സ്ത്രീധനഹത്യകള്‍;ഏതോ ഒരു മനുഷ്യന്റെ കണ്ണീരും വിയര്‍പ്പും പതിഞ്ഞ വീട്ടില്‍ കഴിയാന്‍ എങ്ങനെ സാധിക്കും?


കെ. രേഖ

2 min read
Read later
Print
Share

പ്രബുദ്ധമെന്നവകാശപ്പെടുന്നയിടത്താണ് വിസ്മയമാര്‍ ദുരന്തം ഏറ്റുവാങ്ങുന്നത്. നിയമത്തെ ഒളിച്ചും ഒളിക്കാതെയും വിവാഹത്തെ വെറും കമ്പോളമാക്കുന്ന ആഭാസത്തെ കേരളം ഇനിയെന്നു തള്ളിപ്പറയും

വിസ്മയ, കിരൺകുമാർ

'അപ്പന്റെ അപ്പം തിന്നുന്നവന്‍ ശപ്പന്‍' എന്നുപറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. അപ്പോള്‍ അന്യരുടെ പൊന്നും പണവും മോഹിക്കുന്നവരെ എന്തുപറയേണ്ടൂ, അതിനെ സ്ത്രീധനം എന്ന പേരിട്ട് ഓമനിച്ചുവിളിച്ചാലും.

എന്റെ വീട്ടിലെ ശംഖുപുഷ്പത്തിന്റെ വള്ളിപ്പടര്‍പ്പില്‍ ഒരു കിളിക്കൂടുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആണ്‍കിളിയും പെണ്‍കിളിയും. സ്ത്രീധനമരണവും കോടതിവിധിയും വായിച്ച് ഈ കിളിക്കൂട്ടിലേക്കുനോക്കി ഞാനോര്‍ക്കുകയായിരുന്നു, ആണ്‍കിളി എന്നെങ്കിലും പറയുമോ, നീ എനിക്ക് സ്ത്രീധനമായി കൂടും കഴിക്കാന്‍ ഭക്ഷണവും കൊണ്ടുവരൂ എന്ന്.

പിടിയാനയോട് കൊമ്പന്‍, നമ്മുടെ സഹജീവിതം സഫലമാകണമെങ്കില്‍ നീയെനിക്ക് ആയിരംകിലോ പട്ടയും പഴവും ശര്‍ക്കരയും തരണമെന്ന് പറയുന്നതു സങ്കല്പിക്കുമ്പോള്‍ ചിരിവരുന്നുണ്ട്. പക്ഷേ, മനുഷ്യരുടെ കാര്യം വരുമ്പോഴോ? 'ആനപ്പുറമേറുമൊരാനയില്ല; സ്വാര്‍ഥത്തെ വാങ്ങാന്‍ സ്വകുലത്തെ വില്‍ക്കുംമാപാപിയേകന്‍! മതിമാന്‍ മനുഷ്യന്‍!' എന്ന കവിവാക്യം സ്ത്രീധനക്കാര്യത്തിലും ചേരും.

ലോകത്ത് എവിടെയെങ്കിലും വീടും കാറും സ്ത്രീധനമായി നല്‍കുന്ന ഒരു സമൂഹമുണ്ടാകുമോ, ഇവിടെയല്ലാതെ? ഏതോ ഒരു മനുഷ്യന്റെ കണ്ണീരും വിയര്‍പ്പും പതിഞ്ഞ വീട്ടില്‍ അമര്‍ന്നുകഴിയാന്‍ എങ്ങനെ സാധിക്കും?

പത്രപ്രവര്‍ത്തനനാളുകളില്‍, ഒരിക്കല്‍ ഒരു കെയര്‍ ഹോമിലെത്തി. അവിടെ തളര്‍ന്നുകിടക്കുന്ന ഒരുവള്‍. ഡോക്ടറായിരുന്നത്രേ ! മെഡിക്കല്‍ കോേളജില്‍ അവള്‍ക്കൊരു ഇണക്കുരുവിയുണ്ടായിരുന്നു. പഠനകാലത്ത് അവരുടെ പ്രണയം അത്രയേറെ പ്രസിദ്ധമായിരുന്നു. ഹൗസ് സര്‍ജന്‍സി കഴിഞ്ഞപ്പോള്‍ കാമുകന് വലിയൊരു ജീവിതവാഗ്ദാനം ലഭിച്ചു. കോടികളുടെ പി.ജി. സീറ്റ്, കാര്‍, വീട്... കേട്ടപ്പോള്‍ കാമുകന്റെ മനസ്സുമാറി. കാമുകന്‍ അതുസ്വീകരിച്ചു. കാമുകി ഇന്‍സുലിന്‍ കുത്തിെവച്ച് മരിക്കാന്‍ ശ്രമിച്ചു. മരിച്ചില്ല. ബുദ്ധിയും ശരീരവും തളര്‍ന്നു. കരുണയും മനഃസാക്ഷിയുമൊക്കെ പടച്ചട്ടയാക്കേണ്ട ഡോക്ടര്‍മാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമാണ് നല്ല സ്ത്രീധനത്തിന് വിലപേശുന്നവരിലെ മിടുക്കരെന്നും കേള്‍ക്കുന്നു. പെങ്ങള്‍ക്ക് സ്ത്രീധനമൊരുക്കാനാകാത്തതില്‍ മനം നൊന്തുമരിച്ച ആങ്ങളയുടെ കഥയും ഈയിടെ കേട്ടു.

