ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലമുള്ള ജോലി നഷ്ടവും ശമ്പളത്തിലെ അനിശ്ചിതാവസ്ഥയും സമ്പര്‍ക്ക വിലക്കും വീട്ടകങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം വര്‍ധിപ്പിച്ചെന്ന് കണക്കുകള്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടും പരിഹാരം തേടിയും വനിത പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്തെഴുതി.

രാജ്യവ്യാപക അടച്ചിടല്‍ തുടങ്ങിയശേഷം സ്ത്രീകളുടേതായി 257 പരാതികള്‍ ലഭിച്ചെന്നും അവയില്‍ 69-ഉം ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ടതാണെന്നും ദേശീയ വനിതാകമ്മിഷന്‍ അറിയിച്ചു.

മാര്‍ച്ച് ആദ്യവാരത്തില്‍ 116 പരാതികള്‍ ലഭിച്ചിരുന്ന സ്ഥാനത്താണ് മാര്‍ച്ച് അന്ത്യമായപ്പോഴേക്കും 257 ആയത്. ബലാത്സംഗം ബലാത്സംഗ ശ്രമം എന്നിവയുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന കേസുകളും വര്‍ധിച്ചിട്ടുണ്ട്. 35 ല്‍ 77 ആയാണ് ഈ സംഖ്യ ഉയര്‍ന്നത്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വടക്കന്‍ അയര്‍ലണ്ടില്‍ 20%, പാരിസില്‍ 32%, ന്യൂസൗത്ത് വെയില്‍സില്‍ 40% എന്നിങ്ങനെ ഗാര്‍ഹിക പീഢനം വര്‍ധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

യഥാര്‍ഥത്തില്‍ ഗാര്‍ഹികപീഡനം ഇതിനെക്കാള്‍ ഏറെയായിരിക്കുമെന്നും പീഡിപ്പിക്കുന്നയാള്‍ വീട്ടില്‍ത്തന്നെയുള്ളതിനാല്‍ പരാതിപ്പെടാന്‍ സ്ത്രീകള്‍ ഭയക്കുന്നതാണെന്നും വനിതാകമ്മിഷന്‍ അധ്യക്ഷ രേഖാശര്‍മ പറഞ്ഞു. ഭര്‍ത്താവിനെ പോലീസ് പിടിച്ചുകൊണ്ടുപോയാല്‍ അദ്ദേഹത്തിന്റെ അമ്മയും സഹോദരങ്ങളും പീഡിപ്പിക്കുമെന്നുവിചാരിച്ച് സ്ത്രീകള്‍ പരാതിപ്പെടുന്നില്ല. അടച്ചിടല്‍കാരണം സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാനും കഴിയുന്നില്ല. പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് തിരിച്ചെത്തുന്ന ഭര്‍ത്താവ് ഉപദ്രവിച്ചേക്കുമെന്നുകരുതിയും സ്ത്രീകള്‍ പരാതിപ്പെടുന്നില്ലെന്ന് അവര്‍ പറഞ്ഞു.

അടച്ചിടലിനെക്കുറിച്ച് നേരത്തേ അറിയിപ്പുകിട്ടിയിരുന്നെങ്കില്‍ പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടത്തേക്ക് മാറാന്‍ കഴിയുമായിരുന്നുവെന്ന് മനുഷ്യാവകാശപ്രവര്‍ത്തക കവിതാ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അടച്ചിടല്‍ ആളുകളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും അത് അതിക്രമം കൂട്ടുകയാണെന്നും സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സഹേലി ട്രസ്റ്റിലെ അംഗം വാണി സുബ്രഹ്മണ്യന്‍ പറഞ്ഞു.

വിഷയത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വനിതാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

കത്തിന്റെ പൂർണ്ണരൂപം

സര്‍,
ലോകം മുഴുവനും മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്  കേരള ഗവര്‍ന്മെന്റ് നടത്തി വരുന്ന ഫലപ്രദവും ആസൂത്രിതവുമായ പരിശ്രമങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.

