വിസമയയും കിരൺ കുമാറും
ഉത്ര, വിസ്മയ, മൊഫിയ... കേരളത്തിലെ പെണ്‍കുട്ടികളുടെ പേരുകള്‍ സ്ത്രീധനപീഡനമരണങ്ങളുടെ പേരില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. വിവാഹംകഴിഞ്ഞ് ഉത്തരേന്ത്യയിലെത്തി മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മരിച്ചുപോയ നമ്മുടെ പെണ്‍മക്കളുടെ ദുരിതജീവിതംകണ്ട് മാറ്റിയും പുതുക്കിയും എഴുതിയ സ്ത്രീധനനിയമംകൊണ്ട് ഒരു മാറ്റവും നമ്മുടെ സമൂഹത്തില്‍ സംഭവിച്ചിട്ടില്ല. വിപണിയുടെ വലിയ ഇര സ്ത്രീതന്നെയാണ്. വിവാഹമെന്നാല്‍ രണ്ടുമനുഷ്യര്‍ തമ്മിലുള്ള ഒന്നുചേരല്‍ മാത്രമല്ല; അതൊരു വലിയ വിപണിസാധ്യതകൂടിയാണ്.
പുതിയ സിനിമകളിലുംമറ്റും പടച്ചുവിടുന്ന ആചാരങ്ങളും അവതരണങ്ങളുമല്ല വിവാഹം. മതപരമായ ചടങ്ങിനപ്പുറം മൂന്നും നാലും ദിവസം നീളുന്ന ആഘോഷത്തിന്റെയും ഉല്ലാസത്തിന്റെയും കച്ചവടത്തിന്റെയും ഇടങ്ങളാണ് വിവാഹം. ഹല്‍ദി, മെഹന്തി, സേവ് ദ ഡേറ്റ്, ഔട്ട് ഡോര്‍ ഷൂട്ട്, ഇന്‍ഡോര്‍ ഷൂട്ട്, ലൊക്കേഷന്‍ ഹണ്ട്, റിസപ്ഷന്‍ എന്നിവ വിവാഹത്തെ കൂടുതല്‍ കളറാക്കുന്നുണ്ടെങ്കിലും വലിയ സാമ്പത്തികബാധ്യതയാണുണ്ടാക്കുന്നത്. വിവാഹദിവസത്തേതൊഴിച്ചുള്ള െചലവുകള്‍ എവിടെയും കണക്കാക്കുന്നില്ല. കോവിഡ്കാലത്ത് മാറ്റിനിര്‍ത്തപ്പെട്ട ആര്‍ഭാടങ്ങള്‍ തിരികെവന്നിരിക്കയാണ്.
ഒരു കുടുംബം വേണമെന്നോ ഒരു ഇണവേണമെന്നോ വിചാരിക്കുന്ന വ്യക്തികള്‍ എന്തിനാണ് ഇത്രമാത്രം പണം ധൂര്‍ത്തടിക്കുന്നതും മറ്റുള്ളവര്‍ക്ക് അതുവഴി മോശം മാതൃകയാകുന്നതും. പണക്കൊഴുപ്പിന്റെ ആര്‍ഭാടത്തിനപ്പുറം സമൂഹം ഒറ്റക്കെട്ടായി സ്ത്രീധനം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. വിവാഹസമയത്ത് അണിയുന്ന ആഭരണങ്ങളോ നല്‍കുന്ന സമ്മാനങ്ങളോ മാത്രമല്ല സ്ത്രീയുടെ വീട്ടുകാര്‍ക്കും സ്ത്രീക്കും ബാധ്യതയാകുന്നത്. മേല്‍ത്തട്ടിലുള്ളവരെ അനുകരിക്കുന്ന മധ്യവര്‍ഗവും അവരെ അനുകരിക്കുന്ന സാധാരണക്കാരും എല്ലാംതന്നെ ഈ ശാപത്തിന് അടിമപ്പെടുകയാണ്.
വിവാഹത്തിന് ഭര്‍ത്തൃവീട്ടുകാര്‍ ആവശ്യപ്പെട്ടതെല്ലാം വിസ്മയയുടെയും ഉത്രയുടെയും വീട്ടുകാര്‍ നല്‍കുന്നുണ്ട്. ആര്‍ത്തിക്കും ദുരയ്ക്കും ശമനംവരാതെ പിന്നെയും സ്ത്രീധനം ആവശ്യപ്പെടുകയും അവസാനം നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവന്‍തന്നെ കവരുകയും ചെയ്യുന്നു. ഒരുതരത്തില്‍ കുറ്റവാളികളും സ്ത്രീധനമെന്ന വിപത്തിന്റെ ഇരകളാണെന്നുപറയാം. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ സര്‍ക്കാര്‍ ജോലിയിലിരിക്കുന്നതുതന്നെ ഉയര്‍ന്ന സ്ത്രീധനം ലഭിക്കുന്നതിനാണ്. ആണ്‍മക്കള്‍ വളര്‍ന്നുവരുമ്പോള്‍ സമൂഹംനല്‍കുന്ന ഉപദേശങ്ങള്‍ ആവിധമാണ്. നന്നായി പഠിക്കൂ, ഉയര്‍ന്ന ജോലിനേടൂ. സാമ്പത്തികമായി ഉയര്‍ച്ചയുള്ള വീട്ടില്‍നിന്ന് പെണ്ണുകെട്ടൂ, പിന്നെ നിനക്ക് എല്ലാമായി എന്ന ഉപദേശങ്ങള്‍. കലാകാരനായോ സാധാരണക്കാരനായോ ജീവിക്കാനാഗ്രഹിക്കുന്നവനെ അതിനനുവദിക്കുകയില്ലതന്നെ.
