ജാള്യത നിറഞ്ഞ നിരാശാ ഭാവം മങ്ങി. ഉറക്കച്ചടവില്ല, പകരം ഉറച്ച ചുവടുകളോടെയാണ് നടത്തം. കൃത്രിമമായ പുഞ്ചിരിയല്ല, നിറഞ്ഞ ചിരിയാണ് കവിളുകളില്‍. അതെ, അല്‍പം കൂടി ആത്മവിശ്വാസത്തിലാണ് ഇന്ന് ദിലീപ്. രണ്ട് ദിവസമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ദിലീപിനു വേണ്ടി ഷെയര്‍ ചെയ്യപ്പെടുന്ന സൈബര്‍ ന്യായീകരണങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. 

നേര്‍ക്കുനേരെ പറയാം, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വായനക്കാര്‍ പോലും അറിയാതെ ദിലീപ് അനുകൂല വികാരം അലയടിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ഭാവമാറ്റമാണ് ആ മുഖത്ത്. ഗോവിന്ദച്ചാമിയോടോ അമീറുള്‍ ഇസ്ലാമിനോടോ ഇല്ലാത്ത മമതയും പിന്തുണയും കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ ദിലീപിന് ലഭിക്കുകയാണ്. 

അറസ്റ്റ് വാര്‍ത്ത വന്ന ദിവസം ദിലീപിന് നേരെ നടത്തിയ ഉറച്ച പ്രതികരണങ്ങളില്‍ നിന്ന് ചിലരെങ്കിലും പിറകോട്ട് പോയിരിക്കുന്നു. പുതിയ സിനിമയുടെ റിലീസ് വിവരം അറിയിച്ച് ആസിഫ് അലി ഫെയ്‌സ്ബുക്കിലൂടെ കേട്ട ഭീഷണികള്‍ക്ക് കണക്കില്ല. പലതും പുലര്‍ത്തുന്നത് ഒരേ തരത്തിലുള്ള ക്വട്ടേഷന്‍ ഭാഷയും ദിലീപ് അനുകൂല വികാരവും. ആക്രമിക്കപ്പെട്ട നടിയെപ്പോലും ഇകഴ്ത്തുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ പോലും കാണാം. മുഖവും പേരുമില്ലാത്ത പ്രതികരണങ്ങള്‍ കണ്ടാലറിയാം പലതിനും കാശ് കൈപറ്റി പോസ്റ്റിടുന്ന ഉണ്ട ചോറിന്റെ നന്ദി ഭാവമുണ്ട്. 

ജനപിന്തുണ ആയുധമാക്കി സ്വരുക്കൂട്ടിയ അതേ കാശുപയോഗിച്ചാണ് ജനങ്ങളുടെ മനസ്സ് മാറ്റാനുള്ള  പുതിയ ശ്രമം. നഷ്ടപ്പെട്ട ജനപ്രിയന്റെ പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ പി.ആര്‍. ഏജന്‍സികളെ നിയോഗിച്ചുവെന്ന വാര്‍ത്തകളെ ശരിവെക്കുന്നതാണ് പല പോസ്റ്റുകളും. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ് തുടങ്ങിയ മാദ്ധ്യമങ്ങള്‍ വഴി ദിലീപ് അനുകൂല ട്രെന്‍ഡ് ഈ പിആർ ഏജൻസികൾ കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ചില പ്രമുഖ ഏജന്‍സികള്‍ക്കാണ് ഈ ചുമതല.

prodileep2

നടീനടന്‍മാരുടെ കുടുംബത്തെ സഹായിച്ച പഴയ കഥയും സഹപ്രവര്‍ത്തകരുടെ ദിലീപ് അനുകൂല പോസ്റ്റുകളും പഴയ ദിലീപ് തമാശകളും ഉപയോഗപ്പെടുത്തിയാണ് കാമ്പയിന്‍ കൊഴുകൊഴുക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ കളിയാക്കിയാല്‍ നിയമവും നൂലാമാലകളും വരുമെന്ന് കൃത്യമായ ബോധ്യമുള്ളതു കൊണ്ടാണ് ആള്‍ക്കൂട്ടത്തെയും മാധ്യമങ്ങളെയും പോലീസിനെയും പഴിചാരിയുള്ള സൈബര്‍ ആക്രമണം. കൂവുന്ന ജനങ്ങളും കേസന്വേഷിക്കുന്ന പോലീസുകാരും വാര്‍ത്തകള്‍ കുത്തി പുറത്തിടുന്ന മാധ്യമങ്ങളുമാണ് പിആറുകാരുടെ പ്രധാന ടാര്‍ഗറ്റ്.   

