പൊരിവെയിലത്ത് വെള്ളം വേണോയെന്ന് പോലും ആരും ചോദിച്ചില്ല; മാലിന്യക്കുഴിയില്‍ ജീവിതം ഹോമിക്കുന്നവര്‍


പ്രശാന്ത് കാനത്തൂര്‍

പ്രതീകാത്മക ചിത്രം: സി ആർ ഗിരീഷ് കുമാർ

ചെന്നൈ: മേയ് ഒന്ന് ലോക തൊഴിലാളി ദിനം. ഒരുദിവസം എട്ടുമണിക്കൂര്‍ പണിയെടുക്കുകയും ബാക്കി എട്ടു മണിക്കൂര്‍വീതം വിനോദത്തിനും വിശ്രമത്തിനുമായി അനുവദിക്കുകയും ചെയ്യുക എന്ന മനുഷ്യാവകാശമാണ് തൊഴിലാളി ദിനത്തില്‍ പ്രധാനമായും ഉദ്‌ഘോഷിക്കപ്പെടുന്നത്. എന്നാല്‍ കോവിഡ് വ്യാപനക്കാലത്തുപോലും തൊഴിലില്‍ ഇളവുലഭിക്കാത്ത ചിലരുണ്ട്. ശുചീകരണ തൊഴിലാളികളും തോട്ടിപ്പണിക്കാരുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. കോവിഡ് കാലത്ത് ഇവരുടെ ജീവിതം നരകതുല്യമായിരുന്നു. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയുമൊക്കെ വിഷമതകളും ആശങ്കകളും വാര്‍ത്തകളില്‍ നിറഞ്ഞപ്പോഴും ശുചീകരണ തൊഴിലാളികളുടെ സങ്കടം തമസ്‌രിക്കപ്പെട്ടു. അവരോട് ആര്‍ക്കും ഒന്നും ചോദിക്കാനും നന്ദി അറിയിക്കാനുമുണ്ടായിരുന്നില്ല.

പാവപ്പെട്ട ആ തൊഴിലാളികള്‍ക്ക് ആരോടും പരാതിയും പരിഭവവും ഉണ്ടായിരുന്നില്ല. ജോലി അവര്‍ക്കു കടവുള്‍ (ദൈവം) ആണ്. കൂലി പട്ടിണി മാറ്റാനുള്ള ഉപാധിയും. ഈ യാഥാര്‍ഥ്യത്തില്‍നിന്നുമാണ് അവരുടെ പ്രതികരണശേഷി ചോര്‍ന്നു പോയിരിക്കുക. ലോക്ഡൗണ്‍ സമയത്ത് എല്ലാവരും വീട്ടിനുള്ളില്‍ കഴിഞ്ഞപ്പോള്‍ ശുചീകരണ തൊഴിലാളികള്‍ പുറത്ത് വെയിലില്‍ പണിയെടുക്കുന്നുണ്ടായിരുന്നു.

ഏറെനടന്നും മാലിന്യ ലോറികളിലുമായാണ് അവര്‍ നഗരം വൃത്തിയാക്കാനെത്തിയത്. ഒരു ദിവസംപോലും അവധിയെടുക്കാന്‍ സമ്മതിച്ചില്ല. അവധി ചോദിച്ചാല്‍ പണിപോകും എന്നായിരുന്നു ഭീഷണി. കോവിഡ് മാത്രമല്ല, മറ്റു പല പകര്‍ച്ചവ്യാധികളില്‍നിന്നും ജനങ്ങളെ സുരക്ഷിതരാക്കാന്‍ സ്വയംജീവിതം ഹോമിക്കുകയായിരുന്നു അവര്‍. സമ്പൂര്‍ണ ലോക്ഡൗണില്‍ നഗരം വിജനമായപ്പോള്‍ ശുചീകരണ തൊഴിലാളികള്‍ തൂത്തും വൃത്തിയാക്കിയും റോഡുകളിലും തെരുവുകളിലും ഉണ്ടായിരുന്നു. ആവശ്യമുള്ള മുഖാവരണമോ, കയ്യുറകളോ അധികൃതര്‍ കൃത്യമായി നല്‍കിയില്ലെന്ന് പരാതി ഉയര്‍ന്നു. അഥവാ നല്‍കിയാല്‍ത്തന്നെ ഗുണനിലവാരം കുറഞ്ഞവയാണത്രെ ഇവരിലെത്തിയത്. പൊരിവെയിലത്ത് ജോലിചെയ്ത ഇവര്‍ക്ക് കുടിവെള്ളം കിട്ടുന്നുണ്ടോ എന്നുപോലും പലരും അന്വേഷിച്ചില്ല.