എല്ലാ ആളുകളോടും അവരുടെ വീടുകളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുന്ന ഈ സന്ദര്‍ഭത്തില്‍   സ്ത്രീകളും കുട്ടികളും വീടുകളില്‍ വര്‍ധിച്ച തോതില്‍ അനുഭവിക്കാനിടയുള്ള ഗാര്‍ഹിക പീഢനത്തിലേക്ക് അങ്ങയുടെ സത്വരശ്രദ്ധ ക്ഷണിക്കാനാണ് ഈ നിവേദനം . ഇത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ട ഒരു പ്രശ്‌നമാണ് . COVID-19 ലോക്ക് ഡൗണിനു കീഴിലുള്ള പ്രദേശങ്ങളിലെ വീടുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി ഇറ്റലി, അമേരിക്ക, ഫ്രാന്‍സ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ബാംഗ്ലൂരില്‍ നിന്നും ഇത്തരം റിപോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതൊരു ഗാര്‍ഹിക പീഢന മഹാമാരി ( domestic violence pandemic ) യായേക്കുമെന്ന് ലോകത്ത് പലയിടത്തുമുള്ള സ്ത്രീ പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വടക്കന്‍ അയര്‍ലണ്ടില്‍ 20%, പാരിസില്‍ 32%, ന്യൂസൗത്ത് വെയില്‍സില്‍ 40% എന്നിങ്ങനെ ഗാര്‍ഹിക പീഢനം  വര്‍ധിച്ചിരിക്കുന്നതായി കാണുന്നു ( ബിബിസി ന്യൂസ് 2020 മാര്‍ച്ച് 30) .മറ്റു സ്ഥലങ്ങളെപ്പോലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കൂടിയ ഒരു സ്ഥലമാണ് കേരളവും. ലോക്ക് ഡൌണ്‍ സമയത്ത് ആള്‍ക്കാര്‍ക്ക് വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും അനുഭവപ്പെടുന്ന പരാധീനതകള്‍ കുട്ടികളുടെയും സ്ത്രീകളുടെയും നേര്‍ക്കുള്ള അക്രമമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. .  നിര്‍ബന്ധിത ലോക്ക് ഡൗണ്‍ ആയതിനാല്‍ വീടുകളില്‍ പിന്തുണയോ സഹായമോ തേടാനുള്ള മാര്‍ഗ്ഗങ്ങളില്ലാതെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരിക്കും പ്രശ്‌നം അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായേക്കും എന്ന ഭീതിയും അവര്‍ക്കുണ്ടാവും . അതിനാല്‍, വീടുകളില്‍ നടക്കാനിടയുള്ള ഇത്തരം നിശബ്ദമായ അക്രമങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു . 


ഇതില്‍ ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് അടിയന്തിര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ വേണ്ടത്ര പ്രാധാന്യത്തോടെ പരസ്യപ്പെടുത്തുക, ആവശ്യമുള്ള രക്ഷാപ്രവര്‍ത്തനങ്ങളും , പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തുക തുടങ്ങിയവയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലിംഗ് ടീമിലെ മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭിക്കാനും അത്തരം ഇരകള്‍ ഉണ്ടെങ്കില്‍ അവരെ തിരിച്ചറിയാനും അവര്‍ക്ക് സഹായം നല്‍കാനും അധിക പരിശീലനം നല്‍കണം. ഇത്തരം കേസുകള്‍ വനിതാ-ശിശു വകുപ്പിന് കീഴില്‍ വരുന്നതിനാല്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനം അവരുടെ ചുമതലയില്‍ ആക്കാവുന്നതാണ് . ഇതുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളും തയ്യാറാണ്.


ഇക്കാര്യത്തില്‍ അങ്ങയുടെ ശ്രദ്ധയും ഇടപെടലും ഉണ്ടാവണമെന്ന അഭ്യര്‍ത്ഥനയോടെ,


വിശ്വാസപൂര്‍വം,


1. K. Ajitha, Anweshi Women's Counselling Centre, Kozhikode

2. Dr Sonia George, SEWA, Thiruvananthapuram

3. Dr.A. K. Jayasree, HoD, Dept of Community Medicine, Pariyaram Medical College, Kannur

4. Dr Lizzy Mathew, Dept of Malayalam, Sree Sankaracharya University of Sanskrit & Syndicate Member (Kannur University)

5. Dr Sheeba K M, Dept of History, Sree Sankaracharya University of Sanskrit, Kalady Campus

6. Dr P. E. Usha, Former Director, Kerala Mahila Samakhya Society

7. Dr Seema Bhaskar, Project Office, National Rural Livelihood Mission

8. Dr Shamshad Hussein, Dept of Malayalam, Sree Sankaracharya University of Sanskrit & Syndicate Member (Calicut University)

9. Dr Rekha Raj, School of Gandhian Studies, Mahatma Gandhi University, Kottayam

10. Dr Girija K, Independent Social researcher, Kozhikode

11. Mini Sukumaran, Dept of Women's Studies, University of Calicut, Thenhipalam

12. Dr Serene N P, Social Worker, Kozhikode

13. Dr Reshma Bharadwaj, HoD, Dept of Social Work, Sree Sankaracharya University of Sanskrit, Kalady Campus (8547739108)

14. Dr Anitha A, Dept of Social Work, Sree Sankaracharya University of Sanskrit, Payyanur Campus (9495979389)

15. Ragi Mr, Dept of Social Work, SSUS, Kalady

16. Raesa Parsana, Dept of Social Work, SSUS, Kalady

17. Akshaya Suresh, Dept of Social Work, SSUS, Kalady

18. Sajeer P,Dept of Social Work, SSUS, Kalady

19. Dona Thomas,Dept of Social Work, SSUS, Kalady

20. Amala Mohan,Dept of Social Work, SSUS, Kalady

21. Akshaya Mukunthan,Dept of Psychology, SSUS, Kalady

22. Shamziya K H,Dept of Psychology, SSUS, Kalady

23. Niveditha Ajayaghosh,Dept of Psychology, SSUS, Kalady

24. Risa Rashni,Dept of Psychology, SSUS, Kalady

25. Shahana Jasmin M,Dept of Psychology, SSUS, Kalady