സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന പറയുന്നു: നിനക്ക് ഭക്ഷണത്തിന്റെ  സ്വാദ് പിടിച്ചിട്ടുണ്ടാവില്ല, അല്ലേ എന്ന് ഞാന്‍ അവനോട് ചോദിച്ചു. അവന്‍ പറഞ്ഞു. വിശന്നിരിക്കുന്നവന് എന്ത് രുചി നോക്കാന്‍ ചേച്ചീ...

അവന്‍ എന്നത് അഭിമന്യുവാണ്. കാംപസ് ഫ്രണ്ട്  പ്രവര്‍ത്തകര്‍ കൊന്നു തള്ളിയ കുട്ടി. മഹാരാജാസിലെ ജൂലി പറയുന്നു:
അവന്‍ ഞങ്ങളോട് പറഞ്ഞു. നമുക്ക് ഇവിടത്തെ ഏറ്റവും പാവപ്പെട്ട കുട്ടിക്ക് ഒരു വീട് വച്ചു കൊടുക്കണം ടീച്ചര്‍. അവന്റെ ദാരിദ്ര്യം ഒരിക്കല്‍ പോലും അവന്‍ പറഞ്ഞില്ല. മറ്റുള്ളവരെ കുറിച്ച് മാത്രമാണ് ആ കുട്ടി വേവലാതിപ്പെട്ടത്... 

മൂന്നാറിലെ വട്ടവടയില്‍നിന്ന് വന്ന അഭിമന്യു. എറണാകുളത്തെ ഹോട്ടലുകളില്‍ ബാലവേല ചെയ്ത അഭിമന്യു. രസതന്ത്ര ലാബുകളുടെ മണം അവനില്‍നിന്ന് മുറിച്ചു കളഞ്ഞിരിക്കുന്നു. അവനായി ഒരുക്കിയത് വ്യത്യസ്തമായ ടെസ്റ്റ് ട്യൂബുകള്‍. അതില്‍ നിറച്ച ലായനി അവന്റെ തന്നെ ചോര. സമീപകാലത്ത് കേരളം കണ്ട ഏറ്റവും സങ്കടകരമായ ക്രൂരഹത്യ.

ജനാധിപത്യത്തിന്റെ മരണമാണ് ദയനീയമായ വര്‍ത്തമാനങ്ങള്‍. ആരും രക്ഷകരല്ല. എല്ലാവരും പങ്കാളികളാണ്. പക്ഷേ ലക്ഷണമൊത്ത ഭീകര സംഘടനകളുടെ കൈപ്പിടിയിലേക്ക് എത്തിച്ചേരുകയാണ് കേരളവും. 

തൊടുപുഴ ന്യൂമാന്‍ കോളേജിലെ ജോസഫ് സാറിന്റേത് അത്ര വലിയ കുറ്റമൊന്നും ആയിരുന്നില്ല. പ്രവാചക നിന്ദ ആരോപിച്ച് ആ അധ്യാപകന്റെ കൈ വെട്ടിയെടുത്തത് എസ്.ഡി.പി.ഐ.- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. മുഹമ്മദ് നബിയെ  അവര്‍ അതുവഴി അപമാനിക്കുകയായിരുന്നു. 

ഇപ്പോള്‍ അഭിമന്യുവിന്റെ ഹൃദയം നുറുക്കുമ്പോഴും സംഭവിക്കുന്നത് മറ്റൊന്നല്ല. അവനൊപ്പം ഉണ്ടായിരുന്ന അര്‍ജുന്റെ കരള്‍ പിളര്‍ക്കുമ്പോഴും മറ്റാരേക്കാള്‍ മതനിന്ദകരാവുന്നു കൊലപാതകികള്‍. 

