ശശി തരൂർ:ANI
ഹൈദരാബാദിൽ സൗത്ത് ഫസ്റ്റ് എന്ന സംഘടനയുടെ ‘ദക്ഷിണസംവാദ’ത്തിൽ ഉയർന്ന ചില വിഷയങ്ങളെക്കുറിച്ച് മുമ്പ് എഴുതിയിരുന്നു. ബി.ജെ.പി. നേതൃത്വംനൽകുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളും സമീപനങ്ങളും ഫെഡറൽ സംവിധാനത്തിന്റെ താളംതെറ്റിച്ചെന്ന ദക്ഷിണേന്ത്യൻ ഉത്കണ്ഠയുടെ അടയാളപ്പെടുത്തലായിരുന്നു അത്
നികുതിവരുമാനവും സാമ്പത്തിക മേൽക്കൈയും
വികസനകാര്യത്തിൽ മോശംപ്രകടനം കാഴ്ചവെച്ചിട്ടും അനിയന്ത്രിതമായ ജനസംഖ്യാവർധനയുടെ ആനുകൂല്യത്തിൽ നികുതിവരുമാനത്തിന്റെ സിംഹഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നുവെന്ന വസ്തുതയിലേക്ക് ആഴത്തിൽ ശ്രദ്ധപതിയേണ്ടതുണ്ട്. പാർലമെന്റിലെ പ്രാതിനിധ്യം 1971-ലെ സെൻസസ് അടിസ്ഥാനമാക്കി നിജപ്പെടുത്തിയ 91-ാം ഭരണഘടനാഭേദഗതിയുടെ കാലാവധി 2026-ൽ അവസാനിക്കും. അതോടെ രാജ്യത്തിന്റെ നിയമനിർമാണസഭകളിലും ജനസംഖ്യ കൂടുതലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽക്കൈ ലഭിച്ചേക്കാം.
ജനസംഖ്യാപരമായ ചില കണക്കുകൾ പരിശോധിക്കാം. 2001-നും 2011-നും ഇടയിൽ ബിഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ജനസംഖ്യാ വർധന 20 ശതമാനത്തിലധികമാണ്. അതേസമയം, അവിഭക്ത ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും കേരളം, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെയും ജനസംഖ്യാ വർധന 16 ശതമാനത്തിൽ താഴെയും. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണ്-4.9 ശതമാനം. ഇത് ബിഹാറിലെ ജനസംഖ്യാ വർധനയുടെ അഞ്ചിലൊന്നുമാത്രമാണ്. അടുത്ത സെൻസസിൽ കേരളത്തിന്റെ ജനസംഖ്യാ വർധനയുടെ നിരക്ക് വീണ്ടും കുറയുമെന്നാണ് അനുമാനം.
കുറച്ചുകൂടി വിപുലമായി ചിന്തിച്ചാൽ 1971-2011 കാലയളവിൽ കേരളത്തിലെ ജനസംഖ്യാ വർധന 56 ശതമാനമാണ്. തമിഴ്നാടിന്റേത് 75 ശതമാനം. എന്നാൽ, രാജസ്ഥാന്റേതാകട്ടെ 166 ശതമാനവും ബിഹാറിന്റേത് 146 ശതമാനവും ഉത്തർപ്രദേശിന്റേത് 132 ശതമാനവുമാണ്. രാജ്യത്ത് കുടുംബങ്ങൾ ചെറുതാകുന്നതാണ് പൊതുപ്രവണത എന്നിരിക്കെ ജനസംഖ്യാ കണക്കുകളെ വെവ്വേറെ കാണേണ്ടതില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ, കണക്കുകളിലെ അന്തരം ഇതിന് വിപരീതമാണ്. ഗർഭധാരണനിരക്ക് തമിഴ്നാട്ടിൽ 1.6, കേരളത്തിൽ 1.7 എന്നിങ്ങനെയാണ്. അതേസമയം, ഉത്തർപ്രദേശിൽ അത് 3, ബിഹാറിൽ 3.2 എന്നിങ്ങനെയാണ്.