ഒരു കള്ളം ആയിരമാവര്‍ത്തി പറഞ്ഞാല്‍ സത്യമാവുമെന്നതാണ് ഗീബല്‍സിയന്‍ തന്ത്രം, എന്നാല്‍ മുമ്പ് ഒരു ഗീബല്‍സുണ്ടായിരുന്നെന്നും അദ്ദേഹം ഒരു കള്ളം ആയിരം ആവര്‍ത്തി പറഞ്ഞ് സത്യമാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്തവരാണ് ജനം. പക്ഷെ, ജനം മഞ്ഞവെളിച്ചത്തില്‍ തിളങ്ങുന്ന താരത്തെ പ്രശംസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വെറും കഴുതകളല്ല. 

മഞ്ജുവും ഒരു പഴയ സൈബര്‍ ക്വട്ടേഷന്റെ ഇര

ദിലീപ് ഫാന്‍സ് എന്ന ചെല്ലപ്പേരില്‍ മഞ്ജു വാര്യര്‍ക്ക് നേരെ ആദ്യ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഹൗഓള്‍ഡ് ആര്‍യുവിന്റെ റിലീസിങ് ടൈമിലാണ്. 'കുടുംബം നോക്കി വീട്ടിലിരുന്ന് കൂടെ ഇവള്‍ക്കൊക്കെ എന്നും  സിനിമയ്ക്ക് വേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ചു'വെന്നും തരത്തിലുള്ള മഞ്ജു വിരുദ്ധ കമന്റുകള്‍ ഓണ്‍ലൈനിലെ ഓരോ മഞ്ജു വാര്യര്‍ അനുകൂല സ്‌റ്റോറികള്‍ക്ക് അടിയിലും വന്ന് നിറഞ്ഞു. സ്വന്തം മകള്‍ മീനാക്ഷി വരെ ഉപേക്ഷിച്ച സ്ത്രീയാണ് എന്ന തരത്തില്‍ വരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നു പൊങ്ങി. മഞ്ജുവാര്യര്‍ക്കെതിരെയുള്ള ഓരോ വിദ്വേഷ കമന്റുകളിലും ദിലീപിനോടുള്ള സ്‌നേഹം തുളുമ്പി നിന്നു.  അന്നാണ് ഫാന്‍സ് അസോസിേേയഷന്‍ എന്ന പേരില്‍ നടത്തി വരുന്ന സൈബര്‍  ക്വട്ടേഷന്‍ സംഘങ്ങളുടെ ശക്തി പലരും നേരിട്ടറിയുന്നത്. 

prodileep3

സ്‌പോണ്‍സര്‍ഡ് ദിലീപ് അനുകൂല വികാരം

അന്നത്തെ മഞ്ജു വിരുദ്ധ ആക്രമണങ്ങളുടെ തനിയാവർത്തനമാണ് ഇന്ന് ദിലീപ് അനുകൂല വികാരമായി അലയടിക്കുന്നത്. പിആര്‍ ഏജന്‍സികള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഫെയ്‌സ്ബുക്ക് പേജുകള്‍ ബോധപൂര്‍വ്വമായി ഓരോ മണിക്കൂര്‍ ഇടവേളകളില്‍ ദിലീപ് അനുകൂല വാര്‍ത്തകള്‍ ഇറക്കുന്നുണ്ട്. ദിലീപിന്റെ പഴയ കോമഡി പരിപാടികളും തമാശകളും സിനിമയില്‍ നിന്നുള്ള രസകര സീനുകളും ഇടക്കിടെ അപ്ലോഡ് ചെയ്തു കൊണ്ട് ചില ഓർമ്മപ്പെടുത്തലുകൾ നടത്താൻ ശ്രമിക്കുകയാണ് ഈ സൈബർ വിങുകൾ.

'കുടുംബക്കാരു പോലും കൈവിട്ടപ്പോള്‍ സഹോദരനെപ്പോലെ കൂടെ നിന്ന് സഹായിച്ചത് നടന്‍ ദിലീപാണെന്നു' കൊച്ചിന്‍ ഹനീഫയുടെ ഭാര്യ പറയുന്ന ഒരു പഴയ വീഡിയോ ഇപ്പോള്‍ പല ഫെയ്‌സ്ബുക്ക് പേജുകലിലും വരുന്നതിന് പുറകില്‍ ഒരു ബോധപൂര്‍വ്വ ഇടപെടലുണ്ട്.