ഫാസിസത്തിന്റെ  കാലാള്‍പ്പട അതിന്റെ ആക്ഷന്‍ ഫോഴ്‌സാണ്. എതിരാളിയെ ഒറ്റക്കുത്തിന് കൊന്നു വീഴ്ത്തലാണ് അതിന്റെ തന്ത്രം. നിയമത്തിന്റെ പഴുത് കോടതിയില്‍ കിട്ടുമെന്ന് പ്രതികള്‍ ഉറപ്പാക്കുന്നു. ആയുധം പോലും ഉപേക്ഷിച്ചു കൊണ്ട് . ആത്മരക്ഷയുടെ  വാഗ്‌ധോരണികള്‍ ഇതിനകം വന്നുതുടങ്ങി. നായ്ക്കളെ വെട്ടി പരിശീലിക്കുന്നവര്‍ മനുഷ്യരിലേക്ക് എത്തുമ്പോള്‍ ഭീകരതയുടെ വൃത്തം പൂര്‍ത്തിയാവുകയാണ്. ഭയം ഉല്‍പാദിപ്പിക്കുകയും വിനിമയം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ദുരന്തവൃത്തം. പകല്‍ പറയുന്ന മനുഷ്യാവകാശ സംരക്ഷണങ്ങള്‍ രാത്രിയില്‍ അതേ മനുഷ്യനെ കുത്തിവീഴ്ത്തുന്നതാവുന്നു. സകലവികസനങ്ങളുടേയും ഇരയായ തലമുറയുടെ ഇങ്ങേയറ്റത്തെ പ്രതിനിധിയായ അഭിമന്യുവിന്റെ ഹൃദയത്തിലേക്ക് ഇരുട്ടില്‍ ഒറ്റക്കുത്ത്. 

എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടുമൊക്കെ മറുപടി പറയുക തന്നെ വേണം. ആരുടെ അവകാശമാണ് നിങ്ങള്‍ ഇതുവഴി സംരക്ഷിച്ചത്? എനിക്ക് പരിചയമുള്ള ഒരു മുസ്ലീം സുഹൃത്തും ഇതിനെ അനുകൂലിക്കുന്നില്ല. മറിച്ച് അവര്‍ ഉന്നയിക്കുന്ന മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് നിങ്ങള്‍ അവരെ പ്രതിക്കൂട്ടിലേക്ക് കയറ്റി നിര്‍ത്തിയിരിക്കുന്നു എന്നതാണ്.

എന്തെന്നാല്‍ കേരളത്തിലെ മുസ്ലീം തീര്‍ച്ചയായും നിങ്ങളുടെ ഫ്രീഡം പരേഡുകളില്‍ അണിനിരക്കുന്നവരേ അല്ല. അവരുടെ രാജ്യഭക്തി തെളിയിക്കണമെന്ന് കുറേക്കാലമായി ആവശ്യപ്പെടുകയാണ് മറ്റൊരു കൂട്ടര്‍. ദേശീയതയുടെ കാവലാളുകള്‍ക്ക് മുന്നില്‍ സ്വന്തം സത്യസന്ധത തെളിയിച്ച് തളരുകയാണ് ആ സുഹൃത്തുക്കള്‍. അവരെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയാണ് ഇപ്പോള്‍ പച്ചയായി വര്‍ഗ്ഗീയവാദികള്‍. 

ആ കൂട്ടുകാര്‍ പറയുന്നു: 'അല്ല, തീര്‍ച്ചയായും ഞങ്ങള്‍ അവരല്ല.'
 
എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും കാംപസ് ഫ്രണ്ടും തുറന്നെടുക്കുന്ന മുന്നണികള്‍ മനുഷ്യത്വരാഹിത്യത്തിന്റേതാണ്. ആര്‍ക്കു വേണ്ടി വാദിക്കുന്നുവോ, അതേ സമൂഹത്തെ ഒറ്റിക്കൊടുക്കുന്ന യുക്തിരാഹിത്യത്തിന്റേതാണ്. അഭിമന്യു മായാത്ത മുറിവാകുകയാണ്. 

ഒന്നുകൂടിയുണ്ട് . മനുഷ്യാവകാശങ്ങളെ പറ്റി ദയവ് ചെയ്ത് ഇനിയും വാചാലരാവരുത്. അതിന് ഏറ്റവും നല്ല മനുഷ്യനാവുമായിരുന്ന ഒരു കുട്ടിയുടെ ഓര്‍മ്മ നിങ്ങള്‍ക്ക് തുണയാവട്ടെ.