപിടിക്കാന്‍ സാധിക്കും. പക്ഷെ, ഈ ടെസ്റ്റുകള്‍ ഫോക്കസ്ഡ് അല്ലാതെ ചെയ്യുന്നത് പാഴ്‌ച്ചെലവാണ്. ആ പാഴ്‌ച്ചെലവുകൊണ്ട് പ്രത്യേകമായി നമുക്ക് ഗുണവുമില്ല.
മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്ത് ബ്രേക്ക് ദി ചെയിന്‍ പിന്തുടരുകയാണെങ്കില്‍ ലക്ഷണമില്ലാത്ത കോവിഡ് രോഗി ആര്‍ക്കും രോഗം പകരില്ല. കുറച്ച് കഴിയുമ്പോള്‍ അയാള്‍ രോഗം ഭേദമായി സുഖപ്പെടും. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എത്രപേര്‍ക്ക് രോഗം പകര്‍ന്നു എന്ന് കണ്ടെത്തലല്ല നമ്മുടെ ജോലി. നിങ്ങള്‍ വേറെ ആള്‍ക്ക് അസുഖം കൊടുക്കരുത്. അസുഖം വന്നാല്‍ അവരെ ശുശ്രൂഷിക്കണം എന്നതാണ് നമ്മുടെ കോവിഡ് നയം.
പക്ഷെ, ടെസ്റ്റിന്റെ എണ്ണം കൂട്ടിയിരുന്നെങ്കില്‍ അത്ര പേരെ നമുക്ക് ക്വാറന്റീന്‍ ചെയ്യാമായിരുന്നില്ലേ...
അതിനല്ലേ നമ്മള്‍ ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ ചെയ്തതും അതു കര്‍ശനമായി നടപ്പാക്കിയതും. ആളുകളെക്കൊണ്ട് മാസ്‌ക് ഇടീപ്പിച്ചു, കൈ കഴുകിച്ചു. സാമൂഹിക അകലം പാലിപ്പിച്ചു. ആദ്യ അഞ്ചുമാസം ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. കാരണം ഇറങ്ങി നടക്കലും ആള്‍ക്കൂട്ടവും അന്ന് കുറവായിരുന്നു. പകരാനുള്ള സാധ്യതയില്ല. മാത്രവുമല്ല കൈകഴുകലും മാസ്‌ക് ധരിക്കലുമെല്ലാം നമ്മള്‍ നേരത്തെയേ ഫലപ്രദമായി തന്നെ നടപ്പാക്കി.
കേസ് കുറയുമെന്ന് വല്ല പ്രതീക്ഷയുമുണ്ടോ?
ഫെബ്രുവരി മാസത്തില്‍ കുറഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പോടുകൂടി വലിയ വര്‍ധനയുണ്ടാവും. അതാണ് പോലീസ് ഇടപെടല്‍ ഇപ്പോള്‍ ശക്തമാക്കിയത്. കുഞ്ഞുങ്ങളുമായി വരുന്നവരെ നിരുത്സാഹപ്പെടുത്തുന്നത് അവര്‍ കോവിഡ് വാഹകരായി വീട്ടിലെ വയോജനങ്ങള്‍ക്ക് കോവിഡ് നല്‍കുന്നതുകൊണ്ടാണ്. ഒരു പരിധി വരെ കുട്ടികള്‍ വൈറസിനെ അതിജീവിക്കും. പക്ഷെ വീട്ടിലെ വയസ്സായവര്‍ക്ക് അത് അതിജീവിക്കാന്‍ സാധിക്കില്ല.
content highlights: A Dr Santhosh Kumar Interview