വൈവിധ്യങ്ങൾ അംഗീകരിക്കണം
ഇവിടെ ചോദ്യം ഉയരുന്നു: ജനസംഖ്യാ നിയന്ത്രണത്തിൽ അഭിനന്ദനാർഹമായ പ്രകടനം കാഴ്ചവെക്കുന്ന കേരളത്തെ നികുതി വിഹിതവും രാഷ്ട്രീയ പ്രാതിനിധ്യവും കുറച്ചുകൊണ്ട് ശിക്ഷിക്കുന്നത് എന്തിനാണ്? അസാധാരണമായ സാമ്പത്തിക പുരോഗതിയും സുസ്ഥിരവളർച്ചയും കാഴ്ചവെക്കുന്ന തമിഴ്നാടിനെ ഇങ്ങനെയാണോ പ്രോത്സാഹിപ്പിക്കേണ്ടത്?
ഇത് ജനാധിപത്യത്തിന്റെ നിയമമാണെന്നാകും സർക്കാരിന് പറയാനുള്ളത്. ഒരാൾ, ഒരുവോട്ട് എന്നതനുസരിച്ച് കൂടുതൽ ആളുകളുണ്ടെങ്കിൽ കൂടുതൽ രാഷ്ട്രീയപ്രാതിനിധ്യവും കൂടുതൽ നികുതിവിഹിതവും. എന്നാൽ, വൈവിധ്യങ്ങൾ സഹവസിക്കുന്ന ഒരു രാജ്യത്ത് വികസനകാര്യത്തിൽ സംസ്ഥാനങ്ങൾ പലതട്ടുകളിലാണെന്ന് അംഗീകരിച്ചേ പറ്റൂ. പൊതുദേശ സങ്കല്പത്തിന്റെ ഗുണഭോക്താക്കളാണെന്ന തോന്നൽ ഓരോരുത്തരിലും വളർത്തണം. പ്രാദേശികവും മതപരവും ഭാഷാപരവുമായ ഭിന്നതകൾ ഉപരിപ്ലവത്തിനുമപ്പുറത്തായ സാഹചര്യത്തിൽ, കൂടുതൽ ആളുകളെങ്കിൽ കൂടുതൽ പണവും അധികാരവും എന്ന തത്ത്വം നമ്മെ ഒരുമിപ്പിക്കുന്ന നേർത്ത കണ്ണികൾക്ക് അപകടം ചെയ്യും.
ഏകഭാഷാവാദത്തിലെ പ്രശ്നങ്ങൾ
ഇന്നത്തെ ബി.ജെ.പി.യുടെ ഹിന്ദി-ഹിന്ദുത്വ-ഹിന്ദുസ്ഥാൻ മുദ്രാവാക്യം വാജ്പേയി കാലത്തെ അനുരഞ്ജന രാഷ്ട്രീയത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. നിർലജ്ജമായ ഭൂരിപക്ഷ ഹുങ്കും ഹിന്ദി മേധാവിത്വവാദവും അവരുടെ വാക്കുകളിൽ നിറയുന്നു. വർഗീയഭ്രാന്ത് പ്രവൃത്തികളെ മലീമസമാക്കുന്നു. ദക്ഷിണേന്ത്യയിലെ പല രാഷ്ട്രീയക്കാർക്കും ഇത് അസഹ്യമായിത്തുടങ്ങിയിട്ടുണ്ട്.
അതിനിടെയാണ് സംസ്ഥാന ദുരന്തനിവാരണ നിധിയുടെയും കോവിഡ് ദുരിതാശ്വാസത്തിന്റെയും കാര്യത്തിലുൾപ്പെടെ ഫെഡറൽ തത്ത്വങ്ങളെ ഉല്ലംഘിക്കുന്ന ഇടപെടലുകൾകൂടിയുണ്ടാകുന്നത്. മോദി സർക്കാരിന്റെ സാമ്പത്തിക നിഷ്ക്രിയത്വത്തിനുപുറമേ രാഷ്ട്രീയനിരുത്തരവാദംകൂടിയായാൽ ഇന്ത്യ വലിയ പ്രതിസന്ധിയിലാകും.