വിസ്മയയുടെ കേസില്‍ നല്‍കിയ വിധി പരക്കേ സ്വാഗതംചെയ്യുന്നുണ്ടെങ്കിലും ഒരു മനുഷ്യജീവന് പകരംവെക്കാനാവുന്നതല്ല പിഴയായ കേവലം പന്ത്രണ്ടരലക്ഷം രൂപ. വിസ്മയ എന്ന ആയുര്‍വേദ ഡോക്ടര്‍ ഈ സമൂഹത്തിന് നല്‍കേണ്ടിയിരുന്ന സംഭാവനകള്‍, വിസ്മയ എന്ന സ്ത്രീ സ്വന്തമായി അനുഭവിക്കേണ്ടിയിരുന്ന ജീവിതം അതിനൊന്നും ഈ പിഴയോ ശിക്ഷയോ ബദലാകുന്നില്ല. പ്രതിക്ക് ഈ പണം ചെറിയ തുകയാണ്. സ്ത്രീധനമായി ചോദിച്ച അത്രതന്നെ പിഴ ശിക്ഷയായി വിധിക്കുകയായിരുന്നു വേണ്ടത്. ഒരു നിയമം നടപ്പാക്കുമ്പോള്‍ നല്‍കുന്ന ശിക്ഷ ആ വ്യക്തിയില്‍ ഒരു മാറ്റവും ഉണ്ടാകാനുതകുന്നതല്ലെങ്കില്‍ പിന്നെ ആ നിയമത്തെ പാലിക്കാന്‍ ആരും തയ്യാറാവില്ല. നിയമത്തിനപ്പുറമുള്ള വഴികള്‍ ചിന്തിച്ചുതുടങ്ങുമെന്ന അപകടവുമുണ്ട്.
ആണ്‍മക്കള്‍ വളര്‍ന്നുവരുമ്പോള്‍ സമൂഹംനല്‍കുന്ന ഉപദേശങ്ങള്‍ നോക്കൂ. നന്നായി പഠിക്കൂ, ഉയര്‍ന്ന ജോലിനേടൂ. സാമ്പത്തികമായി ഉയര്‍ച്ചയുള്ള വീട്ടില്‍നിന്ന് പെണ്ണുകെട്ടൂ, പിന്നെ നിനക്ക് എല്ലാമായി എനിങ്ങനെ പോകുന്ന ഉപദേശങ്ങള്‍
ശിക്ഷിക്കപ്പെടുന്നവര്‍കുറച്ചുമാത്രം
നീതിതേടി കോടതിയിലെത്തുമ്പോള്‍, അവരുടെനേരെനടന്ന അതിക്രമങ്ങള്‍ ബോധ്യപ്പെടുത്താനുതകുന്ന തെളിവുകള്‍ നല്‍കാനാവാതെ തകര്‍ന്നുപോകുന്നത് നാം കാണുന്നു.
തെളിവുകള്‍ കോടതിമുറികളില്‍നിന്ന് അപ്രത്യക്ഷമാകുന്നു. സാക്ഷികള്‍ ഭൂമിയില്‍നിന്ന് അപ്രത്യക്ഷരാകുന്നു, വാദികളുടെ മരണം, മറവി, വിഷാദരോഗം തുടങ്ങിയ അവസ്ഥകള്‍ കുറ്റാരോപിതരെ പലപ്പോഴും രക്ഷപ്പെടുത്തുന്നു.
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2020ലെ കണക്കുപ്രകാരം ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ 3841 ശതമാനംമാത്രമാണ് ശിക്ഷിക്കപ്പെടുന്നത്.
സ്ത്രീകളോടുള്ള അതിക്രമങ്ങളില്‍ പകുതിയോളം കേസുകള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ കേവലം 12 ശതമാനത്തില്‍മാത്രമാണ് കുറ്റവാളികളെ കണ്ടെത്തി വിധിപറയുന്നതും ശിക്ഷനല്‍കുന്നതും.
1961ലെ സ്ത്രീധനനിരോധന നിയമപ്രകാരം രണ്ടുശതമാനത്തില്‍ത്താഴെ കേസുകള്‍മാത്രമേ രജിസ്റ്റര്‍ചെയ്യുകയോ കുറ്റക്കാരെ കണ്ടെത്തുകയോ ചെയ്യുന്നുള്ളൂ. ഇന്ത്യന്‍ പീനല്‍ കോഡിലെ 498എ എന്ന, സ്ത്രീധനത്തിനായി ഭാര്യയെ ഭര്‍ത്താവോ ഭര്‍ത്തൃവീട്ടുകാരോ പീഡിപ്പിക്കുന്നതായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസുകളില്‍ 10 ശതമാനത്തില്‍ത്താഴെമാത്രമേ ശിക്ഷപ്പെടുന്നുള്ളൂ.
Content Highlights: Vismaya Death case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..