ഒരു വിസ്മയയില്‍ തുടങ്ങിയതോ ഒടുങ്ങുന്നതോ അല്ല സ്ത്രീധനഹത്യകള്‍. പെണ്‍കുട്ടികള്‍ ആത്മാഭിമാനത്തോടെ, ഈ കച്ചവടത്തിനില്ലെന്ന് ഉറപ്പിച്ചു നില്‍ക്കുന്നതുവരെ അതുതുടരും.

അവസാനമായി ഒരു അഭിമുഖം നടത്തിയത് സുഗതകുമാരിയെയായിരുന്നു. അവര്‍ പറഞ്ഞത് പലതും മറന്നെങ്കിലും ഒരു വാചകം ഇടയ്ക്കിടെ ചെവിയില്‍ മുഴങ്ങും: ''പെണ്‍കുട്ടികള്‍ അഭിമാനികളാകണം.'' ആത്മാഭിമാനമില്ലാത്ത, മനക്കരുത്തില്ലാത്ത ഒരു അടിമയെ മാത്രമേ ഈ രീതിയില്‍ കച്ചവടം ചെയ്യാനാകൂ. അഭിമാനികളായ പെണ്‍കുട്ടികള്‍ ഇനിയെങ്കിലും ഇത്തരം കുരുതിക്കളങ്ങളിലെത്തിപ്പെടരുത്.

പുതിയ കാലത്തെ പെണ്‍കുട്ടികള്‍ ഏറെ മാറിയിട്ടുണ്ട്. അഭിപ്രായം പറയുന്നതില്‍, പ്രതികരിക്കുന്നതില്‍, സമൂഹത്തില്‍ ഇടപെടുന്നതില്‍, തൊഴിലിടത്തില്‍, കലാസാംസ്‌കാരികരംഗങ്ങളില്‍, രാഷ്ട്രീയത്തില്‍... പക്ഷേ, കല്യാണം വരുമ്പോഴോ!

ഈയിടെ ഒരു പരിചയക്കാരന്‍ സ്ഥലം വില്‍ക്കാന്‍ നെട്ടോട്ടമോടുന്നു. എന്‍ജിനിയറായ മകളുടെ കല്യാണമാണ്. കല്യാണനിശ്ചയം, സേവ് ദി ഡേറ്റ്, സംഗീത്, മെഹന്തി, ഗോള്‍ഡ് പര്‍ച്ചേസ്, ഹല്‍ദി, കോക്‌ടെയ്ല്‍ പാര്‍ട്ടി, തലേന്നത്തെ റിസപ്ഷന്‍, ഹെലികോപ്റ്ററില്‍ വരുന്ന ബ്യൂട്ടീഷ്യന്‍, മറുപടിക്കുപോകല്‍... ചടങ്ങുകളേറെ. ചെലവ് നിസ്സാരമല്ല. സര്‍വീസുകാലത്ത് കൈക്കൂലി വാങ്ങാതിരുന്നതില്‍ കുറ്റബോധം തോന്നുന്നു. കുടുംബസ്വത്ത് വില്‍ക്കണം. ഇനിയൊരു പെണ്‍കുട്ടികൂടിയുണ്ട്. എന്തുചെയ്യുമെന്നറിഞ്ഞുകൂടാ. എന്‍ജിനിയറായ ഒരു പെണ്‍കുട്ടി ഇത്തരത്തില്‍ കുടുംബത്തിന് ബാധ്യതയുണ്ടാക്കുമ്പോള്‍ സ്ത്രീധനബോധവത്കരണം, ഐ.പി.സി. 304, 306 എന്നൊക്കെ പറഞ്ഞ് ഒച്ചയിട്ടിട്ട് എന്തുകാര്യം? പെണ്‍കുട്ടികള്‍ അഭിമാനികളാകുകതന്നെ വേണം.

എഴുത്തുകാരിയാണ് ലേഖിക

Content Highlights: Dowry system and vismaya death case

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vachathi
Premium

4 min

മുപ്പതാണ്ട് നീറ്റിയ കൂട്ടബലാത്സംഗം; വീരപ്പന്റെ പേരിൽ ചവിട്ടിമെതിച്ച വാച്ചാത്തിക്ക് നീതി ലഭിക്കുമ്പോൾ

Sep 30, 2023


representational image

3 min

'അന്തസ്സോടെയുള്ള ജീവിതം മൗലികാവകാശം; ലൈംഗിക തൊഴിലാളികൾക്ക് ഉത്തരവ് ആശ്വാസം'

Dec 17, 2021


RUSSIA

7 min

യുക്രൈന്റെ ചെറുത്തു നില്‍പ്പും കടന്നാക്രമണവും,യുദ്ധം റഷ്യയെ  എവിടെയെത്തിക്കും?

Sep 29, 2023


Most Commented