ബി.ജെ.പി.യുടെ ഭാഷാ ദേശീയവാദവും ഹിന്ദി ദേശീയ ഭാഷയാക്കാനുള്ള മുറവിളികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ എത്രത്തോളം അസ്വസ്ഥമാക്കിയിട്ടുണ്ടെന്ന് കണ്ടുകഴിഞ്ഞു. മാതൃഭാഷയുടെ അധീശത്വത്തിൽ ആത്മനിർവൃതി കൊള്ളുന്ന ഹിന്ദി സംസ്ഥാനങ്ങൾ ത്രിഭാഷാ സമവാക്യം തെറ്റിക്കുന്നു. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ ഒരു ദക്ഷിണേന്ത്യൻ ഭാഷയെങ്കിലും പഠിക്കുകയും പഠിപ്പിക്കുകയും വേണമെന്ന ധാരണയിൽനിന്ന് അവർ വ്യതിചലിച്ചു. ഏകഭാഷാ വാദത്തിന്റെ കഷ്ടതകൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. ലോകഭാഷ എന്ന നിലയ്ക്ക് ഇംഗ്ലീഷുകൊണ്ട് ഇന്ത്യക്കുള്ള ഗുണങ്ങൾ മറന്ന് ആ ഭാഷയെ ദിനംപ്രതിയെന്നോണം അവഹേളിക്കുന്നു. ഇതിന്റെയെല്ലാം സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ഇന്ത്യയുടെ ഐക്യത്തെത്തന്നെ ബാധിക്കുന്നതാണ്. സാമ്പത്തിക അവഗണനയെന്ന പരാതിക്കിടെ രാഷ്ട്രീയപ്രകോപനം കൂടിയായാൽ അസംതൃപ്തി പതിവ് തർക്കങ്ങൾക്കപ്പുറത്തേക്ക് വളരാനും സാധ്യതയുണ്ട്.
വേണ്ടത് വിശാലമായ ചർച്ചകൾ
ഇത്തരം കാര്യങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ അഭ്യുദയകാംക്ഷികളിലും നാനാത്വങ്ങളെ ഉൾക്കൊള്ളുന്ന ദേശീയവാദികളിലും ആശങ്ക ജനിപ്പിക്കുന്നതാണ്. വരുമാനത്തിന് കേന്ദ്രവിഹിതത്തെ ആശ്രയിക്കേണ്ടാത്ത, ന്യൂഡൽഹിയുടെ അധികാരപ്രയോഗം വീർപ്പുമുട്ടിക്കാത്ത വികേന്ദ്രിത ജനാധിപത്യമാണ് പരിഹാരം. എന്നാൽ, നിലവിലെ സംവിധാനം മറ്റൊന്നാണെന്നിരിക്കേ, അതിനെ വിവേകപൂർവം ചലിപ്പിക്കാനുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കാണ്. എന്നാൽ, ഇക്കാര്യത്തിൽ മോദിസർക്കാർ നിരന്തരം പരാജയപ്പെടുന്നു. ആശങ്കകളെ ഗൗരവമായെടുക്കുന്നുണ്ടെങ്കിൽ ചർച്ചയ്ക്കുള്ള സാധ്യതതേടുകയാണ് വേണ്ടത്. വേണമെങ്കിൽ നിതി ആയോഗിനെത്തന്നെ അതിന് ചുമതലപ്പെടുത്താവുന്നതാണ്. കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് മുമ്പ്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾ കണ്ടെത്താനും ശ്രമമുണ്ടാകണം.
ഒരേയൊരു ഇന്ത്യ എന്ന സങ്കല്പത്തിൽ വടക്കുള്ളവരെപ്പോലെത്തന്നെ തെക്കുള്ളവരും അടിയുറച്ച് വിശ്വസിക്കുന്നു. പക്ഷേ, ആ ഇന്ത്യ, ഗാന്ധിജിയുടെയും ടാഗോറിന്റെയും നെഹ്രുവിന്റെയും സങ്കല്പത്തിനനുസരിച്ച് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും പക്ഷപാതരഹിതവുമായിരിക്കണം. വിഭാഗീയതയിലൂടെ പ്രശ്നങ്ങൾ വഷളാക്കുക എന്നത് ആരുടെയും താത്പര്യമല്ല; ഇന്ത്യയുടെ താത്പര്യമല്ല.
Content Highlights: Decentralized democracy is necessary for federalism sashi tharoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..