ഹൈദരാബാദ്: ഹൈക്കോടതിമുൻ ജഡ്ജിക്കും വീട്ടുകാര്‍ക്കുമെതിരേ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി യുവതി. ജഡ്ജിയും ഭാര്യയും മകനും ചേര്‍ന്ന് മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇരയായ സ്ത്രീ പുറത്ത് വിട്ടു. ഹൈദരാബാദിലാണ് സംഭവം.
സ്ത്രീധന പീഡനം നടക്കുന്നുവെന്നാരോപിച്ച് 30കാരിയായ സിന്ധു ശര്‍മ്മ ഏപ്രിലിൽ നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല. താന്‍ നേരിട്ട ക്രൂര പീഡനങ്ങള്‍ വെളിവാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരാതിക്കൊപ്പം സിന്ധു പോലീസിൽ ഏൽപിച്ചതോടെയാണ് കേസ് വീണ്ടും സജീവമാകുന്നത്. വീഡിയോയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്.
മുന്‍ ജഡ്ജിയും ഭാര്യയും മകനും ചേര്‍ന്ന് സിന്ധുവിനെ തല്ലുന്നതും വലിച്ചിഴക്കുന്നതും സിന്ധുവിന്റെ ചെറിയ കുട്ടികള്‍ വന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഭര്‍തൃ വീട്ടുകാര്‍ സിന്ധുവിനെ മര്‍ദ്ദിച്ചത്. പല തവണ പുറത്ത് കടന്ന് ഓടി രക്ഷപ്പെടാന്‍ സിന്ധു ശ്രമിച്ചെങ്കിലും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. നാല് വയസ്സുള്ള മകൾ ഇതിനിടയില്‍ സിന്ധുവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
തന്റെ ഭര്‍ത്താവ് നൂതി വസിസ്ഷ്ഠ, ഭര്‍തൃപിതാവും മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായിരുന്ന നൂതി രാമമോഹന റാവു, ഭര്‍തൃമാതാവ് നൂതി ദുര്‍ഗ്ഗ ജയലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് സിന്ധു പോലീസില്‍ നൽകിയ പരാതിയിൽ പറയുന്നു.
ഭര്‍തൃ ഗൃഹത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടാണ് കഴിഞ്ഞ ഏപ്രിലിൽ ഇത്തരമൊരു പരാതി സിന്ധു പോലീസിന് നല്‍കുന്നത്. തന്റെ മക്കളെ വിട്ടു തരണമെന്നാവശ്യപ്പെട്ട് ഭര്‍തൃ വീട്ടിനു മുന്നില്‍ വന്ന് പ്രതിഷേധിച്ചിരുന്നു സിന്ധു. ഒടുവില്‍ ഹേബിയസ് ഹോര്‍പസ് ഫയല്‍ ചെയ്താണ് കുട്ടികളെ സിന്ധുവിന്റെ കസ്റ്റഡിയില്‍ ലഭിക്കുന്നത്.
2012മുതല്‍ സ്ത്രീധനം ചോദിച്ച് സിന്ധുവിനെ മാനസികമായി പീഡിപ്പിക്കാരുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായാണ് ശാരീരിക അക്രമം തുടങ്ങിയതെന്ന് സിന്ദുവിന്റെ വീട്ടുകാർ പറയുന്നു.
പരാതി ലഭിച്ച ഏപ്രിലില്‍ തന്നെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരവും ഭര്‍തൃ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നെങ്കിലും വലിയ പുരോഗതി കേസിലുണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയതോടെയാണ് പോലീസ് തുടര്‍ നടപടികള്‍ കൈക്കൊണ്ടത്.
എന്നാല്‍ അതേസമയം വീഡിയോ യഥാര്‍ഥമല്ലെന്നാണ് സിന്ധുവിന്റെ ഭര്‍ത്താവ് വസിഷ്ഠയുടെ ആരോപണം. ഏപ്രിലില്‍ തന്നെ തന്റെ പക്കല്‍ വീഡിയോ ഉണ്ടായിരുന്നെങ്കിലും വിവാഹ മോചനത്തിന് നോട്ടീസ് അയച്ചതോടെയാണ് താന്‍ ഇത് പുറത്ത് വിട്ടതെന്നും സിന്ധു പറയുന്നു.
ഏറെക്കാലം ഹൈദരാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന രാമമോഹന റാവു 2017ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് വിരമിക്കുന്നത്.
content highlights: Domestic violence over dowry, case filed against former HC Judge and family in hyderabad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..