ആലത്തൂര്‍: എന്റെ അനീഷേട്ടന് നീതികിട്ടുംവരെ ഞാനിവിടെത്തെന്നെയുണ്ടാകും'' 'പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വിയോഗംതീര്‍ത്ത തീരാവ്യഥയിലും ഹരിതയുടെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം. പ്രണയിച്ചവനൊപ്പം എല്ലാമുപേക്ഷിച്ച് വീടുവിട്ടിറങ്ങിയ പത്തൊന്‍പതുകാരിയല്ല ഇപ്പോള്‍ ഹരിത. നീതി നിഷേധിക്കപ്പെട്ടവളുടെ ആത്മരോഷക്കനലായി മാറിയിരിക്കുന്നു ഈ പെണ്‍കുട്ടി. ദുരഭിമാനത്തിന്റെപേരില്‍ ജീവിതം തല്ലിക്കൊഴിച്ചവര്‍ക്ക് കടുത്തശിക്ഷ കിട്ടണം. അ നീഷിന്റെ ഭാര്യയായി ഈ വീട്ടില്‍ത്തന്നെ താമസിച്ച് നിയമപോരാട്ടം നടത്തും', ഹരിത പറയുന്നു.

'ആലോചിച്ചുറപ്പിച്ച് ചെയ്തതാണവര്‍. ആര്‍ക്കും ഇങ്ങനെ ഒരു ഗതി ഇനി ഉണ്ടാവരുത്. നീതികിട്ടുംവരെ പോരാടും. അവര്‍ക്ക് കടുത്ത ശിക്ഷതന്നെ കിട്ടണം', ജാതിവെറിയില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട ഹരിതയ്ക് പൊറുക്കാനാവുന്നില്ല, അച്ഛനോടും അമ്മാവനോടും .

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പ്രണയബന്ധം വീട്ടിലറിഞ്ഞു. അച്ഛന്‍ ചീത്തവിളിച്ചു; തല്ലി. ജാതിയിലും സമ്പത്തിലും 'താഴ്ന്നവന്' കൊടുക്കില്ലെന്ന് അച്ഛനും അമ്മാവനും മുത്തച്ഛനും തീര്‍ത്തുപറഞ്ഞു.

'കൊടുവായൂരിലെ കോളേജില്‍ ബി.ബി.എ. രണ്ടാംവര്‍ഷം പഠിക്കുകയാണ് ഞാന്‍. 18 വയസ്സ് തികഞ്ഞപ്പോള്‍ത്തന്നെ വീട്ടില്‍ വേറെ വിവാഹാലോചന തുടങ്ങി. തിരക്കിട്ട് പെണ്ണുകാണല്‍. സെപ്റ്റംബര്‍ 27-ന് വീട്ടുകാര്‍ കോയമ്പത്തൂരില്‍ ചെറുക്കന്‍വീട് കാണാന്‍ പോയപ്പോള്‍ അനീഷിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. ആ വഴിക്കുതന്നെ മണ്ണാര്‍ക്കാടിനടുത്ത ക്ഷേത്രത്തില്‍വെച്ച് താലികെട്ടി. അച്ഛന്‍ കുഴല്‍മന്ദം പോലീസില്‍ പരാതിനല്‍കി. അനീഷേട്ടനൊപ്പം പോകാനാണ് താത്പര്യമെന്ന് പറഞ്ഞതിനാല്‍ പോലീസ് അതനുവദിച്ചു.'

അനീഷിന്റെ ജ്യേഷ്ഠന്‍ ആലത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് അവിടെനിന്ന് പോയത്. പഠനാവശ്യത്തിന് മധ്യസ്ഥന്‍മുഖേന എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത് അച്ഛന്‍ കൊടുത്തുവിട്ടു. സുരേഷ് മാമന്‍ മദ്യപിച്ച് അഞ്ചുതവണ ഭര്‍ത്താവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഡിസംബര്‍ എട്ടിന് വീട്ടില്‍വന്നിട്ട് പോകുമ്പോള്‍ ഭര്‍ത്താവിന്റെ അനുജന്റെ മൊബൈല്‍ഫോണ്‍ എടുത്തുകൊണ്ടുപോയി. പോലീസില്‍ പരാതിനല്‍കിയെങ്കിലും കേസെടുക്കുകയോ താക്കീത് ചെയ്യുകയോ ഫോണ്‍ വീണ്ടെടുത്ത് നല്‍കുകയോ ചെയ്തില്ല.

"അച്ഛന്റെ സ്വത്ത് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, അച്ഛന്‍ കോടതിയില്‍പ്പോയി ഇന്‍ജക്ഷന്‍ ഉത്തരവ് വാങ്ങി. ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല", ഹരിത പറഞ്ഞുനിര്‍ത്തി.

content highlights: Dishonour killing palakkad, Haritha Wife of Aneesh speaks