ദിലീപിന്റെ അറസ്റ്റില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും എന്ന തലക്കെട്ടുമായി പുറത്ത് വന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കു പിന്നിലുമുണ്ട്  തിരക്കഥയുടെ പിന്‍ബലം. ദിലീപിന്റെ  പേര് താന്‍ പറഞ്ഞിട്ടില്ലെന്ന നടിയുടെ പ്രസ്താവന ആയുധമാക്കിയും ലിങ്കുകള്‍ സൈബര്‍ ലോകത്തു കറങ്ങുന്നു. ദിലീപിനെ അനുകൂലിച്ചു കൊണ്ട് പിസി ജോര്‍ജ്ജ് നടത്തിയ പ്രസ്താവനകളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

pro dileep1

അഗ്നിശുദ്ധിയോടെ തിരിച്ചു വരൂ എന്ന സംവിധായകന്‍ വൈശാഖന്റെ വികാരനിര്‍ഭരമായ ഫെയ്‌സ്ബുക്ക് പോസ്റ്റും ഛായാഗ്രാഹകന്‍ ഷിജു ഗുരുവായൂരിന്റെ കൂവി വിളിക്കുന്നവര്‍ അദ്ദേഹത്തിന്റെ മകളെ ഓര്‍ക്കണം  എന്ന പോസ്റ്റും കാമ്പയിന്റെ ഭാഗമായി വമ്പിച്ച രീതിയിൽ പ്രചാരണം ചെയ്യപ്പെടുന്നു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയാല്‍ കേസാവുമെന്നും ജനസ്വീകാര്യത ലഭിക്കില്ലെന്നും ഉറപ്പുള്ളതുകൊണ്ട് എഡിജിപി ബി സന്ധ്യയ്ക്കു നേരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെയുമാണ് സൈബർ ക്വട്ടേഷൻ ഏറ്റെടുത്തവരുടെ സൈക്കോളജിക്കല്‍ മൂവ്.

അന്ന് പഴിപറഞ്ഞവര്‍ ഇന്ന് വിശദീകരണവുമായി രംഗത്ത്

'പ്രമുഖ നടിയൊടൊപ്പം 12 പടങ്ങളില്‍ അഭിനയിച്ചു എന്ന് വെച്ച് അതിന്റെ ഫ്രസ്‌ട്രേഷന്‍ ചാനലുകളില്‍ പറഞ്ഞാലുണ്ടല്ലോ, അദ്ദേഹത്തെ വെറുതെ വിടുവാണെങ്കില്‍ നീ ഒക്കെ ഓര്‍ത്തിരുന്നോ, ദിലീപിന് നാളെ ഒരു തിരിച്ചുവരവുണ്ടായാല്‍ അതോടെ തീര്‍ന്നു നീയൊക്കെ.' 

ഇത്തരത്തിലുള്ള നൂറ് കണക്കിന് കമന്റുകളാണ് ആസിഫ് അലിയുടെ ഫെയ്‌സ്ബുക്ക് പേജില്‍. കമന്റുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയുള്ള സംഘടിത സൈബര്‍  ആക്രമണം അല്ലാതെ മറ്റെന്താണ്. ഒരിക്കല്‍ മഞ്ജുവിന് നേരെ നടന്നതിനോളം വരില്ലെങ്കിലും ആസിഫ് അലിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയെ പ്രതിരോധത്തിലാക്കാനുള്ള സൈബര്‍ രംഗത്തെ സംഘടിത ആക്രമം വിജയിച്ചു എന്ന് വേണം പറയാൻ. 

ക്വട്ടേഷനും ഭീഷണികളും മുറുകിയതോടെ ആസിഫ് അലി മുന്‍ പ്രസ്താവനയുടെ വിശദീകരണവുമായി രംഗത്തെത്തി. 'കുറ്റവാളിയെ സംരക്ഷിക്കുന്ന നടപടിയുണ്ടാവില്ലെന്നും അദ്ദേഹം കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാവണമെന്നും' പറഞ്ഞ ആസിഫ് അലി പുതിയ പ്രസ്താവനയിറക്കി രംഗത്ത് വന്നു. ദിലീപ് പ്രതിയാകരുതെന്ന് ആഗ്രഹിച്ചിരുന്നു എന്നും ഇനിയും അങ്ങനെ തന്നെ ആഗ്രഹിക്കുമെന്നും ഉള്ള തരത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണ മറുപടികള്‍.

'സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റ് ആണിത്. പകയുണ്ടെങ്കില്‍ ഇത്ര മണ്ടത്തരം ആരെങ്കിലും ചെയ്യുമോ' എന്ന ദിലീപിന്റെ സഹോദരന്റെ വീഡിയോ നൂറ് കണക്കിനാളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. പകയുണ്ടെങ്കില്‍ വേറെ എന്തൊക്കെ ഞങ്ങള്‍ ചെയ്‌തേനെ എന്ന ഉള്‍ധ്വനിയും പ്രസ്താവനയില്‍ വ്യക്തം. തെളിവില്ല എന്നാണ് സഹോദരന്‍ വീണ്ടും വീണ്ടും പറയുന്നത്. നിരപരാധിയെന്നല്ല എന്നതും ശ്രദ്ധേയമാണ്.

dileep