ജോലിയില്‍നിന്ന് തെറിപ്പിക്കുമോയെന്ന ഭയത്താല്‍ ഇവര്‍ ആരോടും പരാതിപ്പെട്ടില്ല, പ്രതികരിച്ചില്ല. ഏതാനുംമാസം മുമ്പുവരെ പ്രതിമാസം 9,000 രൂപയാണ് ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന ശമ്പളം. പൊതുസമൂഹത്തെ സംരക്ഷിക്കുമ്പോള്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നുപോലും ഇവര്‍ ചിന്തിക്കാറില്ല. തമിഴ്‌നാട്ടില്‍ ഏകദേശം രണ്ടുലക്ഷം ശുചീകരണ തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. ചെന്നൈയില്‍ മാത്രം 70,000 മുഴുവന്‍സമയ തൊഴിലാളികള്‍ ഉണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ വേറെയും. നഗരത്തിന്റെ വൃത്തിക്കും വെടിപ്പിനും പകര്‍ച്ചവ്യാധി ദൂരീകരണത്തിനും ആവശ്യമായ ശുചീകരണ തൊഴിലാളികള്‍ ഇല്ലെന്നാണ് പറയപ്പെടുന്നത്.

2015ലെ വെള്ളപ്പൊക്കത്തിലും തൊട്ടടുത്ത വര്‍ഷത്തെ വാര്‍ധ ചുഴലിക്കാറ്റിലും തകിടംമറിഞ്ഞ ചെന്നൈ നഗരം പുനഃസ്ഥാപിക്കാന്‍ 13 ജില്ലകളില്‍ നിന്നുള്ള ശുചീകരണ തൊഴിലാളികളുടെ സഹായം വേണ്ടിവന്നു. അവര്‍ രാവുംപകലും പണിയെടുത്താണ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയത്. ഈ ജോലിയിലുള്ളവര്‍ പറയുന്നത് വിരമിക്കുന്നതിനു മുമ്പു തന്നെ തങ്ങള്‍ മരിക്കുമെന്ന് ഉറപ്പിക്കുന്നവരാണെന്നാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്നതിനാല്‍ പലരും മദ്യത്തിന് അടിമകളാകുന്നു. പലവിധ പകര്‍ച്ച വ്യാധികളും ഇവരെ ആദ്യം പിടികൂടുന്നു. മാലിന്യക്കുഴികളിലും ആള്‍ത്തുളകളിലും ഇറങ്ങി ജോലിചെയ്യുന്നവരില്‍ പലരും വിഷവായുശ്വസിച്ച് മരിക്കുന്നു.

കോര്‍പ്പറേഷന്‍ പുത്തന്‍യന്ത്രങ്ങള്‍ രംഗത്തിറക്കുന്നുണ്ടെങ്കിലും മാലിന്യക്കുഴിയില്‍ ഇറങ്ങുന്നവരുടെ തലമുറ വന്നുകൊണ്ടേയിരിക്കുന്നു. ചുറ്റിലും നമ്മള്‍കാണാത്ത ജീവിതങ്ങള്‍ പലതുമുണ്ട്. അത്തരം ജിവിതങ്ങളിലേക്കുകൂടി കണ്ണോടിക്കുന്നത് നന്നായിരിക്കും.

നിരവധിരാജ്യങ്ങളില്‍, വ്യത്യസ്ത കാലഘട്ടങ്ങളില്‍ തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ സംഭാവനയാണ് നാം ഇന്നനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍. എന്നാല്‍ ഇന്നും പല അവകാശങ്ങളും കട്ടപ്പുറത്തുതന്നെ. രാജ്യത്ത് പട്ടിണി മരണങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസം ഉള്‍പ്പെടെ പല മേഖലകളിലും തുല്യതയില്ല. പാര്‍പ്പിടമില്ലാതെ തെരുവുകളില്‍ അന്തിയുറങ്ങുന്ന മനുഷ്യരുണ്ട്. എന്തിനേറെ, ശുദ്ധവായുവും ശുദ്ധജലവുംപോലും ലഭിക്കാത്തവരും ധാരാളം.

തൊഴിലാളിദിനത്തില്‍ ചെന്നൈ മഹാനഗരത്തിനും നിര്‍ണായക സ്ഥാനമുണ്ട്. 1923ല്‍ ഇന്ത്യയിലാദ്യമായി മേയ്ദിനം ആഘോഷിച്ചത് മദ്രാസിലായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രഥമ കമ്യൂണിസ്റ്റുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ മദ്രാസിലെ കടപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് മേയ്ദിനം ഒഴിവുദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയം പാസാക്കിയത്.

കേരളത്തിലെ ഇ.എം.എസ്. സര്‍ക്കാര്‍ 1957 ല്‍ രാജ്യത്ത് ആദ്യമായി ഈ പ്രമേയം നടപ്പാക്കി. ഇങ്ങനെയൊരു ചരിത്ര പശ്ചാത്തലമുള്ള ചെന്നൈയില്‍ പില്‍ക്കാലത്ത് തൊഴിലാളി അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പൊതുവെ മന്ദത ഉണ്ടായിട്ടില്ലേ. തൊഴിലാളികളുടെ പ്രതികരണ ശേഷിക്കു ക്ഷയമുണ്ടായിട്ടില്ലേ. അടിമപ്പണി ചെയ്യുന്നവര്‍ ഇപ്പോഴും തമിഴ്‌നാട്ടിലുണ്ടെന്നത് കണ്‍മുന്നില്‍ സത്യമായി അവശേഷിക്കുന്നു.

Content Highlights: Difficulties faced by cleaning workers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented